നമ്മുടെ പൊതുബോധത്തിന് സംഭവിക്കുന്നതെന്ത്
ആശയങ്ങളേയും, വിചാരങ്ങളേയും സര്‍ഗ്ഗാത്മകമായി സ്വീകരിച്ചിരുന്ന മലയാളിയുടെ പൊതു ബോധം ഉദ്ബുദ്ധതയുടെ ഔന്നിത്യത്തെയാണ് എന്നും പ്രകടമാക്കിയിരുന്നത്. പറയുന്ന കാര്യങ്ങളിലെ അക്ഷരങ്ങളെ സ്വീകരിക്കുന്നതിനു പകരം അതിലെ ആശയത്തിന്റേയും ആവിഷ്‌ക്കാരത്തിന്റേയും വ്യാപ്തിയെയാണ് നമ്മള്‍ ഉള്‍കൊണ്ടത്. വിശ്വാസവും, ആചാരവും അനുഷ്ഠാനവും വ്യക്തിപരമായി നിലനിറുത്തുമ്പോള്‍ തന്നെ സാമൂഹ്യമായ അഭിപ്രായ പ്രകടങ്ങളെ പൊതു വിചാരത്തോടുകൂടി സ്വീകരിക്കാന്‍ മലയാളികള്‍ക്ക് എന്നും സാധിച്ചിരുന്നു. പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെ മതത്തിനെതിരായ കടന്നു കയറ്റമായി ചിത്രീകരിച്ചില്ലെന്നു മാത്രമല്ല, അതിനെ ഊഷ്മളതയോടെ സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് പ്രകടമാക്കിയത്. മതത്തിന്റെ പേരില്‍ നിലനിന്ന ഉച്ച നീചത്വങ്ങളെ സാഹിത്യ ആവിഷ്‌ക്കാരങ്ങളിലൂടെയും രചനകളിലൂടേയും തുറന്നു കാണിക്കുകയും, ഇതിലൂന്നിയ സാമൂഹ്യ പ്രതിരോധം ഉയര്‍ത്തികൊണ്ടുവരികയും ചെയ്ത ഇന്നലെകള്‍ നമുക്കുണ്ടായിരുന്നു. ഇത്തരം സര്‍ഗ്ഗാത്മക മുന്നേറ്റങ്ങളെ ആശയസമ്പന്നതയോടെ സ്വീകരിക്കുകയും ആസ്വാദനത്തോടൊപ്പം പരിഷ്‌ക്കരണത്തിന്റെ വഴിയായി കൂടെകൂട്ടുകയും ചെയ്തവരായിരുന്നു കഴിഞ്ഞ തലമുറയിലുള്ളവര്‍.
ആകാശം കണക്കെ തുറന്നുവെച്ച മലയാളിയുടെ പൊതു ബോധത്തിലേക്ക് ഇടുങ്ങിയ ചിന്തയുടെ കാര്‍മേഘം ഇരുളുമായി കയറുന്നതിന്റെ സൂചനകളാണ് സമകാലീന പ്രതികരണങ്ങളോരൊന്നും പ്രകടമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങളോ, പൂക്കളമിടലോ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന ഇടപെടലായി വ്യാഖ്യാനിക്കേണ്ടതിനു പകരം ഏതെങ്കിലുമൊരു മതത്തിനെതിരായ കടന്നുകയറ്റമായി ചിത്രീകരിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പുണ്ടാക്കുകയും വേണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായിട്ടായിരുന്നു പൂക്കളമിടല്‍ ഓഫീസ് സമയത്ത് പാടില്ലെന്ന നിയന്ത്രണം മുന്നോട്ടുവെച്ചത്. പൂക്കളമിടുന്നതിന് നിയന്ത്രണമെങ്കില്‍ വെള്ളിയാഴ്ച ജോലി സമയത്ത് പള്ളിയില്‍ പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു പ്രതികരണങ്ങളില്‍ ചിലത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന സര്‍ക്കാര്‍ നിലപാടില്‍ നിന്നുള്ള  ഇടപെടലിനെ വര്‍ഗ്ഗീയ ചേരിതിരിവിന്റെ പൂക്കളമായി വ്യാഖ്യാനിക്കുന്നതിലേക്ക് നമ്മുടെ വിചാര മണ്ഡലം വിഷലിപ്തമായെങ്കില്‍ അതേറെ ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
പ്രമുഖ സാഹിത്യകാരനായ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിയെന്ന കഥയിലെ കലന്തന്‍ ഹാജിയെന്ന കഥാപാത്രം ഒരു മതവിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്ന വിമര്‍ശനമാണ് മറ്റൊരു ഉദാഹരണം. സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി, മത ചിഹ്നങ്ങളുടെ മോമ്പൊടിയോടെ രൂപപ്പെടുത്തപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ വ്യത്യസ്ഥങ്ങളായ സാഹിത്യ സൃഷ്ടികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അതേതെങ്കിലും മതത്തിനെതിരായ ചാട്ടുളിപ്രയോഗമാണെന്ന് കഴിഞ്ഞ കാലങ്ങളിലൊന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല. സാഹിത്യ സൃഷ്ടികളേയും അതിലെ കഥാപാത്രങ്ങളേയും സര്‍ഗ്ഗാത്മമായി സ്വീകരിക്കുന്ന സാംസ്‌കാരിക ബോധമായിരുന്നു മലയാളിയെ നയിച്ചിരുന്നത്. വിമര്‍ശനാത്മകമായി മതത്തിനകത്തെ ജീര്‍ണ്ണതകളെ അവതരിപ്പിച്ച നിരവധി സിനിമകളും, സാഹിത്യ രചനകളും മലയാളത്തിന്റെ ഭാഗമായിട്ടുണ്ട്. അവയെ സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള ഉപാധിയായി സ്വീകരിച്ച് പൊതു ബോധത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്.
നിലവിളക്കിന്റെ മതം തേടിയുള്ള യാത്ര മലയാളിയുടെ സാംസ്‌കാരിക മനസ്സിനെ കരിപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പൊതു ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കണോ വേണ്ടയോ എന്നതാണ് ചര്‍ച്ചകളുടെ മൂലകേന്ദ്രം. നിലവിളക്കിനെ മതചിഹ്നമായി കാണുന്നവരും സാംസ്‌കാരിക അടയാളമായി കൊണ്ടുനടക്കുന്നവരുമുണ്ട്. നിലവിളക്കിനെ സാംസ്‌കാരിക അടയാളമായി കാണുന്നവര്‍ അത് പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമാകുകയും അല്ലാത്തവര്‍ വിട്ടു നില്‍ക്കുകയും ചെയ്യുന്ന രീതി കാലങ്ങളായി തുടര്‍ന്നു വരുന്നതാണ്. ഏതാണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ ഇതൊരു ചര്‍ച്ചയും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി രൂപപ്പെട്ട വിളക്കുകത്തിക്കലിന്റെ മതാന്വേഷണം പൊതു ബോധത്തിന്റെ പാര്‍ശ്വ വത്കരണത്തില്‍ നിന്ന് ഉരിതിരിഞ്ഞതാണ്. വിളക്കു കത്തിക്കുന്നവര്‍ കത്തിക്കുകയും, അല്ലാത്തവര്‍ വിട്ടു നില്‍ക്കുകയും ചെയ്യുന്നതില്‍ നിന്ന് ചോദ്യം ചെയ്യലിന്റേയും വിശദീകരണം തേടലിന്റേയും സാഹചര്യത്തിലേക്ക് നമ്മുടെ നിരീക്ഷണ ബോധം വഴിമാറ്റപ്പെട്ടത് അനാരോഗ്യകരമായ നിഗമനങ്ങളെയാണ് ക്ഷണിച്ചുവരുത്തിയത്.
അന്ധവിശ്വാസ അനാചാരങ്ങള്‍ക്കും ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ എക്കാലത്തും രാഷ്ട്രീയ പ്രതിരോധങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുക്തി ഭദ്രമമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ വിത്യസ്ത കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഒരമ്പലം കത്തിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ ഇല്ലാതായെന്ന സി കേശവന്റെ (കെ ദാമോദരന്റെ വാക്കുകളാണിതെന്ന് പറയുന്നവരുമുണ്ട്)യും, ഭഗവാനെന്തിനാണ് പാറാവുകാരനെന്ന ഇ കെ നായനാരുടേയും, പ്രവാചകന്റെ വാക്കുകള്‍ക്കും അധ്യാപനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും; അല്ലാതെ തിരുശേഷിപ്പുകളെന്ന നിലയില്‍ കൊണ്ടു നടക്കുന്ന ബോഡി വേസ്റ്റുകള്‍ക്കല്ലെന്നുമുള്ള പിണറായി വിജയന്റേയും വാക്കുകള്‍ വിശാല അര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ അതാത് കാലത്തെ വിശ്വാസി സമൂഹത്തിന് സാധിച്ചിരുന്നു. പൊതു കാഴ്ചപ്പാടോടെ രേഖപ്പെടുത്തപ്പെട്ട ഈ അഭിപ്രായങ്ങള്‍ വിശ്വാസങ്ങള്‍ക്കോ, മതത്തിനോ എതിരായിരുന്നില്ല. മറിച്ച് വിശ്വാസത്തെ മറയാക്കിയുള്ള ചൂഷണങ്ങളെ ചൂണ്ടിക്കാണിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം അന്നുപറഞ്ഞ വാക്കുകളെ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കുന്നതരത്തിലേക്ക് നമ്മുടെ സാമൂഹ്യ ബോധം മാറ്റപ്പെട്ടിട്ടുണ്ടന്നതാണ് സമകാലീന സാഹചര്യങ്ങള്‍ വെളിവാക്കുന്നത്.
മതവും വിശ്വാസവും പരസ്പരം അടക്കാനുള്ള വഴിയായി കണ്ടിരുന്ന ഇന്നലെകളില്‍ നിന്ന് നമ്മള്‍ മാറി സഞ്ചരിക്കുകയാണോയെന്ന ആശങ്കയും മറച്ചുവെക്കേണ്ടതല്ല. ആത്മീയതയെ ഒതുങ്ങികൂടലായി വ്യാഖ്യാനിക്കുന്ന ചിന്താധാരകള്‍ ശക്തിപ്പെടുകയാണ്. നാടിന്റെ ബഹുസ്വരതയെ ആസ്വദിച്ചിരുന്ന നമ്മളില്‍ നിന്നാണ് മതമനുസരിച്ച് ജീവിക്കണമെങ്കില്‍ നാടുവിട്ടു പോകണമെന്ന തോന്നല്‍ രൂപപ്പെട്ടത്. സല്‍കര്‍മ്മങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നതില്‍ നിന്ന് ജാതിയുടേയും മതത്തിന്റേയും നിറം നല്‍കി സമ്മര്‍ദ്ധത്തിന്റെ രാഷ്ട്രീയം പറയുന്നതിലേക്ക് നവോത്ഥാന പ്രസ്ഥാനങ്ങള്‍ പോലും മാറ്റപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടങ്ങിയ അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്ന മനുഷ്യന്റെ മതവും ജാതിയും വിളിച്ചുപറഞ്ഞത് പരിഷ്‌കൃത സമൂഹത്തിന്റെ നവോത്ഥാന ബോധത്തെ പിച്ചിചീന്തുന്ന തരത്തിലായിരുന്നു.
പ്രബുദ്ധമായ സാമൂഹ്യ ബോധത്തില്‍ നിന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി മലയാളി മാറുന്നതിന്റെ അലയൊലികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. നമ്മുടെ പൊതു ബോധത്തെ സാമൂഹ്യ ഘടനക്ക് അനുസൃതമായി രൂപപ്പെടുത്താന്‍ പ്രതിരോധത്തിന്റെ വഴികള്‍ ആലോചിക്കേണ്ടതുണ്ട്. പൊതു ബോധത്തെ മലീമസപ്പെടുത്താന്‍ ശ്രമിക്കുന്ന മത സാമുദായിക രാഷ്ട്രീയത്തെ തീണ്ടാപാടകലെ നിറുത്താന്‍ പുതിയ തലമുറക്കുമുന്നില്‍ മതനിരപേക്ഷ രാഷ്ടീയത്തിന്റെ പ്രസക്തിയും അനിവാര്യതയും ബോധ്യപ്പെടുത്താനാകണം. മതത്തിന്റെ വിശാലത തനിമയോടെ അവതരിപ്പിക്കുന്നതിന് സാമുദായിക സംഘടനകളും, സഹിഷ്ണുതയുടെ സാമൂഹ്യ പാഠങ്ങള്‍ ചുറ്റുപാടുകളില്‍ കുത്തി നിറുത്തുന്നതിന് സാംസ്‌കാരിക കൂട്ടായ്മകളും ഗൃഹപാഠം നടത്തേണ്ട അനിവാര്യ ഘട്ടമാണിത്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്