ആത്മാവ് നഷ്ടപ്പെടുന്ന ആഘോഷങ്ങള്‍


ആഘോഷങ്ങളൊക്കെയും പ്രതീകങ്ങളാണ്. നന്മയും, സമര്‍പ്പണവും, വിശുദ്ധിയും ഉദ്‌ഘോഷിക്കപ്പെടുന്നതാണ് എല്ലാ ആഘോഷങ്ങളും. മത സമൂഹങ്ങള്‍ അവരുടെ ആഘോഷങ്ങളായി മുന്നോട്ട് വെക്കപ്പെടുന്നവയെല്ലാം വിശാലമായ അര്‍ത്ഥതലങ്ങള്‍ പ്രകടമാക്കുന്നു. ജീവിതം സമ്പൂര്‍ണ്ണമായി പ്രപഞ്ച നാഥന് സമര്‍പ്പിച്ച ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയിലിന്റെയും ത്യാഗ നിര്‍ഭരമായ ജീവിതത്തെ അനുസ്മരിക്കുന്നതാണ് ബലി പെരുന്നാള്‍. ദൈവത്തിന് മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു കുടുംബത്തിന്റെ ഓര്‍മകളാണ് ബലി പെരുന്നാള്‍ മുന്നോട്ട് വെക്കുന്ന ആഘോഷ സന്ദേശം. നന്മയുടെയും, സമൃദ്ധിയുടെയും മഹാബലിക്കാലത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഓണം. തിന്മക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയിലൂടെ സാധ്യമാക്കിയ ജീവിത സംസ്‌ക്കരണത്തിന്റെ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. പാപങ്ങള്‍ക്കെതിരെ പോരാടി സ്വയം ത്യാഗത്തിന് തയ്യാറായ യേശു ക്രിസ്തുവിന്റെ ഓര്‍മകളാണ് ക്രിസ്തുമസ്. അതിക്രമങ്ങള്‍ക്ക് ഇടം നല്‍കാതെ പ്രകൃതിയുടെ പച്ചപ്പിനെ വീണ്ടെടുക്കുന്ന പൊന്‍ പുലരിയുടെ വസന്തമാണ് വിഷു. വക്രതയില്ലാത്ത ജീവിത വിശുദ്ധിയുടെ പ്രഖ്യാപനങ്ങളാണ് ഇത്തരത്തിലുളള ആഘോഷങ്ങളൊക്കെയും. നന്മ വിരിയുകയും, സാഹോദര്യം പ്രകടമാക്കുകയും, മാനവികത പുലരുകയും ചെയ്യേണ്ട ആഘോഷങ്ങള്‍ അടിച്ചുപൊളിയുടെയും ദുര്‍നടപ്പിന്റെയും വഴിയില്‍ ആത്മാവ് നഷ്ടപ്പെട്ട ജഡങ്ങളായി മാറുന്നുവെന്നത് കാണാതെ പോകേണ്ടതല്ല. നന്മയിലും വിശുദ്ധിയിലും കെട്ടിയുണ്ടാക്കിയ ആഘോഷങ്ങള്‍ സകല തിന്മകളുടെയും മാതാവായ മദ്യത്തിന് വഴിമാറപ്പെടുന്നുവെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. ഓരോ ആഘോഷ ദിവസങ്ങളുടെയും തലേനാള്‍ മദ്യ ശാലകളില്‍ നടക്കുന്ന വില്‍പ്പനയുടെ തോത് ക്രമാധീതമായാണ് വര്‍ദ്ധിക്കുന്നത്. ആഘോഷങ്ങളെ മദ്യവുമായി ഇഴചേര്‍ക്കപ്പെടാന്‍ തുടങ്ങിയതോടെ പവിത്രതക്കുമേല്‍ ആഭാസങ്ങള്‍ മേല്‍ക്കൈ നേടപ്പെട്ടു.
              ഒത്തുചേരലുകളെ അടിച്ചുപൊളിയുടെ വഴിയില്‍ രൂപമാറ്റം വരുത്തിയ പുതിയ തലമുറ എല്ലാറ്റിനേയും ആഘോഷങ്ങളാക്കി മാറ്റി. ആണ്ടറുതിയില്‍ കുടുംബങ്ങളോടൊപ്പം ഒത്തുചേര്‍ന്ന് പുതുവസ്ത്രം ധരിച്ചും തമാശകള്‍ പങ്കുവെച്ചും കൊണ്ടാടിയിരുന്ന ആഘോഷങ്ങള്‍ ആഴച്ചകളിലും, മാസങ്ങളിലുമെന്നപോലെ വ്യാപിക്കപ്പെട്ടു. ന്യൂ ഇയര്‍ മുതല്‍ വാലന്റൈന്‍ ഡേ വരെയും, ബര്‍ത്ത് ഡേയില്‍ തുടങ്ങി മരണാനന്തര കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയും ആഘോഷത്തിന്റെ വഴിയില്‍ നിരന്ന് നിന്നു. എല്ലായിടത്തും മദ്യം മുഖ്യാതിഥിയായതോടെ ആഘോഷങ്ങള്‍ക്ക് പൊലിമകൂടി. മദ്യമില്ലാതെ എന്താഘോഷമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ മദ്യമെന്ന അതിഥിക്ക് വേണ്ടി ആഘോഷങ്ങള്‍ രൂപപ്പെട്ടു. നാലാള്‍ കൂടുന്നിടത്ത് അഞ്ചാമനായി മദ്യം സ്ഥിര സാന്നിദ്ധ്യം ഉറപ്പാക്കി. മദ്യപാനത്തിന്റെ ആദ്യാക്ഷരം കുറിക്കുന്ന സുദിനങ്ങളായി ആഘോഷവേളകള്‍ മാറി. ഓരോ ആഘോഷം പിന്നിടുമ്പോഴും പുതിയ മദ്യപന്മാര്‍ പിറവികൊണ്ടു. ചുരുക്കത്തില്‍ മദ്യം വിറ്റ് കണക്കുകള്‍ പുറത്ത് വിടരുതെന്ന വിലക്ക് ഏര്‍പ്പെടുത്തേണ്ടിവരുന്ന തരത്തില്‍ മലയാളി മദ്യത്തോട് ഹൃദയ ബന്ധം സ്ഥാപിക്കപ്പെട്ടു. ആഘോഷങ്ങളുടെ കമ്പോളവത്കരണം മലയാളിക്ക് സമ്മാനിച്ച ശീലമാണ് മദ്യപാനമെന്ന് പറഞ്ഞാല്‍ അധികമാകില്ല.
ആവശ്യ സാധനങ്ങളുടെ കാര്യത്തില്‍ ഉപഭോക്തൃ സംസ്ഥാനമെന്ന് വിളിപ്പേരുളള കേരളം പൊതുവായ കാര്യങ്ങളിലും കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നത് വസ്തുതയാണ്.

മതചിഹ്നങ്ങള്‍ പോലും കമ്പോളവത്കരണത്തിന്റെ വഴിയിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തമാകില്ല. പര്‍ദ്ദയും, കാവി വസ്ത്രവും ഫാഷന്റെ ഭാഗമായി മാറിയത് ഇതിലൂടെയാണ്. വിപണിയെ സജീവമാക്കി നിലനിറുത്തണമെങ്കില്‍ ആഘോഷങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുകയും എല്ലാറ്റിനേയും അടിച്ചുപൊളിയുടെ വഴിയില്‍ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കമ്പോളവത്ക്കരണം പഠിപ്പിക്കപ്പെട്ടു. കാലഘട്ടത്തിന്റെ മാറ്റങ്ങളായി പുതിയ പ്രവണതകളെ സാധൂകരിച്ചപ്പോള്‍ പ്രമാണങ്ങളിലൂന്നിയുളള ആഘോഷങ്ങള്‍ അന്യം നിന്നു. എതൊരു സന്ദേശത്തിലൂന്നിയാണോ ആഘോഷങ്ങള്‍ അനുവദിക്കപ്പെട്ടത് അതിന് നേര്‍ വിപരീതമായി ഏറ്റെടുക്കപ്പെടുന്ന സാഹചര്യം മത സമൂഹങ്ങള്‍ക്കിടയില്‍ നിന്നു തന്നെയുണ്ടായി. പ്രമാണബദ്ധമായ ആഘോഷങ്ങള്‍ക്ക് പുറമെ ധന സമ്പാദനത്തിനുളള ആഘോഷങ്ങളും മതത്തിന്റെ ലേബലില്‍ പിറവികൊണ്ടു. ആടിയും പാടിയും, കുടിച്ചും രമിച്ചും ഉല്ലസിക്കാന്‍ സാഹചര്യങ്ങളൊരുക്കുന്ന ഉത്സവങ്ങളും, നേര്‍ച്ചകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. കച്ചവട കണ്ണോടെ വിപണിയും, ചൂഷണ മനസ്ഥ്തിയോടെ പൗരോഹിത്യവും ഒരുപോലെ ആഘോഷങ്ങളെ മികച്ചൊരു വില്‍പ്പന ചരക്കാക്കിമാറ്റിയെന്നത് പുതിയ കാലത്തിന്റെ ദുര്യോഗമായി കണക്കാക്കാം. കാലത്തിന്റെയും ചരിത്രത്തിന്റെയും പിന്തുണയുളള ആഘോഷങ്ങള്‍പോലും സാമ്പത്തിക ചൂഷണത്തിനുളള ഇടങ്ങളായി ഉപയോഗിക്കപ്പെടുന്നുവെന്നതും ചേര്‍ത്തുവെക്കേണ്ടതാണ്.

ആഘോഷങ്ങള്‍ വിഭാവനം ചെയ്യുന്ന സാഹോദര്യവും മാനവികതയും പുതിയ തലമുറയുടെ വഴിവിട്ട സഞ്ചാരത്തില്‍ കൈമോശം വരുകയാണ്. കെട്ടിയുണ്ടാക്കിയ ആഘോഷങ്ങള്‍ പലതും സാഹോദര്യങ്ങള്‍ക്കുപകരം കലുഷിതമായ സാമൂഹ്യ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. രാജ്യം അനുഭവിച്ച പല വര്‍ഗ്ഗീയ കലാപങ്ങളും മൊട്ടിട്ടത് ആഘോഷങ്ങളുടെ ഭാഗമായുളള വഴിവിട്ട ചുവടുകളില്‍ നിന്നായിരുന്നു.കൃത്യമായ ചട്ടകൂടകള്‍ക്കകത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കപ്പെട്ട മതകീയ ആഘോഷങ്ങള്‍ നാടിനെ കത്തിചാമ്പലാക്കുകയും മനസ്സുകളെ അകറ്റുകയും ചെയ്യുന്നുവെങ്കില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് ചികിത്സ വിധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
സാഹോദര്യത്തിന്റെ ഊഷ്മളത ആഘോഷ വേളകളില്‍ കരുത്താകേണ്ടതുണ്ട്. പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കപ്പെടാന്‍ ഇത് ഉപയുക്തമാകണം. ആഘോഷങ്ങള്‍ക്ക് മതം പെരുമാറ്റചട്ടം നിശ്ചയിച്ചത് അതിരുകവിയല്‍ ഒഴിവാക്കുന്നതിനായിരുന്നു. പരസ്പരം അകലുകയെന്നതല്ല കൂടുതല്‍ അടുക്കുകയെന്നതാണ് ആഘോഷങ്ങള്‍ ഉയര്‍ത്തേണ്ട സാഹോദര്യ സന്ദേശം.
സാമൂഹ്യവും വ്യക്തിപരവുമായ ബാധ്യതകളില്‍ ഊന്നുമ്പോഴാണ് ഏതൊരു ആഘോഷവും പരിപൂര്‍ണ്ണതയിലെത്തുന്നത്. സഹജീവികളുടെ ദുരിതങ്ങളും ചുറ്റുപാടുകളുടെ ആവശ്യങ്ങളും അറിയാത്ത ആഘോഷങ്ങള്‍ നേരമ്പോക്കുകള്‍ മാത്രമാണ്. ഇത്തരം സമയം കൊല്ലി ആഘോഷങ്ങളുണ്ടാക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും ഏറെ അനുഭവിച്ചവരാണ് ഓരോ സമൂഹങ്ങളും. ആഘോഷങ്ങള്‍ക്കുവേണ്ടി ആഘോഷങ്ങള്‍ എന്നതാണ് പുതിയ തലമുറയുടെ മുദ്രാവാക്യം ഇതിനായി ഏത് വിധേനയും പണം കണ്ടെത്താന്‍ ഇറങ്ങിപുറപ്പെടുകയാണിവര്‍. മാഫിയ സംഘങ്ങളുടെ പിണിയാളുകളായി വിദ്യാര്‍ത്ഥികളടക്കമുളള ചെറുപ്പക്കാര്‍ മാറുന്നത് ആഘോഷങ്ങളെ പൊലിപ്പിക്കാന്‍ പണം കണ്ടെത്താനുളള വഴികളില്‍ നിന്നാണ്. ജീവിതത്തെ ആഘോഷമാക്കുകയെന്ന മനോഭാവം മനുഷ്യത്വവും സഹജീവി സ്‌നേഹവുമാണ് മനസ്സുകളില്‍ നിന്ന് എടുത്ത് മാറ്റുന്നത്. അണുകുടുംബങ്ങളുടെ വ്യാപനവും, കൊച്ചു തുരുത്തുകളായി മാറുന്ന സൗഹൃദക്കൂട്ടങ്ങളും സമൂഹമെന്ന പൊതുഘടനയെ ഒറ്റപ്പെടുത്തുന്നു. ജീവിത സൗകര്യമുളളവര്‍ ആഘോഷത്തിന്റെ വഴിയിലും അല്ലാത്തവര്‍ ദുരിതങ്ങളുടെ മാറാപ്പ് വാഹകരുമാകുന്നു. ആവശ്യത്തിലേറെ സമ്പാദ്യമുളളവനെ ജീവിക്കാന്‍ അവകാശമുളളൂവെന്ന ആഗോള കുത്തകകളുടെ അജണ്ടയാണ് ആഘോഷങ്ങളുടെ വ്യാപനത്തിലൂടെ പ്രകടമാകുന്നത്. വിപണി ലക്ഷ്യമിട്ടുകൊണ്ടുളള ജീവിത രീതി അടിച്ചേല്‍പ്പിക്കുമ്പോള്‍ സാമൂഹ്യ നീതിയും ജീവിത സന്തുലനവുമാണ് അട്ടിമറിക്കപ്പെടുന്നത്. 
ലളിത ജീവിതമെന്നത് പഴഞ്ചനും കാലഹരണപ്പെട്ടതുമായി വ്യാഖ്യാനിക്കപ്പെടുന്നത് കോര്‍പ്പറേറ്റുകള്‍ വിരിച്ച വലിയില്‍ നിന്നുളള സ്വാധീനിത്തില്‍ നിന്നാണ്. പാശ്ചാത്യ സംസ്‌ക്കാരത്തെ വളളി പുളളി വിടാതെ സ്വന്തം സംസ്‌ക്കാരമായി സ്വീകരിച്ചപ്പോള്‍ അവിടത്തെ വിപണിയേയും ഇങ്ങോട്ടേക്ക് പറിച്ചു നടേണ്ടിവന്നു. വര്‍ണ്ണപ്പൊലിമയില്‍ ആഘോഷങ്ങള്‍ തകൃതിയായി കാലം കഴിച്ചപ്പോള്‍ ഇവയുടെ ആത്മാവ് വഴിതെറ്റിയവനെ പോലെ അനാഥത്വം പേറുകയായിരുന്നു. ഓരോ ആഘോഷവും വിഭാവനം ചെയ്യപ്പെടുന്ന സന്ദേശം എന്തെന്ന് അത് ആഘോഷിക്കുന്നവര്‍ അറിയുന്നില്ല. പ്രണയത്തെ ആഘോഷിക്കുമ്പോള്‍ വാലന്റൈന്‍ ആരായിരുന്നുവെന്നോ, എന്തായിരുന്നുവെന്നോ കൗമാര ഭാവങ്ങള്‍ ഓര്‍ക്കാറില്ല. ആഘോഷം ഉദ്‌ഘോഷിക്കുന്ന മാനവികതയുടെ സന്ദേശം തിരിച്ചു പിടിക്കാനായില്ലെങ്കില്‍ കമ്പോളങ്ങളുടെ ഇരകളായി വരാനിരിക്കുന്ന തലമുറകളും മാറും. വ്യാപാരാധിഷ്ഠിതമാകുന്ന ആഘോഷങ്ങളെ തിരിച്ചറിഞ്ഞ് ചരിത്രത്തിന്റെയും കാലത്തിന്റെയും പിന്തുണയുളള ആഘോഷങ്ങളോട് തനിമയോടെ ഹൃദയം ചേര്‍ക്കപ്പെടാന്‍ സമൂഹങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്