ബ്ലാക്ക് മെയിലുകാര്‍ വാഴും രാഷ്ട്രീയം


                 സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും നയിക്കുന്നതും ആരെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാവുന്ന മറുപടി ബ്ലാക്ക് മെയിലുകാര്‍ എന്നാണ്. ഇതുവരെ പൊട്ടിയ ബോംബുകളൊക്കെ സാമ്പിളുകളാണെന്ന് പറഞ്ഞുവെക്കുന്ന ഇക്കൂട്ടര്‍ പൊട്ടാനുള്ളത് മുഴുവന്‍ പൊട്ടിയാല്‍ മലയാളിക്ക് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുകൂടി നല്‍കുന്നുണ്ട്. തുറന്ന പുസ്തകം കണക്കെ സുതാര്യ മാകേണ്ട പൊതു പ്രവര്‍ത്തന മേഖല നിഗൂഢതകളുടെ കൂടാരമാണെന്ന യാഥാര്‍ത്ഥ്യമാണ് അര്‍ദ്ധ നന്ഗനമായ പല വെളിപ്പെടുത്തലുകളിലൂടേയും പുറത്ത് വരുന്നത്. ഉദ്ബുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് പേരിട്ടു വിളിച്ച കേരളത്തിലെ പൊതു പ്രവര്‍ത്തന രംഗം ചാണകകുഴിയേക്കാള്‍ മലീമസമായി മാറുന്നുവെന്നതാണ് പുതിയ രീഷ്ട്രീയ വര്‍ത്തമാനം. വെളിപ്പെടുത്തലുകളുടെ പരമ്പര തുടരുമെന്നുറപ്പുള്ളതുകൊണ്ടു തന്നെ കേട്ടാല്‍ അറക്കുന്ന വിശേഷങ്ങളായിരിക്കും പുറത്തുവരാനുണ്ടാകുക. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ, മിത്രമോ ഇല്ലെന്നതിനാല്‍ ഇന്നലെ നടത്തിയ കൂട്ടുകൃഷിയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ആരും മടികാണിക്കില്ല. മുന്നണി സമവാക്യങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ചൂടുള്ള വെളിപ്പെടുത്തലുകള്‍ക്കായി കാത് കൂര്‍പ്പിക്കുകയാണ് മലയാളക്കര. സസ്‌പെന്‍സ് ത്രില്ലറിലെ വെല്ലുന്ന നാടകീയതയുമായാണ് സംസ്ഥാന രാഷ്ട്രീയം ഓരോ രാപ്പകലുകളും അവസാനിപ്പിക്കുന്നത്.
രാഷ്ട്രീയത്തിലെ സുതാര്യതയും, നേരും നെറിവുമായിരുന്നു കേരളത്തിലെ പൊതു രംഗത്തെ വേറിട്ടു നിറുത്തിയത്. ജനാധിപത്യത്തിന്റെ മാഫിയ വല്‍ക്കരണം രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളെ വളരെ നേരത്തെ തന്നെ വരിഞ്ഞു മുറുക്കിയിരുന്നെങ്കിലും കേരളം അതില്‍ നിന്ന് വിദൂരമായ അകലം പാലിച്ചത് ഇവിടത്തെ സാധാരണക്കാര്‍ ഉള്‍പ്പെടേയുള്ളവര്‍ സ്വായത്തമാക്കിയ രാഷ്ട്രീയ ഉദ്ബുദ്ധുതയില്‍ നിന്നായിരുന്നു. രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടും, കുതിരക്കച്ചവടവും, ബ്ലാക്ക് മെയിലിംഗും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവ് രീതിയാണ്. കള്ളന്മാരും, കൊള്ളക്കാരും ജനപ്രതിനിധികളുടെ വേഷമിട്ട് തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണവും, ഊര്‍ജ്ജവും പകരാന്‍ ശ്രമം നടത്തിയിരുന്നു. ജനാധിപത്യത്തിന്റെ മാഫിയ വത്കരണമെന്നത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ട സംസ്ഥാനങ്ങളിരുന്നു ഉത്തരേന്ത്യയിലെ ഒട്ടുമിക്കതും. അത്തരമൊരു ശ്രേണിയിലേക്കുള്ള സഞ്ചാരമാണ് കേരളവും നടത്തുന്നതെന്ന തോന്നലുകളാണ് കഴിഞ്ഞ കുറെ കാലങ്ങളായി പുറത്തുവരുന്ന രാഷ്ട്രീയ ഗതികള്‍ വരച്ചുകാണിക്കുന്നത്. മറച്ചുവെക്കാന്‍ ഏറെയുള്ളവരാണ് പൊതു പ്രവര്‍ത്തകരെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവരുന്ന കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്. പെന്‍ഡ്രൈവുകളും, ഡി വി ഡികളും, ശബ്ദരേഖകളും ഉയര്‍ത്തിക്കാട്ടി ജനപ്രതിനിധികളേയും, പൊതു പ്രവര്‍ത്തകരേയും വരച്ച വരയില്‍ നിര്‍ത്തുന്ന മാഫിയ മേധാവിത്വത്തിലേക്ക് കേരളത്തിന്റെ രാഷ്ട്രീയരംഗം മുങ്ങിത്താഴ്ന്നിട്ടുണ്ട്.
        സോളാര്‍ കേസില്‍ തുടങ്ങി ബാര്‍ കോഴ വരെ എത്തി നില്‍ക്കുന്ന രാഷ്ട്രീയ സംഭാവ വികാസങ്ങള്‍ കേരളം ഇക്കാലത്തിനിടെ നേടിയ രാഷ്ട്രീയ സദാചാരത്തിന്റെ കടക്കല്‍ കുത്തിവെക്കുന്നതായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ സമുന്നത നേതാക്കളെ ചേര്‍ത്തിണക്കി പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ കുടുംബത്തോടൊപ്പമിരുന്ന് കേള്‍ക്കാനോ, ചര്‍ച്ചചെയ്യപ്പെടാനോ സാധിക്കാത്ത തരത്തിലുള്ളവയാണ്. കിടപ്പറ രംഗങ്ങള്‍ മുതല്‍  ഉടതുണിയില്ലാത്ത വീഡിയോ ക്ലിപ്പിംഗുകള്‍ വരെ മലയാളിയുടെ പൊതുബോധത്തെ മലീമസപ്പെടുത്തി മിന്നിമാഞ്ഞു. ബ്ലാക്ക് മെയിലിംഗ് പുത്തന്‍ രാഷ്ട്രീയ പ്രതിരോധമായി അംഗീകരിക്കപ്പെട്ടുവെന്നതാണ് പുതിയ കാലത്തെ ശ്രദ്ദേയമായ ശൈലിമാറ്റം. തങ്ങള്‍ക്ക് അനഭിമതരായവരെ വെട്ടിനിരത്താന്‍ വജ്രായുധമായി ബ്ലാക്ക് മെയിലിംഗ് രീതികള്‍ സ്വീകരിക്കുന്നത് പരസ്യമായി പ്രകടമാക്കപ്പെട്ടതും ഇക്കാലത്തുതന്നെ. സോളാറിലും ബാര്‍ കോഴയിലുമടക്കം പുറത്തുവന്ന ബ്ലാക്ക്‌മെയിലിംഗ് രീതികള്‍ക്കുപിന്നില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളുടെ പ്രമുഖ നേതാക്കള്‍ക്ക് പങ്കുണ്ടെന്നത് അങ്ങാടിപ്പാട്ടായ അടുക്കള രഹസ്യമാണ്.
ഓരോ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോഴും രാഷ്ട്രീയ സദാചാരത്തിന്റെ ചാണകക്കുഴിയില്‍ എല്ലാവരും നഗ്നരാണെന്ന പൊതുതത്വമാണ് അംഗീകരിക്കപ്പെടുന്നത്. വെടക്കാക്കി തനിക്കാക്കുകയെന്ന നിലനില്‍പ്പിന്റെ രാഷ്ട്രീയം പൊതു അജണ്ടയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സോളാര്‍ മുതല്‍ ബാര്‍ കോഴ വരെയുള്ളതില്‍ ഇത് കാണാനാകും. അധികാര രാഷ്ട്രീയത്തിന് വിഘ്‌നം സൃഷ്ടിക്കുന്ന വരെ മുനയൊടിച്ച് മൂലക്കിരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ഭരണം ഇന്നീകാണൂന്ന രൂപത്തില്‍ നിലനില്‍ക്കുന്നതിനു പിന്നില്‍ ബാര്‍കോഴ വിവാദത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് വിലയിരുത്തുന്നവരാണ് രാഷ്ട്രീയ നിരീക്ഷകര്‍. അല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് മലയോരമേഖലയിലെ രാഷ്ട്രീയ കാരണവര്‍ ഇരിക്കുമായിരുന്നുവെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടി പറയുന്നു.
ഒളി ക്യാമറകള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന രീതി രാജ്യത്ത് മുമ്പും കേട്ടുകേള്‍വിയുള്ളതാണ്. ഭരണവും അധികാരവും തിരിച്ചുപിടിക്കാന്‍ മൂര്‍ച്ചയുള്ള അയുധമായി  ഇവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാലിത് കേരളത്തിന്റെ സാഹചര്യത്തിലേക്ക് കടന്നുവന്നിട്ട് നാളേറെയായിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടന്നതായുള്ള പ്രഥമ വിവരം പുറത്ത് വന്നത്. ഒളി ക്യാമറ സ്ഥാപിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത് എന്താണോ അത് സംഭവിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഒരു മന്ത്രിയും യുവതിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തിയ നിലയില്‍ നാടൊട്ടുക്ക് കണ്ടാസ്വദിച്ചു. സോളാറുമായി ബന്ധപ്പെട്ട പെന്‍ഡ്രൈവും, ഡി വി ഡിയും ഇതുവരെ പുറത്തുവന്നതിനെ വെല്ലുന്നതാണെന്നതാണ് അടക്കം പറച്ചിലില്‍. രാഷ്ട്രീയ പ്രതിസന്ധികളില്‍ ഇവ ബ്ലാക്ക് മെയില്‍ ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്നതില്‍ സംശയിക്കേണ്ടതില്ല.
ജനകീയ ഇടപെടലുകളും, ബഹുജന സ്വാധീനവും കൊണ്ടുമാത്രം അധികാര രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന തിരിച്ചറിവാണ് കുറുക്കുവഴികളെ രാഷ്ട്രീയ ആയുധമാക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. ഒപ്പം നില്‍ക്കുന്നവരെ ചവിട്ടി മെതിച്ച് കയറി പോകുന്ന ഇന്നലെകളിലെ രീതികളില്‍ നിന്നുള്ള പരിഷ്‌കൃത രൂപമാണ് ബ്ലാക്ക്‌മെയിലിംഗ്. അധികാര രാ്ഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനുള്ള മത്സരം വരും നാളുകളില്‍ കടുത്തതാകുമമെന്നതു കൊണ്ടുതന്നെ വെളിപ്പെടുത്തലുകളുടെ നീണ്ട പട്ടിക ആവര്‍ത്തിക്കപ്പെടുമെന്നു തന്നെയാണ് കരുതേണ്ടത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്