നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിക്കാം
മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവിന്റെ മതില്‍ ബലപ്പെട്ടുവരുന്ന കാലമാണിത്. വിത്യസ്തകളുടെ പേരില്‍ മനുഷ്യനെ  പലതായി കാണുന്ന പ്രവണത കൂടിവരികയാണ്. എങ്ങിനെ പരസ്പരം അകലാം എന്നതിനെ കുറിച്ചുള്ള ചിന്തയും വിചാരവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്‌നേഹവും ഇഷ്ടവും വിഭജിക്കപ്പെടുകയും വൈകാരിതയെ വിവേകത്തിന്റെ സ്ഥാനത്ത് കുടിയിരുത്തപ്പെടുകയും ചെയ്തിക്കുന്നു. മനുഷ്യനെന്ന പൊതു ബോധത്തിനുപകരം ജാതിയും മതവും പരസ്പരം അടുക്കാനും അകലാനുമുള്ള അളവുകോലായി മാറ്റപ്പെട്ടിരിക്കുന്നു. കൂടെയുള്ളവരെ ഉള്ളുതുറന്ന് ചേര്‍ത്തുപിടിക്കാന്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ടുന്ന സ്ഥിതി വന്നെത്തിയിട്ടുണ്ട്. കോടാനുകോടി ജീവജാലങ്ങളില്‍ നിന്ന് മനുഷ്യ വര്‍ഗ്ഗത്തെ വ്യത്യസ്തമാക്കുന്ന വിവേകത്തിലൂന്നിയ സ്വനേഹത്തെ വെട്ടി മുറിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നവരുടെ ലോകത്ത് മനുഷ്യത്വത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ നന്മയും സ്‌നേഹവുമായി പരിചയപ്പെടുത്തുന്ന മതത്തിന്റെ സൗന്ദര്യത്തെയാണ് വേര്‍ത്തിരിവിന്റെ മതില്‍ക്കെട്ടിന് കരുത്തുപകരാന്‍ ദുരുപയോഗം ചെയ്യുന്നതെന്നത് തെളിച്ചമുള്ള വിരോധാഭാസം.
അതിസങ്കീര്‍ണ്ണമായ മനുഷ്യ ശരീരത്തെ സ്‌നേഹമെന്ന നൈര്‍മല്യത്തില്‍ പൊതിഞ്ഞാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞിന് ലഭിക്കുന്ന സ്‌നേഹത്തിന് നിറഭേദങ്ങളുടെ മേമ്പൊടിയില്ലാത്തതുകൊണ്ടു തന്നെ യാതൊരു കെട്ടുപാടുകളുമില്ലാതെ സകലര്‍ക്കുമായി വീതം വെക്കേണ്ടതാണ് സ്‌നേഹമെന്ന സുഗന്ധം. മനുഷ്യന്റെയുള്ളില്‍ കുത്തിനിറക്കപ്പെട്ട സ്‌നേഹത്തെ ചങ്ങലക്കിടുന്നത് ഏതൊന്നായാലും അതിനെ തിരുത്തി വായിക്കാന്‍ സമയം കണ്ടെത്തേണ്ട ഘട്ടമാണിത്. മതവും വിശ്വാസവും വിയോജിപ്പുകളോടെ ഉള്‍കൊള്ളാനും പരസ്പരം ബഹുമാനിക്കാനും കഴിയുന്നിടത്ത് വേര്‍തിരിവിന്റെ ഇടം കൊട്ടിയടക്കപ്പെടുന്നു. മനുഷ്യനെന്ന സാമൂഹികതക്ക് പ്രസക്തിയുണ്ടാകുമ്പോള്‍ മാത്രമാണ് മതത്തിനും വിശ്വാസത്തിനും സ്്ഥാനം ലഭിക്കുന്നത്. മനുഷ്യ നന്മക്ക് വേണ്ടിയുള്ള മതത്തെ ഉഗ്രശേഷിയുള്ള ഉന്മൂലന ആയുധമായി ഉപയോഗിക്കുന്നിടത്ത്  ഉണരേണ്ടത് വിവേകമുള്ള വിശ്വാസി സമൂഹമാണ്.
ഹിന്ദുവും, മുസ്‌ലിമും, ക്രിസ്ത്യനും ഉണരേണ്ടത് സ്‌നേഹത്തെ വെട്ടിമുറിച്ച് ഓരോരുത്തര്‍ക്കും പകുത്തു നല്‍കാനല്ല. പരസ്പര വിശ്വാസം ഉണ്ടാക്കിയിരുന്ന ഇഷ്ടത്തെ വഴിയിലപേക്ഷിച്ചവരായി ഓരോരുത്തരും മാറിയപ്പോള്‍ ഉണരാത്ത ഉറക്കത്തിലേക്ക് പോയത് മനുഷ്യത്വമെന്ന നന്മയായിരുന്നു. മനുഷ്യരൊക്കെയും ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന മാനവികയുടെ ഉത്തമ സന്ദേശം അരോചക വാക്യമായി കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്കൊപ്പമാണ് കാലം മനമില്ലാ മനസ്സോടെ സഞ്ചരിക്കുന്നത്. ഉള്ളുതുറന്ന് സ്‌നേഹിക്കാനും മനമറിഞ്ഞ് വാരിപ്പുണരാനും കഴിയുന്നിടത്തേക്ക് തിരിച്ചു നടക്കാന്‍ കാലം കൊതിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നെഞ്ചിടിപ്പിന്റെ ക്രമം മുതല്‍ രക്തത്തിന്റെ സഞ്ചാരം വരെ ഒരേപോലെയുള്ള മനുഷ്യനെ നൈമിഷികമായ പ്രകടന പരതകളില്‍ ഊന്നികൊണ്ട് എങ്ങിനെ പരസ്പരം അകലാനാകുന്നുവെന്നത് അതിശയമാണ്. ഒരൊറ്റമതവും സംസ്‌കാരവും മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുതീര്‍ക്കാന്‍ പഠിപ്പിക്കുന്നില്ല. വിയോജിപ്പുകളെ നിലനിര്‍ത്തി മനുഷ്യനെന്ന ഏകതയെ കുറിച്ച് സംസാരിക്കാനാണ് വേദഗ്രന്ഥങ്ങളൊക്കെയും സമയം ചിലവഴിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങളേയും  വര്‍ണ്ണാധിപത്യത്തേയും തച്ചുടക്കുന്ന മതം മനുഷ്യ ശ്രേഷ്ഠതക്ക് അളവുകോലായി നിശ്ചയിക്കുന്നത് ദൈവഭയവും ദൈവസാമിപ്യവുമാണ്. സ്രഷ്ടാവ ദൈവം കൂട്ടിയിണക്കപ്പെട്ട മനുഷ്യകുലത്തെ അതേ ദൈവത്തിന്റെ പേരില്‍ വെട്ടിമുറിച്ച് അകറ്റി നിര്‍ത്തുന്നത് സ്വാര്‍ത്ഥമായ എന്തിന്റെയൊക്കെയോ പേരിലാണെന്ന് തിരിച്ചറിയാതെ പോകരുത്. ഇത്തരക്കാരുടെ വീര്യത്തെ ചോര്‍ത്തിക്കളയാന്‍ നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിക്കാം. വിയോജിപ്പുകളും വ്യത്യസ്തകളും  നിലനിര്‍ത്തികൊണ്ട് അകലാനാകാത്ത വിധം അടുക്കാം.
ഏക മാനവതക്ക് ദൈവ വിശ്വാസത്തെയാണ് പോംവഴിയായി മതം പഠിപ്പിക്കുന്നത്. സകല മനുഷ്യരെയും സൃഷ്ടിച്ച ദൈവത്തെ അറിയുന്നതിലൂടെ യോജിപ്പിന്റെ വഴികള്‍ കണ്ടെത്താമെന്നാണ് മതത്തിന്റെ അധ്യാപനം. ഒരേ ദൈവത്തില്‍ നിന്നുള്ളവര്‍ക്ക് വിഭാഗീതയുടേയും വര്‍ഗ്ഗീതയുടേയും പേരില്‍ എങ്ങിനെ ഭിന്നിക്കാനാകുമെന്ന ആശ്ചര്യം കൂടി മതം പങ്കുവെക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിനും, സാംസ്‌കാരത്തിനൊപ്പമല്ലെങ്കില്‍ നിങ്ങള്‍ക്കു രാജ്യം വിടാമെന്നു പറയുന്നവര്‍ ദൈവത്തെയാണ് വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും വിശ്വാസ നിഷേധിക്കും ഒരുപോലെ അനുഗ്രഹം നല്‍കുന്ന ദൈവത്തിന്റെ കാരുണ്യത്തെ തിരിച്ചറിയുന്നതില്‍ അന്ധത ബാധിച്ചവര്‍ സ്വയം വര്‍ഗ്ഗീയവാദിയാകുന്നതോടൊപ്പം ദൈവത്തെ വര്‍ഗ്ഗീയമായി വെട്ടിമുറിക്കാന്‍ ഒരുമ്പെടുക കൂടിയാണ് ചെയ്യുന്നത്.
സ്വകാര്യതയുടെ ഭാഗമാകേണ്ട മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കലിന്റെ വഴിയിലേക്ക് മാറ്റപ്പെട്ടിടത്താണ് അകല്‍ച്ചയുടെ വാതിലുകള്‍ തുറക്കപ്പെട്ടത്. എന്റെ മതത്തിന്റെ സൗന്ദര്യത്തെ പ്രകടമാക്കേണ്ടത് എന്നിലൂടെയാകണം. പരസ്പരമുള്ള ഇടപഴകലുകളില്‍ ഈ സൗന്ദര്യം സ്വീകാര്യമായപ്പോഴാണ് മതത്തിന്റെ വ്യാപനം സാധ്യമായത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ബലപ്രയോഗവും അടിച്ചേല്‍പ്പിക്കലും മതം പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല അതിന് ശക്തമായി തടയുക കൂടി ചെയ്യുന്നുണ്ട്. സര്‍വ്വലോകങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ഒരേ വിശ്വാസത്തിലും സംസ്‌കാരത്തിലുമൂന്നിയ സമൂഹങ്ങളെ സൃഷ്ടിക്കുകയെന്നത് സങ്കീര്‍ണ്ണമായ കാര്യമായിരുന്നില്ല. എന്നിട്ടും വിത്യസ്തതകളെ സ്ഥാപിച്ചത് വിയോജിപ്പുകളെ ഉള്‍കൊള്ളാനും സ്വീകരിക്കുവാനുമുള്ള മനുഷ്യ പ്രകൃതിയുടെ തേട്ടത്തിന്റെ ഭാഗമായായിരുന്നു.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവുമെന്നത് വിത്യസ്തതകളെ അംഗീകരിക്കുകയും ഉള്‍കൊള്ളുകയും ചെയ്യുക എന്നതാണ്. നാനാത്വത്തില്‍ ഏകത്വമെന്നത് അഹങ്കാരത്തോടെ നമ്മള്‍ ഏറ്റുപറഞ്ഞത് വിത്യസ്തതകളെ സ്വീകരിക്കാനുള്ള വിശാലതയില്‍ നിന്നായിരുന്നു. എല്ലാറ്റിനേയും സ്വീകരിക്കാന്‍ കാണിച്ച വിശാലതയായിരുന്നു നാനാത്വത്തിന് കാരണമായത്.  മതേതരത്വമെന്നത് അതിരുകളില്ലാത്ത വിശാലതയില്‍ നിന്ന് രൂപപ്പെട്ടതായിരുന്നു. എല്ലാ മതങ്ങളേയും ഉള്‍കൊള്ളുക എന്നതായിരുന്നു മതേതരത്വത്തിന്റെ വിവക്ഷ. മതത്തിനും വിശ്വാസത്തിനുമപ്പുറത്ത് മനുഷ്യനെ പ്രതിഷ്ഠിക്കാന്‍ മുന്‍ഗാമികള്‍ക്ക് സാധിച്ചിരുന്നതിനാല്‍ സ്‌നേഹമെന്ന വികാരം സമൂഹത്തെ പൊതിഞ്ഞു നിന്നു. നിങ്ങള്‍ നല്ല മനുഷ്യരായതിനാല്‍ നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം താമസിക്കാമെന്നാണ് മുന്‍ഗാമികള്‍ പറഞ്ഞത്. കടല്‍ കടന്നെത്തിയ കച്ചവടസംഘങ്ങളെ നമ്മുടെ നാടിന്റെ ഭാഗമാക്കി മാറ്റിയത് അങ്ങിനെയായിരുന്നു. എന്നാല്‍ പിന്‍ഗാമികളായ സമകാലികര്‍ പറയുന്നു; നിങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിനൊത്ത് കഴിയാന്‍ തയ്യാറല്ലെങ്കില്‍ എത്ര നല്ല മനുഷ്യരാണെങ്കിലും രാജ്യം വിട്ടുപോകണമെന്ന്. മനുഷ്യനെന്ന പൊതുവികാരത്തെ മനസ്സിലാക്കുന്നതില്‍ രണ്ടു തലമുറയിലുണ്ടായ വിടവിന്റെ പ്രതിഫലനമാണ് ഈ പ്രതികരണങ്ങള്‍. മനുഷ്യനെന്ന വിവേകത്തിന്റെ സ്ഥാനത്ത് പ്രകടന പരതയിലൂന്നിയ സംസ്‌കാരമെന്ന വികാരത്തെ കുടിയിരുത്തിയതാണ് നമ്മുടെ പൊതുബോധത്തെ ഇത്രമേല്‍ സ്‌ഫോടനാത്മകമാക്കി മാറ്റിയത്.
അധികാരത്തിന്റെ ഗര്‍വില്‍ ഇടതടവില്ലാതെ പുറത്തുവരുന്ന അവിവേകളുടെ വര്‍ത്തമാനത്തെ നമ്മുക്ക് ചെവിക്കു പുറത്തിരുത്താം. മനുഷ്യനെന്ന നന്മയെ വക്രതയില്ലാതെ സ്‌നേഹിക്കാന്‍ ഒരൊറ്റ മനസ്സോടെ നമുക്കിറങ്ങാം സൗഹൃദത്തിന്റെ പുതിയ വഴിയടയാളങ്ങള്‍ അവിടെ തെളിഞ്ഞുവരും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്