വായനയുടെ പ്രായം

വായന മരിക്കുന്നുവെന്നാണ് പുതിയ കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്നവര്‍ പൊതുവെ പറയാറുള്ളത്. സമൂഹമെന്ന ഘടനയോളം പ്രായമുള്ള വായന മരിക്കാറായെങ്കില്‍ സമൂഹം മരിക്കാറായെന്നാണോ  കരുതേണ്ടത്. മനുഷ്യ സമൂഹവും വായനയും തമ്മില്‍ പ്രായത്തിന്റെ ഘടനയില്‍ മാത്രമല്ല; ജനിതക വിശേഷത്തില്‍ വരെ ചേര്‍ന്നു നില്‍ക്കുന്നുവെന്നത് പോയ കാലങ്ങളെ പഠിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. കാലങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വേദഗ്രന്ഥങ്ങള്‍ സമൂഹങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടത് വായിക്കപ്പെടാനായിരുന്നു. മനുഷ്യനെന്ന കേന്ദ്രബിന്ദുവിനെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങള്‍ വായനക്കു നല്‍കിയ പ്രാധാന്യം മനുഷ്യനും വായനയും തമ്മിലുള്ള ജനിതകമായ ബന്ധത്തിലേക്കുള്ള  സൂചകമായിരുന്നു. മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ വായനക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പഠിപ്പിക്കുന്നതില്‍ മുഴുവന്‍ വേദഗ്രന്ഥങ്ങളും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തി. അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ആദ്യ വാചകമായി അവതരിച്ചത് വായിക്കുക (ഇഖ്‌റാഅ്) എന്ന പ്രഖ്യാപനമായിരുന്നു.
കരുത്തുറ്റ വായന മനുഷ്യന്റെ സാമൂഹ്യ ഘടനയേയും, ബോധത്തേയും ക്രമീകരിക്കുന്നതില്‍ ചാലക ശക്തിയായിരുന്നുവെന്നത് വിസ്മരിക്കേണ്ടതല്ല. ലോകത്തിന്റെ മുഴുവന്‍ കോണുകളിലും വായനയുടെ വിസ്‌ഫോടനം സാധ്യമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും പരിഷ്‌കാരത്തിന്റേയും വഴിയില്‍ വിളക്കുമാടങ്ങളായി മാറിയത് കരുത്തുറ്റ സാഹിത്യരചനകളും അതിനെ നെഞ്ചോട് ചേര്‍ത്ത വായന സമൂഹവുമായിരുന്നു. പരന്ന വായനയും സഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങളും ആരോഗ്യ ദൃഡഗാത്രമായ സമൂഹങ്ങളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലുണ്ടായ സ്വതന്ത്ര്യ പോരാട്ടങ്ങളില്‍ വായനാ സമൂഹത്തിന്റെ കരുത്ത് രേഖപ്പെടുത്തപ്പെട്ടതാണ്. ഇന്ത്യന്‍ സ്വതന്ത്ര്യ സമരങ്ങളിലും ഇത്തരമൊരു മുന്നേറ്റം സാധ്യമായിരുന്നു. ദേശീയവും, പ്രാദേശികവുമായ പത്ര സ്ഥാപനങ്ങള്‍ക്ക് അക്കാലത്ത്  നിര്‍ണ്ണായക ഇടപെടല്‍ നടത്താനായത് തങ്ങളോടൊപ്പമുണ്ടായിരുന്ന ശക്തരായ വായന സമൂഹത്തിന്റെ പിന്‍ബലത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ലോകം ദര്‍ശിച്ച മുല്ലപ്പൂ വിപ്ലവങ്ങള്‍ക്കും പ്രചോദനമുണ്ടായത് വായനയുടെ കരുത്തായിരുന്നു. അച്ചടിച്ച അക്ഷരങ്ങള്‍ക്കു പകരം ഇലക്ട്രോണിക് അക്ഷരങ്ങളാണ് മുല്ലപ്പൂ വിപ്ലവങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
സാമൂഹ്യമായ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യക്തിപരമായ ഔന്നിത്യവും വായനയില്‍ നിന്നുലഭിക്കേണ്ട ഗുണഫലമാണ്. അറിവും വ്യക്തിത്വവും പരസ്പര പൂരകങ്ങളായതിനാല്‍ മികച്ച വ്യക്തിത്വത്തിന് വായന കൂടിയേ തീരൂ. നേതൃപാടവത്തിനൊപ്പം അറിവിനെ കൂടെ കൂട്ടാന്‍ സാധിച്ചതിനാലാണ് മുന്‍ഗാമികളായ നേതാക്കന്‍മാരൊക്കെയും മഹാന്മാരായി രേഖപ്പെടുത്തപ്പെട്ടത്. വായനയെ അവര്‍ ദിനചര്യയുടെ ഭാഗമാക്കുകയും വിജ്ഞാന സമ്പാദനത്തെ കൊതിപ്പിക്കുന്ന വിഭവമായി നെഞ്ചേറ്റുകയും ചെയ്തു. സമൂഹത്തിനുമുന്നില്‍ നടക്കാന്‍ യോഗ്യതയായി വായനയെ കണക്കാക്കിയതുകൊണ്ടു തന്നെ സര്‍വ്വാദരവാണ് അവര്‍ക്ക് പകരമായി ലഭിച്ചത്.
പുതിയ തലമുറ വായനയെ പൂര്‍ണ്ണമായും കൈവിട്ടെന്ന വാദം നിലനില്‍ക്കുന്നതല്ല. എന്നാല്‍ ഗൗരവമായ വായനയെ വഴിയിലുപേക്ഷിക്കുകയോ, മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടെന്നത് വാസ്തവമാണ്. വിശാലമായ വായനയുടെ ഗൗരവത്തെ ആത്മാര്‍ത്ഥതയോടെ പറഞ്ഞുകൊടുക്കാന്‍ ആളുകളില്ലാതായി മാറികൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ തലമുറയിലെ വായനയുടെ പാര്‍ശ്വവത്കരണത്തിന് വഴിവെച്ചിരിക്കുന്നത്. എല്ലാവരും വായിക്കുന്നത് വായനക്ക് തെരഞ്ഞെടുക്കുകയെന്ന രീതിയാണ് പുതിയ തലമുറ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വായനയില്‍ സ്വന്തമായ ഇഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവരായി വായന സമൂഹം മാറിയിട്ടുണ്ട്. ആസ്വാദനത്തിന്റെ വായന എന്നതിനുപകരം അഭിമാനബോധമാണ് വായനയെ നയിക്കുന്നത്. ആ പുസ്തകം വായിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്നത് വായനയെ നിര്‍ബന്ധിതമാക്കുന്ന ഘടകമായി മാറിയിട്ടുണ്ട്. ആരും വായിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് വായിക്കണമെന്ന ചിന്ത രൂപപ്പെടുന്നതിനാണ് ഇത് സഹായിക്കുക. ഇതിലേക്കുള്ള പ്രയാണത്തിലാണ് പുതുതലമുറയെന്നത് വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.
വായനക്ക് അതിവിപുലമായ മാര്‍ഗ്ഗങ്ങളാണ് പുതിയ തലമുറക്കു മുന്നിലുള്ളത്. വായനശാലയും, ഗ്രന്ഥാലയവും തേടി അലയേണ്ട ഗതികേട് പുതിയ വായനക്കാര്‍ക്കില്ല. വിരല്‍ തുമ്പില്‍ ഞൊടിയിടയില്‍ ബൃഹത് ഗ്രന്ഥങ്ങള്‍ മുതല്‍ അതിപ്രഗത്ഭരുടെ ലേഖനങ്ങള്‍ വരെ ലഭ്യമാകാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ബ്ലോഗുകളും വെബ് സൈറ്റുകളും വായനക്ക് കരുത്ത് പകരുന്നവയാണ്. ഇ-പുസ്തകങ്ങള്‍ വായനയുടേയും, വില്‍പനയുടേയും പുതിയ രീതിയായി പ്രസാധകര്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിത്യസ്ത വിഷയങ്ങളില്‍ അനുദിനം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ക്ക് കണക്കില്ല. വായനയുടെ ഭൂമിക സമൃദ്ധിയുടെ അത്യുന്നതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സമൃദ്ധിയുടെ കാലത്തും വറുതിയെ നേരിടുന്ന  ദുസ്ഥിതി വായന നേരിടുന്നുവെങ്കില്‍ അക്ഷരങ്ങള്‍ വാര്‍ധക്യത്തിന്റെ വഴിയിലാണെന്ന് കരുതാതെ തരമില്ല. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം വായനയുടെ ഗൗരവം തല്ലിക്കെടുത്തുന്നതിന് വഴിവെച്ചിട്ടുണ്ട്. ഒഴിവു സമയങ്ങള്‍ ഫേസ്ബുക്കിനും, വാട്‌സ് ആപ്പിനും മുന്നില്‍ തളച്ചിടേണ്ടി വന്നതോടെ വായന ബോറന്‍ ഏര്‍പ്പാടായി മാറ്റപ്പെട്ടു. മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലെയില്‍ തെളിയുന്ന അക്ഷര കൂട്ടുകളാണ് വായനയുടെ പുതുലോകമെന്ന് കരുതുന്നവരായി ന്യൂജനറേഷനുകാര്‍ മാറിയിട്ടുണ്ട്.
വായനയെ കരുത്തോടെ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത സമൂഹത്തിലെ പിന്‍മുറക്കാരെ ബോധ്യപ്പെടുത്താന്‍ മികച്ച വായനക്കാര്‍ ഇല്ലാതായി മാറുന്നുവെന്നത് കാണാതെ പോകേണ്ടതല്ല. അക്കാദമിക് പ്രഭാഷണങ്ങള്‍ തെരുവു പ്രസംഗങ്ങള്‍ക്ക് സമാനമായി മാറുകയും, വിഷയാവതരണ പ്രബന്ധങ്ങള്‍ കോപ്പിയടിയുടെ വഴിയിലേക്ക് തരം താഴുകയും ചെയ്തിടത്തുനിന്ന് വായനയുടെ നീലാകാശത്തിലേക്ക് പുതിയ തലമുറയെ കൈപിടിച്ചു നടത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അക്കാദമിക് പണ്ഡിതന്മാരും, അധ്യാപകരും വായനയെ കയ്യൊഴിയുന്നുവെന്ന വേദനയില്‍ നിന്നാകണം ഓരോ വായനാവാരവും തുടങ്ങേണ്ടത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്