മൂന്നാര്‍ സമരം 
പറഞ്ഞു തരുന്നത്
ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ ഒമ്പത് ദിവസങ്ങളിലായി നടത്തി വന്ന സമരം വലിയ പാഠങ്ങളാണ് കേരളീയ പൊതു സമൂഹത്തിനു മുന്നില്‍ വെക്കുന്നത്. ഏതെങ്കിലുമൊരു കൊടിയുടെ നേതൃത്വമോ, ട്രേഡ് യൂണിയനുകളുടെ പിന്തുണയോ ഇല്ലാതെ നടന്ന അവകാശ സമര പോരാട്ടമായിരുന്നു മൂന്നാര്‍ സമരം. കേരളത്തില്‍ അടുത്ത കാലത്ത് നടന്ന സമരപോരാട്ടങ്ങളില്‍ വിജയം സാധ്യമാക്കിയ മുന്നേറ്റം കൂടിയാണിത്. എല്ലാ മുന്നൊരുക്കങ്ങളോടെയും, കരുത്തുറ്റ നേതാക്കളുടെ പുന്‍ബലത്തിലും നടക്കുന്ന സമര പരിപാടികള്‍ ലക്ഷ്യം കാണാതെ അവസാനിപ്പിക്കുകയോ, പാതിവഴിയില്‍ പിരിച്ചുവിടുകയോ ചെയ്യുന്നിടത്താണ് പെണ്‍സാന്നിദ്ധ്യത്തിന്റെ കരുത്തില്‍ നടന്ന മൂന്നാര്‍ സമര വിജയം വിത്യസ്തമാകുന്നത്.
ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കരുത്തുറ്റ വേരോട്ടമുള്ള ഭൂപ്രദേശമാണ് മൂന്നാര്‍. എന്നിട്ടും തൊഴിലാളികള്‍ എന്തുകൊണ്ട് ഇവരുടെ പിന്തുണ തേടാതെ സമരരംഗത്തിറങ്ങിയെന്നതാണ് പ്രധാനകാര്യം. ആയിരക്കണക്കിന് സ്ത്രീകള്‍ യാതൊരു ആഹ്വാനവുമില്ലാതെ തങ്ങള്‍ക്ക് അനിവാര്യമായി ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി പൊതു നിരത്തിലിറങ്ങിയപ്പോള്‍ ഇതിനെ കേരളം ഒന്നടങ്കം ഏറ്റെടുക്കുമെന്ന് തൊഴിലാളി പ്രസ്ഥാനങ്ങള്‍ പോലും കരുതിയില്ല. നൈമിഷികമായ വൈകാരിക പ്രകടനം എന്ന നിലയില്‍ മുഖം തിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ജനകീയ സമരങ്ങളുടെ കരുത്തും ആവേശവും എന്തെന്ന് പ്രകടമാകുന്നതായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങള്‍.
ജനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശ പോരാട്ടങ്ങള്‍ വിസ്മരിക്കുകയും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളുടെ വേലിയേറ്റം അരങ്ങു തകര്‍ക്കുകയും ചെയ്യുന്നിടത്താണ് മൂന്നാര്‍ സമരവിജയത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ട്രേഡ് യൂണിയനുകള്‍  സ്ഥാപനവത്കരിക്കപ്പെടുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പണിയാളുകളായി നേതാക്കള്‍ മാറ്റപ്പെടുകയും ചെയ്തിടത്ത് ജനങ്ങള്‍ നയിക്കുന്ന ജനകീയ സമരങ്ങള്‍ രൂപപ്പെടുമെന്നത് സ്വാഭാവികം മാത്രം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നേതാക്കള്‍ രൂപപ്പെടുത്തേണ്ടതാണ് സമര പ്രക്ഷോഭങ്ങള്‍. എന്നാല്‍ കടമ മറന്ന നേതൃത്വത്തിന് ജനം രൂപപ്പെടുത്തിയ സമരത്തിനൊപ്പം പാതിവഴിയില്‍ ഒപ്പം ചേരേണ്ട ഗതികേടാണ് ഇപ്പോള്‍ സംഭവിക്കുന്നത്. തൊഴിലാളികള്‍ക്കുവേണ്ടിയെന്ന പുകമറയില്‍ കുത്തക മുതലാളിമാരുടെ ആസനം താങ്ങുന്ന നേതാക്കളെ മൂന്നാറുകാര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് സമരമുഖത്ത് നിന്ന് അവരെ ആട്ടിയോടിച്ചത്. വിശ്വാസം നഷ്ടപ്പെട്ട നേതാക്കള്‍ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അതിനെ അരാഷ്ട്രീയവാദക്കാരെന്നും തീവ്രവാദികളെന്നും വിളിച്ചാക്ഷേപിക്കുന്നത് തെളിച്ചം നഷ്ടപ്പെട്ടമുഖത്തെ കൂടുതല്‍ വികൃതമാക്കാനെ ഉപകരിക്കൂ.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ ജനം നെഞ്ചേറ്റുമെന്ന കാര്യത്തില്‍ യാതൊരു പിശുക്കും ഇപ്പോഴും സംഭവിച്ചിട്ടില്ല. മൂന്നാര്‍ സമരത്തില്‍ വി എസ് അച്ചുതാനന്ദന് ലഭിച്ച സ്വീകാര്യത ഇതിന് പ്രകടമായ തെളിവാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നതിലല്ല, കളങ്കമില്ലാതെ പ്രകടിപ്പിച്ചുകൊണ്ട് അത് ബോധ്യപ്പെടുത്തുന്നതിലാണ് കാര്യമെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു വി എസ്സിനു നല്‍കിയ സ്വീകാരണത്തിലൂടെ മൂന്നാറിലെ സമരക്കാര്‍. സമരത്തെ അഭിവാദ്യം ചെയ്ത് വന്ന വേഗത്തില്‍ തിരിച്ചുപോകുന്ന നേതാക്കളുടെ പൊതു രീതിയില്‍ നിന്നു വിത്യസ്തമായി അനുകൂല തീരുമാനം വരുന്നതുവരെ സമരക്കാര്‍ക്കൊപ്പമിരിക്കും മെന്ന 93 കാരനായ വയോവൃദ്ധന്റെ പ്രഖ്യാപനം ജന നേതാക്കളെന്നവകാശപ്പെടുന്നവര്‍ക്ക് ആയിരം വട്ടം കണ്ടും കേട്ടും പഠിക്കാനുള്ളതാണ്. വി എസ് എന്ന നേതാവ് കേരളീയ പൊതു സമൂഹത്തിന്റെ വികാരവും ആവേശവുമായി മാറുന്നത് ജനങ്ങളുടെ മനസ്സറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ നിന്നാണ്.
രാജ്യത്താകമാനം ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയത്തിന് പ്രസക്തി ഏറിവരുന്ന ഘട്ടം കൂടിയാണിത്. അണ്ണാഹസാരെ ഡല്‍ഹിയില്‍ സാധ്യമാക്കിയത് ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയമായിരുന്നു. അതിന്റെ മറ്റൊരു പകര്‍പ്പാണ് മൂന്നാറില്‍ പ്രകടമായതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. നിലവിലുള്ള രാഷ്ട്രീയ, സംഘടന സംവിധാനങ്ങളോട് വിശ്വാസം നഷ്ടപ്പെടുന്നിടത്താണ് ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത്. മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ കയ്യൊഴിഞ്ഞ നിരവധി സമര പ്രക്ഷോഭങ്ങള്‍ നേരത്തേയും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ഇതാദ്യമാണ്. ഇത്തരം സമര പ്രക്ഷോഭങ്ങള്‍ വിജയം കാണുന്നുവെന്നതാണ് ശ്രദ്ദേയമായ കാര്യം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ജനങ്ങള്‍ തന്നെ ഇറങ്ങിത്തിരിക്കേണ്ടിവരുന്നുവെന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തിയെയാണ് ചോദ്യം ചെയ്യുന്നത്.
ജനകീയ സമരങ്ങള്‍ എന്ന അവകാശവാദത്തോടെയുള്ള സമരങ്ങളുടെ ജനകീയത ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രാദേശികതലത്തില്‍ ഒട്ടനവധി  നിലനില്‍ക്കുമ്പോള്‍ അവയെ മറക്കപ്പുറത്തു നിര്‍ത്തി രാഷ്ട്രീയ സമരങ്ങള്‍ക്ക് മുന്‍ഗണന നല്‍കപ്പെടുന്ന രീതിയാണ് മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുടര്‍ന്നുവരുന്നത്. പ്രാദേശികമായി ഏതെങ്കിലുമൊരു വിഷയം ഏറ്റെടുക്കുമ്പോള്‍ തങ്ങളുടെ പാര്‍ടിക്ക് അതുകൊണ്ട് എന്തുനേട്ടം എന്ന് ചിന്തിക്കുന്നിടത്താണ് രാഷ്ട്രീയ നേതൃത്വമുള്ളത്. പാര്‍ടിക്ക് ലഭിച്ചു പോരുന്ന ഭൗതിക നേട്ടങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നതാണ് ജനകീയ പ്രശ്‌നമെങ്കില്‍ അതിനെ പ്രക്ഷോഭ വിഷയമായി ഏറ്റെടുക്കാന്‍ നേതാക്കള്‍ മടികാണിക്കുന്നു. ഇനി പൊതുസമ്മര്‍ദ്ധത്തിനുവഴങ്ങി ഏതെങ്കിലുമൊന്ന് ഏറ്റെടുത്താല്‍ തന്നെ കഥയും, തിരക്കഥയും, പാശ്ചാത്തലവുമൊക്കെ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതായിരിക്കും. സമരങ്ങള്‍ ജനതാല്‍പര്യത്തില്‍ നിന്ന് അഡ്ജസ്റ്റ്‌മെന്റുകളിലേക്ക് മാറ്റപ്പെട്ടതുമുതലാണ് പ്രക്ഷോഭങ്ങള്‍ ഫലം കാണാതെ അവസാനിക്കുന്ന സ്ഥിതിവിശേഷമുണ്ടായത്.
കേഡര്‍ പാര്‍ടികള്‍ പോലും പ്രകടനത്തിനും, പൊതുയോഗത്തിനും ആളെ കൂട്ടാന്‍ വിയര്‍ത്തൊലിക്കുമ്പോഴാണ് മൂന്നാര്‍ ടൗണില്‍ പകലിലെ ചൂടിനേയും, രാത്രിയിലെ മഞ്ഞിനേയും അവഗണിച്ച് ആയിരത്തിലേറെ സ്ത്രീകള്‍ നടുറോഡില്‍ കുത്തിയിരുന്നത്. സമരപ്രക്ഷോഭങ്ങള്‍ക്ക് ചെറുപ്പക്കാരെ കിട്ടാത്തത് ന്യൂജനറേഷന്‍ സ്വാധീനമാണെന്ന് വിധിയെഴുതി ആശ്വാസമടയുന്നതിനു മുന്‍പ് പുതിയ തലമുറക്കു മുന്നില്‍ വിശ്വാസം നഷ്ടപ്പെടുന്ന തരത്തില്‍ എന്തെങ്കിലും ചെയ്തികള്‍ സ്വന്തം ചേരിയില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് സ്വയം വിമര്‍ശനം നടത്തുന്നത് നന്നായിരിക്കും. എന്തെങ്കിലും പൊടിക്കൈകളിലൂടെ അണികളേയും, പൊതുജനത്തേയും കൂടെ നിറുത്താമെന്ന ധാരണ ഇനി നടപ്പാകില്ല. ജനങ്ങള്‍ക്കുവേണ്ടിയെന്ന് പൂര്‍ണ്ണ ബോധ്യമുള്ളവര്‍ക്കൊപ്പം നില്‍ക്കാനെ ഇനി ആളുകളെ കിട്ടൂ. അല്ലായെങ്കില്‍ ആള്‍ കൂട്ടത്തിന്റെ രാഷ്ട്രീയം ഇനിയും രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യും.
തൊഴില്‍ മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ തുടര്‍ന്നുവരുന്ന പരമ്പരാഗത രീതിക്ക് സമൂലമായ മാറ്റം നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നതാണ് മൂന്നാര്‍ സമരം. തൊഴിലാളികള്‍ സംഘടനക്കുവേണ്ടി എന്നതിനു പകരം തൊഴിലാളികളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ യൂണിയനുകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് യൂണിയന്‍ നേതൃനിരയില്‍ യഥാര്‍ത്ഥ തൊഴിലാളികളുടെ സ്ഥിരം സാന്നിദ്ധ്യവും മൂന്നാര്‍ സമരം മുന്നോട്ടുവെക്കുന്നുണ്ട്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്