ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍
വോട്ടു ചെയ്യൂ
പൗരന്‍ എന്ന നിലയിലുള്ള വിലമതിക്കാനാകാത്ത അവകാശമാണ് വോട്ട്. ഇത് വ്യക്തതയോടുകൂടി വിനിയോഗിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അനിവാര്യമാണ്. രാജ്യത്തിന്റെ അഭിവൃദ്ധിക്കും പൈതൃക സംരക്ഷണത്തിനും സഹായകമാകുന്ന തരത്തിലായിരിക്കണം വോട്ടെന്ന അവകാശം വിനിയോഗിക്കേണ്ടത്. ലോകത്തിലെ ഒന്നാം കിട ജനാധിപത്യ-മതേതര രാഷ്ട്രമെന്ന ഖ്യാതി പ്രൗഡിയോടെ നിലനിര്‍ത്താന്‍ സഹായകമാകുന്ന തരത്തിലായിരിക്കണം വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. രാജ്യത്തിന്റെ മതേതര പൈതൃകത്തെ തകര്‍ത്തില്ലാതാക്കുന്ന തരത്തില്‍ അരാചകത്വം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ വിവേക പൂര്‍ണ്ണമായ പ്രതിഷേധത്തിന്റെ വഴിയായി ഓരോരുത്തരും വോട്ടിനെ ഉപയോഗപ്പെടുത്തണം. നമുക്കിടയില്‍ ഭിന്നിപ്പിന്റെ വഴികള്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടുകളെ തച്ചുതകര്‍ക്കാന്‍ മതേതരത്വത്തില്‍ ചാലിച്ച സൗഹാര്‍ദ്ദത്തിന്റെ ആയുധമായി വോട്ടിനെ സ്വീകരിക്കണം.
പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതിനാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രാദേശിക വികസനവും മാനദണ്ഡമാകണം. കഴിവും ശേഷിയും, ജനകീയതയുമായിരിക്കണം വോട്ട് രേഖപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകേണ്ട മാനദണ്ഡം. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങള്‍ പരിഗണിച്ചിരുന്നതിനാല്‍ മത്സര രംഗത്തുള്ളവരില്‍ മോശക്കാരുണ്ടെന്ന് പറയാനാകില്ല.
പ്രതിവര്‍ഷം വന്‍തുക കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ലഭിക്കുന്ന ഭരണ കേന്ദ്രമാണ് നഗരസഭകളും പഞ്ചായത്തുകളും. വികസന രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സഹായകമാകുന്ന ജനപ്രതിനിധികളായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടത്. അല്ലാത്ത പക്ഷം നാടിന്റെ വികസനത്തിനുലഭിക്കുന്ന ഫണ്ടുകള്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. പെന്‍ഷന്‍ വിതരണവും, ധനസഹായ കൈമാറ്റവും മാത്രമാണ് നഗര, പഞ്ചായത്ത് ഭരണസമിതികളുടെ ഉത്തരവാദിത്വമെന്ന് കരുതുന്നവര്‍ക്ക് പുതിയ കാലത്ത് ജനപ്രതിനിധികളാകാന്‍ അര്‍ഹതയില്ല.
ചെറു നഗരങ്ങളുടേയും പട്ടണങ്ങളുടേയും സമഗ്ര വികസനത്തിന് കേന്ദ്രസര്‍ക്കാറില്‍ നിന്ന് കോടികള്‍ ലഭ്യമാക്കാന്‍ സാഹചര്യമുള്ള ഇക്കാലത്ത് കൊച്ചു സര്‍ക്കാറുകളാണ് ഓരോ നഗരസഭകളും, പഞ്ചായത്തുകളുമെന്ന ബോധ്യമുള്ളവരായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍. നാടിന്റെ വികസന കാര്യത്തില്‍ ക്രിയാത്മക ബോധവും വിചാരവും നമ്മള്‍ വോട്ടു ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഓരോ വോട്ടര്‍ക്കുമാകണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അശുഭകരമായ സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തില്‍ അതീവ നിര്‍ണ്ണായകമായ  തെരഞ്ഞെടുപ്പിനെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ പോലെ വൈകാരികതയുടെ സാഹചര്യങ്ങളിലേക്ക് നമ്മുടെ പ്രദേശത്തെ വിട്ടുകൊടുക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെയായിരിക്കണം ഓരോ വോട്ടുകളും വിനിയോഗിക്കേണ്ടത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്