ബിഗ് സല്യൂട്ട്


ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി വി അനുപമ ഐ എ എസ്സുമായി ബന്ധപ്പെട്ട് പൊന്നാനിയിലിരുന്ന് കുറിപ്പെഴുതുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി വലിയ പ്രചോദനവുമാണ് ഉള്ളില്‍ നിറയുന്നത്. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുപമ മലയാളിയുടെ ഭക്ഷ്യ സുരക്ഷക്കായി ഒറ്റയാള്‍ പോരാട്ടത്തിലാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ നാലാം റാങ്കുകാരിയായി മാറഞ്ചേരിയിലെ തറവാട്ടു വീട്ടിലെത്തിയ അനുപമ തന്റെ ദൗത്യമെന്തെന്ന് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. ഐ എ എസ് എന്നതിനെ അലങ്കാരമായി എടുത്തണിയാനോ, അഹങ്കാരമായി കൊണ്ടു നടക്കാനോ തന്നെ കിട്ടില്ലെന്നു വ്യക്തമാക്കിയ അനുപമ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള വഴിയായാണ് സിവില്‍ സര്‍വ്വീസ് ലബ്ധിയെ കാണുന്നതെന്ന് വിശദീകരിച്ചിരുന്നു. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിവില്‍ സര്‍വ്വീസിനേക്കാള്‍ അനുയോജ്യമായ മറ്റൊന്നില്ലെന്നതായിരുന്നു അനുപമയുടെ നിരീക്ഷണം. സബ്കളക്ടറായുള്ള ആദ്യ നിയമനത്തിനുശേഷം ഭക്ഷ്യസുരക്ഷ കമ്മീഷണറായി നിയമിതയായതു മുതല്‍ തന്റെ അധികാര പരിധിയെ സാധാരണ ജനത്തിന്റെ ക്ഷേമത്തിനായി എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന നീക്കങ്ങളാണുണ്ടായത്.
ടി എന്‍ ശേഷന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പു കമ്മീഷണറുടെ അധികാരവും, ഇടപെടലും എന്തെന്ന് രാജ്യമറിഞ്ഞത്. അതിന് സമമായിരുന്നു അനുപമ ഐ എ എസ്സിന്റെ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ നിയമനം. പൊതു ജനത്തിന് വിഷവും മായവുമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്താന്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെയും ഭക്ഷ്യ സുരക്ഷ കമ്മഷണറുടെ ഭാഗത്തു നിന്നുണ്ടായി. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പടെ സംസ്ഥാനത്തേക്കെത്തുന്ന പച്ചക്കറികളില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് സുപ്രധാനമായുണ്ടായത്. പുറത്തു നിന്ന് വരുന്ന പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നത്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് പച്ചക്കറികളുടെ സാമ്പിള്‍ ശേഖരിച്ചത്. പരിശോധന റിപ്പോര്‍ട്ട് ഇന്ത്യ ഗവണ്‍മെന്റിനും, സംസ്ഥാന സര്‍ക്കാറിനും, തമിഴ്‌നാട് സര്‍ക്കാറിനും കൈമാറി.
അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ പച്ചക്കറികളില്‍ തെളിക്കുന്നുവെന്ന ഗൗരവതരമായ കണ്ടെത്തല്‍ പുറത്തുവന്നു. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നും കണ്ടെത്തി. പച്ചക്കറികളില്‍ പരിശോധന വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്കു നേരെ പച്ചക്കറി, കീടനാശിനി ലോബികളുടെ ഭീഷണിയും എതിര്‍പ്പും ശക്തമായി. എന്നാല്‍ ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ അനുപമ ഐ എ എസ് തയ്യാറാകാതിരുന്നതാണ് നിറപറ മസാല പൊടികള്‍ക്കുമേല്‍ കുരുക്കുവീഴാന്‍ വഴിയൊരുങ്ങിയത്. നിറപറയെന്ന വമ്പനു നേരെയുള്ള കടന്നു കയറ്റം ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തിന് ഇളക്കമുണ്ടാക്കുമെന്നുറപ്പായിട്ടുണ്ട്.
ചെയ്യുന്ന ജോലിയോടും വാങ്ങുന്ന ശമ്പളത്തോടും കൂറുപുലര്‍ത്തുകയും, ജനസേവനമാണ് സിവില്‍ സര്‍വ്വീസിന്റെ ലക്ഷ്യമെന്ന് കരുതുകയും ചെയ്യുന്ന ചുരുക്കം ഐ എ എസ്സുകാരില്‍ അനുപമ ഇതിനകം സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളി സമൂഹത്തെ ആകമാനം വിഷം കലര്‍ന്നതും, മായം ചേര്‍ത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ഭരണകൂടത്തിന്റേയും അധികാരി വര്‍ഗ്ഗത്തിന്റേയും സമ്പൂര്‍ണ പിന്തുണയുണ്ടെന്ന് പറയാനാകില്ല. രാഷ്ട്രീയക്കാരെയും, ഭരണവര്‍ഗ്ഗത്തേയും തീറ്റിപ്പോറ്റുന്ന ഭക്ഷ്യഉല്‍പന്ന കുത്തകകള്‍ക്കുമേല്‍ ഇനിയും കടന്നുകയറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ദീര്‍ഘ വീക്ഷണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഗ്ലാമര്‍ തസ്തികയായ ജില്ലാ കളക്ടര്‍ പദവിയിലേക്ക് അനുപമ ഐ എ എസിനെ മാറ്റി പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായി ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷക്ക് സുശക്തമായ നിയമമുള്ള രാജ്യമായിരുന്നിട്ടും സകലതിലും വിഷവും മായവും ചേര്‍ക്കപ്പെടുന്നുവെന്നതാണ് ശ്രദ്ദേയമായ കാര്യം. ഏതൊരു ഭക്ഷ്യ ഉല്‍പന്നം പരിശോധനക്ക് വിധേയമാക്കിയാലും അതില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചേരുവകളുണ്ടാകും. പ്രാദേശികം തൊട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വരെ ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ മായം ചേര്‍ക്കപ്പെട്ട നിലയിലാണ് വിപണിയിലെത്തുന്നതെന്ന ബോധ്യമുണ്ടായിട്ടും ഇവക്കെതിരെ സുശക്തമായ നടപടിയെടുക്കാന്‍ നമുക്കാകുന്നില്ല. ഭക്ഷ്യ സുരക്ഷ നിയമം ഏറെ കൊട്ടിഘോഷിക്കപ്പെട്ട് നടപ്പാക്കപ്പെട്ടതാണെങ്കിലും ഇതിന് താഴെ തട്ടില്‍ പ്രവര്‍ത്തിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളോ, ആള്‍ബലമോ ഇല്ല. നേര്‍ത്ത സംഘശക്തിയില്‍ സാധ്യമാക്കിയ വിപ്ലവത്തിന്റെ ഫലമായാണ് തമിഴ്‌നാട് പച്ചക്കറിയിലെ വിഷവും നിറപറയിലെ മായവും പുറത്തുവന്നത്.
പണംകൊടുത്ത് വിഷം വാങ്ങി കഴിക്കേണ്ട ദുരവസ്ഥയില്‍ നിന്ന് മലയാളിക്ക് മോചനമാകണമെങ്കില്‍ ശാശ്വത പരിഹാരം ഭക്ഷ്യോല്‍പാദനരംഗത്തെ സ്വയം പര്യാപ്തത മാത്രമാണ്. ഉപഭോക്തൃ സമൂഹമെന്ന ലേബലിലേക്ക് കേരളം പറിച്ചു നടപ്പെട്ടിടത്താണ് വിപണനം കൂട്ടാന്‍ ഉല്‍പന്നങ്ങളില്‍ മായം കലര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടായത്. എല്ലാറ്റിനും വിപണിയെ ആശ്രയിക്കേണ്ടിവരുന്ന സമൂഹമെന്നതിനാല്‍ വില്‍ക്കപ്പെടുന്നവയുടെ ഗുണനിലവാരം പരിശോധിക്കപ്പെടാന്‍ ശാത്രീയ സംവിധാനങ്ങള്‍ ഒരുക്കപ്പെടേണ്ടതായിരുന്നു. അങ്ങിനെയൊന്ന് ഉണ്ടായില്ലെന്നു മാത്രമല്ല ആണ്ടറുതിയില്‍ നടക്കുന്ന പരിശോധനകളില്‍ കണ്ടെത്തുന്ന കൃത്രിമങ്ങളെ ഒതുക്കി തീര്‍ക്കുന്നതിനാണ് അധികൃതര്‍ സമയം കണ്ടെത്തിയത്.
എന്ത് വിഷവും ഭക്ഷ്യ ഉല്‍പന്നമായി വിറ്റൊഴിക്കാന്‍ പറ്റിയ കമ്പോളമാണ് കേരളത്തിന്റേതെന്ന മറുനാടന്‍ പൊതുബോധത്തിന് കൂച്ചുവിലങ്ങിടാന്‍ അനുപമ ഐ എ എസ് തുടങ്ങിവെച്ച ശുദ്ധീകരണ പ്രകൃയക്കാകണം. ഏതെങ്കിലും കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കുവഴങ്ങി ഈയൊരു മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചാല്‍ അവര്‍ക്ക് കാലം മാപ്പു നല്‍കില്ല.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്