കാര്‍ഗോ പോര്‍ട്
ചര്‍ച്ചകള്‍ ഉയരട്ടെ
തുറമുഖ നഗരമായ പൊന്നാനിയുടെ വികസന പ്രതീക്ഷകളെ പരമോന്നതിയിലേക്കെത്തിക്കുന്ന പദ്ധതിയാണ് കാര്‍ഗോപോര്‍ട്. ഒരു നാടിന്റെ വികസന പ്രതീക്ഷകള്‍ക്കൊപ്പമാണ് ഈ പദ്ധതിയുടെ സഞ്ചാരം. വലിയ ചര്‍ച്ചകളോ, വിവാദങ്ങളോ ഇല്ലാതെയാണ് കാര്‍ഗോ പോര്‍ട് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലേക്കെത്തിയത്. യാതൊരുവിധ തടസ്സവാദങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നിട്ടില്ല. കാര്‍ഗോ പോര്‍ടെന്ന അതിബൃഹത്തായ പദ്ധതി സംബന്ധിച്ച് വിശാലമായി നടന്ന ആദ്യ ചര്‍ച്ച ഒരു പക്ഷെ കഴിഞ്ഞ ദിവസം എം ഇ എസ് പൊന്നാനി കോളേജില്‍ നടന്ന സെമിനാര്‍ ആയിരിക്കും. രാജ്യം കണ്ട ഒന്നാംകിട എഞ്ചിനീയറിംഗ് പ്രതിഭ ഇ ശ്രീധരന്‍ പങ്കെടുത്ത സെമിനാര്‍ എന്നതുകൊണ്ടു തന്നെ ഏറെ ഗൗരവത്തോടെയും, അതിലുപരി മികച്ച ശ്രദ്ധയോടെയുമാണ് ചര്‍ച്ചയെ മുഖവിലക്കെടുക്കേണ്ടത്. പ്രതീക്ഷയെന്നതില്‍ ഊന്നിമാത്രം പദ്ധതിയെ കണ്ടിരുന്ന പൊതുസമൂഹത്തിനു മുന്നിലേക്ക് ചെറുതല്ലാത്ത ഒരുപിടി ആശങ്കകള്‍ ഇ ശ്രീധരന്‍ തുറന്നുവെക്കുന്നുണ്ട്. പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന പദ്ധതിയെന്ന നിലയില്‍ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കും കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
ഒരു വികസന പദ്ധതിയെന്ന നിലയില്‍ പൊന്നാനിക്കും പരിസര പ്രദേശങ്ങള്‍ക്കും ഒരുപോലെ ഗുണകരമാക്കിമാറ്റാന്‍ ചെയ്യേണ്ടുന്ന കര്‍ത്തവ്യങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് സെമിനാര്‍ പ്രഭാഷത്തിലൂടെ ഇ ശ്രീധരന്‍ നിര്‍വ്വഹിച്ചത്. പദ്ധതി സംബന്ധിച്ച് നിലവില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള വിശദ പദ്ധതി രേഖ (ഡി പി ആര്‍) ക്രിയാത്മകവും, ശാസ്ത്രീയവുമായ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ ഡി പി ആര്‍ മുന്നില്‍വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഗുണകരമാകില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. ഇക്കാര്യത്തിലുള്ള ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുള്ളതുകൊണ്ടു  തന്നെ ഇ ശ്രീധരന്റെ വാക്കുകളെ മുഖവിലക്കെടുക്കാതിരിക്കാന്‍ ആകില്ല. ഡി പി ആറിലും ഡിസൈനിലുമുണ്ടായ അപാകതയും കാലം തെറ്റിയ നിഗമനങ്ങളുമാണ് ഫിഷിംഗ് ഹാര്‍ബറിന്റേയും ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെയും ഇപ്പോഴത്തെ ദുരവസ്ഥക്ക് പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്. സാങ്കേതികവും അക്കാദമികവുമായ കൂടുതല്‍ ചര്‍ച്ചകള്‍ കാര്‍ഗോപോര്‍ടിന്റെ കാര്യത്തില്‍ ഇനിയുമുണ്ടാകണമെന്ന നിര്‍ദ്ദേശം കൂടി അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. വിശദമായ ഹൈഡ്രോളിക് പഠനവും അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ദരുടെ സാന്നിധ്യവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് ഏറെ ഗുണകരമാണെന്ന് ശ്രീധരന്‍ വ്യക്തമാക്കുന്നു.
സര്‍ക്കാറിന് യാതൊരുവിധ ബാധ്യതയുമില്ലാത്തതരത്തില്‍ കര്‍ക്കശമായ വ്യവസ്ഥകളോടെയാണ് തുറമുഖ നിര്‍മ്മാണ കരാര്‍ തയ്യാറാക്കിയിട്ടുള്ളത്. ബാധ്യതയില്ലെന്ന കാരണത്താല്‍ സര്‍ക്കറിന് അലംഭാവം കാണിക്കാനാകില്ല. കടല്‍ നികത്തിയും ദീര്‍ഘദൂരം പുലിമുട്ടികള്‍ നിര്‍മ്മിച്ചും കൃത്രിമമായി ഉണ്ടാക്കുന്ന തുറമുഖമായതിനാല്‍ അനന്തര പ്രത്യാഘാതങ്ങളെകുറിച്ച് വ്യക്തമായ നിരീക്ഷണം സര്‍ക്കാറിനുണ്ടാകണം. എങ്ങിനെയെങ്കിലും തുറമുഖം നിര്‍മ്മിക്കുകയല്ല; ഫലപ്രദമായ വികസന പദ്ധതിയെ ഗുണകരമായി മാറ്റിയെടുക്കുന്നതിലാണ് ശ്രദ്ധയും ഇടപെടലുമുണ്ടാകേണ്ടത്. പദ്ധതിയുടെ നടപടിക്രമങ്ങളും നിര്‍മ്മാണോദ്ഘാടനവും പ്രതീക്ഷാനിര്‍ഭരവും വര്‍ണ്ണാഭവുമായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍.
തുറമുഖത്തിന് അനിവാര്യമായി ഉണ്ടാകേണ്ട പാശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടവിധം ഇടപെടുന്നില്ലെന്നത് ഗൗരവതരമാണ്. മൂന്ന് വര്‍ഷം കൊണ്ട് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. എന്നാല്‍ തുറമുഖത്തു നിന്നുള്ള റോഡ്, റയില്‍ ഗതാഗത്തിന് യാതൊരു സൗകര്യങ്ങളും ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അതിവേഗ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തേണ്ട ഘട്ടമാണിത്. എന്നാല്‍ യാതൊരു നീക്കവും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നില്ല. തുറമുഖം വരുമ്പോള്‍ റോഡും, റയിലുമുണ്ടാകുമെന്ന് ഭരണകൂടം വീമ്പുപറയുന്നുണ്ടെങ്കിലും എങ്ങിനെയെന്ന കാര്യത്തില്‍ ശൂന്യതമാത്രമാണ് മുന്നിലുള്ളത്. തുറമുഖത്ത് നിന്ന് റയില്‍ ഗതാഗതം ലക്ഷ്യമിട്ടിരുന്ന തിരുന്നാവായ-ഗുരുവായൂര്‍ റയില്‍പ്പാത വേണ്ടെന്നു വെച്ച ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. റോഡു വികസനത്തിനുദ്ദേശിച്ചിരുന്ന കര്‍മ്മ റോഡ് ഉള്‍പ്പടെയുള്ളവ ദീര്‍ഘ നാളായി ആദ്യ ഘട്ടത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്.
പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയായതിനാല്‍ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടന്നു കൊള്ളുമെന്ന മനോഭാവമാണ് ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്നതെങ്കില്‍ പഴയ തുറമുഖ നഗരമെന്നതിന്റെ പുനരാവിഷ്‌കാരം സ്വപ്‌നത്തിലേക്ക് വഴിമാറും. അല്ലായെങ്കില്‍ ഫിഷിംഗ് ഹാര്‍ബറിനെ പോലെ പേരിനൊരു തുറമുഖമെന്നതിലേക്ക് കാര്‍ഗോ പോര്‍ട്ട് ഒതുങ്ങിപോകും.
നിര്‍മ്മാണചുമതല ഏറ്റെടുത്തിരിക്കുന്ന കമ്പനിയെ കൂടെകൂട്ടി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള അവസരം കൂടുതലായി ഒരുക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇ ശ്രീധരന്റെ സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. നിര്‍മ്മാണം ഏറ്റെടുത്ത കമ്പനിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങളും ആശങ്കകളും തീര്‍ക്കാന്‍ അവസരം ഒരുക്കപ്പെടേണ്ടതുണ്ട്. പദ്ധതിയെകുറിച്ച് ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും കൈമലര്‍ത്തേണ്ടി വരുന്നത് സുതാര്യതയില്ലായ്മയില്‍ നിന്നാണ്. അത് ആശാസ്യമല്ല. നിര്‍മ്മാണ കമ്പനിയുടെയും സര്‍ക്കാറിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി പദ്ധതിയുടെ കാര്യത്തില്‍ അനിവാര്യമാണ്. ഇ ശ്രീധരനെ പോലെയുള്ള പൊതു സമ്മതരായ വിദഗ്ദരുടെ സേവനം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താം.
കാര്‍ഗോ പോര്‍ടിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് കഴിഞ്ഞ ദിവസത്തെ എം ഇ എസ് കോളേജ് സെമിനാറില്‍ തുറന്നുവെക്കുന്നത്. സമ്പൂര്‍ണ്ണ തുറമുഖമെന്ന പ്രൗഡിയിലേക്ക് തിരിച്ചുനടക്കാന്‍ ആരംഭിച്ച പൊന്നാനിക്ക് വഴിയില്‍വെച്ച് നടത്തമുപേക്ഷിക്കാന്‍ ആകില്ല.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്