പുകഞ്ഞു തീരാന്‍
 വിട്ടുകൊടുക്കരുത്
ലഹരിക്കുമുന്നില്‍ യുവത്വം കീഴ്‌പ്പെടുന്നുവെന്നത് നാളെറെയായി ചര്‍ച്ച ചെയ്തുവരുന്ന ഒന്നാണ്. മദ്യത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ചര്‍ച്ചകളൊക്കെയും. അടിച്ചുപൊളി കൂട്ടുകെട്ടിനിടയിലേക്ക് മുഖ്യാതിഥിയായി എത്തുന്ന മദ്യം ജീവിതങ്ങളെ അടിമേല്‍ മറിച്ച ദുരന്ത കഥകള്‍ മലയാളിക്കിന്ന് പുത്തിരിയല്ല. മദ്യത്തെ രണ്ടാം സ്ഥാനത്തേക്കിരുത്തി വ്യത്യസ്ഥങ്ങളായ മയക്കുമരുന്നുകള്‍ മലയാളി യുവത്വത്തിന്റെ നാഡി ഞരമ്പുകളെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചക്കാണ് സമകാലീന സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ബ്രൗണ്‍ഷുഗറിന്റെ സര്‍വ്വ വ്യാപനമാണ് ഇതില്‍ പ്രധാനം. കഞ്ചാവിന്റെ വിപണിയെ പിന്നിലാക്കിയാണ് ബ്രൗണ്‍ഷുഗറിന്റെ കടന്നുവരവ്. ലഹരി ഉപയോഗിച്ചതായി മറ്റുളളവര്‍ക്ക് തോന്നുന്ന തരത്തില്‍ പ്രകടിതമായി ഒന്നും തന്നെ അനുഭവപ്പെടുന്നില്ലെന്നതും, ആഴത്തിലുളള ഉന്മാദം സാധ്യമാകുമെന്നതുമാണ് ബ്രൗണ്‍ഷുഗറിനെ പുതിയ പരീക്ഷണമായി സ്വീകരിക്കാന്‍ പര്യാപ്തമാക്കുന്നത്. കഞ്ചാവില്‍ നിന്ന് ബ്രൗണ്‍ഷുഗറിലേക്കുളള മാറ്റം ചെലവേറിയതായതിനാല്‍ പണത്തിനായി നെറികേടിന്റെ വഴി സ്വീകരിക്കാനും ഇവരെ നിര്‍ബന്ധിതമാക്കുന്നു. ബ്രൗണ്‍ഷുഗറിന് പണം കണ്ടെത്താന്‍ മാത്രം മോഷണം പതിവാക്കിയ യുവാവിനെ കഴിഞ്ഞ ദിവസം പൊന്നാനി പോലീസ് പിടികൂടിയിരുന്നു.
പ്രലോഭനങ്ങളിലൂടെ മയക്കുമരുന്നിന്റെ വഴിയിലേക്ക് ആളെകൂട്ടാന്‍ സംഘടിതമായ ശ്രമം നടന്നുകൊണ്ടിരിക്കെ ഇതിനെതിരെ നിസ്സംഗത തുടരുന്നുവര്‍ സമൂഹ നാശത്തിന്റെ വഴിയില്‍ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നുകള്‍ ഗ്രാമങ്ങളെ പോലും വരിഞ്ഞുമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യ ബോധവല്‍ക്കരണ രീതികിളില്‍ നിന്നും ജനകീയ പ്രതിരോധത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അവലംബമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുറതെറ്റാതെ നടക്കുന്ന ലഹരിക്കെതിരായ കാംപയിനുകള്‍ പലപ്പോഴും മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും ഭൂമികയെ സ്പര്‍ശിക്കാതെയാണ് കടന്നുപോകാറുളളത്. ചൊല്ലിതീര്‍ക്കുകയെന്നതിനപ്പുറത്തേക്ക് പരിവര്‍ത്തനത്തിന്റെ ക്രയാത്മക മാറ്റങ്ങളൊന്നും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഉണ്ടാകാറില്ല. മയക്കുമരുന്നിന്റെ ലഭ്യതയും ഉപയോഗവും പ്രത്യേക കേന്ദ്രങ്ങളില്‍ ഒതുങ്ങിയിരുന്ന ഇന്നലെകളില്‍ നിന്ന് ഇത് സര്‍വ്വ വ്യാപിയായി മാറുമ്പോള്‍ ബോധവല്‍ക്കരണത്തിന്റെയും ഇടപെടലുകളുടെയും കാര്യത്തില്‍ ഘടനാപരമായ മാറ്റം അനിവാര്യമാവുകയാണ്. മയക്കുമരുന്നിനെതിരെ ഓരോ പ്രദേശങ്ങളിലും ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നില്ലെങ്കില്‍ അര്‍ദ്ധ ബോധത്തില്‍ നിന്നുണരാത്ത തലമുറയായിരിക്കും നമ്മുടെ കാലത്തും നമ്മുക്ക് ശേഷവും ഉണ്ടാവുക.
മയക്കുമരുന്ന് വില്‍പ്പന ജീവിതോപാധിയായി സ്വീകരിക്കപ്പെട്ടുവെന്നതാണ് ഇതിന്റെ വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുന്നത്. കച്ചവടം പരിപോഷിപ്പിക്കാന്‍ പ്രൊഫഷണല്‍ രീതികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ ആവശ്യക്കാരെ തേടി വില്‍പ്പനക്കാര്‍ വിളിപ്പുറത്തെത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സ്ഥിരം തൊഴിലിനൊപ്പം അധിക വരുമാനം കണ്ടെത്താനുളള മാര്‍ഗ്ഗമായാണ് കളള് വാറ്റും, കഞ്ചാവ് വില്‍പ്പനയും നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് സമാന്തര തൊഴില്‍ സംരംഭമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ലാഭകരവും, ക്രയവിക്രയത്തിനുളള സൗകര്യവുമെന്ന നിലയില്‍ ബ്രൗണ്‍ഷുഗറും, ഹെറോയിനും, കഞ്ചാവിന് പകരക്കാരനായി കടന്നുവന്നു. കഞ്ചാവിന്റെ സ്ഥിരം ഉപയോക്താവിനെ ബ്രൗണ്‍ഷുഗറിലേക്ക് മാറ്റാന്‍ ലഹരിയില്‍ ഊന്നിയുളള പ്രലോഭനങ്ങളുടെ വഴികളാണ് വില്‍പ്പനക്കാര്‍ സ്വീരിക്കുന്നത്. ബ്രൗണ്‍ഷുഗറിലേക്കുളള മാറ്റം സാധ്യമാകുന്നത് വരെ സൗജന്യ നിരക്ക് ഈടാക്കുകയും നഷ്ടം പിന്നീട് തിരിച്ചു പിടിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്.
ഓരോ പ്രദേശത്തേയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ചില്ലറ കച്ചവടക്കാര്‍ നേരത്തെ വിവിധ ഭാഗങ്ങളിലായി പോലീസ് പിടിയിലായിട്ടുണ്ട്. ഇവര്‍ നടത്തുന്ന വില്‍പ്പന സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. മലപ്പുറം ജില്ലയിലെ ഒരു സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രതിമാസം ഒരു കിലോ കഞ്ചാവ് വരെ വില്‍പ്പന നടത്തുന്നതായി പോലീസ് പിടിയിലായ പ്രതി മൊഴി നല്‍കിയിരുന്നു. വില്‍പ്പന രംഗത്ത് കഞ്ചാവില്‍ നിന്ന് ബ്രൗണ്‍ഷുഗറിലേക്കുളള മാറ്റം വിദ്യാര്‍ത്ഥിക്കിടയിലും മാറ്റത്തിന് വഴിയൊരുങ്ങിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുളള വിവരം.
നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവെത്തുന്നത്. ഇതിനായി അന്യസംസ്ഥാന തൊഴിലാളികളെയാണ് മയക്കുമരുന്ന് റാക്കറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്. തുച്ഛം വിലക്ക് കൊണ്ടുവരുന്ന കഞ്ചാവ് അഞ്ഞൂറ് ഇരട്ടിവരെ അധികവില ഈടാക്കിയാണ് മൊത്ത കച്ചവടക്കാര്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നത് .ഇവര്‍ ഇത്രതന്നെ ലാഭമെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കുമ്പോള്‍ പണം കൊയ്യാനുളള കൃഷിയിടമായാണ് കഞ്ചാവ് ഇലകളെ വില്‍പ്പനക്കാര്‍ കാണുന്നത്. ഇടക്കിടെയുണ്ടാകുന്ന പോലീസ് നടപടിയില്‍ ചില്ലറ വില്‍പ്പനക്കാര്‍ വലയിലാകാറുണ്ടെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇവര്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിത്തരുന്ന കഞ്ചാവ് വില്‍പ്പനയിലേക്ക് തിരിച്ചു പോകാറാണ് പതിവ്. കഞ്ചാവില്‍ നിന്ന് ലഭിക്കുന്ന ലാഭത്തേക്കാള്‍ ഏറെയാണ് ബ്രൗണ്‍ഷുഗര്‍ വില്‍പ്പനയിലൂടെ ഇവര്‍ സ്വന്തമാക്കുന്നത്. തുടക്കത്തില്‍ വലിയൊരു തുക മുടക്കുമുതലായി ഇറക്കണമെന്നതാണ് ഈ രംഗത്തെ വില്‍പ്പനക്കാര്‍ക്ക് മുന്നിലെ തടസ്സം. ഇത് മറികടക്കാന്‍ മോഷണം ആശ്രയമാക്കിയവര്‍ നിരവധിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും, വില്‍പ്പനയും ക്രമിനലുകളെ സൃഷ്ടിക്കപ്പെടുന്നതിന് പ്രധാന കാരണമാകുന്നുണ്ട്. ലഹരിക്ക് അടിമപ്പെടുന്നവര്‍ മയക്കുമരുന്നുകള്‍ക്കും, മറ്റു ലഹരി വസ്തുകള്‍ക്കുമുളള പണം കണ്ടെത്താന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്കും, യുവാക്കള്‍ക്കുമിടയില്‍ രക്ഷിതാക്കളുടെ നിരീക്ഷണം കുറയുന്നത് മയക്കുമരുന്ന് റാക്കറ്റുകളോട് അടുക്കാന്‍ നിമിത്തമാകുന്നുണ്ട്. ചുറ്റുപാടുകളില്‍ നടക്കുന്ന മയക്കുമരുന്ന് വിപണനത്തിനെതിരെ മൗനം ഭൂഷണമാക്കുന്നതും ഇത്തരം റാക്കറ്റുകളെ തഴച്ചുവളര്‍ത്താന്‍ കാരണമാക്കുന്നു. ആളും അര്‍ത്ഥവും സ്വീധീനവുമുളള മാഫിയ സംഘമായി മയക്കുമരുന്ന് റാക്കറ്റ് വ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കപ്പെടേണ്ടതിന്റെ അനിവാര്യത തുറന്നുവെക്കപ്പെടുകയാണ്. ബദല്‍ സര്‍ക്കാറുകളായി രൂപാന്തരപ്പെട്ട മണല്‍ മാഫിയക്ക് സമാനമായാണ് മയക്കുമരുന്ന് റാക്കറ്റുകള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നത്. മണല്‍ മാഫിയയുടെ പ്രവര്‍ത്തനം പരിസ്ഥിതിയെ നേരിട്ടും ഘട്ടം ഘട്ടമായി സമൂഹത്തിന്റെ നിലനില്‍പ്പിനേയും ബാധിക്കുമെങ്കില്‍ മയക്കുമരുന്ന് റാക്കറ്റുകള്‍ സമൂഹ ഘടനയുടെ അസ്ഥിത്വത്തെയാണ് കാര്‍ന്നെടുക്കുന്നത്. നിയമത്തിനും നിയമപാലകര്‍ക്കുമൊപ്പം ജനകീയ ശക്തി പടവാളായി മാറിയില്ലെങ്കില്‍ തലമുറയെ കരിച്ചുകളയുന്ന ഉഗ്രവിഷമായി മയക്കുമരുന്ന് മാഫിയ നാടിനെ കീഴ്‌പ്പെടുത്തും.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്