വോട്ടിനെ ആയുധമാക്കണം
    കാലങ്ങളായി വോട്ട് ചെയ്തുവരുന്നവരാണ് നമ്മളില്‍ അധിക പേരും. ജനാധിപത്യ ക്രമത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകം എന്നതിനൊപ്പം വ്യക്തിപരവും, സാമൂഹ്യവുമായ ജീവിത സംവിധാനത്തിനുളള ക്രമപ്പെടുത്തല്‍ കൂടി വോട്ടിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സമ്മതിദാനമായി വോട്ട് വിനിയോഗിക്കപ്പെടുമ്പോള്‍ അവകാശമായി തിരിച്ചുകിട്ടേണ്ട മൗലികതക്കുമേലുളള കയ്യൊപ്പാണ് ഓരോ വോട്ടര്‍മാരും ചാര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വോട്ട് നേടി വിജയിക്കുന്നവര്‍ പൗരന്റെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന വക്താക്കളാണ്. വോട്ട് നേടിയ ജനപ്രതിനിധിയും, വോട്ട് നല്‍കിയ പ്രജയും തമ്മില്‍ ഉണ്ടാകേണ്ട കൊടുക്കല്‍ വാങ്ങല്‍ പരിപൂര്‍ണ്ണതയോടെ സാധ്യമാകുന്നിടത്താണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു നല്‍കുന്ന വോട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ കടമപ്പെടുന്നതിനുളള അലിഖിത കരാര്‍ കൂടിയാണ്.
ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി എന്ന ജനാധിപത്യത്തിന്റെ വിശദീകരണം സമ്പന്നമാകുന്നത് വോട്ടിന് മൂര്‍ച്ഛയും, അര്‍ത്ഥവുമുണ്ടാകുമ്പോഴാണ്. പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധിയാകുന്നത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതിലൂടെയാണ്. ജനങ്ങള്‍ക്കുവേണ്ടി എന്നതാണ് ജനപ്രതിനിധിക്ക് മുന്നിലെ ഒന്നാമത്തെ അജണ്ട. നമ്മള്‍ സൃഷ്ടിക്കപ്പെടുന്ന ജനപ്രതിനിധികള്‍ നമുക്കുവേണ്ടിയാകുന്നുണ്ടോയെന്നതാണ് തെരഞ്ഞെടുപ്പുകാലത്ത് ഓരോ വോട്ടറുടെയും ഉളളില്‍ ഉയരേണ്ട ചിന്ത. വോട്ടുനേടി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്നിഷ്ടത്തെ പ്രവര്‍ത്തന വഴിയായി സ്വീകരിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ ഉഗ്രശേഷിയുളള ചൂരല്‍ കഷായം വോട്ട് മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളുടെ മുന്നിലെത്തുന്ന ജനപ്രതിനിധികളെ ഇനിയും പേറാനാകില്ലെന്ന് ചങ്കുറപ്പോടെ പറയാന്‍ വോട്ടര്‍മാര്‍ക്കാകണം. വ്യക്തി പ്രഭാവവും, കാര്യശേഷിയും ഉണ്ടെന്നത് മാത്രം സ്ഥാനാര്‍ത്ഥിത്വത്തിനുളള മാനദണ്ഡമായി സ്വകരിക്കുന്നത് ജനം അംഗീകരിക്കണമെന്നില്ല. ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് നില്‍ക്കുകയും, തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കപ്പെടാന്‍ കരുത്തുളളവനാണെന്ന ബോധ്യവുമാണ് ജനം ആഗ്രഹിക്കുന്ന ജനപ്രതിനിധി. എന്നാല്‍ ഈയൊരു അവസ്ഥയിലേക്കുയരാന്‍ നമ്മള്‍ തെരഞ്ഞെടുത്തയച്ച എത്ര പേര്‍ക്ക് സാധിക്കുന്നുവെന്ന പുനരാലോചന കൂടി ഓരോ വോട്ടര്‍ക്കും, സ്ഥാനാര്‍ത്ഥിക്കും ഉണ്ടാകേണ്ടതുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട ഉപകരണമായി പൊതു ജനം മാറുന്നിടത്ത് അസംതൃപ്തിയും, നിഷേധ പ്രവണതകളും കൂടുകൂട്ടപ്പെടും. അരാഷ്ട്രീയതയും, വ്യവസ്ഥാമാറ്റത്തിനുളള മനസ്ഥിതിയും രൂപപ്പെടും. മാറിവരുന്ന ഭരണ മുന്നണികളും ജനപ്രതിനിധികളും നേരത്തെയുണ്ടായിരുന്നതിന്റെ തുടര്‍ച്ചക്കാരകുന്നിടത്ത് നിസ്സഹായരും, അസംതൃപ്തരമാകുന്നത് പൊതുജനമാണ്. വോട്ട് നല്‍കിയാല്‍ പകരം എന്തു തരുമെന്ന വില പേശലിലേക്ക് വോട്ടര്‍മാര്‍ മാറുന്ന കാലം അതിവിദൂരമല്ല. ജനവിരുദ്ധത മാത്രം മുഖമുദ്രയാക്കി അഞ്ച് വര്‍ഷക്കാലം ഭരണം നടത്തി, വീണ്ടും തങ്ങളെ തെരഞ്ഞെടുത്തയക്കണമെന്ന ആവശ്യവുമായി മുന്നിലെത്തുമ്പോള്‍ ഇക്കാലമത്രയും ഞങ്ങള്‍ക്കുവേണ്ടി നിങ്ങളെന്ത് ചെയ്തുവെന്ന ചോദ്യം സ്ഥാനാര്‍ത്ഥികള്‍ക്കുമുന്നില്‍ ഉയര്‍ത്തേണ്ട സമയമായിരിക്കുന്നു.
ഒരിക്കലും നടപ്പാകാത്ത വാഗ്ദാനങ്ങളുടെ പട്ടികയായി മാറാറുളള തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്ന പരമ്പരാഗത രീതി മാറേണ്ട കാലം കൂടിയാണിത്. നാടിനാവശ്യമുളള കാര്യങ്ങള്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വരുന്നവരുടെ മുന്നിലേക്ക് സമര്‍പ്പിക്കാന്‍ പുതിയ തലമുറ ഒരുങ്ങുകയാണ്. പൊരിവെയിലില്‍ പതിനായിരങ്ങളെ വിളിച്ചുകൂട്ടി വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് മുന്നിലുളളവരെ സമര്‍ത്ഥമായി പറ്റിച്ചിരുന്ന ഇന്നലെകള്‍ ഇനി തിരിച്ചുവരില്ലെന്ന് സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് കുപ്പായം തുന്നികാത്തിരിക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. നാടിനൊപ്പം, ജനങ്ങള്‍ക്കുവേണ്ടി നിലകൊളളാന്‍ സന്നദ്ധമാകുന്നവര്‍ ആരായിരുന്നാലും അവരെ സ്വീകരിക്കാന്‍ വോട്ടര്‍മാര്‍ മടികാണിക്കില്ലെന്നത് കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് ജനാധിപത്യത്തിന്റെ നൈതികതയിലൂന്നിയ പവിത്രമായ പ്രക്രിയയാണെന്ന കാര്യം അതിന്റെ ഒന്നാം തിയ്യതി മുതല്‍ കൈമോശം വന്നതാണെങ്കിലും ഇതിനെതിരായ വിപ്ലവ മുന്നേറ്റം രാജ്യത്തിന്റെ സാമൂഹ്യമായ നിലനില്‍പ്പിനെ കരുതി പൊതുസമൂഹം കണ്ണടക്കപ്പെടുകയാണെന്നതാണ് വസ്തുത. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുളള കുതികാല്‍വെട്ടും, നിലനില്‍പ്പിനായുളള കുതിരക്കച്ചവടവും, നയവും നിലപാടുകളും വിസ്മരിച്ചുകൊണ്ടുളള കാലുമാറ്റവും രാഷ്ട്രീയ മര്യാദകളുടെ സകല സീമകളും ലംഘിക്കപ്പെടുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാവുകയാണ് വോട്ടെന്ന വജ്രായുധം കയ്യിലുളളവര്‍. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, നിലനില്‍പ്പിനും വേണ്ടി ജനപ്രതിനിധികള്‍ നടത്തുന്ന പേക്കൂത്തുകള്‍ വോട്ട് ചെയ്തു വിജയിപ്പിച്ചവരെ മറക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തുമാത്രം മണ്ഡലത്തിലെത്തുന്ന ജനപ്രതിനിധികള്‍ രാജ്യത്തിന്റെ മൊത്തം കണക്കെടുത്താല്‍ വലിയൊരു ശതമാനം വരും. അന്യ സംസ്ഥാനക്കാരായവര്‍ പതിറ്റാണ്ടുകളോളം മത്സരിച്ചു ജയിച്ച മണ്ഡലങ്ങള്‍ പ്രബുദ്ധമായ കേരളത്തില്‍ പോലും ഉണ്ടായിരുന്നുവെന്നത് അധികം പഴക്കമില്ലാത്ത ചരിത്രമാണ്. വോട്ടിന് മുമ്പും ശേഷവും, സര്‍ക്കാറിന്റെ ഭരണകാലാവധി തീരുന്നത് വരെയും ജയിലിലായിരുന്ന എം പി മാരും രാജ്യത്തിന്റെ ജനാധിപത്യ ക്രമത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാനാകില്ലെന്ന പുതിയ നിയമം ജയില്‍ എം പിമാര്‍ ഉണ്ടാക്കുന്നതിന് പരിസമാപ്തിയാകുമെന്ന് കരുതാം.
ജനാധിപത്യത്തില്‍ ജനമാണ് കരുത്തരെന്ന് വ്യഖ്യാനിക്കപ്പെടാറുണ്ടെങ്കിലും ഇയ്യാംപാറ്റകളുടെ വിലപോലും ഈ വിഭാഗത്തിന് കല്‍പ്പിക്കപ്പെടാറില്ലെന്നതാണ് മാറിവരുന്ന ഭരണകൂടങ്ങള്‍ ഓരോന്നും പ്രകടമാക്കുന്നത്. ചവിട്ടിമെതിക്കാനും, അവഗണിച്ചുതളളാനും മാത്രമായി സൃഷ്ടിക്കപ്പെട്ട നിര്‍വ്വികാര വിഭാഗമെന്ന വിശേഷണമാണ് വോട്ടര്‍മാരെന്ന പൊതുജനത്തിന് രാഷ്ട്രീയമേലാളന്മാര്‍ അടുത്തകാലം വരെ ചാര്‍ത്തി നല്‍കിയിരുന്നത്. പുതിയ തലമുറ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ സന്നദ്ധത അറിയിച്ചവരാണ്. പാരമ്പര്യങ്ങളെ കയ്യൊഴിഞ്ഞ് ക്രിയാത്മകതയെ പുല്‍കാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തവരാണിവര്‍. മുരിങ്ങാ കൊമ്പിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ അതിനെയും വോട്ട് ചെയ്ത് ജയിപ്പിച്ചു കൊളളുമെന്ന മസ്തിഷ്‌കം മരവിച്ച പ്രവര്‍ത്തകരല്ല ഇന്ന് ഓരോ പാര്‍ട്ടികളിലുമുളളത്. പുതിയ തലമുറയുടെ തേട്ടത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രീതികളെ പുതുക്കിപ്പണിയാന്‍ തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് പുതിയ കാലത്തിന്റെ ജനപ്രതിനിധികളാകാന്‍ കഴിയില്ല. പൊതു പ്രവര്‍ത്തനത്തെ ജിവിതോപാധിയാക്കിയ രാഷ്ട്രീയക്കരനെയല്ല പുതിയ ലോകം ആഗ്രഹിക്കുന്നത്. മറിച്ച് കാലത്തിനൊപ്പം നാടിനേയും നാട്ടുകാരേയും കൊണ്ടുപോകാന്‍ മിടുക്കുളള കര്‍മ്മ നിരതനായ രാഷ്ട്രീയ വിവേകിയെയാണ്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്