തീരവാസികള്‍ മനുഷ്യരല്ലെ...
'ഞങ്ങടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല' എന്ന് പൊന്നാനി തീരദേശത്തെ കടലെടുത്ത വീടിനു മുന്നിലിരുന്നു ആയിശുമ്മ എന്ന വൃദ്ധ നിറകണ്ണുകളോടെ പറഞ്ഞത് ഭരണകൂടത്തോടും, ഉദ്യോഗസ്ഥ വര്‍ഗ്ഗത്തോടുമുള്ള ഉഗ്രശേഷിയുള്ള പ്രതിഷേധം കണക്കെയായായിരുന്നു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ജീവിത സമ്പാദ്യം മുഴുവന്‍ കടല്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി കാലങ്ങളായി നേരിടുന്നവരാണ് തീരദേശ വാസികള്‍. ആദിവാസികളെ പോലെ അവഗണനയും ചൂഷണവും നേരിടാന്‍ മാത്രം വിധിക്കപ്പെട്ട തീരദേശത്തെ മനുഷ്യക്കോലങ്ങള്‍ വോട്ട് ബാങ്കെന്ന പരിഗണനക്കപ്പുറത്തേക്ക് ഇനിയും ഇടം പിടിച്ചിട്ടില്ല.
വര്‍ഷത്തിന്റെ പകുതിയും ദുരിതം നേരിടേണ്ടവരായി ഇവര്‍ മാറ്റപ്പെട്ടിട്ടും ശാശ്വത പരിഹാരമാര്‍ഗ്ഗങ്ങള്‍ തീരത്തേക്ക് കടല്‍കടന്നെത്തുന്നില്ല. തിരമാലകളില്‍ നിന്ന് തീരത്തെ സംക്ഷിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെടാതിരുന്നതാണ് മുഴുവന്‍ കഷ്ടതകള്‍ക്കും വഴിവെച്ചത്. മഴ തുടങ്ങി അവസാനിക്കുന്നതുവരെ കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടി വരുന്നതിനാല്‍ ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താദൂരത്ത് കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീടുവെച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്ത് തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ് ഇപ്പോഴത്തെ ദുരിത ബാധിതര്‍. ഇത് ഇനിയും തുടരുമെന്നതിനാല്‍ ഭവനരാഹിതരാകാന്‍ കാത്തിരിക്കുകയാണ് തൊട്ടുപിന്നിലെ ഓരോ വീടുകളും. ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് തീരം കടലെടുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് തീരത്തിന്റെ ജീവിത സമ്പാദ്യം കൂടിയാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടലിന്റെ ഭാഗമായി മാറിയതോടെ തെരുവിലിറക്കപ്പെട്ട കുടുംബങ്ങള്‍ കുറച്ചല്ല. ഇവരുടെ പുനരധിവാസത്തിന് ഭരണകൂടത്തില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നത് അത്യന്ത്യം പ്രതിഷേധാര്‍ഹമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് കടലാക്രമണ ദുരിതമുണ്ടാകുന്ന പ്രദേശങ്ങളില്‍ മുന്നില്‍ പൊന്നാനി തീരദേശമാണുള്ളത്. എല്ലാവര്‍ഷവും മുറതെറ്റാതെ ദുരന്ത സമാനമായ ദുരിതങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും യാതൊരു സര്‍ക്കാര്‍ സഹായവും ഇങ്ങോട്ടേക്കെത്താറില്ല. കടല്‍ഭിത്തിയില്ലാത്ത ജനവാസ മേഖല പൊന്നാനി തീരത്ത് ഏറെയുണ്ട്. തീരത്തെ സംരക്ഷിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല; കടലാക്രമണം പ്രകൃതി ക്ഷോഭത്തില്‍ ഉള്‍പ്പെടില്ലെന്ന കാരണം പറഞ്ഞത് ധനസഹായം പോലും നല്‍കാതെ പുറം തിരിയുന്ന സ്ഥിതിയാണുള്ളത്. കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ലെന്ന മട്ടിലാണ് ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും നടപ്പും ഭാവവും.
തീരദേശ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ എന്ന ആശയം എല്ലാ ഭരണത്തിന്റെ തുടക്കത്തിലും കേള്‍ക്കുന്ന വിടുവായിത്തങ്ങളിലൊന്നാണ്. കുമ്പിളില്‍ കുടിച്ചിരുന്ന കഞ്ഞി അഞ്ച് വര്‍ഷം കഴിയുമ്പോഴും കുമ്പിളില്‍ തന്നെയാണെന്നതാണ് തീരദേശത്തുകാരുടെ ഇതുവരെയുള്ള അനുഭവം. തീരത്തെ മറയാക്കി എങ്ങിനെ പോക്കറ്റ് വീര്‍പ്പിക്കാമെന്ന ഗവേഷണമല്ലാതെ യാതൊരു പരിഹാര നടപടികളും ഇവരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. കോടികള്‍ മുടക്കി ഓരോ വര്‍ഷവും കെട്ടിയുണ്ടാക്കുന്ന കടല്‍ഭിത്തികൊണ്ട് കരാറുകാരനും, ഉദ്യോഗസ്ഥര്‍ക്കുമല്ലാതെ തീരത്തുള്ളവര്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. കടലില്‍ കല്ലിടുന്ന ഏര്‍പ്പാടാണ് കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ പേരില്‍ നടന്നുവരുന്നത്.
കാലവര്‍ഷം കടലാക്രമണ ദുരിതത്തിന്റേതാകുമെന്ന് ഉറച്ച ബോധ്യമായുണ്ടായിട്ടും തീരത്ത് യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നത് അവഗണനയുടെ ഭീകരമുഖമാണ് പ്രകടമാക്കുന്നത്. തീരത്ത് വീടുവെക്കാന്‍ ആരു പറഞ്ഞുവെന്ന പരിഹാസമാണ് സഹായം തേടിയെത്തുന്നവര്‍ക്ക് അധികൃതരില്‍ നിന്ന് കേള്‍ക്കാറുള്ളത്. വീട് വെക്കുമ്പോള്‍ കടല്‍ കിലോമീറ്ററിലേറെ അകലെയായിരുന്നുവെന്നത് കേള്‍ക്കാനോ തിരിച്ചറിയാനോ ബന്ധപ്പെട്ടവര്‍ മുതിരാറില്ല. പുഴുക്കളുടെ ജന്മമായി എഴുതി തള്ളാനാണ് ഭരണകൂടവും ഉദ്യോഗസ്ഥ പ്രഭുക്കളും തയ്യാറാകാറ്.
കടലിനോട് മല്ലിട്ട് പരുക്കന്‍ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന തീരവാസികള്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാറുകളില്‍ നിന്ന് ലഭിക്കാറില്ല. ട്രോളിംഗ് നിരോധന കാലയളവില്‍ നല്‍കിവരുന്ന സൗജന്യറേഷന്‍ ഇന്നും തുടങ്ങിയ പോലെതന്നെയാണ് വിതരണം ചെയ്യുന്നത്. അന്നത്തെ ജീവിത സാഹചര്യത്തില്‍ നിശ്ചയിച്ച ആനുകൂല്യം ഇപ്പോഴും മാറ്റം വരുത്താനിയിട്ടില്ലെന്നത് തീരദേശത്തോട് തുടരുന്ന ചിറ്റമ്മ നയത്തിന്റെ പ്രകടിത ഉദാഹരണമാണ്.
അരവയറുമുറുക്കി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപാടുപെടുന്നവരായി ജീവിച്ചു തീര്‍ക്കേണ്ടവരാണ് തീരവാസികളെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തല്ലാനും കുത്താനും പ്രകടനങ്ങളില്‍ ആളെ കൂട്ടാനും ഉപയോഗിക്കുന്ന വികാര ജീവികളായി ഇനിയും നിന്നു കൊടുക്കേണ്ടതില്ല. രാജ്യത്തെ ഓരോ പൗരനേയും പോലും മുഴുവന്‍ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ് തങ്ങളെന്ന തിരിച്ചറിവ് തീരവാസികള്‍ക്കുണ്ടാകേണ്ടതുണ്ട്. തങ്ങളെപോലെ വരാനിരിക്കുന്ന തലമുറയ്ക്കും മേലാളന്മാര്‍ക്കുംമുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്നവരാകരുതെന്ന മുന്‍ നിശ്ചയം ഓരോരുത്തരിലും ദൃഡമാകേണ്ടതുണ്ട്.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്