ഉറക്കമുണരൂ, മൗനം വെടിയൂ

രാജ്യത്ത് ഫാസിസം ഉഗ്രരൂപം പ്രാപിക്കുകയാണ്. പാരമ്പര്യത്തേയും പൈതൃകത്തേയും അടിച്ചമര്‍ത്തി വിയോജിപ്പിന്റെ മേഖലകളെ ശക്തിപ്പെടുത്തുകയാണ്. അകല്‍ച്ചയുടെ വഴികള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ അതിക്രമത്തിന്റെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണ്. മുതിര്‍ന്ന എഴുത്തുകാരെ കൊന്നൊടുക്കിയും, രാജ്യത്തിന് പുറത്തുനിന്നുള്ള കലാകാരന്മാര്‍ക്ക് അനുമതി നിഷേധിച്ചും സാംസ്‌കാരികതയിലേക്കുള്ള കടന്നുകയറ്റം ശക്തിപ്പെട്ടിട്ടുണ്ട്. ഗോവധമെന്ന അജണ്ടയെ മുന്നില്‍ വെച്ച് പച്ചമനുഷ്യരെ അറുകൊല നടത്തി വിഭാഗീയതയുടെ വിഷവിത്ത് രാജ്യവ്യപകമായി വിതറാനാണവര്‍ ശ്രമിക്കുന്നത്. അസഹിഷ്ണതയുടെ മൂര്‍ത്തത സകല മേഖലകളേയും ആവാഹിച്ചുകൊണ്ടിരിക്കെ മനുഷ്യത്വ ചേരിക്ക് ഉറക്കമുണരാനും മൗനം വെടിയാനും സമയമായിരിക്കുന്നു.
ബഹുസ്വരതയെ സ്‌നേഹവാത്സല്യങ്ങളോടെ കൊണ്ടു നടക്കുന്ന നാടെന്ന ഖ്യാതിയാണ് ഇന്ത്യയെന്ന മഹാരാജ്യത്തെ വേറിട്ടതും വിത്യസ്തവുമാക്കുന്നത്. ഭാഷയും മതവും ജാതിയുമൊക്കെ വിത്യസ്തമായിരുന്നിട്ടും ഇന്ത്യയെന്ന വികാരത്തേയും മനുഷ്യനെന്ന സ്‌നേഹത്തേയും വിഭാഗീയതയില്ലാതെ ഒരുപോലെ കൊണ്ടു നടക്കാന്‍ നമുക്കായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയിലുള്ള ഏകത്വമാണ് ലോകത്തിനുമുന്നില്‍ നമ്മെ തലയെടുപ്പോടെ നിലനിര്‍ത്തിയത്. മതേതരത്വമെന്ന വിശാലതയെ ചവിട്ടിമെതിച്ച് തകര്‍ത്തില്ലാതാക്കാനുള്ള ഗവേഷണ പരമായ ഗൂഡാലോചനയുടെ പ്രായോഗിക ഘട്ടമാണ് രാജ്യത്തിപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തേയും പൈതൃകത്തേയും തങ്ങളുടെ വിചാരങ്ങള്‍ക്കനുസൃതമായി ചിട്ടപ്പെടുത്തുകയെന്നതാണ് പ്രഥമ അജണ്ടയായി ഫാസിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്. പാഠപുസ്തകങ്ങളിലെ ചരിത്ര വസ്തുതകള്‍ക്കുമേല്‍ കടന്നു കയറ്റമുണ്ടായത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഗവേഷണാത്മകമായ ചരിത്ര രചനകളില്‍ വേറിട്ട ശബ്ദം ഉയരുമ്പോള്‍ അതിനെ സമ്പൂര്‍ണ്ണ സംഹാരത്തോടെ കൈകാര്യം ചെയ്യാനായിരുന്ന ഫാസിസ്റ്റുകള്‍ ശ്രമിച്ചത്. നേരിനൊപ്പമുള്ള എഴുത്തിനേയും വസ്തുതാപരമായ വിശകലനങ്ങളേയും എന്നും ഭയപ്പെട്ടിരുന്ന ഫാസിസ്റ്റുകള്‍ തങ്ങള്‍ക്കുവേണ്ടി പേനയുന്തുന്ന കൂലിയെഴുത്തുകാരെ സൃഷ്ടിക്കാനാണ് ഭൂമികയൊരുക്കുന്നത്. ഇതിന് അപവാദമായി നില്‍ക്കുന്നവരെ സംഹരിക്കുകയെന്ന തീരുമാനത്തില്‍ നിന്നാണ് പന്‍സാരെ മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവര്‍ ഇരകളാക്കപ്പെട്ടത്. ഇത് ഇനിയും തുടരുമെന്ന മുന്നറിയിപ്പും ഭീഷണിയും നിലനില്‍ക്കുകയാണ്. എതിരഭിപ്രായങ്ങളെ സംഗീതം പോലെ ശ്രവിക്കണമെന്നത് ബഹുസ്വര സമൂഹത്തില്‍ അനിവാര്യമായി ഉണ്ടാകേണ്ടതാണ്. ഏക സ്വരതിയിലേക്ക് രാജ്യത്തെ പറിച്ചുനടാന്‍ ശ്രമിക്കുന്നവര്‍ അസഹിഷ്ണുതക്കുമേല്‍ കര്‍സേവയാണ് നടപ്പാക്കപ്പെടുന്നത്.
ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ഉറഞ്ഞു തുള്ളല്‍ പശുവിനോടുള്ള ആരാധനപരമായ സ്‌നേഹമോ, വിശ്വാസ പരമായ അനുകമ്പയോ ആണെന്ന് കരുതേണ്ടതില്ല. ഭിന്നിപ്പിന്റേയും വിഭാഗീയതയുടേയും ഭൂമികയൊരുക്കാന്‍ ഫാസിസം പടച്ചുണ്ടാക്കിയ അജണ്ടകളില്‍ ഒന്നുമാത്രമാണിത്. ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് രാജ്യത്തിന്റെ മതേതര പൈതൃകത്തിനു മേല്‍ എന്നും കറുത്ത കുത്താകുമെന്നതില്‍ സംശയിക്കേണ്ടതില്ല. പശുവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഹരിയാനയിലും കാശ്മീരിലും അറും കൊലചെയ്യപ്പെട്ടവരും രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ക്കു മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ത്തും. മുബൈയില്‍ മുന്‍ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ സംഘാടകന്‍ കൂടിയായ ബി ജെ പിയുടെ മുന്‍ സൈദ്ധാന്തികന്‍ സുധീന്ദ്ര കുല്‍ക്കര്‍ണ്ണിക്കു നേരെ ശിവസേന കരി ഓയില്‍ ഒഴിച്ച സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിനുമേലുള്ള കരി മഷി പ്രയോഗമായാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടുപിന്നാലെ ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തുവെന്ന കാരണത്താല്‍ ജമ്മുകാശ്മീര്‍ എം എല്‍ എ ഷേക്ക് അബ്ദുല്‍ റാഷിദിനുനേരെയും കരിഓയില്‍ പ്രയോഗമുണ്ടായി. രാജ്യം കാലങ്ങളായി പ്രകടമാക്കികൊണ്ടിരുന്ന സഹിഷ്ണുതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ചെയ്തികള്‍ സമാനതകളില്ലാതെ തുടരുമ്പോള്‍ മതേതരമായ പ്രതിരോധം അനിവാര്യമാകുകയാണ്.
ഫാസിസത്തിന്റെ കരാളത സമ്പൂര്‍ണ്ണതയിലെക്കെത്തിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളായി ഭരണഘടനയില്‍ നിലനില്‍ക്കുന്നിടത്തോളം ഹിറ്റ്‌ലര്‍, മുസോളനി വഴിയിലേക്ക് രാജ്യത്തെ മാറ്റിക്കെട്ടാനാവില്ല. ഭരണഘടന പൊളിച്ചെഴുതുകയെന്ന സാഹസം അത്രയെളുപ്പമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടു തന്നെയാണ് അസഹിഷ്ണുതയുടെ അടയാളങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഗുലാം അലിയെ രാജ്യത്ത് പാടാന്‍ അനുവദിക്കാതെയും, അന്യരാജ്യക്കാരെ ഇന്ത്യന്‍ സിനിമയല്‍ അഭിനയിക്കാന്‍ തടസ്സം സൃഷ്ടിച്ചും അസഹിഷ്ണുതയുടെ പാരമ്യം ഇവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.
ഫാസിസത്തെ പ്രതിരോധിക്കാന്‍ കളങ്കമില്ലാത്ത മനുഷ്യത്വത്തിനു മാത്രമെ സാധിക്കൂവെന്നതാണ് കഴിഞ്ഞ കാല അനുഭവപാഠം. രാജ്യത്ത് അസഹിഷ്ണുതയുടെ രാഷ്ട്രീയം വേരുറപ്പിക്കുമ്പോള്‍ തന്നെ പ്രതിരോധത്തിന്റെ തിരിനാളങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള രാജ്യത്തെ എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയും അക്കാദമി അംഗത്വം വേണ്ടെന്നു വെച്ചും പ്രതിരോധത്തിന്റെ വഴി തീര്‍ത്തിട്ടുണ്ട്. ഇതിന് കൂടുതല്‍ കരുത്തും പിന്തുണയും ഉണ്ടാകേണ്ടതുണ്ട്.
ഫാസിസത്തിന്റെ കടന്നു കയറ്റത്തെ തടയിടാന്‍ സഹായകമാകുന്ന തരത്തിലായിരിക്കണം മതേതര മനസ്സുകളുടെ ഓരോ ഇടപെടലും ഉണ്ടാകേണ്ടത്. ഒന്നിച്ചിരിക്കാനുള്ള വേദികള്‍ ഫാസിസത്തിന് എന്നും അരോചകമാണ്. വഴി പിരിയലിന്റെ സാധ്യതകള്‍ തേടിപോകുന്ന അവര്‍ക്കുമുന്നില്‍ അകലാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്ന പ്രഖ്യാപനമാണ് എല്ലാമതത്തിന്റേയും നിഷ്‌ക്കളങ്കരായ വിശ്വാസികളില്‍  നിന്നുണ്ടാകേണ്ടത്. യോജിപ്പിന്റെ വഴികളെ കുറിച്ച് വിശ്വാസികള്‍ മൗനം വെടിയേണ്ടുന്ന അനിവാര്യ ഘട്ടമാണിത്. നമുക്കുമുന്നിലെ തെരഞ്ഞെടുപ്പുകളും വോട്ടവകാശവും ഫാസിസത്തിനെതിരായ പ്രതിരോധത്തിനാണ് വിനിയോഗിക്കുന്നതെന്ന ഉറപ്പ് സ്വയം വരുത്തേണ്ടതുണ്ട്. നിഷ്‌ക്കളങ്കരും വിവേകമതികളുമായ മത വിശ്വാസികളുടേയും മതേതര പ്രസ്ഥാനങ്ങളുടേയും കൂട്ടായ്മ ഉയര്‍ന്നുവരണം. തീവ്രവാദവും വര്‍ഗ്ഗീയതയും ഫാസിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നവരെ തള്ളിപ്പറയാനും അതിരുകെട്ടി അകലെ നിറുത്താനും അതാത് മതവിഭാഗങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാകണം. മതസംഘടനകള്‍ ഫാസിസത്തിനെതിരായ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മക കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും നിരന്തര പ്രതികരണങ്ങള്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ രൂപപ്പെടണം.
രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ ഫാസിസത്തിന്റെ കടന്നുകയറ്റത്തിന് വേദിയാകുമ്പോള്‍ കേരളം ഇതിനെ കാഴ്ച്ചക്കപ്പുറത്ത് നിറുത്തുന്നത് മതേതര ചേരിയുടെ ശക്തി ക്ഷയിക്കാത്തതിനാലാണ്. വിവിധ രൂപത്തിലും ഘടനയിലും അസഹിഷ്ണതയുടെ രാഷ്ട്രീയ ചേരി സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കെ അതിനെതിരായ മതേതര പ്രതിരോധം ശക്തിപ്പെടുത്താന്‍ നമുക്ക് മുന്നിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്