പൊന്നാനി ആര്‍ക്ക് വോട്ട് ചെയ്യും
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളടങ്ങുന്ന പൊന്നാനി നിയോജക മണ്ഡലത്തിന് ഏറെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ മാറഞ്ചേരി ഒഴിച്ചുള്ളവ യു ഡി എഫിനൊപ്പമാണ് നിന്നത്. എല്‍ ഡി എഫിനും പ്രധാന ഘടകക്ഷിയായ സി പി എമ്മിനും ശക്തമായ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. വെളിയങ്കോട്, പെരുമ്പടപ്പ്, പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പൊന്നാനി നഗരസഭയില്‍ ഭരണം നിലനിര്‍ത്താനായില്ല. ആലങ്കോടും, നന്നംമുക്കും യു ഡി എഫിനൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്തു. ശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് എല്‍ ഡി എഫ് ശ്രമമാരംഭിച്ചിരിക്കുന്നത്. യു ഡി എഫ് ഭരണതുടര്‍ച്ചയുടെ തത്രപ്പാടിലാണ്.
വെളിയങ്കോട് പഞ്ചായത്തില്‍ ലീഗിനകത്തെ വിഭാഗീയത പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മ രൂപീകരിച്ച് വിമത വിഭാഗം ശക്തമായി രംഗത്തുണ്ടായിരുന്നു. മത്സരംഗത്ത് ഇവരുടെ സാന്നിധ്യമില്ലെങ്കിലും താഴെക്കിടയില്‍ പൂര്‍ണ്ണയോജിപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. മുസ്ലിം ലീഗ് വോട്ടുകളിലെ ഭിന്നിപ്പ് എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചരിത്രത്തിലാധ്യമായി പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട എല്‍ ഡി എഫിന് ഭരണം തിരിച്ചു പിടിക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഇപ്പോഴുള്ളത്.
നന്നംമുക്ക് പഞ്ചായത്തില്‍ യു ഡി എഫിനകത്ത് ശക്തമായ ചേരിതിരിവാണ് നിലനില്‍ക്കുന്നത്. മത്സരരംഗത്തെ വിമത സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്നതില്‍ എതിരഭിപ്രായമില്ല. കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരിന്റേയും, കോണ്‍ഗ്രസ്സ്, ലീഗ് തര്‍ക്കത്തിന്റേയും പാരമ്യത നിലനില്‍ക്കുന്ന പഞ്ചായത്തില്‍ മുന്നണി സമവാക്യങ്ങള്‍ക്കപ്പുറത്തെ ഭരണ ചിത്രത്തിനാണ് സാധ്യതതെളിയുന്നത്.
മുന്നണികള്‍ക്കകത്തെ വലിയ പ്രശ്‌നങ്ങളില്ലാതെ പെരുമ്പടപ്പ്, മാറഞ്ചേരി, ആലങ്കോട് പഞ്ചായത്തുകളില്‍ ശക്തമായ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. പെരുമ്പടപ്പ് പഞ്ചായത്ത് തിരിച്ചു പിടിക്കാനും, മാറഞ്ചേരി നിലനിര്‍ത്താനുമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ്. ആലങ്കോട് പഞ്ചായത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് സംശയങ്ങളില്ല. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ ഉറച്ചവിജയ പ്രതീക്ഷയുള്ളവ ഇരുമുന്നണികള്‍ക്കുമില്ലെന്നിരിക്കെ ശക്തമായ പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും വലിയ നഗരസഭയായ പൊന്നാനി ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പിച്ചു പറയാകാനാത്ത സ്ഥിതിയാണ്. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ പൊടിപാറുന്ന പോരാട്ടമാണ് നടക്കുക. ഉറച്ചവാര്‍ഡുകളെന്ന നിലയില്‍ വിരലിലെണ്ണാവുന്നവ മാറ്റി നിറുത്തിയാല്‍ ഇഞ്ചോടിച്ച് മത്സരമാണ് ഓരോ വാര്‍ഡുകളിലും പ്രതീക്ഷിക്കുന്നത്. മത്സര രംഗത്തെ പ്രധാന മുന്നണികളായ എല്‍ ഡി എഫിനും, യു ഡി എഫിനുമകത്ത് ഐക്യം നിലനില്‍ക്കുന്നുണ്ടെന്ന് പറയാനാകില്ല. ഇടതുമുന്നണിക്കകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടെന്നാണ് പറയുന്നതെങ്കിലും ഏച്ചുകൂട്ടിയത് മുഴച്ചു നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. യു ഡി എഫിനകത്തെ ഐക്യക്കുറവ് മറനീക്കി പുറത്തുവന്നിട്ടുണ്ട്. ചമ്രവട്ടം കടവ് വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ യൂത്ത് ലീഗ് നേതാവ് മത്സരംഗത്തിറങ്ങിയത് മുന്നണിക്കകത്തെ കെട്ടുറപ്പിനെ ബാധിക്കുന്ന തലത്തിലേക്ക് മാറിയിട്ടുണ്ട്.
സംസ്ഥാനരാഷ്ട്രീയത്തിലെ പുതിയ മാറ്റമായ ബി ജെ പി-എസ് എന്‍ ഡി പി ചേരി പൊന്നാനി നിയോജകമണ്ഡലത്തില്‍ വലിയ സ്വാധീനമാകാന്‍ ഇടയില്ല. മത്സരരംഗത്ത് ബി ജെ പി ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും എസ് എന്‍ ഡി പി യുമായി മുന്നണിയെന്ന നിലയില്‍ താഴെക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വ്യക്തമാകുന്നത്. പൊന്നാനി നഗരസഭ, നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ എസ് എന്‍ ഡി പിക്ക് സ്വാധീനമേഖലകളുണ്ടെങ്കിലും വോട്ട് ഏത് രൂപത്തില്‍ വിനിയോഗിക്കപ്പെടുമെന്നതില്‍ നേതൃത്വത്തിനിടയില്‍ തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
നഗരസഭയില്‍ അടിയൊഴുക്കിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇരുമുന്നണികള്‍ക്കിടയിലും തരക്കേടില്ലാത്ത അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. രണ്ട് മുന്നണികളിലേയും കെട്ടുറപ്പില്ലായ്മ അടിയൊഴുക്കിന് കാരണമാകും. ടൗണില്‍ സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ടി പുറത്താക്കിയവരെ സി പി ഐ സ്ഥാനാര്‍ത്ഥികളാക്കിയതിലുള്ള വിമ്മിഷ്ടം സിപി എമ്മിലുണ്ട്. സി പി എമ്മിന്റേയും, മുസ്ലിം ലീഗിന്റേയും മേല്‍ക്കോയ്മക്കെതിരെ ഇരുമുന്നണികളിലേയും ഇതര ഘടകക്ഷികള്‍ പ്രകടമാക്കുന്ന അസ്വസ്ഥത ശക്തമാണ്. ഇവ അടിയൊഴുക്കിന്റെ തീവ്രത ശക്തമാകാന്‍ ഘടകങ്ങളായി മാറുമെന്നാണ് പൊതുവായ നിരീക്ഷണം. മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അസംതൃപ്തി ഇരുമുന്നണികളിലും നിലനില്‍ക്കുന്നുണ്ട്. ഇതും അടിയൊഴുക്കിന് കാരണമാകും.
റിബലുകളുടെ സാന്നിധ്യം യുഡി എഫിനെയാണ് കൂടുതല്‍ അലട്ടുന്നത്. 33, 11 വാര്‍ഡുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ റിബലുകള്‍ രംഗത്തുണ്ട്. നേതൃനിരയിലുള്ളവരാണ് റിബലുകളായി മത്സരിക്കുന്നതെന്നതാണ് പ്രത്യേകത. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെതിരെ മത്സരരംഗത്തുള്ളത് ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റാണ്.  ഒപ്പം നിലവിലെ കൗണ്‍സിലറും മത്സരരംഗത്തുണ്ട്. 11-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ തയ്യാറായിട്ടുള്ളത് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയാണ്. യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് രണ്ടിടത്തേയും റിബലുകളുടെ സാന്നിധ്യം.
നഗരസഭയില്‍ ഇടതുമുന്നണി സംവിധാനം പേരിനുമാത്രമാണ്. സി പി എമ്മും സി പി ഐയും തമ്മില്‍ കടുത്ത വിയോജിപ്പാണ് നിലനില്‍ക്കുന്നത്. സി പി എം മത്സരിക്കുന്ന വാര്‍ഡുകളില്‍ സി പി ഐയും, സി പി ഐ മത്സരിക്കുന്ന വാര്‍ഡുകളില്‍ സി പി എമ്മും  പരോക്ഷമായി സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളെ നിറുത്തിയത് ഐക്യത്തിനിടയിലും ശക്തമായ അകല്‍ച്ച നിലനില്‍ക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ്. വാര്‍ഡുകളില്‍ നിന്ന് അധിക സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനോ മരവിപ്പിക്കാനോ തീരുമാനമുണ്ടായാല്‍ തന്നെ മുന്നണി ബന്ധം കരുത്തോടെ തുടരുകയെന്നത് ഫലവത്താകില്ല.
ചെറുകക്ഷികളുടെ കൂട്ടായ്മയായി രൂപപ്പെട്ട പൊന്നാനി വികസന മുന്നണി ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍, എസ് ഡി പി ഐ ക്കും വെല്‍ഫെയര്‍പാര്‍ടിക്കും നൂറിലേറെ വോട്ടുകളുള്ള പത്തിലേറെ വാര്‍ഡ് നഗരസഭയിലുണ്ട്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്