പ്രകൃതിയെ പ്രണയിക്കാം
ജീവന്റെ നിലനില്‍പ്പിന് പ്രപഞ്ചസൃഷ്ടാവ് നിശ്ചിച്ചു നല്‍കിയിട്ടുളള ജീവിത ഭാവമാണ് പച്ചപ്പ്. നയന മനോഹരമായ പ്രകൃതിയെ സൗന്ദര്യത്തിന്റെ കൊലുസണിയിക്കുന്നത് പച്ചപ്പിന്റെ ഹൃദ്യതയാണ്. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്നതും, മനസ്സിനെ ആത്മസപ്തൃപ്തിയുടെ വിശാലതയിലേക്ക് നടത്തുന്നതുമായ പ്രകൃതിയുടെ തനിമ പ്രണയിനിക്ക് സമാനമാണ്. കണ്ടാല്‍ കൊതിതീരാത്ത, ചേര്‍ത്തുനിറുത്താന്‍ ഹൃദയം തുടിക്കുന്ന ശുദ്ധ സൗന്ദര്യത്തിന്റെ മൂര്‍ത്തതയാണ് പ്രകൃതി. കാടും മലയും, കുന്നും പുഴയും അടുക്കിവെച്ച് രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ രൂപ ഘടന സൃഷ്ടിപ്പിന്റെ വിസ്മയക്കാഴ്ച്ചയാണ്. കതിരണിഞ്ഞ പാടങ്ങള്‍, ചാലിട്ടൊഴുകുന്ന നീരരുവികള്‍, ശാന്തമായി ഒഴുകി തുടിക്കുന്ന കായലുകള്‍, അരഞ്ഞാണം കണക്കെ നീണ്ടു നിവര്‍ന്നുകിടക്കുന്ന കനാലുകള്‍ ഇങ്ങിനെ തുടരുന്നു പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കരിങ്കല്‍ ഹൃദയങ്ങളെപ്പോലും പ്രണയിതമാക്കാന്‍ പര്യാപ്തമാണ് സൗന്ദര്യത്തിന്റെ ഈ നിറച്ചാര്‍ത്ത്.സൃഷ്ടിപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മനുഷ്യന്റെ നെഞ്ചകത്ത് ഉരുക്കിയൊഴിച്ച മൃദുല വികാരമാണ് പ്രണയം. മാതാപിക്കാളോടും ഭാര്യയോടും മക്കളോടും കാമുകിയോടും സുഹൃത്തിനോടും തോന്നുന്ന പരിശുദ്ധ സ്‌നേഹത്തിന്റെ സുന്ദര ഭാവത്തിന് പ്രണയമെന്നു പേരിടാം. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന ബന്ധങ്ങള്‍ക്ക് ദൃഢത നല്‍കുന്നതിനും പ്രണയത്തിന്റെ തീവ്രതയാണ്. മനസ്സിന് നല്‍കുന്ന സംതൃപ്തിയാണ് പ്രണയത്തെ രൂപപ്പെടുത്തുന്ന സൗന്ദര്യം. ജീവിതത്തിന്റെ ഓരോ ഭാവങ്ങളും മനസ്സുമായി കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതിനാല്‍ പ്രണയത്തെ പിച്ചിചീന്താന്‍ വിവേകമതില്‍ തയ്യാറാകില്ല. ജീവിക്കുന്ന കാലമത്രയും പ്രണയിക്കപ്പെടുന്നതിനെ കാത്തുകൊളളുന്നവനായിരിക്കും നല്ല മനുഷ്യന്‍.
പ്രകൃതിക്ക് കാമുകിയും, സുഹൃത്തും, ഇണയുമാകാന്‍ പര്യാപ്തമായ മുഴുവന്‍ ഗുണങ്ങളുമുണ്ട്. ശുദ്ധ സൗന്ദര്യമാണ് ഒന്നാമത്തെ ഗുണം. മറ്റുളളവര്‍ക്കുവേണ്ടിയാണ് സ്വയം നിലനില്‍ക്കുന്നതെന്നത് രണ്ടാമത്തെ സവിശേഷത. ജീവന്റെ കേന്ദ്രമാണ് ഹരിതാഭമായ പ്രകൃതിയെന്നത് മൂന്നാമത്തേതും പൊതുവായതുമായ വിശേഷം. ഉളളു തുറന്ന് ഇഷ്ടം പറിച്ചു നല്‍കാന്‍ ഇതിനുമേല്‍ യോഗ്യത എന്തുവേണം. ശുദ്ധ പ്രകൃതിയില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന ദൈവിക വാക്യം പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പൊരുത്തത്തിന്റെ തീവ്രതയെ പ്രകടമാക്കുന്നതാണ്. മണ്ണും മനുഷ്യനുമെന്നത് പരസ്പര പൂരകങ്ങളാകുന്നത് പ്രകൃതിയോടുളള പ്രണയത്തില്‍ നിന്നാണ്. അനവധി ഗ്രഹങ്ങളില്‍ നിന്ന് ഭൂമി വാസയോഗ്യമാക്കപ്പെടുന്നത് പ്രകൃതി പ്രകടമാക്കുന്ന പച്ചപ്പില്‍ നിന്നാണ്. ചുവന്ന ചോരയൊഴുകുന്ന ഓരോ ജീവിയുടെയും ജീവന്റെ ഭാഗമായി പച്ച അടയാളപ്പെടുത്തപ്പെടുന്നത് പ്രകൃതിയുടെ നിറമാണ് ഇതെന്നതിലാണ്.
പ്രണയമെന്ന തീവ്ര വികാരത്തെ കാമ വെറിയുടെ വഴിയിലേക്ക് തിരിച്ചു വിടുമ്പോള്‍ ഞെട്ടറ്റുപോകുന്നത് അനവധി നന്മകളുണ്ട്. ആത്മ ബന്ധമാണ് അതില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത്. ഇഷ്ടമെന്നത് സ്വാര്‍ത്ഥതയായി രൂപാന്തരപ്പെടുന്നു. പ്രകൃതിയോടുളള പ്രണയവും ഇത്തരത്തില്‍ സ്ഥാര്‍ത്ഥതയെന്ന ഇഷ്ടമായി മാറ്റപ്പെട്ടിട്ടുണ്ട്. കാമവെറി പ്രണയിനിയെ പിച്ചി ചീന്തിയ പോലെ സ്വാര്‍ത്ഥത കലര്‍ന്ന ഇഷ്ടം പ്രകൃതിയേയും കിളച്ചുമറിച്ചിരിക്കുന്നു. കണ്ണിമ വെട്ടാതെ നോക്കിയിരുന്നിരുന്ന ശുദ്ധ സൗന്ദര്യമിന്ന് ലാഭക്കൊതിയുടെ പര്‍ണ്ണശാലകളായി മാറിയിട്ടുണ്ട്. പച്ചപ്പിനെ വെട്ടി നിരത്തി സ്വാര്‍ത്ഥതയെ പടുത്തുയര്‍ത്താന്‍ സ്‌നേഹ ശോഷണം സംഭവിച്ചവരായി പ്രണയിക്കുന്ന മനസ്സുകള്‍ മാറിയിരിക്കുന്നു. പ്രകൃതിയെന്ന സൗന്ദര്യം ജീവിക്കുന്ന കാലത്തിനും വരാനിരിക്കുന്ന തലമുറക്കും മതിവരാതെ പ്രണയിക്കാനുളളതാണെന്ന വിശാലതയെ സൗകര്യപൂര്‍വ്വം മറന്നിരിക്കുന്നു പുതിയ തലമുറയിലെ ഓരോ കണ്ണികളും.
നേരും, നെറിവും തൊട്ടുതീണ്ടാത്ത പെരുമാറ്റം പ്രകൃതിയെ വികൃതമാക്കിയിരിക്കുന്നുവെന്നത് പുതിയ കാലത്തിന്റെ നേര്‍ ചിത്രം. പ്രകൃതി രമണീയതയെന്നത് കേല്‍വിയെ ത്രസിപ്പിക്കുന്ന ശബ്ദ പദാവലിയായി ചുരുങ്ങുകയും കാഴ്ച്ചയുടെ മനോഹാരിതയില്‍ ഈ വാക്കിന് ഇടമില്ലാതെ പോവുകയും ചെയ്തിട്ടുണ്ട്. പ്രകൃതി കനിഞ്ഞരുളിയ ഭൂമികയില്‍ കോണ്‍ക്രീറ്റ് കാടുകള്‍ വിളഞ്ഞു നില്‍ക്കുന്ന കാഴ്ച്ചയാണ് എങ്ങുമുളളത്. ആകാശ ചുംബികളായ കെട്ടിട നിരകള്‍ക്കുമുന്നില്‍ കാണ്ണെത്താ ദൂരത്തേക്ക് പോയി മറഞ്ഞത് ആകാശ നീലിമയെ വെല്ലുന്ന പച്ചപ്പിന്റെ ഹൃദ്യതയായിരുന്നു. ജെ സി ബി യുടെ തുമ്പിക്കൈകള്‍ കിളച്ചുമറിച്ച ഭൂമിയില്‍ പ്രകൃതിയോടുളള പ്രണയാര്‍ദ്രതയുടെ അവസാന ശ്വാസം പോലും ശേഷിക്കുന്നില്ല. നെല്‍പാടങ്ങളും, തണ്ണീര്‍ തടങ്ങളും മണ്ണിട്ട് തൂര്‍ത്ത മനുഷ്യന്റെ സ്വാര്‍ത്ഥത കടലിലും, പുഴയിലും എത്തിനില്‍ക്കുന്നുവെന്നത് കാണാതെ പോകേണ്ടതല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന തരത്തില്‍ കടലും, പുഴയും നികത്തി കെട്ടിടങ്ങള്‍ ഉയരുന്നത് നിരന്തര കാഴ്ച്ചയാവുകയാണ്.
പ്രകൃതിയുടെ ശാലീനതക്ക് നാം പേരിട്ടു വിളിച്ചിരുന്നത് ഗ്രാമീണതയെന്നായിരുന്നു. പ്രകൃതിയുടെ അടയാളങ്ങളൊക്കെയും ഒത്തുചേരുന്ന ഇടം എന്ന നിലയിലാകാം പച്ചപ്പ് വിളഞ്ഞു നില്‍ക്കുന്ന നാടുകളെ ഗ്രാമമെന്ന് വിശേഷിപ്പിച്ചത്. ആധുനികതയുടെ വികസന പര്യായങ്ങളൊന്നും എത്തിനോക്കാത്തതുകൊണ്ടുതന്നെ പുതുതലമുറ ഗ്രാമങ്ങളെ വിശേഷിപ്പിച്ചത് പഴഞ്ചന്മാര്‍ എന്ന നിലയിലായിരുന്നു. മനുഷ്യ സഹജമായ അപകര്‍ദാബോധം ഗ്രാമങ്ങളെയും ബാധിച്ചതു കൊണ്ടാകാം നഗരത്തിന്റെ വഴിയിലേക്ക് ഗ്രാമീണതയുടെ പരിശുദ്ധത പൂര്‍ണ്ണമായി സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രാമത്തിന്റെ അടയാളമായിരുന്ന കുന്നുകള്‍ നിരപ്പാക്കപ്പെട്ട മൈതാനങ്ങളും, വയലേലകള്‍ നികത്തപ്പെട്ട പറമ്പുകളുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആധുനികതയുടെ പളപളപ്പ് ജീവന്റെ അംശമായ മണ്ണിനെ മികച്ചൊരു കച്ചവട ഉല്‍പന്നമായി കാണാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. കൃഷിയെ രണ്ടാം തരം ഏര്‍പ്പാടായി കാണാന്‍ തുടങ്ങിയിടത്താണ് നെല്‍ പാടങ്ങള്‍ തരിശു ഭൂമികളായി രൂപാന്തരപ്പെട്ടത്.
കടലിലും, കരയിലും മനുഷ്യന്‍ നടത്തുന്ന കൈകടത്തലുകളാണ് പ്രകൃതിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവതീര്‍ണ്ണമായ വേദ ഗ്രന്ഥത്തിലെ ഈ വചനം ഏറ്റവും പ്രസക്തമായി മാറുന്ന കാലയളവ് കൂടിയാണിത്. തളളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരുന്തിന്റേയും മറ്റും ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ചിറകിനടയില്‍ ഒളിപ്പിച്ചിരുത്തി സംരക്ഷിക്കുന്നതുപോലെ കൊണ്ടുനടകേണ്ട പ്രകൃതിയെ വേശ്യക്ക് സമാനമായി പിച്ചി ചീന്തുന്ന തരത്തിലേക്ക് മനുഷ്യന്റെ ചിന്ത മാറിയെങ്കില്‍ ഈ പാപ ഭാരം ഏറ്റെടുക്കേണ്ടിവരുന്നത് ഭൂമിയില്‍ പിറന്നു വീഴാന്‍ ശേഷിക്കുന്ന മുഴുവന്‍ തലമുറകളുമാണ്.
സ്വന്തം ആവാസ വ്യവസ്ഥയെ തകര്‍ത്തില്ലാതാക്കുന്ന പ്രപഞ്ചത്തിലെ സൃഷ്ടി ജാലങ്ങളില്‍ ഏക ഇനം മനുഷ്യന്‍ മാത്രമായിരിക്കും. ആര്‍ത്തിമൂത്ത ചിന്ത നെല്‍ വയലുകളെ വിമാനത്താവളങ്ങളും, കായല്‍ നിലങ്ങളെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഒത്താശ ചെയ്തും ഓശാന പാടിയും ഭരണ വര്‍ഗ്ഗങ്ങളും, ഉദ്യോഗസ്ഥ മേലാളന്മാരും ഇവര്‍ക്കൊപ്പമുണ്ട്. പ്രകൃതി സൗഹൃദ വികസനമെന്ന ആശയത്തോട് മുഖം തിരിയുന്നവര്‍ കാണാതെ പോകുന്നത് പിറന്നു വീഴുന്ന തലമുറകളെയാണ്. ഇടിച്ചു നിരത്തിയും, കിളച്ചു മറിച്ചുമുളള വികസനമാണ് ആകര്‍ഷകമെന്ന ധാരണയില്‍ നിന്ന് സര്‍ക്കാറുകളെങ്കിലും പിന്നോട്ടുപോകേണ്ടതുണ്ട്. ജൈവ സമ്പത്തെന്ന പ്രകൃതിയുടെ വരദാനത്തെ ഇല്ലായ്മ ചെയ്ത് ഉയര്‍ന്നു പൊങ്ങുന്ന കോര്‍ക്രീറ്റ് വികസനം ആര്‍ക്കുവേണ്ടിയെന്ന ചിന്ത രൂപപ്പെടേണ്ട കാലം കൂടിയാണിത്.
ഒരു മരം വെട്ടിമാറ്റുമ്പോള്‍ തണലിടം മാത്രമല്ല ഇല്ലാതുകുന്നത്. ആയിരകണക്കിന് പറവകളുടെ ആവാസ കേന്ദ്രം കൂടിയാണ് നിലം പതിക്കുന്നത്. മരത്തിലെ ചില്ലകളും, കായ്ഫലങ്ങളും പറവകള്‍ക്ക് കൂടിയുളളതാണ്. പ്രകൃതിയുടെ ഓരോ ശാഖകളും വിത്യസ്ത ജീവികളുടെ ആവാസ വ്യവസ്ഥയാണ്. അവര്‍ പ്രകൃതിയെ അതിരുകളില്ലാതെ പ്രണയിക്കുന്നതിനാലാണ് മനുഷ്യ കരങ്ങള്‍ക്കപ്പുറത്തുളള പ്രകൃതി വിഭവങ്ങള്‍ കേടു പാടുകളില്ലാതെ ഇന്നും നിലനില്‍ക്കുന്നത്. പ്രണയത്തില്‍ വഞ്ചന ചേര്‍ക്കാത്ത ഇവര്‍ പ്രകൃതിയോട് അതിക്രമം കാണിക്കാറില്ല. ഓരോ കുന്നുകള്‍ ഇടിച്ചു നിരത്തുമ്പോഴും, വയലുകള്‍ ഓരോന്നും മണ്ണിട്ട് നികത്തി അപ്രത്യക്ഷമാകുമ്പോഴും മനുഷ്യന്‍ ചെയ്തു കൂട്ടുന്നത് അതിരുകളില്ലാത്ത വംശഹത്യയാണ്. പാടത്തെ കീടങ്ങളും, കുന്നുകളിലെ ഇഴ ജാലങ്ങളുമാണ് മനുഷ്യന്റെ അതിക്രമത്തിനൊപ്പം നശിച്ചില്ലാതാകുന്നത്.
വരാനിരിക്കുന്ന കാലത്തിനുവേണ്ടി പ്രകൃതിയെ പ്രണയിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. വക്രതയില്ലാത്ത പ്രണയം പ്രകടിപ്പിക്കാന്‍ അവര്‍ക്കാകണം. കഴിഞ്ഞ തലമുറ കാണിച്ച കൊടും വഞ്ചനക്ക് പ്രണയിതമായ സ്‌നേഹവായ്‌പ്പോടെ പ്രായശ്ചിത്തം ചെയ്യാന്‍ നമ്മുടെ മക്കള്‍ക്കാകണം. കൈകാലുകള്‍ വെട്ടിമുറിച്ചും, ശരീരഭാഗങ്ങള്‍ ചൂഴ്‌ന്നെടുത്തും വികൃതമാക്കപ്പെട്ട പ്രകൃതിയെ ഉറ്റ ചങ്ങാതിയായി സ്വീകരിക്കാന്‍ ഇവര്‍ക്കാകണം. മണ്ണില്‍ പണിയെടുക്കുന്നവര്‍ മണ്ണിന്റെ മക്കാളാണെന്ന സ്വത്ത ബോധം പുതിയ തലമുറക്കുണ്ടാകണം. ആധുനികതയുടെ നിറപ്പകിട്ടിലുളള വികസന വിചാരങ്ങള്‍ക്ക് പകരം പച്ചപ്പില്‍ ഊന്നിയുളള വികസന ചിന്തകള്‍ മനസ്സില്‍ ഇടം കണ്ടെത്തണം. മനുഷ്യരാശിയുടെ നാശത്തിന് കുഴികള്‍ തോണ്ടുന്ന കരങ്ങളെ പിടിച്ചു വെക്കാന്‍ ഇനിയും വൈകിയാല്‍ തലമുറകളോട് ചെയ്യുന്ന പൊറുക്കാത്ത പാപമായി അതുമാറും.
ഒരു മരം നട്ടുവളര്‍ത്തുകയെന്നതിനെ മരണശേഷവും ലഭിക്കുന്ന പുണ്യമായാണ് മുഹമ്മദ് നബി പരിചയപ്പെടുത്തിയത്. ആ മരത്തിലുണ്ടാകുന്ന ഫലം ഒരു പറവ ഭക്ഷിക്കുമ്പോള്‍ മരം നട്ടയാള്‍ക്ക് അത് പുണ്യമായി ലഭിച്ചുകൊണ്ടിരിക്കുമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ഭൂമിയില്‍ നടാനുളള മരത്തൈയ്യുമായി പോകുന്നതിനിടെ അന്ത്യനാള്‍ വന്നെത്തുന്നുവെങ്കില്‍ ആ മരം നട്ടശേഷമായിരിക്കണം മുന്നോട്ടു നടക്കേണ്ടതെന്നും പ്രവാചകന്‍ മുഹമ്മദ് നബി വിശദീകരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് മതം നല്‍കുന്ന പ്രാധാന്യവും പ്രോത്സാഹനവും വ്യക്തമാക്കുന്നതാണ് ഈ വചനങ്ങള്‍.
പുഴകളെ മണല്‍ ഫാക്ടറികളും, കടലിനെ നിര്‍മ്മാണ കേന്ദ്രങ്ങളും, പാടശേഖരങ്ങളെ പറമ്പുകളുമാക്കി മാറ്റുന്നവര്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാത്തവരായിരുന്നു. അവരുടെ ചെയ്തികള്‍ ചുറ്റുപാടുകള്‍ക്കുണ്ടാക്കിയ ദുരന്തം അവര്‍ അറിയുന്നില്ല.
Comments
Post a Comment