അഴിമതി ആരോപിക്കാനുള്ളതല്ല
ശിക്ഷിക്കാനുള്ളതാണ്

                   അഴിമതി വാര്‍ത്തയല്ലാതായി മാറിയിരിക്കുന്ന കാലമാണിത്. രാഷ്ട്രീയ രംഗത്തും പൊതു ജീവിതത്തിലും അഴിമതിയുടെ കുത്തൊഴുക്ക് വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. അഴിമതി ആരോപണവും, പ്രത്യാരോപണവുമില്ലാതെ ഒരു ദിവസം പോലും കടന്നു പോകാത്ത പൊതു സാഹചര്യമാണുള്ളത്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് അഴിമതി ആരോപണങ്ങളും തെളിവുകളും പുറത്ത് വരുന്നത്. പല ആരോപണങ്ങളും പകല്‍ വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുന്നതുമാണ്. പൊതുഖജനാവിന് നഷ്ടം വരുത്തിയും സാധാരണക്കാരന്റെ അവകാശത്തില്‍ കയ്യിട്ടുവാരിയും തടിച്ചുകൊഴുത്ത അഴിമതിക്കെതിരെ നീതിയുടെ കൈവിലങ്ങ് ആഭരണമായി അണിയണമെന്നത് സാമാന്യ ജനത്തിന്റെ ആഗ്രഹവും പ്രത്യാശയുമാണ്. അഴിമതി ആരോപണങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഭരണത്തിനുമെതിരായ പ്രത്യാക്രമണത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രതിരോധ കവചമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം.
സംശയത്തിന്റെ കണികപോലുമില്ലാത്ത എത്രയെത്ര അഴിമതി ആരോപണങ്ങളാണ് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തെ ശബ്ദമുഖരിതമാക്കിയത്. ആരോപണം ഉന്നയിക്കുന്നതിലെ ആവേശവും ഉത്സാഹവും ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതില്‍ ഭരണകൂടത്തിന് ഉണ്ടാകാറില്ലെന്നതാണ് അനുഭവ പാഠം. കാലങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു മുന്‍ മന്ത്രിയെ ശിക്ഷിക്കുന്ന അപൂര്‍വ്വതക്ക് സംസ്ഥാനം സാക്ഷിയായെങ്കിലും ജയില്‍വാസമെന്ന ശിക്ഷ കാലാവധി നടപ്പാക്കപ്പെട്ടത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശീതീകരിച്ച മുറിയിലായിരുന്നുവെന്നത് കേരളത്തിന് മറക്കാനായിട്ടില്ല. ശിക്ഷിക്കപ്പെട്ടയാള്‍ പിന്നീട് തനിക്കെതിരെ ആരോപണമുന്നയിച്ചവരുമായി രാഷ്ട്രീയ ചങ്ങാത്തത്തിലായെന്നതും ചേര്‍ത്തുപറയേണ്ടതാണ്. ഒരു അഴിമതി ആരോപണം തെളിയിക്കപ്പെട്ട് ശിക്ഷാവിധിയിലേക്കെത്തണമെങ്കില്‍ പുരുഷായുസ്സിന്റെ കാത്തിരിപ്പുവേണമെന്നതുകൂടി ബോധ്യപ്പെടുന്നതായിരുന്നു ആര്‍ ബാലകൃഷ്ണ പിള്ളക്കെതിരായ കേസും, വിധിയും അതിലെ ശിക്ഷയും.
ഭരണത്തിന്റെ തണലിലുള്ള കടും വെട്ട് കേരളത്തില്‍ പുതിയ കാര്യമല്ല. തുടര്‍ഭരണമെന്ന സമസ്യ സാധ്യമാകാതിരുന്നിട്ടും നിയമലംഘനത്തിന്റെ കടുംവെട്ടുകള്‍ തുടരാന്‍ പ്രേരണയാകുന്നത് അഴിമതി കേസുകളുടെ കാര്യത്തിലെ അലംഭാവത്തിലൂന്നിയ കാലതാമസമാണ്. അഴിമതിക്കേസുകളുടെ കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രീതിയാണ് ഭരണത്തില്‍ മാറിവരുന്ന ഇരുമുന്നണികളും തുടരുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അഴിമതിയുടെ കാര്യത്തില്‍ പുറമെ അങ്കം വെട്ടുകയും അകമേ ആശ്ലേഷിക്കുകയും ചെയ്യുന്ന സമവാക്യമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അങ്ങോട്ടാക്രമിക്കാതിരുന്നാല്‍ തിരുച്ചുമില്ലെന്ന് ഉറപ്പുള്ളതിനാല്‍ അഴിമതി സംരക്ഷിക്കപ്പെടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഈ ധാരണ പൊളിച്ചെഴുതപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പഴയ പോലെ രാഷ്ട്രീയ നേതൃത്വം പറയുന്നതെന്തും വിഴുങ്ങുന്ന സമൂഹമല്ല പൊതുജനമായുള്ളതെന്ന തിരിച്ചറിവ് ഭരണം കയ്യാളുന്ന വര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കരുതേണ്ടത്.
കേരളത്തെ പിടിച്ചുലച്ചതും ഇഴകീറിയുള്ള വിചാരണക്ക് വിധേയമാക്കപ്പെട്ടതുമായ എത്രയെത്ര അഴിമതി ആരോപണങ്ങളാണുള്ളത്. പാമോലിന്‍ കേസ്, ലാവ്‌ലിന്‍, ടൈറ്റാനിയും, മലബാര്‍ സിമന്റ്‌സ്, കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനം, ചിലനേതാക്കള്‍ക്കെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്നിങ്ങനെ ആരോപണ വഴിയില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി നിലയുറപ്പിച്ചവ നിരവധി. അഴിമതി  പരാതികളില്‍ കേസന്വേഷണം കൃത്യമായി നടത്തുകയോ, ആരും തന്നെ ശിക്ഷിപ്പെടുന്ന സാഹചര്യം ഉണ്ടാക്കുകയോ ചെയ്തില്ലെന്നതാണ് വസ്തുത. പല കേസുകളും വഴിയില്‍ തീരുകയോ, ശീതീകരണിയിലേക്ക് മാറ്റപ്പെടുകയോ ചെയ്തു.
ഭരണമാറ്റത്തിന് തന്നെ കാരണമായ അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം തെളിയിക്കപ്പെടുകയും ആരോപിതര്‍ പിടിക്കപ്പെടുകയും ചെയ്യുമെന്നാണ് സാധാരണ ജനം വിശ്വസിക്കാറുള്ളത്. അല്ലെങ്കില്‍ അങ്ങിനെ കരുതാനാണ് അവര്‍ ഇഷ്ടപ്പെടാറുള്ളത്. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ആരോപിതര്‍ അങ്ങിനെ തന്നെ നില്‍ക്കും. ആരോപണവും അന്വേഷണവും ഒരിടത്തുമെത്താതെ അവസാനിക്കുകയും ചെയ്യുന്ന രീതിയാണ് തുടരാറ്. അലിഖിതമായ കരാറുപോലെ തുടരുന്ന അഴിമതി ആരോപണങ്ങളും ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ ഒച്ചപ്പാടുകളും ഭരണകൂടങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ അവിശ്വാസം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. കണ്ണില്‍ പൊടിയിടുന്ന നടപടികളിലൂടെ പൊതുജനത്തെ മറവിയുടെ കൂട്ടിലൊളിപ്പിക്കാനാകുമെന്ന പഴയ ധാരണ നവ മാധ്യമ സംസ്‌കാരം പൊതു ബോധമായി മാറിയ സാഹചര്യത്തില്‍ വിലപ്പോവില്ലെന്നതു കൂടി തിരിച്ചറിയേണ്ടതുണ്ട്.
യാതൊരു അടിസ്ഥാനവുമില്ലാതിരുന്നിട്ടും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടുവെന്നതിന്റെ പേരില്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞവരായിരുന്നു ഭരണ രംഗത്തെ മുന്‍ഗാമികള്‍. അഴിമതി നടത്തുന്നത് തത്സമയം സംപ്രേഷണം ചെയ്താല്‍ പോലും കെട്ടുകഥയെന്ന് പറഞ്ഞു തള്ളുന്ന നേതൃത്വത്തിനൊപ്പമാണ് സമകാലീന രാഷ്ട്രീയം സഞ്ചരിക്കുന്നത്. അഴിമതി ആരോപണത്തിന് വിധേയമാകുന്നവര്‍ക്ക് പാര്‍ടിയും മുന്നണിയും പരസ്യപിന്തുണ പ്രഖ്യാപിക്കുന്ന അപൂര്‍വ്വതയും കേരളത്തിന് സ്വന്തമാണ്. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് അതുന്നയിച്ചവരുടെ മാത്രം ബാധ്യതയാണെന്ന വിചിത്ര വിശദീകരണവും ഇവിടെല്ലാതെ കേള്‍ക്കാനാകില്ല. വസ്തുതാപരമായ ആരോപണങ്ങളാണെങ്കില്‍ പോലും രാഷ്ട്രീയ പ്രേരിതമെന്നും, പാര്‍ടിക്കെതിരായ ഗൂഡാലോചനയെന്നും മുഖക്കുറി നല്‍കി പ്രതിരോധം തീര്‍ക്കുന്നവര്‍ അഴിമതിയെ വെള്ളപൂശുകയാണെന്ന് അറിയാതെ പോകുന്നുണ്ട്. തികച്ചും വ്യക്തിപരമായ അഴിമതി ആരോപണങ്ങളെ പോലും രാഷ്ട്രീയ പ്രേരിതമെന്ന വ്യാഖ്യാനത്തോടെ പാര്‍ടികള്‍ ഏറ്റെടുക്കുന്ന ഖേദകരമായ സ്ഥിതിയും മലയാളിയുടെ രാഷ്ട്രീയ ഉദ്ബുദ്ധതക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അഴിമതി ആരോപിതര്‍ അഗ്നി ശുദ്ധി വരുത്തിയായിരിക്കണം പൊതുരംഗത്തേക്ക് തിരിച്ചു വരേണ്ടതെന്ന് പറയാന്‍ പോലും ആളില്ലാതായി മാറിയിരിക്കുന്നു. ആരോപണ വിധേയര്‍ക്ക് വീര പൗരുഷം ചാര്‍ത്തി നല്‍കുന്നിടത്താണ് രാഷ്ട്രീയത്തിന്റെ പ്രാസ്ഥാനിക ഘടന എത്തിനില്‍ക്കുന്നത്.
അഴിമതിയെ തള്ളപ്പറയുകയെന്നതില്‍ നിന്നുമാറി പ്രതിരോധിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കപ്പെടുന്നത്. പ്രതിരോധം തീര്‍ക്കുന്നത് ആരോപണം ഉന്നയിക്കുന്നവര്‍ നടത്തിയ അഴിമതിയിലൂടെയാണെന്നതാണ് വിചിത്രം. നിങ്ങളുടെ കാലത്ത് നടന്ന വഴിവിട്ട അനുമതിയാണ് ഇപ്പോഴത്തെ ക്രമക്കേടുകള്‍ക്ക് കാരണമായതെന്ന വിശദീകരണമാണ് ഒട്ടുമിക്ക ആരോപണങ്ങള്‍ക്ക് പിന്നാലെയും ഉണ്ടാകാറുള്ളത്. ഞങ്ങള്‍ അഴിമതിക്കാരാണെങ്കില്‍ നിങ്ങളും അങ്ങിനെ തന്നെയാണെന്ന് സ്ഥാപിക്കാനാണ് അഴിമകി ആരോപിതര്‍ക്കുവേണ്ടി രംഗത്തെത്താറുള്ളവര്‍ പറഞ്ഞുഫലിപ്പിക്കാറ്. അഴിമതിക്കാര്‍ മാറി നില്‍ക്കട്ടെയെന്നത് അത്യപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന വാക്കുകളായി ചുരുങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പറയാന്‍ ആര്‍ജ്ജവമുള്ള, ധാര്‍മ്മിക കരുത്തുള്ള നേതൃത്വം വംശനാശത്തിലേക്ക് നീങ്ങുന്നുവെന്നതും കാണാതെ പോകേണ്ടതല്ല. സമൂഹത്തിനാകെയുണ്ടായിരിക്കുന്ന മൂല്യച്യുതിയായി അഴിമതിയെ നിസാര വത്കരിക്കുകയും, രാഷ്ട്രീയക്കാരന് നേരിടേണ്ടിവരുന്ന സര്‍വ്വ സാധാരണ പ്രതിസന്ധിയായി വിലയിരുത്തുകയും ചെയ്യുന്നിടത്ത് നിന്ന് പൗരബോധം മാറി ചിന്തിച്ചു തിടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അഴിമതി ജനാധിപത്യത്തിന്റെ ഒന്നാമത്തെ ശത്രുവായതിനാല്‍ അതിനെ പറ്റിയുള്ള അന്വേഷണം ഒരാളിലോ, ഒരു സംഭവത്തിലോ മാത്രം കേന്ദ്രീകരിക്കപ്പെടേണ്ടതല്ലെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇഴഞ്ഞു നീങ്ങാത്തതും പക്ഷപാതരഹിതവുമായ അഴിമതി അന്വേഷണമാണ് പൊതു സമൂഹം ആവശ്യപ്പെടുന്നത്. മന്ത്രിസഭ ഭേദവും കാലഭേതവുമില്ലാത്ത അന്വേഷണ നടപടിക്രമമാണ് ജനങ്ങളുടെ പ്രതീക്ഷ. സമീപ ഭൂതകാലത്തുണ്ടായതും ഇപ്പോഴും കോടതി വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നതുമായ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്ന രീതിയില്‍ മുന്നോട്ടുകൊണ്ടു പോകാനാകുന്നിടത്ത് സാമൂഹ്യനീതിയുടെ പക്ഷം പരോക്ഷമായെങ്കിലും രൂപപ്പെടും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്