മാതൃകകളെ 
ആവശ്യമുണ്ട്


പറയുന്നത് പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുകയെന്നത് പൊതു സ്വീകാര്യതയുടെ മാനദണ്ഡമാണ്. വാക്കും പ്രവൃത്തിയും ഒരുപോലെ ആകുന്നിടത്താണ് മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നത്. പറയുന്ന വാക്കുകള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ സൂക്ഷ്മത കാണിച്ചിരുന്നവര്‍ പൊതു മണ്ഡലത്തില്‍ സാധ്യമാക്കിയ കരുത്തും ആവേശവും ചെറുതായിരുന്നില്ല. തങ്ങള്‍ക്ക് പിന്തുടരാനും തങ്ങളെ നയിക്കാനും ഇവര്‍ മതിയെന്ന വിചാരം വാക്കുകളെ ജീവിതമാക്കിയവരിലൂടെ പൊതുസമൂഹം സ്വയം കണ്ടെത്തി. അനാഥത്വം പേറാതെ ജീവിക്കാനും പ്രവര്‍ത്തിക്കുവാനും മാതൃകാ സമ്പന്നമായ നേതൃനിര തണലും ആശ്രയവുമായിരുന്നു. കേരളം സാധ്യമാക്കിയ രാഷ്ട്രീയവും സാമൂഹികമായ ഉദ്ബുദ്ധത സൃഷ്ടിക്കപ്പെട്ടത് മാതൃക തീര്‍ത്ത നേതൃനിരയുടെ സമ്പന്നതയില്‍ നിന്നായിരുന്നു. ലോകത്തിന്റെ മുഴുവന്‍ സാമൂഹ്യ ചലനങ്ങളിലും മാതൃകാപുരുഷന്മാരുടെ കയ്യൊപ്പ് കാണാനാകും.
പറയുന്നത് പ്രവര്‍ത്തിക്കാനുള്ളതാണ് എന്നതില്‍ നിന്ന് ഞങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുമാണെന്നതിലേക്കുള്ള മാറ്റം മാതൃക ജീവിതങ്ങളുടെ വംശനാശത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. സകലമേഖലകളിലും നേതാക്കന്മാരുടെ നിര പെറ്റുപെരുകിയെങ്കിലും പൂര്‍വ്വികര്‍ സാധ്യമാക്കിയ പത്തരമാറ്റിന്റെ പരിശുദ്ധിയിലേക്കെത്താന്‍ ഇവര്‍ക്കാര്‍ക്കും ആകുന്നില്ല. ജീവിതം ആദര്‍ശം പറഞ്ഞ് തുലച്ചുകളയാന്‍ ഒരുക്കമല്ലെന്നിടത്താണ് സാമൂഹ്യ നേതൃത്വമുള്ളത്. പൂര്‍വ്വികരുടെ ത്യാഗോജ്ജ്വലമായ ജീവിതങ്ങളെ എരുവും പുളിയും ചേര്‍ത്ത് പുതിയ തലമുറക്ക് മുന്നില്‍ പറഞ്ഞുകൊടുക്കാന്‍ വിദഗ്ദരായ പ്രഭാഷകര്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും അതൊന്നും പറയുന്ന ഞങ്ങള്‍ക്ക് ബാധകമല്ലെന്നിടത്താണ് കാര്യങ്ങളുള്ളത്. മറിച്ച് മണ്‍മറഞ്ഞവരുടെ വീരേതിഹാസങ്ങളേക്കാള്‍ മുന്നിലുള്ള നേതാക്കളുടെ ജീവിത സഞ്ചാരത്തെ നോക്കികാണുന്നവരാണ് വളര്‍ന്നുവരുന്ന ഓരോരുത്തരും. പറഞ്ഞുകേട്ട ചരിത്രത്തോട് സമകാലീന നേതൃത്വം താദാത്മ്യപ്പെടുന്നില്ലെന്ന തിരിച്ചറിവ് പുതുതലമുറയെ കൊണ്ടുചെന്നെത്തിച്ചത് നിഷ്‌ക്രിയത്വത്തിലേക്കും അരാഷ്ട്രീയതയിലേക്കുമാണ്.
പഴയപോലെ മുദ്രാവാക്യം വിളിക്കാനും, സംഘടന പ്രവര്‍ത്തനം നടത്താനും ചെറുപ്പക്കാരെ കിട്ടാനില്ലെന്ന് എല്ലാവരും വിലപിക്കാറുണ്ടെങ്കിലും അതിന്റെ മൂലകാരണം അന്വേഷിക്കുവാനോ, പ്രതിവിധികണ്ടെത്തുവാനോ ആരും തയ്യാറാകാറില്ല. താല്‍പര്യങ്ങളുടെ സംരക്ഷണം പൊതു പ്രവര്‍ത്തന രംഗത്തെ പ്രധാന അജണ്ടയാകുന്നിടത്ത് സംഘടനകളെ സ്ഥാപനവത്കരണത്തില്‍ നിന്ന് ജനകീയ താല്‍പര്യങ്ങളിലേക്ക് അഴിച്ചുവിടാന്‍ നേതൃത്വം ഒരുക്കമല്ല. അഡ്ജസ്റ്റ്‌മെന്റുകളും ആത്മാര്‍ത്ഥതയില്ലായ്മയും പൊതുപ്രവര്‍ത്തന രംഗത്തെ രീതി ശാസ്ത്രമായി മാറ്റപ്പെട്ടിട്ടുണ്ട്. പുറത്ത് അങ്കംവെട്ടുകയും അകത്ത് കെട്ടിപ്പുണരുകയും ചെയ്യുന്നവരാണ് പൊതു നേതൃത്വമെന്ന ധാരണ സാധാരണ ജനവിഭാഗത്തിനിടയില്‍ ശക്തിപ്പെടുകയാണ്. നേതാക്കളുടെ ഇടപെടലുകളും നിലപാടുകളുമാണ് ഇത്തരമൊരു ധാരണ രൂപപ്പെടുന്നതിന് കാരണമായിട്ടുള്ളത്. പൊതു പ്രവര്‍ത്തനത്തിലൂടെ ജീവിത സമ്പാദ്യം പുര്‍ണ്ണമായി നഷ്ടപ്പെട്ട് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തപ്പെട്ടവരുടെ ഇന്നലെകള്‍ കേട്ടു ശീലിച്ചവര്‍ക്ക് അങ്ങിനെയൊന്ന് പുതിയ നേതാക്കള്‍ക്കിടയില്‍ കാണാനാകുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് പൊതുരംഗത്തേക്ക് കടന്നുവന്ന് സര്‍വ്വൈശ്വര്യങ്ങളുടേയും അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്ന ആഡംബര മാതൃകകളാണ് സമകാലീന നേതാക്കളില്‍ ഒട്ടുമിക്കവരും. വര്‍ഷങ്ങളുടെ മാത്രം പൊതുപ്രവര്‍ത്തന പാരമ്പര്യത്തിലൂടെ ജീവിത നിലവാരം കണ്ണഞ്ചിപ്പിക്കും വിധം മാറ്റി മറിക്കുന്ന ഭരണകര്‍ത്താക്കള്‍ ഒഴുകി നടക്കുന്നിടത്ത് സമര്‍പ്പിത ബോധമുള്ള പ്രവര്‍ത്തകരെ സൃഷ്ടിക്കപ്പെടുക മരീചികയാണ്.
ഭൗതികതകള്‍ക്ക് മുന്‍ഗണന നല്‍കാതെ ആത്മീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന മതസംഘടനകളും മാതൃകകളുടെ ശോഷണം രൂക്ഷമായി അനുഭവിക്കുകയാണ്. മത പ്രഭാഷണങ്ങള്‍ പോലും കമ്പോള വത്കരിക്കപ്പെട്ട തീവ്ര ദൈന്യതയിലാണ് മതസംഘടനകളുള്ളത്. പ്രഭാഷകന്റെ നിരക്കും മറ്റു സൗകര്യങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച് അത്യാഡംബരത്തിലൂടെ നടത്തപ്പെടുന്ന ഉദ്‌ബോധന പ്രസംഗങ്ങള്‍ ആസ്വാദനത്തിനപ്പുറത്തേക്ക് യാതൊരു മാനസിക ചലനങ്ങളും കേള്‍വിക്കാരില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നതാണ് സമകാലീന ചിത്രം. ലാളിത്യം തുളുമ്പുന്ന പ്രതീകങ്ങളായിരുന്നു ഒരു തലമുറ മുമ്പ് വരെയുള്ള മത പണ്ഡിതരെങ്കില്‍ ഇപ്പോഴത് ആഡംബരത്തിലേക്കും പൊങ്ങച്ചത്തിലേക്കും വഴിമാറ്റപ്പെട്ടിരിക്കുന്നു. മതസംഘടനകള്‍ സ്ഥാപനവത്കരിക്കപ്പെട്ടു എന്നതിനൊപ്പം കച്ചവടത്തിനും ചൂഷണത്തിനുമുള്ള ഇടനില കേന്ദ്രമായി മാറ്റപ്പെടുകയും ചെയ്തു. മത അധ്യാപനമെന്നതിനെ സൈഡ് ബിസിനസ്സായി സ്വീകരിച്ചവരാണ് മതപണ്ഡിതന്മാരില്‍ വലിയൊരു വിഭാഗം. കച്ചവട രംഗത്തെ മൂല്യങ്ങളെ വഴിയിലുപേക്ഷിച്ച് തട്ടിപ്പിന്റെ ആള്‍രൂപങ്ങളായി മാറിയ പണ്ഡിത വേഷധാരികള്‍ എത്രയെത്രയാണ് പൊതു സമൂഹത്തിന് മുന്നിലൂടെ കടന്നുപോയത്. മത ബോധനമെന്നതിനെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള വഴിയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മുന്നിലുള്ള വിശ്വാസി സമൂഹത്തെ കണാതെ നിലനില്‍പ്പിനുള്ള മലക്കം മറിച്ചിലുകള്‍ തുടര്‍ പ്രക്രിയയായി ഏറ്റെടുക്കുന്നിടത്തേക്ക് മത പ്രസ്ഥാനങ്ങള്‍ പോലും അധ:പതിച്ചിരിക്കുന്നു.
വീടും വിദ്യാലയവും വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന രണ്ട് സ്ഥാപനങ്ങളാണ്. അധ്യാപകരും, മാതാപിതാക്കളും റോള്‍ മോഡലുകളില്‍ പ്രഥമ സ്ഥാനീയരാകേണ്ടവരാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ സകലതിനുമൊപ്പം ഇവയും സ്വാര്‍ത്ഥതയുടെ ഭാവഭേതങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട്. മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അച്ഛന്മാരും, പെണ്‍മക്കളെ പണത്തിനുവേണ്ടി അന്യന് കാഴ്ചവെക്കുന്ന അമ്മമാരും. വിദ്യാര്‍ത്ഥികളെ ലൈംഗിക വൈകൃത്യങ്ങള്‍ക്കുപയോഗിക്കുന്ന അധ്യാപകരും അപൂര്‍വ്വ വാര്‍ത്തകളല്ലാതായി മാറിയിരിക്കുന്നു. വീടും വിദ്യാലയവും അരക്ഷിത കേന്ദ്രങ്ങളായി മാറ്റപ്പെടുന്നിടത്ത് പതിരണിഞ്ഞ തലമുറയെ ആയിരിക്കും പകരം ലഭിക്കുകയെന്നത് സ്വാഭാവികം.
ഞങ്ങള്‍ ആരെ മാതൃകയാക്കണമെന്ന ചോദ്യമാണ് പുതുതലമുറ ലോകത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ മേമ്പൊടിയില്‍ ഏതെങ്കിലുമൊന്നിന്റെ ഭാഗമാകാന്‍ അവര്‍ ഒരുക്കമല്ല. കാലത്തിനൊത്ത അജണ്ടകള്‍ നിശ്ചയിച്ച് സമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമായ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ജരാനരകള്‍  ബാധിച്ച് മസ്തിഷ്‌കം വറ്റിവരണ്ട പരമ്പരാഗത ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പുതുതലമുറയെ കിട്ടില്ലെന്ന ബോധം മുഴുവന്‍ സംഘടനകള്‍ക്കും വേണം. കാലത്തിന്റെ ചുവരെഴുത്തുകളോട് സംവദിക്കാന്‍ അവര്‍ ഒരുക്കമാണ്. ഇതിന് ഭൂമികയൊരുക്കുകയെന്നതാണ് പുതിയ കാല നേതൃത്വത്തിന് ചെയ്തുകൊടുക്കാനാകേണ്ടത്. പുതിയ ചോദ്യങ്ങള്‍ക്ക് പഴയ ഉത്തരങ്ങള്‍ പറഞ്ഞ് കാലം കഴിക്കാന്‍ ഇനിയാകില്ല. പുതിയ ഉത്തരങ്ങള്‍ കാലത്തിനൊത്ത ഭാഷയില്‍ പറയാന്‍ കഴിയുന്നിടത്ത് മാത്രമാണ് ഏതൊരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാകൂക.
കാര്യങ്ങള്‍ വ്യക്തതയോടെ അറിയാനും തിരിച്ചറിയാനും കഴിയുന്ന സമകാലീന ലോകക്രമത്തില്‍ കാട്ടികൂട്ടലുകള്‍കൊണ്ട് മുന്നോട്ടുപോകാനാകില്ല. സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ വ്യക്തത ഉറപ്പുവരുത്താനായില്ലെങ്കില്‍ മറിച്ചുള്ള ചോദ്യവും വിമര്‍ശനവും ഉന്നയിക്കാന്‍ അവസരങ്ങള്‍ ഏറെയാണ്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം വ്യക്തിയെ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. പലപ്പോഴും അരാഷ്ട്രീയ പ്രവണതയുടെ പ്രഭവ കേന്ദ്രം രൂപപ്പെടുന്നത് സമൂഹ മാധ്യമങ്ങളില്‍ നിന്നാണെന്ന് പറയാനാകും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കാനും വിമര്‍ശിക്കാനും അവസരങ്ങള്‍ ഏറെയുള്ള ഇക്കാലത്ത് ചെപ്പടി വിദ്യകളിലൂടെ ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കുക പ്രായോഗികമല്ല. പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള ഐഡന്റിറ്റി കരുത്തോടെ നിലനിറുത്തണമെങ്കില്‍ മാതൃകാപരമായ സവിശേഷതകള്‍ കൂടിയേ തീരൂ.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്