തുറമുഖ നഗരം
ഭരിക്കാന്‍...
അറബിക്കടലും ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പ്രാചീന തുറമുഖമായ പൊന്നാനി ആര് ഭരിക്കുമെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭകളില്‍ ഒന്നായ പൊന്നാനിയിയില്‍ വികസനത്തിന്റെ വേലിയേറ്റങ്ങള്‍ക്കുള്ള സാധ്യതകളാണ് മുന്നിലുള്ളത്. മെട്രോമാന്‍ ഇ ശ്രീധരന്റെ സാന്നിധ്യവും, കാര്‍ഗോ പോര്‍ട്ടെന്ന ബൃഹത് പദ്ധതിയുടെ സാധ്യതകളും പുതുതായി അധികാരത്തിലെത്തുന്ന ഭരണസമിതിക്കുമുന്നില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് വെച്ചു നീട്ടുന്നത്. ചെറുനഗരങ്ങളുടെയും, പട്ടണങ്ങളുടേയും  സമഗ്ര വികസനത്തിന് പ്രാദേശിക തലത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഏറെ സാഹചര്യങ്ങള്‍ ഉണ്ടെന്നിരിക്കെ കാര്യശേഷിയും ക്രിയാത്മക ബോധവുമുള്ള ഭരണസമിതി അധികാരത്തില്‍ വരുമെന്ന പ്രത്യാശയിലാണ് തുറമുഖനഗരമുള്ളത്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ പൊന്നാനി നഗരസഭയില്‍ മുന്‍പെങ്ങുമില്ലാത്ത വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. ഭരണം തിരിച്ചു പിടിക്കാനാകുമെന്ന ഉറച്ച  പ്രതീക്ഷയുമായാണ് എല്‍ ഡി എഫ് മുന്നോട്ട് പോകുന്നത്. ഭരണം നിലനിര്‍ത്താനാകുമെന്നതില്‍ യുഡിഎഫിനും സംശയമില്ല. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും ഉറച്ച പ്രതീക്ഷുള്ളത് 10 വാര്‍ഡുകളില്‍ താഴെ മാത്രമാണ്. ശേഷിക്കുന്നിടത്തെല്ലാം ഒരുപോലെ സാധ്യതകളാണ് ഇരുകൂട്ടര്‍ക്കുമുള്ളത്.
ഈഴുവത്തിരുത്തി മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് എല്‍ ഡി എഫിന്റെ കണക്കു കൂട്ടല്‍. ഭരിക്കാനുള്ള അക്കത്തിന്റെ പകുതി ഈഴുവത്തിരുത്തിയില്‍ നിന്ന് നേടാനാകുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. ഈഴുവത്തിരുത്തി പഞ്ചായത്തായിരുന്നപ്പോള്‍ ഇടതുമുന്നണിക്കുണ്ടായിരുന്ന മുന്നേറ്റം ഇത്തവണ ആവര്‍ത്തിക്കാനാകുമെന്നാണ് പ്രത്യാശിക്കുന്നത്. ഈഴുവത്തിരുത്തിയിലൂടെ നഗരസഭ ഭരണം ഉറപ്പാക്കാമെന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. ടൗണിലും, തീരദേശത്തും, മധ്യ മേഖലയിലും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് നേരിയ മുന്നേറ്റവും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം നേടിയ സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്നതാണ് ഭരണതുടര്‍ച്ച സാധ്യമാകുമെന്നതിനുള്ള യു ഡി എഫ് നിരീക്ഷണം. ടൗണിലും തീരദേശത്തും കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന് യു ഡി എഫ് ഉറപ്പിക്കുന്നു. ഈഴുവത്തിരുത്തി മേഖലയില്‍ കഴിഞ്ഞ തവണത്തെ മുന്നേറ്റം ഇത്തവണയും നടത്തുമെന്ന് യു ഡി എഫ് വിലയിരുത്തുന്നു. മുസ്ലിം ലീഗ് നിലവിലെ കക്ഷിനില മെച്ചപ്പെടുത്തിയേക്കും. ലീഗ് സ്ഥാനാര്‍ത്ഥികള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പ്രചരണ രംഗത്തുള്ളത്. ലീഗിനെ അപേക്ഷിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ശക്തരല്ലെന്ന ആക്ഷേപം യു ഡി എഫിന് അകത്തു നിന്നുതന്നെയുണ്ട്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍ മത്സരരംഗത്തുണ്ടെങ്കിലും കന്നിക്കാരില്‍ പലരും ശക്തരല്ല.
ബി ജെ പി - എസ് എന്‍ ഡി പി ചേരി ഇരുപതോളം വാര്‍ഡുകളില്‍ ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. അഞ്ച് വരെ സീറ്റ് നേടാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അങ്ങിനെ സംഭവിക്കില്ലെന്ന് ഇടതും വലതും മുന്നണികള്‍ ഉറപ്പിച്ചു പറയുന്നു. ബി ജെ പിയുടെ കുത്തക വാര്‍ഡായ കോട്ടയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെയാണ് ഇരുമുന്നണികളും മത്സരിപ്പിക്കുന്നത്. എന്നാലിത് വിലപ്പോവില്ലെന്ന് ബി ജെ പി കണക്കുകൂട്ടി പറയുന്നു. പള്ളപ്രം, വെല്‍ഫെയര്‍, ചന്തപ്പടി വാര്‍ഡുകളിലും ബി ജെ പി വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു.
1, 5,6,7,8,11,12, 14, 15, 16, 17, 18, 22, 24, 26, 27, 28, 29, 39, 41, 43, 47, 49, 50, 51 വാര്‍ഡുകളില്‍ വിജയം ഉറപ്പാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. 2, 10, 19, 20, 21, 23, 32, 35 വാര്‍ഡുകള്‍ വിജയിക്കാന്‍ സാധ്യതയുള്ളവയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി 32 സീറ്റുകള്‍ നേടാനാകുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ.
2,3,4,9, 10, 12, 19, 20, 23, 24, 25, 29, 31, 32, 34, 35, 36, 37, 38, 40, 41, 42, 44, 45, 48, 50 വാര്‍ഡുകളിലാണ് യു ഡി എഫ് വിജയം ഉറപ്പാക്കുന്നത്. അഞ്ചു വാര്‍ഡുകളില്‍ ഉറച്ച സാധ്യതയും കണക്കുകൂട്ടുന്നു. യു ഡി എഫ് റിബല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന 33-ാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥി അനുപമ മുരളീധരന്റെ വിജയമാണ് ഇരുമുന്നണികളും കണക്കുകൂട്ടുന്നത്.
തീരദേശ മേഖലയില്‍ സി പി എം, സി പി ഐ ബന്ധം തകര്‍ന്നത് നാല് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കുന്നു. 45, 46, 47, 48 വാര്‍ഡുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കുള്ള വോട്ടില്‍ അടിയൊഴുക്ക് ഉറപ്പാണ്. ഇത് ആര്‍ക്ക് അനുകൂലമാകുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. 46-ാം വാര്‍ഡില്‍ ഇടതുമുന്നണിയിലെ അടിയൊഴുക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാണ്. തീരദേശ വാര്‍ഡായ 49-ല്‍ അടിയൊഴുക്കിനുള്ള സാധ്യത അടച്ചതിനാല്‍ ഇടതുമുന്നണി വിജയമുറപ്പിച്ച വാര്‍ഡുകളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യു ഡി എഫിനകത്തും അടിയൊഴുക്കിനുള്ള സാധ്യതകള്‍ ഏറെയാണ്. മുന്നണിക്കകത്തെ കെട്ടുറപ്പില്ലായ്മയും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അസംതൃപ്തിയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 11, 33 വാര്‍ഡുകളിലെ വിമത സാന്നിധ്യം യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ തടയും. 33-ാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. വിമത സ്ഥാനാര്‍ത്ഥിയുടെ വിജയം എല്‍ ഡി എഫിന് ഗുണം ചെയ്യില്ല. ഭരണ സമിതിയില്‍ ഇവര്‍ യു ഡി എഫിനൊപ്പം നിന്നേക്കം.
ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന 20ഓളം വാര്‍ഡുകളുണ്ട്. ഇവിടത്തെ തെരഞ്ഞെടുപ്പു ഫലം ഏത് രൂപത്തിലാകുമെന്ന് ഉറപ്പിക്കാന്‍ ഇരുമുന്നണികള്‍ക്കുമാകുന്നില്ല. എന്തും സംഭവിക്കാവുന്ന തരത്തില്‍ പ്രചരണരംഗം മുള്‍മുനയിലാണ് മുന്നോട്ട് പോവുന്നത്. ബി ജെ പി -എസ് എന്‍ ഡി പി ചേരിയുടേയും, വികസന മുന്നണിയുടേയും സാന്നിധ്യം പല വാര്‍ഡുകളിലും ത്രികോണ മത്സരത്തിന് വഴിവെച്ചിട്ടുണ്ട്. ഇവര്‍ പിടിക്കുന്ന വോട്ടുകളെ സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പുഫലം പ്രവചനാതീതമാക്കുന്നു.
വികസന മുന്നണി അഞ്ചോളം വാര്‍ഡുകളില്‍ നിര്‍ണ്ണായക സ്വാധീനമാണ്. ഇരുമുന്നണികള്‍ക്കിടയിലും പ്രതിരോധം തീര്‍ത്ത്  36, 51 വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വികസന മുന്നണിയുടെ പിന്തുണയോടെയാണ് മത്സരംഗത്തുള്ളത്. പ്രചരണ രംഗത്ത് രണ്ടുപേരും മുന്നിലാണെങ്കിലും ജയിച്ചു കയറാവുന്ന തരത്തില്‍ സ്വാധീനശക്തിയാകാന്‍ സാധിച്ചിട്ടുണ്ടോയെന്നത് വ്യക്തമാക്കാന്‍ ഫലം വരുന്നതുവരെ കാത്തിരിക്കണം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്