കപ്പല്‍ അടുക്കുന്നതും കാത്ത്

പത്തേമാരികളുടെ നാട് കാത്തിരിക്കാന്‍ തുടങ്ങുകയാണ്; ചരക്കുമായെത്തുന്ന കപ്പലുകളെ. തുറമുഖ നഗരമെന്ന ഖ്യാതി സ്ഥാനപ്പേരായി കൊണ്ടുനടക്കാന്‍ ഈനാടിന് ഇനിയുമാകില്ല. കപ്പലും, കണ്ടയ്‌നറും ഇടതടവില്ലാതെ വന്നു പോകുന്ന യഥാര്‍ത്ഥ തുറമുഖത്തിന്റെ കാഴ്ചയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇവിടത്തുകാര്‍. കാര്‍ഗോ പോര്‍ടെന്നത് ഈ നാടിന്റെ സ്വപ്‌നം മാത്രമല്ല. ഇടക്കെവിടെയോ കളഞ്ഞു പോയ അസ്ഥിത്വത്തിലേക്കുള്ള തിരിച്ചു നടത്തമാണ്. പൊന്നാനിയെന്ന പേര് സമ്പൂര്‍ണ്ണമാകുന്നത് തുറമുഖ നഗരമെന്നത് ചേര്‍ത്തുവെക്കുമ്പോള്‍ മാത്രമാണ്. നൂറ്റാണ്ടുകളോളം പൊന്നാനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് പ്രകൃതി കനിഞ്ഞരുളിയ തുറമുഖമെന്ന നിലയിലാണ്. അധിനിവേശത്തിന്റെ ഭാഗമായെത്തിയ പോര്‍ച്ചുഗീസുകാരനും, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഈനാടിനെ ഏറെ ഇഷ്ടമായത് മൊഞ്ചുള്ള തുറമുഖത്തിന്റെ വിശാലതയിലായിരുന്നു. കടലും, കായലും, പുഴയും, കനാലും ചുറ്റപ്പെട്ട പൊന്നാനിക്ക് തുറമുഖ പട്ടണമെന്നതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരുണ്ടാകില്ല.
കഴിഞ്ഞ നൂറ്റാണ്ടില്‍ പത്തേമാരികള്‍ കൊണ്ട് സമൃദ്ധമായിരുന്നു പൊന്നാനിയുടെ കടലും, പുഴയും. വല്ലപ്പോഴും വന്നുപോയിരുന്ന ചരക്കുകപ്പലുകള്‍ തീരത്തെ പ്രൗഡമാക്കി. കയറ്റുമതിക്കും, ഇറക്കുമതിക്കും ഒരുപോലെ അനുയോജ്യമായ ഭൂപ്രകൃതിയെന്നതാണ് രാജ്യത്തിന്റെ വ്യവസായ മേഖലയെ പൊന്നാനിയിലേക്ക് ആകര്‍ഷിച്ചത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രൗഡി തിരിച്ചു പിടിക്കാനുള്ള അവസരമാണ് കാര്‍ഗോ പോര്‍ടിലൂടെ കൈവന്നിരിക്കുന്നത്. ബഹുമുഖ വികസനങ്ങള്‍ക്ക് വഴിവെക്കുന്ന പദ്ധതി തീരദേശമേഖലയുടെ പൊതുവായ ഉന്നമത്തിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കക്ഷിരാഷ്ട്രീയത്തിനധീതമായി കൂട്ടായ പ്രവര്‍ത്തനം സാധ്യമാക്കാനായാല്‍ പദ്ധതി അതിവേഗം യഥാര്‍ത്ഥ്യമാകും. ഇത്തരമൊരു കൂട്ടായ്മ ആദ്യഘട്ടത്തില്‍ സാധ്യമാക്കാനായെന്നതാണ് തടസ്സങ്ങളൊന്നുമില്ലാതെ പദ്ധതിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കെത്തിച്ചത്. രണ്ടായിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതും പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ളതുമായ പദ്ധതിയായിരുന്നിട്ടും വിവാദങ്ങള്‍ ഒരു ഘട്ടത്തിലും എത്തിനോക്കിയില്ലെന്നത് ശ്രദ്ദേയമാണ്.
കടലിനെ ഗുണകരമായി ഉപയോഗപ്പെടുത്തിയാല്‍ തീരത്തിനുണ്ടാകുന്ന മുഴുവന്‍ ഗുണങ്ങള്‍ക്കും പര്യാപ്തമാണ് കാര്‍ഗോ പോര്‍ടെന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യത പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ പ്രധാന വ്യവസായ കേന്ദ്രങ്ങള്‍ ആശ്രയിക്കുന്ന തുറമുഖമായി പൊന്നാനി മാറുന്നതോടെ മലബാറിന്റെ തീരദേശത്ത് മാറ്റത്തിന്റെ കാറ്റ് വീശിയടിക്കും. രാഷ്ട്രീയ മേധാവിത്വത്തിനുള്ള ഗിമ്മിക്ക് എന്നതിനപ്പുറത്തേക്ക് ആത്മാര്‍തയോടെയുള്ള ഇടപെടല്‍ പദ്ധതിയുടെ ഇതുവരെയുള്ള ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് തുടക്കമിട്ടതായിരുന്നിട്ടും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഭരണമാറ്റത്തിനു ശേഷവും സാധ്യമാക്കാനായി. വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടെയുള്ളവയിലെ അനിശ്ചിതത്വങ്ങളും അനാവശ്യ വിവാദങ്ങളും മുന്നിലുള്ളപ്പോള്‍ തന്നെയാണ് ഗ്രീന്‍ ചാനല്‍വഴി കാര്‍ഗോ പോര്‍ട്ട് നിര്‍മ്മാണോദ്ഘാടന വേളയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെയുള്ള ഇടപെടലാണ് ഇത്തരമൊരു സാഹചര്യത്തിന് വഴി വഴിവെച്ചതെന്നത് ചേര്‍ത്ത് പറയാം. പദ്ധതിയുടെ നിര്‍മ്മാണം ഘട്ടങ്ങളിലൊക്കെയും ക്രിയാത്മമായ സഹകരണം സാധ്യമാക്കാനായാല്‍ പൊന്നാനി തീരത്ത് കപ്പലടുക്കുന്നതിനായുള്ള കാത്തിരിപ്പ് ഏറെ നീണ്ടുപോകില്ല.
പൊന്നാനിയുടെ വികസനത്തിന് സമ്പൂര്‍ണത സാധ്യമാകാതെ പോകുന്നുവെന്നത് നാടിന്റെ ശാപമായി മാറുന്നുണ്ട്. സ്വപ്‌ന പദ്ധതികളുടെ കൂട്ടത്തില്‍ മുന്നില്‍ നിന്ന ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജും, ഫിഷിംഗ് ഹാര്‍ബറും പൂര്‍ണ്ണതയെത്താത്ത വികസനങ്ങളായി നമ്മുക്കു മുന്നിലുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കാനാകാത്ത സ്ഥിതിയാണ് ഇരു പദ്ധതികള്‍ക്കും. കൂട്ടായ്മയും, സഹകരണവും രണ്ടു പദ്ധതികളുടെയും നിര്‍മ്മാണ ഘട്ടത്തില്‍ ഉറപ്പു വരുത്താനായെങ്കിലും ക്രിയാത്മകമായ നിരീക്ഷണം സാധ്യമാക്കാനായില്ലെന്നതാണ് ഇവയെ സമ്പൂര്‍ണ്ണ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതിരുന്നത്. വികസനം സമ്പൂര്‍ണ്ണമായാല്‍ മാത്രമെ പദ്ധതി ജനോപകാരപ്രദമാകൂവെന്നത് തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്.  കുറെ സ്മാരകങ്ങകള്‍ നിര്‍മ്മിക്കുകയെന്നത് വികസനത്തിന്റെ ഭാഗമാക്കിയാല്‍ നോക്കു കുത്തികള്‍ക്ക് സമാനമായ പദ്ധതികളായിരിക്കും ജനങ്ങള്‍ക്ക് പേറേണ്ടിവരിക.
ചമ്രവട്ടം പദ്ധതിക്കും, ഫിഷിംഗ് ഹാര്‍ബറിനുണ്ടായ ദുര്‍ഗതി കാര്‍ഗോ പോര്‍ടിന്റെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ സൂക്ഷമാമയ നിരീക്ഷണം അനിവാര്യമാണ്. പൊന്നാനിയുടെ ഭൂപ്രകൃതിക്കും സമീപ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്കും അനുസൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കേണ്ടതുണ്ട്. പൊന്നാനിപ്പുഴക്കും കടലിനുമുണ്ടായിരുന്ന ആഴവും വ്യാപ്തിയുമാണ് പത്തേമാരി വ്യവസായത്തെ തഴച്ചുവളരാന്‍ വഴിയൊരുക്കിയത്. 1950കള്‍ക്കിപ്പുറം പുഴയുടെ ഘടനയിലുണ്ടായ മാറ്റം പത്തേമാരികളെ അപ്രത്യക്ഷമാക്കുന്നതിന് വഴിവെക്കുകയും ചെയ്തു. മലമ്പുഴ ഉള്‍പ്പടെയുള്ള അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടതോടെ ഒലിച്ചിറങ്ങിയ മണല്‍ പുഴയുടെ ആഴം കുറച്ചതാണ് പത്തേമാരികള്‍ക്കു മുന്നില്‍ തടസ്സം തീര്‍ത്തത്. പ്രകൃതിക്ക് അനിവാര്യമായി സംഭവിക്കാവുന്ന മാറ്റങ്ങള്‍ ഉള്‍കൊള്ളാതെ വികസന പദ്ധിതികള്‍ രൂപകല്പന ചെയ്താലുണ്ടാകുന്ന ഭവിഷത്തുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് ഏറെ ഗുണകരമായിരിക്കും.
തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തന്നെ അനുബന്ധ വികസനവും യഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. റോഡ്, റയില്‍ വികസനം സാധ്യമായല്‍ മാത്രമെ കാര്‍ഗോ പോര്‍ട് ഉപയോഗപ്രദമാകൂ. കണ്ടയ്‌നറുകളുടെ സുഖമമായ നീക്കത്തിന് സൗകര്യങ്ങളൊരുങ്ങിയില്ലെങ്കില്‍ തുറമുഖം നോക്കുകുത്തിയായി മാറുമെന്നതില്‍ സംശയിക്കേണ്ടതില്ല. നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തോട് ചേര്‍ന്ന് റോഡുകള്‍ ഇടുങ്ങിയതും വളവും തിരിവും നിറഞ്ഞതുമാണ്. ഇതുവഴി കണ്ടയ്‌നര്‍ നീക്കം അസാധ്യമാണ്. ദേശീയ പാതയിലേക്ക് ബന്ധിപ്പിക്കുന്ന തരത്തില്‍ ബൈപ്പാസുകളാണ് പോംവഴി. കര്‍മ്മറോഡും കടലോര പാതയുമാണ് ഇതിനായി പരിഗണിക്കുന്നത്. റോഡ്, റയില്‍ നിര്‍മ്മാണം പ്രതിഷേധങ്ങള്‍ രൂപപ്പെടുവാന്‍ ഇടയുള്ളതായതിനാല്‍ പൊതുജനത്തെ മുന്‍കൂട്ടി ബോധ്യപ്പെടുത്തികൊണ്ടുള്ള നീക്കങ്ങള്‍ക്കായിരിക്കണം ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കൂട്ടായ്മകള്‍ രൂപപ്പെടണം. തുറമുഖ നിര്‍മ്മാണത്തോടൊപ്പം റോഡ് വികസന കാര്യത്തിലെ നടപടിയും ആരംഭിക്കേണ്ടതുണ്ട്. അല്ലയെങ്കില്‍ കണ്ടയ്‌നര്‍ ലോറികള്‍ എത്താത്ത വിജന തുറമുഖമായി കാര്‍ഗോപോര്‍ടിന് മാറേണ്ടി വരും.
സ്വകാര്യ കമ്പനി നടത്തുന്ന  തുറമുഖം എന്ന മറ തീര്‍ത്ത് പദ്ധതിക്കെതിരായ നീക്കങ്ങള്‍ക്കുള്ള സാധ്യതയും തള്ളേണ്ടതില്ല. പദ്ധതിയെ പ്രത്യക്ഷമായി എതിര്‍ക്കുന്നത് ദോഷകരമാകുമെന്നതിനാല്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സാധാരണ ജനങ്ങളില്‍ ആശയകുഴപ്പം  സൃഷ്ടിക്കാന്‍ കുടിലമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനും ജനങ്ങളെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിറുത്തുവാനും പൊതുജന കൂട്ടായ്മകള്‍ രൂപപ്പെടണം. കാരാര്‍ കാലാവധിയായ മൂന്നുവര്‍ഷം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ 2019ല്‍ പൊന്നാനി തീരത്ത് കപ്പലടുക്കും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്