അണക്കെട്ട് പൊട്ടിയാലെങ്കിലും വായ തുറക്കുമോ അവര്‍
തലപ്പാവ് ധരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് മറ്റുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്ന് പലരും പറയാറുണ്ട്. രാഷ്ട്രീയമായ അഭിപ്രായ വിത്യാസം കൊണ്ടാണ് ഇത്തരമൊരു പുരാതി ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ദനെ കുറിച്ച് പറഞ്ഞു നടക്കുന്നതെന്നാണ് കരുതിയിരുന്നത്.   കാലങ്ങളായി കേള്‍ക്കുന്ന പുരാതി ശരിയാണെന്ന് മാത്രമല്ല തലപ്പാവ് ധരിച്ചാല്‍ ഒന്നും കാണാനും കഴിയില്ലയെന്ന സംശയമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലര്‍ക്കും തോന്നിപ്പോകുന്നത്. അല്ലായെങ്കില്‍ ഒരു സംസ്ഥാനം മുഴുവന്‍ മുല്ലപ്പെരിയാറെന്ന അണക്കെട്ടിന്റെ പേരില്‍ അതിജീവിതത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലെയെന്ന നിലയില്‍ നിര്‍വികാരനാകാന്‍ ഒരു ഭരണാധികാ രിക്കും ആകില്ലല്ലോ. നാല്‍പ്പത് ലക്ഷം ജീവനുകള്‍ 116 കൊല്ലം മുമ്പ് നിര്‍മ്മിച്ച തടയണക്കപ്പുറത്ത് മുള്‍മുനയില്‍ രാപ്പകലുകള്‍ കഴിച്ചുകൂട്ടുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നാകുമ്പോള്‍ അതിനെ വിശേഷിപ്പിക്കേണ്ട വാക്കെന്തന്നത് കണ്ടെത്തേണ്ടതായി രിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കവും, ബലക്ഷയവും, അണക്കെട്ടിന്റെ അകത്തേയും പുറത്തേയും വിള്ളലുകളും, ദുരന്തമുണ്ടായാല്‍ അഭിമുകീകരിക്കേണ്ടി വരുന്ന നാശനഷ്ടങ്ങളുമെല്ലാം ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പ്രദേശവാസികളുടെ ആശങ്കകളെ ശരിവെക്കുന്ന തരത്തില്‍ പഠനറിപ്പോര്‍ട്ടുകളും സുലഭമാണ്.  ആശങ്കയുടെ ഭീകരത വെളിവാക്കുന്ന തരത്തില്‍ അണപ്പൊട്ടിയ പ്രതിഷേധമാണ് സംസ്ഥാനമൊട്ടുക്കും നടന്നുവരുന്നത്. എല്ലാവരും പറയുന്നു പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്. പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങിയ ബാനറുകളിലും, പ്ളക്കാര്‍ഡുകളിലും ഇതേ ആവശ്യം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറി ഇന്ദ്രപ്രസ്ഥത്തിലെത്തിയ രാഷ്ട്രീയ നേതൃനിരയും പ്രധാനമന്ത്രിയെ നേരില്‍ കണ്ടും അല്ലാതെയും ഇതേ ആവശ്യം തന്നെ ഉരുവിടുന്നു. എന്നിട്ടും അനങ്ങുന്നില്ല കേന്ദ്രസര്‍ക്കാര്‍. ഈ മെല്ലെ പോക്കിന്റെ കാരണമെന്തെന്ന് അറിയാത്തവരല്ല ഇവിടത്തെ രാഷ്ട്രീയ നേതൃനിര.
 ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയും, കൂടംകുളം ആണവ നിക്ഷേപത്തിനെതിരെ ഡി.എം.കെ നേതാവ് കരുണാ നിധിയും കേന്ദ്രസര്‍ക്കാറിനെ നോക്കി കണ്ണുരുട്ടിയപ്പോള്‍ തീരുമാനം പുനരാലോചിക്കാന്‍ ഞൊടിയിടയില്‍ തയ്യാറായെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചില കടുംകൈ പ്രയോഗങ്ങള്‍ക്ക് സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികള്‍ സന്നദ്ധമാകേണ്ട സമയമായിരിക്കുന്നു. പുതിയ ആണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം തലപ്പാവിന്റെ പുറത്തിരുത്താന്‍ പ്രധാനമന്ത്രിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കിവരുന്ന ഡി.എം.കെയുടെ ഭീഷണി ഭയന്നാണെന്നതില്‍ സംശയമില്ല.  തമിഴ്നാട് ഭരിക്കുന്ന ജയലളിതയും കൂട്ടരും യു.പി.എക്ക് ഒപ്പമല്ലാതിരുന്നിട്ടും പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ പാര്‍ലമെന്റിലെ അംഗ ബലം പരിഗണിച്ച് തമിഴ് ജനതയുടെ വികാരത്തിനൊപ്പം പരോക്ഷമായി നിലപാട് സ്വീകരിച്ച യു.പി.എ സര്‍ക്കാറിനെ പൊതുകാഴ്ച്ചപ്പാടില്‍ നോക്കിക്കാണുമ്പോള്‍ തെറ്റ് പറയാനില്ല. ഒരു അണക്കെട്ടിനും, നാല്‍പ്പത് ലക്ഷം മനുഷ്യ ജീവനും വേണ്ടി അധികാരം പോകുന്ന പണിക്കു നില്‍ക്കുന്നത് പോയത്തമാണെന്നേ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉയര്‍ച്ച, താഴ്ചകളിലൂടെ പൊതു സമൂഹത്തിന്റെ വികാരത്തെ നോക്കിക്കാണുന്ന ഭരണകൂടത്തിന് തോന്നൂ. ഭരണത്തിന്റെ കാലദൈര്‍ഘ്യം പകുതിയിലേറെ ഇനിയും ബാക്കി നില്‍ക്കെ ടു ജി സ്പെക്ട്രത്തിലും, കോമണ്‍ വെല്‍ത്ത് ഗെയിംസിലും മാത്രമേ കയ്യിട്ട് വരാനായിട്ടുള്ളൂവെന്നിരിക്കെ ചക്കരകുടത്തില്‍ മണ്ണ് വാരിയിടുന്ന ഒരു പരിപാടിക്കുമില്ലാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാറിനെന്ന് തോന്നിപ്പോകുന്നു. സംസ്ഥാനത്തെ ഇരുപത് പാര്‍ലിമെന്റ് അംഗങ്ങളില്‍ 16 ഉം യു.പി.എ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നവരാണ്. കേന്ദ്ര മന്ത്രി സഭയിലാകട്ടെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം അര ഡസനുമാണ്.  മോശമല്ല ഈ കണക്ക്. സംസ്ഥാനത്തിന്റെ പൊതു വികാരത്തെ നിര്‍വികാരത്തോടെ സമീപിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സ്വപ്നത്തിലെങ്കിലും ഞെട്ടിക്കാന്‍ ഇവരുടെ എന്തെങ്കിലും കടുംകൈ പ്രയോഗങ്ങള്‍ക്കാകുമെന്നതില്‍ സംശയമില്ല. ഉപവാസവും, കുത്തിയിരിപ്പും, നിവേദനങ്ങളും ഫലം കാണുന്നില്ലെങ്കില്‍ സ്ഥാന ത്യാഗങ്ങള്‍ക്ക് നമ്മുടെ ജനപ്രതിനിധികള്‍ തയ്യാറാകണം.  ഏറ്റവും ചുരുങ്ങിയത് ഇടറിയ ശബ്ദത്തോടെയുള്ള ഭീഷണിക്കെങ്കിലും തയ്യാറാകേണ്ടതുണ്ട്.  അണക്കെട്ട് തകര്‍ന്നാല്‍ നാല് ജില്ലകള്‍ ഇല്ലാതാകുമെന്നാണ് പറയപ്പെടുന്നത്.  സ്വഭാവികമായും ഇവിടത്തെ പാര്‍ലിമെന്റ് മണ്ഡലങ്ങളും വെള്ളത്തില്‍ ഒലിച്ചു പോകും.  മണ്ഡലവും, ജനങ്ങളും ഉണ്ടെങ്കിലെ ജനപ്രതിനിധിയുള്ളൂവെന്ന് അിറയാത്തവരല്ല നമ്മുടെ എം.പി.മാര്‍. സംസ്ഥാനത്ത് നിന്നുള്ള യു.പി.എ.പ്രാതിനിധ്യം മോശമല്ലാത്തതാണെന്ന്  പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്കുള്ളവര്‍ക്ക് ആയിട്ടുണ്ടെന്ന് കരുതാം.
കേന്ദ്രസര്‍ക്കാറിന് കേരളത്തിന്റെ പൊതുവികാരത്തോട് കോഴി അയലില്‍ കയറിയ നിലപാടാണെങ്കിലും സംസ്ഥാനം ഈ വിഷയത്തെ നെഞ്ചേറ്റിയത് രാഷ്ട്രീയ പൊതു ധാരയില്‍ പുത്തന്‍ മാതൃക തുറന്നുവെച്ചായിരുന്നു. രാഷ്ട്രീയ അതിപ്രസരം കാന്‍സറായി മാറിയ നാടാണ് കേരളമെന്ന പൊതുകാഴ്ചപ്പാടിനെ തല്ലിതകര്‍ക്കുന്ന സമീപനമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തെ ചെറുതും, വലുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചതെന്ന് പറയാതെ വയ്യ.  എന്തിനേയും രാഷ്ട്രീയമായി സമീപീക്കാന്‍ മാത്രം ശീലിച്ച മലയാളിയുടെ മനസ്സും, ചിന്തയും, ചലനങ്ങളും ഒരേ ധാരയില്‍ നടന്നു നീങ്ങിയെന്നത് മുല്ലപ്പെരിയാറിലെ ഒഴുക്കിനെ പോലും ശാന്തമാക്കിയിട്ടുണ്ടാകും.   വിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ കൂടെപിറപ്പുകളായതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചില കറുത്ത കുത്തുകള്‍ പ്രതിഷേധ പരമ്പരക്കിടെ ഉയര്‍ന്നുവന്നെങ്കിലും അതിനെ പക്വതയോടെ നേരിട്ട് രാഷ്ട്രീയ നേതൃത്വം മികവു കാട്ടി.   അഡ്വക്കേറ്റ് ജനറല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ ചില പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ മൂര്‍ച്ചകൂടിയ ഇനമായിരുന്നെങ്കിലും പൊതുവായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലേക്ക് ഇതെടുത്ത് പ്രയോഗിക്കുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന ബോധ്യം പ്രശ്നത്തെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ അവസരത്തിനൊത്തുയര്‍ന്ന പ്രതിപക്ഷത്തെ പ്രശംസിക്കാതെ വയ്യ.  ഒപ്പം ഭരണപക്ഷത്തിന്റെ മാന്യമായ പ്രതിഷേധം വി.എം സുധീരന്റെയും മന്ത്രിമാരായ കെ.എം. മാണിയുടെയും പി.ജെ ജോസഫിന്റെയും പക്കല്‍ നിന്നുണ്ടായെന്നതും ശ്രദ്ദേയം തന്നെ.  സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒരേ വികാരത്തോടെ മുല്ലപ്പെരിയാര്‍ വിഷയത്തെ ഏറ്റെടുത്തുവെന്നത് പ്രതിഷേധ സമര ചരിത്രങ്ങളിലെ വേറിട്ട അദ്ധ്യായമാണ്.
ചപ്പാത്തിലേയും വണ്ടിപ്പെറിയാറിലെയും സമരപന്തലുകളില്‍ രാഷ്ട്രീയഭേദമില്ലാതെയാണ് അണികള്‍ ഒരേ സമയം ഉപവാസമിരിക്കുന്നത്.  ഇടതുമുന്നണി ആഹ്വാനം ചെയ്ത മനുഷ്യമതിലിന് ആഭിവാദ്യമര്‍പ്പിക്കാന്‍ യു.ഡി.എഫ് മന്ത്രിസഭയിലെ പി.ജെ ജോസഫ് എത്തുന്നു.  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആശ്ളേഷിച്ച് മന്ത്രി സര്‍വ്വ പിന്തുണയും കൈമാറുന്നു.   വണ്ടിതാവളം മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ  ഇടതടവില്ലാതെ 210 കിലോമീറ്റര്‍ ദൂരം മനുഷ്യമതില്‍ ഉയരുന്നു.  വണ്ടിപ്പെരിയാര്‍, ചപ്പാത്ത് തുടങ്ങിയ അങ്ങാടികള്‍ ആശങ്കയില്‍ ഉറക്കം നഷ്ടപ്പെട്ട അണക്കെട്ടിന്റെ തീരദേശവാസികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെ കൊണ്ട് വീര്‍പ്പ്മുട്ടുന്നു. സഹജീവികളുടെ ആശങ്കകള്‍ക്കുമുന്നില്‍ മനസ്സും ശരീരവും ഒരു പോലെ ഐക്യപ്പെട്ട ഇതുപോലൊരു മുന്നേറ്റം സംസ്ഥാനം ഇതിനുമുമ്പ് കണ്ടിട്ടില്ല.  അതിര്‍ത്തി പ്രദേശങ്ങളായ തേനിയിലും കമ്പത്തും ഇടക്കുണ്ടായ അതിക്രമങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം മുല്ലപ്പൂ വിപ്ളവങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്.   116 വര്‍ഷമായി വെള്ളം തന്നുകൊണ്ടിരിക്കുന്ന ഞങ്ങളെ വെള്ളത്തില്‍ മുക്കി കൊല്ലരുതേ, കൊല്ലരുതേ, കൊല്ലരുതേ…. എന്നത് വി.എസ് അച്ച്യതാനന്ദന്റെ പ്രസംഗത്തിലെ വരികള്‍ മാത്രമല്ല ഓരോ മലയാളിയുടെയും മനസ്സുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അഭ്യര്‍ത്ഥനയാണ്.  സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം കൊണ്ടുണ്ടാക്കിയ അണക്കെട്ട് തകരില്ലെന്ന് തമിഴിനാടിനെ പോലെ പ്രധാനമന്ത്രിയും കരുതരുതേ……


Comments

  1. ഈ വിഷയത്തില്‍ കൊച്ചു കുട്ടികള്‍ക്കുള്ള ആശങ്ക പോലും നമ്മുടെ കേന്ദ്ര നേതാക്കല്‍ക്കില്ല.... വളരെ നല്ല ലേഖനം...

    ReplyDelete
  2. very well written....
    why so much delay between last post and this one...
    was expecting your blogs atleast once in a week :)

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്