കണ്ണൂരിനെ ഇനിയും കരയിക്കരുത്


കേരളത്തിന്റെയാകെ നൊമ്പരമായി കണ്ണൂര്‍ മാറിയിട്ട് നാളേറെയായി. മനുഷ്യ ജീവന് ഇയ്യാം പാറ്റയുടെ വിലപോലും നല്‍കാതെ അരും കൊലയുടെ ദുരന്തഭൂമിയായി കണ്ണൂരിന്റെ മണ്ണ് മാറ്റപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പകയുടെ മത്സരക്കളത്തില്‍ കൊന്നും കൊടുത്തും ഫുട്‌ബോള്‍ മൈതാനത്തെ സ്‌കോര്‍ ബോര്‍ഡിലേതുപോലെ മനുഷ്യ ജീവനുകള്‍ എണ്ണം പറയുമ്പോള്‍ അതീവ സങ്കടത്തോടെയാണ് കേരളമതിനെ വീക്ഷിക്കുന്നത്. ഓരോ രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്നും കേരളത്തിലെ ആയിരമായിരം അമ്മമാരുടെ വിലാപങ്ങള്‍കൂടി ഉയരാറുണ്ടെന്ന് കൊലക്കത്തി വീശുന്നവര്‍ ഓര്‍ക്കാറുണ്ടാകില്ല.
നാട്ടിടവഴികളിലും, പൊന്തക്കാടുകളിലും വെട്ടി വീഴ്ത്തപ്പെടുന്ന ഓരോ ജീവനും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്നതിനപ്പുറത്ത് മകനോ, അച്ഛനോ, ഭര്‍ത്താവോ, സഹോദരനോ ആണെന്ന മൗലികത വിസ്മരിക്കപ്പെടുകയാണ്. ഇനിയൊരിക്കലും തിരിച്ചുവരാത്ത മകനുവേണ്ടി ചോറുവിളമ്പി കാത്തിരിക്കുന്ന അമ്മമാര്‍, ചോര പുരണ്ട ദു:സ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേല്‍ക്കുന്ന കുരുന്നുകള്‍, രാത്രി ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന സ്ത്രീകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥയില്‍ കഴിയുന്ന യുവാക്കള്‍. വാക്കുകളില്‍ ഒതുക്കാനാകാത്ത കൊടും വേദനയാണ് ഓരോ അരും കൊലകളും കണ്ണൂരിന്റെ സാമൂഹിക പരിസരങ്ങളില്‍ പകരം വെക്കുന്നത്.
കേരളത്തിലെ പതിനാല് ജില്ലകളില്‍ ഒന്നുതന്നെയാണ് കണ്ണൂര്‍. എല്ലായിടത്തുമുള്ള രാഷ്ട്രീയ പാര്‍ടികള്‍ തന്നെയാണ് ഇവിടെയുമുള്ളത്. പ്രവര്‍ത്തന അജണ്ടകളില്‍ കൊലക്കത്തിയുടെ സ്ഥാനം അനിവാര്യമായ ഒന്നായി ഇവിടെ മാത്രം മാറുന്നതെങ്ങിനെയെന്ന സംശയം കേരളമാകെ ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. പാര്‍ടി വളര്‍ത്താനും, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അക്രമത്തിന്റെ വഴി കൂടിയേ തീരുവെന്ന് കണ്ണൂര്‍ മാത്രം പഠിച്ചതെങ്ങിനെ. ഒടുങ്ങാത്ത പകയും, തീരാത്ത വിദ്വേഷവും നിലനിറുത്തികൊണ്ട് സൃഷ്ടിക്കപ്പെടുന്ന ചാവേറുകള്‍ കണക്കെയുള്ള പ്രവര്‍ത്തകരെ കൊണ്ട് പൊതു പ്രവര്‍ത്തനത്തിന്റെ ഏത് രീതീശാസ്ത്രമാണ് പ്രയോഗിക്കാനാകുക.
കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുന്ന രണ്ട് പ്രമുഖ പാര്‍ടിയിലെ പ്രവര്‍ത്തകരാണ് ഇരകളുടേയും വേട്ടക്കാരുടേയും വേഷങ്ങളില്‍ മാറി മാറി രംഗത്തുവരുന്നത്. രാജ്യത്താകെ ക്ഷേമവും സമാധാനവും സാധ്യമാക്കാന്‍ അധികാരത്തിന്റെ വഴിയില്‍ ശ്രമം നടത്തുന്ന ഇക്കൂട്ടര്‍ക്ക് കണ്ണൂരിന്റെ കാര്യത്തില്‍ താല്‍പര്യമില്ലാതെ പോകുന്നുണ്ടോ ? സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ സുസ്ഥിര വികസനമെന്ന വലിയ സ്വപ്‌നത്തിലേക്ക് സംസ്ഥാന കുതിക്കുമ്പോള്‍ കണ്ണൂരിന്റെ സംഭാവന അക്രമ രാഷ്ടീയമെന്ന മാറാപ്പില്‍ കെട്ടി തൂങ്ങിയാടേണ്ടതാണെന്ന് ബോധപൂര്‍വ്വമോ അല്ലാതെയോ ആരെങ്കിലും കരുതിവെച്ചിട്ടുണ്ടോ ? ഇക്കാര്യത്തില്‍  തിരിച്ചറിവിന്റെ പ്രതിരോധം സാധ്യമാക്കേണ്ടത് കേരളീയ പൊതു ബോധത്തിന്റെ അനിവാര്യതയായി മാറുകയാണ്.
എല്ലാവര്‍ക്കും ഏതുകാലത്തും സ്‌നേഹത്തോടെയും  സമാധാനത്തോടെയും കഴിയുവാനുള്ള സാമൂഹിക അന്തരീക്ഷം കണ്ണൂരില്‍ ഉണ്ടായേ തീരു. എന്നാലിതിന് ക്രിയാത്മകവും ആത്മാര്‍ത്ഥതയോടെയുള്ളതുമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നത് പറയാതെവയ്യ. ഓരോ അക്രമങ്ങള്‍ക്കു ശേഷവും സമാധന യോഗങ്ങളും സര്‍വ്വ കക്ഷി കൂടിച്ചേരലുകളും നടക്കാറുണ്ടെങ്കിലും യോഗ തീരുമാനങ്ങളിലെ മഷിയുണങ്ങുംമുമ്പ് പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുന്ന രീതിയാണ് തുടരുന്നത്. കണ്ണൂരില്‍ സമാധാനം സ്ഥാപിച്ചെ മതിയാകൂവെന്ന് ഒരു മേശക്കുചുറ്റുമിരുന്ന് ആത്മാര്‍ത്ഥതയോടെ തീരുമാനമെടുത്താല്‍ അവസാനിപ്പിക്കാവുന്നതാണ് ഇവിടുത്ത കൊലക്കത്തി രാഷ്ടീയം. പാര്‍ടിയും നേതാക്കളും പറഞ്ഞാല്‍ അനുസരിക്കാത്ത കച്ചറക്കൂട്ടങ്ങളാണ് കണ്ണൂരിലെ പ്രവര്‍ത്തകരെന്ന് ആരും വിശ്വസിക്കില്ല. ഇതുവരെയുണ്ടായ നഷ്ടങ്ങളൊക്കെയും നാടിന്റെ ശാശ്വത പരിഹാരത്തിനുവേണ്ടി മറക്കാനും പൊറുക്കാനും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്ന നിലയില്‍ കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇനിയും നിസ്സംഗത തുടര്‍ന്നാല്‍ കണ്ണൂരെന്ന ചരിത്ര ഭൂമികയോടുള്ള പൊറുക്കാനാകാത്ത അനീതിയായി നിലനില്‍ക്കും. ഒരു ഭൂപ്രദേശമെന്ന നിലയില്‍ ഏതൊക്കെ നേട്ടങ്ങള്‍ കൈപിടിയിലൊതുക്കിയാലും അതിനെല്ലാം മുകളില്‍ ചോരകൊണ്ടുള്ള കയ്യൊപ്പ് നിലനില്‍ക്കുമെങ്കില്‍ ഇത്രയും കാലം നേടിയതും ഇനിയങ്ങോട്ടുള്ളതും നിഷ്പ്രഭമാകും.
കൊടും ക്രൂരതകള്‍ക്കും, മഹാ പാപങ്ങള്‍ക്കുമുള്ള ശിക്ഷയായല്ല കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കാറുള്ളത്. മറ്റൊരു പാര്‍ടിയിലെ പ്രവര്‍ത്തകനായെന്നതാണ് കൊലപാതകത്തിലേക്ക് വിധിക്കപ്പെടുന്ന മൂലകാരണം. എന്തിനുവേണ്ടിയാണ് കൊല ചെയ്യപ്പെടുന്നതെന്ന് അറിയാതെയാണ് പലരും അരും കൊലകള്‍ക്ക് വിധേയമാക്കപ്പെട്ടത്. പാര്‍ടി ഗ്രാമങ്ങളിലും സംഘടന തുരുത്തുകളിലും വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ മരണക്കെണിയൊരുക്കുന്ന രാഷ്ട്രീയത്തിന്റെ ഭീഭത്സത സഹിഷ്ണുതയുടെ വാതിലുകള്‍ കൊട്ടിയടക്കുകയും വിദ്വേഷത്തിന്റെ പ്രവര്‍ത്തന പരിപാടി രൂപപ്പെടുത്തുകയുമാണ് ചെയ്തത്.
ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കപ്പെടുന്ന വേര്‍പാടിന്റേയും നഷ്ടങ്ങളുടേയും നേര്‍ചിത്രങ്ങള്‍ കാണാതെ പോകുന്നതും തിരിച്ചറിയാതിരിക്കുന്നതുമാണ് കൊലക്കത്തി രാഷ്ട്രീയം വേരറുക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നത്. ഓരോ ജീവന്‍ അപഹരിക്കപ്പെടുമ്പോഴും അമ്മക്ക് മക്കളേയും, ഭാര്യക്ക് ഭര്‍ത്താവിനേയും, മക്കള്‍ക്ക് അച്ഛനേയുമാണ് നഷ്ടമാകുന്നത്. നികത്താനാകാത്ത ഈ നഷ്ടങ്ങള്‍ക്കുമുന്നില്‍ പാര്‍ടികള്‍ നല്‍കുന്ന വീരപദവികളൊന്നും പകരമാകില്ല. കൊടിയുടെ നിറവും പാര്‍ടിയുടെ വലിപ്പവും വ്യത്യസ്തമാണെങ്കിലും നഷ്ടപ്പെടുന്ന ജീവനുകള്‍ക്കുമുന്നില്‍ ആര്‍ത്തുലച്ചു കരയുന്ന അമ്മമാരുടേയും, ഭാര്യമാരുടേയും, മക്കളുടേയും ദൈന്യ മുഖങ്ങള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകത്തിലെക്കില്ലെന്ന തീരുമാനത്തിലേക്കെത്താന്‍ പര്യാപ്തമായിരുന്നു. തോരാത്ത ആ കണ്ണുനീരുകള്‍ക്കു മുന്നിലും അലിയാത്ത മനസ്സുമായി നേതാക്കള്‍ നിലയുറപ്പിച്ചതാണ് കണ്ണൂരിനെ രാഷ്ട്രീയ ക്വട്ടേഷന്റെ കൊലയിടമായി നിലനിറുത്തിയത്.
രാഷ്ട്രീയ കൊലപാതകമെന്നത് കണ്ണൂരിന്റെ മാത്രം സവിശേഷതയാണെന്ന് പറഞ്ഞവസാനിപ്പിക്കാനാകില്ല. രാഷ്ട്രീയ കൊലപാതങ്ങളിലെ ഇരയും വേട്ടക്കാരുമായി വരുന്നവര്‍ മേല്‍ സൂചിപ്പിച്ചവര്‍ മാത്രവുമല്ല. അടിക്കാനും തിരിച്ചടിക്കാനും കെല്‍പ്പുള്ളവരാക്കെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് കാണാതെ പോകേണ്ടതല്ല. പാര്‍ടിക്കും രാഷ്ട്രീയത്തിനും വേണ്ടിയാണ് പ്രതിയോഗികളെ കൊന്നുതള്ളിയതെന്നാണ് പരോക്ഷമായി എല്ലാവരും പറയാറുള്ളത്. ഇത്തരത്തില്‍ പാര്‍ട്ടികളെ നിഷ്‌ക്രിയവും നിശബ്ദവും ആക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഒന്നാമതായി സി പി എമ്മും, രണ്ടാമതായി ബി ജെ പിയും തുടര്‍ന്ന് കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ഒലിച്ചു പോകണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നുമാത്രമല്ല വേര്‍പാടുകളെ കരുത്തും ആവേശവുമായി മാറ്റുന്ന സ്ഥിതിയാണുണ്ടായത്. രക്തസാക്ഷിത്വത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കാനുള്ള അതിജീവന ഔഷധമായി ഉപയോഗപ്പെടുത്തുന്നുവെന്നതും കാണാതെ പോകേണ്ടതല്ല.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്