കേരളം @ 60
ഷഷ്ടിപൂര്ത്തിയിലാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. നീണ്ട അറുപത് വര്‍ഷത്തിനിടയ്ക്ക് സാധ്യമാക്കിയ നേട്ടങ്ങളൊക്കെയും താരതമ്യേന ആരോഗ്യപരവും ക്രിയാത്മകവുമാണെന്ന് വിലയിരുത്താം. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യതിയില്‍ നിന്നുകെണ്ട് ഒരു നാടിന് സ്വയത്തമാക്കാവുന്ന പരിവര്‍ത്തനത്തിന്റെ സാധ്യതകളെ ഒരു പരിധിവരെ സ്വീകരിക്കാന്‍ കേരളനാത്തിനായിട്ടുണ്ട് . ഇത് നിലനിര്‍ത്തുന്നതിനും തുടരുന്നതിലും പുതിയ തലമുറക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്നതാണ് അറുപതാം വയസ്സില്‍ മലയാളക്കര  സ്വയം വിമര്‍ശനമായി ഏറ്റെടുക്കേണ്ടത്.
സാമൂഹ്യമായ അന്ധകാരത്തിന്റെ പടുകുഴിയില്‍ നിന്ന് ഉദ്ബുദ്ധതയുടെ ഔന്നിത്യത്തിലേക്ക് മലയാളി മാറി സഞ്ചരിച്ചത് പെട്ടന്നുണ്ടായ അത്ഭുത പ്രവര്‍ത്തികളുടെ ഭാഗമായിരുന്നില്ല. നിരന്തരമായ പരിഷ്‌ക്കരണവും, ഇടപെടലും ഇടവേളയില്ലാതെ ഓരോ സമൂഹത്തിലും  പ്രയോഗിക്കപ്പെട്ടതാണ് ഇപ്പോഴത്തെ മാറ്റത്തിന് നിദാനമായത്. സാമുദായികമായി നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും ജാതീയമായ വിവേചനങ്ങളും തുടച്ചു നീക്കപ്പെട്ട് പക്ഷമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ പൂര്‍വ്വികരായ പരിഷ്‌ക്കര്‍ത്തകള്‍ക്ക് വിജയിക്കാനായതാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ടതാക്കിയത്.
വിദ്യഭ്യാസ മേഖലയിലും, സാമൂഹ്യ സാഹചര്യങ്ങളിലും പിന്നാക്കം നിന്നിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു നടത്തുന്നതില്‍ അതാത് സമുദായങ്ങളില്‍ നിന്നുണ്ടായ ഇടപെടലുകള്‍ ശ്രദ്ദേയമായിരുന്നു. ഒരേ സമയം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് കേരളത്തിന്റെ സാമൂഹ്യ പരിസരം സുന്ദരമാക്കുന്നതില്‍ നിര്‍ണ്ണായകമായി. മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ സാധ്യമാക്കാതെ സുദൃഡമായ മാനവിക മുന്നേറ്റവുമായി രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം നിലയുറപ്പിച്ചത് ലോകത്തിനുമുന്നില്‍ കേരള മോഡല്‍ എന്ന സംസ്‌കാരത്തെയാണ് അവതരിപ്പിച്ചത്.
ഉദ്ബുദ്ധതയും സംസ്‌ക്കാരവും ഇഴചേര്‍ത്തുള്ള മലയാളിയുടെ ഇടപെടലുകള്‍ ആശ്ചര്യത്തോടെയാണ് ലോകം വീക്ഷിച്ചത്. മലയാളിത്തമെന്നത് സകല മേഖലകളിലും ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ഭൂപ്രകൃതിയുടെ സൗന്ദര്യത്തോടൊപ്പം ഇവിടുത്തുകാരുടെ നല്ല മനസ്സുകൂടെ ചേര്‍ത്താണ് കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്നെ വിശേഷണം ലഭിച്ചതെന്ന് മറ്റുള്ളവര്‍ നിരന്തരമായി വാഴ്ത്തി. രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കേരളത്തിന്റെ വിശേഷമായ പ്രത്യേകതകള്‍ പ്രത്യക്ഷമായി നോക്കികാണാന്‍ നിരവധിയുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും സാമൂഹ്യ ഇടപെടലുകളിലും ധാര്‍മ്മികതയും, മൂല്യവും നിലനിറുത്താന്‍ ജാഗ്രത കാണിക്കുകയും മറ്റുള്ളവര്‍ക്കു മുന്നില്‍ അനുഭവവേദ്യമായി പ്രകടമാക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കുകയും ചെയ്തു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അടിമപ്പെടാത്ത വലിയൊരു വിഭാഗം മുഖ്യധാരയില്‍ നിലയുറപ്പിച്ചതിനാല്‍ സാമൂഹ്യമാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകാന്‍ ഓരോ പ്രദേശങ്ങള്‍ക്കുമായി.
മതം പരസ്പരം കെട്ടിപുണരാനുള്ള മാനസികാവസ്ഥയാണ് മലയാളിക്ക് നല്‍കിയത്. കരുത്തുറ്റ മതവിശ്വാസം സുദൃഡമായ ബന്ധങ്ങളെ സൃഷ്ടിച്ചു. ഭൗതിക വിദ്യഭ്യാസത്തിനൊപ്പം മതത്തിന്റെ മൂല്യങ്ങളെ കൂടി ഉള്‍കൊള്ളാന്‍ മലയാളി കാണിച്ച ബോധം മതനിരപേക്ഷതിയിലൂന്നിയ സമൂഹ സൃഷ്ടിക്ക് കരുത്തേകി. മതത്തെ അവിവേകമായി സ്വീകരിച്ചവരെ തിരിച്ചറിയുന്നതില്‍ കാണിച്ച സൂക്ഷ്മതയും, ജാഗ്രതയും അറുപതിന്റെ നിറവിലും കേരളത്തെ കരുത്തുറ്റതാക്കി മാറ്റുകയാണ്.
രാഷ്ട്രീയ ഉദ്ബുദ്ധതയിലും നിരീക്ഷണത്തിലും കേരളം സാധ്യമാക്കിയ അതി വൈദഗ്ദ്യം തുല്യതയില്ലാത്തതായിരുന്നു. ഒന്നാമത്തെ സര്‍ക്കാറിന്റെ രൂപീകരണം മുതല്‍ രാഷ്ട്രീയ ബോധത്തിന്റെ വേറിട്ട മാനസിക ശാസ്ത്രം പ്രകടമാണ്. രാഷ്ട്രീയത്തിലും ഭരണരംഗത്തും പരോക്ഷമായ ഇടപെടലിന്റെ ഇടം സക്രിയമായി നിലനിറുത്താന്‍ മലയാളിക്ക് സാധിച്ചിട്ടുണ്ട്. മുന്നിലുള്ള പൊതുജനത്തെ മറന്നുകൊണ്ടുള്ള പ്രയാണം സാധ്യമല്ലെന്ന തിരിച്ചറിവ് ഇതുവരെയുള്ള നേതൃത്വത്തിനൊക്കെയും ബോധ്യമായിട്ടുണ്ട്. സാധാരണ ജനവിഭാഗത്തിന്റെ രാഷ്ട്രീയ അതിപ്രസരത്തിന് ഇടിവ് വന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ ബോധം ഇന്നും തെളിച്ചത്തോടെ നിലനിര്‍ക്കുന്നതാണ്.
നെറികേടുകളും ക്രൂരതകളും ഒരു പതിറ്റാണ്ടുവരെ മലയാളിയുടെ പരിസരങ്ങളില്‍ അത്യപൂര്‍വ്വ കേള്‍വികളായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്ത് വന്ന പൈശാചിക വാര്‍ത്തകളെ വെറുപ്പോടെ കേള്‍ക്കുകയും എങ്ങിനെ മനുഷ്യന് പിശാചാകാന്‍ കഴിയുന്നുവെന്ന ആത്മഗദം നടത്തുകയും ചെയ്തവാരായിരുന്നു നമ്മള്‍. അമ്മയേയും പെങ്ങളേയും തിരിച്ചറിയാനാകാത്തവനെന്ന് മറ്റുള്ളവരെ നോക്കിയാണ് മലയാളി പറഞ്ഞിരുന്നത്. മഴയും വെയിലും ഏല്‍ക്കാതെ സുന്ദരമായി ജീവിക്കാനുള്ള ഇടം എന്നതിനപ്പുറത്ത് സുരക്ഷിതത്വത്തിന്റെ ഇരുമ്പ് കവചമായിരുന്നു ഓരോ വീടുകളും. സാമൂഹ്യ സുരക്ഷിതത്വവും കരുതലും പരസ്പരം ഉറപ്പാക്കുകയും കൈമാറുകയും ചെയ്തതിനാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പാശാചികത ചങ്ങലക്കിട്ട നിലയിലായിരുന്നു.
അറുപത് വര്‍ഷമെന്നത് വളര്‍ച്ചയുടെ പാരമ്യത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യായുസ്സില്‍ ഷഷ്ടിപൂര്‍ത്തിയെന്ന് അറുപതിനെ വിശേഷിപ്പിക്കുന്നത് വളര്‍ച്ചയുടെ പൂര്‍ണ്ണതയെന്ന നിലയിലാണ്. കേരളം വളര്‍ച്ചയുടെ പടവുകള്‍ കരുത്തോടെ നേരിട്ടാണ് അറുപതിലെത്തുന്നത്. ഭൗതിക വികാസം സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വായത്തമാക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസം മലയാളി സ്വീകരിക്കാനായെന്ന് അടിവരയിടുമ്പോള്‍ അത് സാമൂഹ്യ ഘടനക്ക് സഹായകമാണോയെന്ന മറുചോദ്യമാണ് ആധുനിക കേരളം ഉറക്കെ ഉന്നയിക്കുന്നത്. കേരളം അതിന്റെ സവിശേഷതയെ സൃഷ്ടിച്ചെടുത്തത് സമൂഹികതയെന്ന കേന്ദ്ര ബിന്ദുവില്‍ നിന്നുകൊണ്ടാണ്. മതവും ജാതിയും സമുദായവുമൊക്കെ സമൂഹമെന്ന ചില്ലുകൂടിന് സംരക്ഷിച്ചു നിര്‍ത്തുന്ന തരത്തിലാണ് നാം പ്രയോഗിച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം അവര്‍ ചേദിച്ചിരുന്ന അല്ലെങ്കില്‍ കേട്ടിരുന്ന മതവും ജാതിയും വീണ്ടുമിപ്പോള്‍ ചോദിക്കുന്നവരോ കേള്‍ക്കുന്നവരോ ആയി നമ്മള്‍ മാറുന്നുവെന്നതാണ് കേരളത്തിന്റെ സമകാലീന വര്‍ത്തമാനം.
സുരക്ഷിതമായ തുരത്തെന്ന കേരളത്തിന്റെ കരുത്ത് ചോര്‍ന്നു പോകുന്നുണ്ടെന്നത് കാണാതെ പോകേണ്ടതല്ല. മനസ്സുകളില്‍ നന്മവറ്റുകയും സ്വാര്‍ത്ഥത കുടിയേറുകയും ചെയ്തിട്ടുണ്ട്. കൂടെപിറപ്പുകളെ പോലും ആസക്തിയുടെ ഇരയാക്കുന്നതിലേക്ക് കേരളീയ മനോബോധം മാറ്റപ്പെട്ടുവെന്നതാണ് അതീവ ഗുരുതരമായ കാര്യം. ബന്ധങ്ങളുടെ ഊഷ്മളതയും ഗൃഹാതുരത്വത്തിന്റെ പവിത്രതയും വഴിയിലുപേക്ഷിക്കപ്പെട്ടു. നമ്മള്‍ എന്നതിനു പകരം നിങ്ങളെന്ന അഭിസംബോധന കരുത്താര്‍ജ്ജിച്ചു. എന്തുകിട്ടുമെന്നതിനെ മാനദണ്ഡമാക്കി പൊതുപ്രവര്‍ത്തനം രൂപപ്പെട്ടു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്നതിനു പകരം ഞാന്‍ എനിക്കുവേണ്ടി മാത്രമാണെന്ന വിചാരം പൊതു ബോധധമായി മാറി. പണം കിട്ടുമെങ്കില്‍ എന്തിനേയും ചൂഷണം ചെയ്യാനും, ആരെയും കാഴ്ചവെക്കാനും മടിയില്ലാത്തിടത്തേക്ക് സ്വയം മാറ്റപ്പെട്ടു.
ഇത്തരത്തില്‍ അനാരോഗ്യകരമായ സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് ആധുനിക കേരളം കടന്നു പോകുന്നത്. ഇതിനിടയിലെ പ്രതീക്ഷയുടെ നാമ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് കേരളക്കരയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്നതാണ്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്