ചികിത്സയെന്ന മൗലികത
എല്ലാവര്‍ക്കും ആരോഗ്യവും ചികിത്സയുമെന്നത് ഭരണകൂടങ്ങള്‍ പ്രജകള്‍ക്ക് മുന്നില്‍ വെക്കുന്ന മൗലിക അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചികിത്സ നിഷേധിക്കപ്പെടുകയെന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തില്‍പ്പെടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ഗൗരവം ഉള്‍കൊണ്ടതില്‍ നിന്നാണ്. ചികിത്സയെന്നത് പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ പര്യാപ്തമാണെങ്കിലും വിദഗ്ദ ചികിത്സ എന്നതിലെത്തുമ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുര്‍ഗ്ഗതി നിലനില്‍ക്കുകയാണ്. സര്‍വ്വ സന്നാഹങ്ങളോടെയുളള സര്‍ക്കാര്‍ ആശുപത്രിയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ആകാത്തതെന്തെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആരോഗ്യ രംഗത്തെ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഖ്യാതി സംസ്ഥാനം സ്വയം എടുത്തണിയുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നത് സ്വകാര്യ മേഖലക്ക് അനുവദിച്ചു നല്‍കിയ ട്രേഡ് മാര്‍ക്കാണെന്ന വിചാരം ചികിത്സ തേടുന്നവരും മനസ്സിലാക്കിവെച്ചിരിക്കുന്ന അബദ്ധ ധാരണയാണ്. മികച്ച ചികിത്സ ലഭിക്കണമെങ്കില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്ന ബോധം പൊതു സമൂഹത്തിനിടയില്‍ വളര്‍ത്തിയെടുക്കുന്നത് പരോക്ഷമായ പങ്ക് സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ആരോഗ്യ രംഗം സേവന മേഖലയില്‍ നിന്ന് കച്ചവട താല്‍പര്യത്തിലേക്ക് വഴിമാറപ്പെട്ടത് ചികിത്സ നിഷേധം എന്നതിനെ തുറുന്നുവെച്ചുകൊണ്ടായിരുന്നു. സാധാരണക്കാരന് വിദഗ്ദ ചികിത്സ അപ്രാപ്യമാക്കുന്നതിനാണ് സ്വകാര്യ ആശുപത്രികളുടെ കടന്നുവരവ് വഴിവെച്ചത്. പണം ഇല്ലാത്തവന് വിദഗ്ദ ചികിത്സക്ക് അവകാശമില്ലെന്ന നയമാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വെച്ചുപുലര്‍ത്തിയത്. മനുഷ്യ ജീവന് വിലയും നിലയുമുണ്ടെന്ന വിവേചനത്തിന്റെ നീതി ശാസ്ത്രം പഠിപ്പിക്കുക കൂടിയായിരുന്നു ഇത്തരം ആശുപത്രികള്‍. സാധാരണക്കാരന് ചികിത്സ തേടാന്‍ തുറന്നുവെച്ചിരിക്കുന്ന സത്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളെന്ന സന്ദേശം കൂടിയായിരുന്നു സ്വകാര്യ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍. ചികിത്സിക്കാന്‍ വകയില്ലാത്തവന്‍ ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്ന അലിഖിത പ്രഖ്യാപനം പ്രത്യക്ഷവും പരോക്ഷവുമായ ചികിത്സാ നിഷേധമാണ്. സേവന മേഖലയില്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നിടത്ത് സാധാരണക്കാരന് നിഷേധിക്കപ്പെടുന്നത് അര്‍ഹമായ അവകാശമാണ്. സ്വകാര്യ ആശുപത്രികള്‍ ആതുര സേവന രംഗത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാരന് വ്യാപകമായ വിദഗ്ദ ചികിത്സാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.
പൂര്‍ണ്ണമായും കച്ചവട താല്‍പര്യത്തോടെ സ്ഥാപിക്കപ്പെട്ട ഒരു ആശുപത്രിക്ക് സേവന രംഗത്തെ ചുറ്റുവട്ടങ്ങളെ പിന്‍ തുടരുകയെന്നത് സ്വീകാര്യമല്ല. കോടികള്‍ മുടക്കി പടുത്തുയര്‍ത്തിയ സംരംഭമായതുകൊണ്ട് തന്നെ ഇതിനെഎപ്രകാരം ലാഭത്തിലെത്തിക്കാമെന്ന ചിന്ത മാത്രമായിരിക്കും നടത്തിപ്പുകാര്‍ക്ക് മുന്നിലുണ്ടാകുക. വന്‍ മുതല്‍ മുടക്കില്‍ അങ്ങാടിയില്‍ തുറന്നുവെച്ചിരിക്കുന്ന കച്ചവട സ്ഥാപനം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റൊഴിഞ്ഞ് പോകാന്‍ എന്തെല്ലാം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമോ അതെല്ലാം സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പുക്കാരും അവലംബമാക്കും. തങ്ങളുടെ മുന്നിലെത്തുന്ന ഉപഭോക്താക്കള്‍ പച്ച മനുഷ്യരായതുകൊണ്ട് തന്നെ ഇതിനെ ഉപയോഗപ്പെടുത്തി പെട്ടിയിലങ്ങിനെ പണം വീഴ്ത്താമെന്ന ചിന്ത മാത്രമായിരിക്കും ആശുപത്രി ജീവനക്കാര്‍ക്ക് മുന്നിലുണ്ടാകുക. സാധാരണ തലവേദനയുമായെത്തുന്ന ഒരാള്‍ക്ക് പാരസിറ്റ മോള്‍ ഗുളിക നല്‍കി പറഞ്ഞയക്കുകയെന്നത് ആരോഗ്യ രംഗം സേവന മേഖലയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രം പ്രതീക്ഷിക്കേണ്ടതാണ്. എന്നാലിത് കച്ചവടത്തിലേക്ക് വഴിമാറുന്നിടത്ത് പാരസിറ്റ മോളിന് പകരം സി ഡി സ്‌കാനും എം ആര്‍ ഐ സ്‌കാനുമൊക്കെ ചികിത്സാ വിധിയാികുന്നു. അഞ്ച് രൂപ കൊണ്ട് മാറാവുന്ന തലവേദന അഞ്ഞൂറും അയ്യായിരവും ചിലവാകുന്നിടത്തേക്ക് എത്തുമ്പോഴാണ് ചികിത്സ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി രൂപപ്പെടുന്നത്.
സാധാരണ തലവേദനയുടെ കാര്യത്തില്‍ ഇത്രയേറെ ശുഷ്‌കാന്തി കാണിക്കുന്നത് അല്പം മേജറായ അസുഖങ്ങളുമായെത്തുന്നവരോട് ഉളളുതുറന്ന് സഹായ സഹകരണമാണ് കാഴ്ച്ചവെക്കുക. ആശുപത്രി കെട്ടിടത്തിനകത്തുളള മുഴുവന്‍ യന്ത്ര സാമഗ്രികളും പ്രവര്‍ത്തന യോഗ്യമാക്കി കണ്ണുതളളിക്കുന്ന ബില്ലു നല്‍കിയ ശേഷമേ ഡിസ്ചാര്‍ജ്ജ് ചെയ്യൂ. നാട്ടുകാര്‍ക്കുവേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്ന് എഴുന്നെളളിച്ചു കൊണ്ടുവരുന്ന ചികിത്സാ ഉപകരണങ്ങള്‍ ആരുടെയെങ്കിലും നെഞ്ചത്ത് കയറ്റിവെച്ചാലേ ആശുപത്രി നടത്തിപ്പ് തരക്കേണ്ടില്ലാതെ കൊണ്ടുപോകാനാകൂയെന്ന് കരുതുന്നിടത്ത് നിന്നാണ് ടെസ്റ്റുകളുടെ നീണ്ട നിര ചികിത്സ തേടി എത്തുന്നവന് മുന്നിലെത്തുന്നത്. ഹൈ ടെക് ആശുപത്രികളെ ചികിത്സക്കായി തെരഞ്ഞെടുക്കുന്നവര്‍ ടെസ്റ്റുകളുടെ പട്ടികയെ ഭയപ്പെടുന്നവരല്ലെന്നത് വേറെ കാര്യം. ജീവിത ശൈലി രോഗികളെ അഭിമാനമായി കാണുന്നവരാണ് പൊങ്ങച്ചം തലക്കടിച്ച മലയാളികള്‍. ചികിത്സ തേടുന്ന ആശുപത്രികളുടെ കാര്യത്തിലും ചിന്ത വ്യത്യസ്ഥമല്ല. കണ്‍വെട്ടത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന ചികിത്സ വേണ്ടെന്നുവെച്ച് കിലോമീറ്റര്‍ അപ്പുറമുളള ഹൈ ടെക് ആശുപത്രിയെ ആശ്രയിക്കുന്ന മനസ്ഥിതിയാണ് ആരോഗ്യ രംഗത്ത് മലയാളി സ്വീകരിച്ചുവരുന്നത്. ചികിത്സക്കായി പണം ചിലവിടാന്‍ മടിയില്ലാത്തവര്‍ക്ക് മുന്നില്‍ ആശുപത്രി കശാപ്പുകാരനായി മാറുന്നതിനെ കുറ്റം പറയാനാകുമോ.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്രസവിക്കുമ്പോള്‍ പണം ഇങ്ങോട്ട് ലഭിക്കുമെന്ന് അറിയാത്തവരല്ല നമ്മള്‍. സാധാരണ പ്രസവമാണെങ്കില്‍ അത്യാധുനിക ചികിത്സ സൗകര്യങ്ങളുടെ ആവശ്യവുമില്ല. എന്നിട്ടും മൊത്തം പ്രസവത്തിന്റെ പകുതി ശതമാനം പോലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്താറില്ലെന്നത് ചികിത്സയുടെ കാര്യത്തിലുളള ആശങ്ക കൊണ്ടല്ല, മറിച്ച് എന്റെ മകളുടെ അല്ലെങ്കില്‍ എന്റെ ഭാര്യയുടെ പ്രസവം സ്റ്റാര്‍ ആശുപത്രിയില്‍ നിന്നാണെന്ന് മറ്റുളളവര്‍ക്ക് മുന്നില്‍ പറയാനുളള പൊങ്ങച്ച ബോധത്തില്‍ നിന്നാണ്. മലയാളിയുടെ കപട അഭിമാന ബോധത്തെ കച്ചവട താല്‍പര്യത്തോടെ ഉപയോഗിക്കപ്പെടുന്നിടത്താണ് സ്വകാര്യ ആശുപത്രികള്‍ പണമിരട്ടിപ്പു കേന്ദ്രങ്ങളായി മാറുന്നത്. കേരളത്തില്‍ മികച്ച കച്ചവട സാധ്യതയുളള സംരംഭങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സൂപ്പര്‍  സ്‌പെഷ്യാലിറ്റി ആശുപത്രികളാണ്. കച്ചവട കണ്ണുളളവര്‍ പണം മുടക്കാന്‍ തയ്യാറാകുന്നതും ഈ മേഖലയില്‍ തന്നെ. ആരോഗ്യ മേഖലയെ സര്‍ക്കാര്‍ പതിയെ കയ്യൊഴിയുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ തടിച്ചുകൊഴുക്കുകയാണ്.
കോടികള്‍ മുടക്കി ആശുപത്രി പണിയുകയും, അത്ര തന്നെ ചിലവിട്ട് ഡോക്ടറാവുകയും ചെയ്യുന്ന പുതിയ കാലത്ത് മെഡിക്കല്‍ എത്തിക്‌സിന്റെ പ്രായോഗികത ചില്ലിട്ട ഫ്രെയിമിനകത്ത് ചുമരില്‍ ആണിയടിച്ച് തൂക്കാന്‍ മാത്രമുളളതാണ്. രോഗിക്ക്, രോഗത്തിനുമനുസരിച്ച് ചികിത്സ നിര്‍ദ്ദേശിക്കുകയെന്നത് പഴഞ്ചനും, മാനേജ്‌മെന്റ് രീതികള്‍ക്ക് അസ്വീകാര്യവുമാണ്. കയ്യില്‍ കിട്ടുന്ന രോഗിയെ മികച്ച ഒരു കസ്റ്റമറായി കണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ എത്ര മാത്രം വിറ്റഴിക്കാന്‍ സാധിക്കുമെന്നിടത്താണ് മികച്ച ഡോക്ടര്‍ രൂപപ്പെടുന്നത്. കൂടുതല്‍ മരുന്ന് എഴുതുകയും നാട്ടില്‍ ലഭ്യമാകുന്ന മുഴുവന്‍ ടെസ്റ്റുകളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്യുന്ന ഡോക്ടറാണ് വിവരമുളള ഡോക്ടറെന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവര്‍ക്ക് മുന്നില്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ പുത്തന്‍ കച്ചവട മുറകള്‍ വിജയത്തിലെത്തുന്നു.
മാസത്തിലെ മുഴുവന്‍ ദിവസവും മൂക്കറ്റം ഭക്ഷണം കഴിക്കുകയും മാസാവസാനം കംപ്ലീറ്റ് ഹെല്‍ത്ത് ചെക്കപ്പ് നടത്തുകയും ചെയ്യുന്ന രീതിയിലാണ് മലയാളിയുടെ ആരോഗ്യ പരിപാലനം. ചികിത്സക്കും ഭക്ഷണത്തിനും പണം മുടക്കാന്‍ വഴിയില്ലാത്ത ശരാശരിക്ക് മുകളിലുളളവര്‍ ഇവ രണ്ടും താഴേക്കിടയിലുളളവര്‍ക്ക് നിഷേധിക്കുന്ന പരോക്ഷ നിലപാടുകൂടിയാണ് സ്വീകരിക്കുന്നത്. ആരോഗ്യ രംഗത്തെ സംരംഭങ്ങളെ കമ്മീഷന്‍ വ്യവസ്ഥയില്‍ തുറന്നുവെക്കുന്ന കമ്പോളം രോഗിയെ വെച്ച് പണമുണ്ടാക്കുന്നതിന്റെ ചെപ്പടിവിദ്യകളാണ് ആവിഷ്‌കരിക്കുന്നത്. ഏറ്റവും പവിത്രമായ മനുഷ്യ ജീവനും, ആരോഗ്യവും കമ്പോളത്തിന്റെ വഴിയില്‍ പന്താടുന്നതിന്റെ നേര്‍ ചിത്രങ്ങളാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്. ഗുളിക മുതല്‍ ശസ്ത്രക്രിയ വരെ കമ്മീഷന്‍ വ്യവസ്ഥയില്‍ നിശ്ചയിക്കപ്പെട്ട ഏര്‍പ്പാടുകളാകുന്നിടത്ത് രോഗി പരീക്ഷണ വസ്തുവാകുന്നതില്‍ അതിശയിക്കാനില്ല. രോഗിയെ മൂലധനം തിരിച്ചു പിടിക്കാനും, ലാഭം കൊയ്യാനുമുളള കച്ചവട ഉല്‍പ്പന്നമായി കാണാന്‍ തുടങ്ങിയിടത്ത് ചികിത്സയെന്നത് വ്യാപാരവും ആശുപത്രി മാര്‍ക്കറ്റുമായി രൂപാന്തരപ്പെടുകയാണ്. ചികിത്സ തേടിയെത്തുന്നവരോട് അറവുകാരന്റെ മനോഗതിയില്‍ സമീപിക്കുന്ന ഡോക്ടര്‍ സാമൂഹ്യ പ്രതിബദ്ധതയെയാണ് ചവിട്ടിമെതിക്കുന്നത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്