യുവത്വം ചുംബനത്തിലാണ്

ഏതൊരു സമൂഹത്തിന്റേയും ചാലകശക്തിയാകേണ്ട വിഭാഗമാണ് യുവാക്കള്‍. യുവത്വത്തിന്റെ പ്രസരിപ്പ് സാധ്യമാകാതെ യാതൊരു മാറ്റവും കടന്നുവരില്ല. നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി നടപ്പാക്കേണ്ടവരാണ് യുവാക്കള്‍. അവര്‍ നിഷ്‌ക്രിയരായാല്‍ സ്തംഭനത്തിലെത്തുക സമൂഹത്തിന്റെ വികാസമായിരിക്കും. യുവാക്കള്‍ ഏറ്റെടുക്കേണ്ട അജണ്ടകളും, അവര്‍ ഇടപെടുന്ന വിഷയങ്ങളും വിവേക പൂര്‍ണ്ണമല്ലെങ്കില്‍ അത് സമൂഹഗതിയെ താറുമാറാക്കുമെന്നത് കണ്ടുകഴിഞ്ഞതുമാണ്.
പുതിയ ലോക ക്രമത്തില്‍ കൗമാരവും, യുവത്വവും ന്യൂജനറേഷന്‍ എന്ന ഓമനപ്പേരിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇവര്‍ നിഷ്‌ക്രിയരോ, മന്ദബുദ്ധികളോ അല്ലെന്നത് തീര്‍ച്ചയാണ്. ചടുലതയും, ആധുനികതയുടെ ആവേശവും സമം ചേര്‍ത്ത് കൊണ്ടുനടക്കുന്നവരാണ് ഇവരില്‍ ഏറെയും. ജീവിത രീതിയിലും, പരസ്പര സമ്പര്‍ക്കങ്ങളിലും, ആകാര സൗന്ദര്യത്തിലും വ്യത്യസ്ഥത സ്വീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധം കാണിക്കുന്നു. പ്രതിഷേധങ്ങളിലും, സമരരീതികളിലും മാറ്റത്തിന്റെ കാറ്റാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. സ്വയം രൂപപ്പെടുത്തിയ പ്രപഞ്ചത്തില്‍ സ്വതന്ത്രരായി പാറി നടക്കുന്നവരാണവര്‍. യുവത്വത്തിന്റെ ഊര്‍ജ്ജവും തന്റേടവും സ്വന്തത്തിനോ സമൂഹത്തിനോ വേണ്ടി ക്രിയാത്മകമായി ചിലവിടാതെ ജീവിതത്തെ അലക്ഷ്യമായി കത്തിച്ചുതീര്‍ക്കുന്നവരാണ് പുതിയ തലമുറയിലെ യൗവ്വനം.
കെട്ടുപാടുകളോ ചങ്ങലകെട്ടുകളോ ഇല്ലാതെ ആകാശത്ത് പാറി നടക്കുന്ന പറവകളെ പോലെ സമ്പൂര്‍ണ്ണ സ്വാതന്ത്രമെന്ന മുദ്രാവാക്യമാണ് ന്യൂജനറേഷന്‍ യുവത്വം ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യ ജീവിയെന്ന മതില്‍കെട്ടിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല. ജീവിതം അടിച്ചുപൊളിയുടേയും, നേരംമ്പോക്കിന്റേയുമാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു. ധാര്‍മ്മികതയും, മൂല്യവും, സദാചാരവും പുതിയ നിര്‍വ്വചനങ്ങളുടെ ഭാഗമാക്കപ്പെട്ടു. സ്വാതന്ത്രമാണ് സദാചാരമെന്ന് വാദിക്കുന്നവരായി യുവത്വത്തിന്റെ കര്‍മ്മശേഷി മാറി. ചുറ്റും നടക്കുന്ന പ്രശ്‌നങ്ങള്‍ക്കുമേല്‍ സൗകര്യപൂര്‍വ്വം കണ്ണടച്ച് അടിച്ചുപൊളിയുടെ പുത്തന്‍ സംസ്‌കാരികതക്ക് അധിനിവേശമൊരുക്കാന്‍ പടനിലം തുറക്കുന്നവരായി യുവത്വത്തിന്റെ പ്രസരിപ്പ് മാറിയിട്ടുണ്ട്. മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട സുഹൃത്തിനെ പരസ്യമായി ചുംബിക്കാനുള്ള സ്വാതന്ത്രവും, റോഡരുകില്‍ മതിവരുവോളം കാമുകിയുമായി ആലിംഗനത്തിലേര്‍പ്പെടാനുള്ള അവകാശവും പോരാട്ടത്തിന്റെ അജണ്ടയായി  യുവത്വത്തിന് ഏറ്റെടുക്കേണ്ടി വന്നത് സ്വന്തം അസ്ഥിത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലായ്മയില്‍ നിന്നായിരുന്നു.
തികച്ചും സ്വകാര്യവും അതിലുപരി സ്‌നേഹ സ്വരൂപവുമാണ് ചുംബനവും, ആലിംഗനവുമെന്നിരിക്കെ അതിനെ നടുറോഡിലേക്ക് പ്രദര്‍ശന വസ്തുവാക്കാന്‍ ചാടിപ്പുറപ്പെട്ട അവിവേകികള്‍ക്ക് കുടപിടിക്കുന്നവരാകണോ യുവത്വമെന്ന സ്വയം വിമര്‍ശനം അനിവാര്യമാകുകയാണ്. ചുംബിച്ചും, ആലിംഗനം ചെയ്തും ഇതിനായി കച്ചകെട്ടിയവര്‍ക്ക് സംരക്ഷണമൊരുക്കിയും പാഴാക്കുന്ന ഊര്‍ജ്ജം എന്ത് സാമൂഹ്യ നേട്ടമാണ് സാധ്യമാക്കുന്നതെന്ന തിരിച്ചറിവ് ഇനിയും വൈകിക്കൂട. ചുംബന സമരം കപട സദാചാര വാദികള്‍ ഉയര്‍ത്തുന്ന വ്യക്തി സ്വാതന്ത്രത്തിനെതിരായ സാമൂഹ്യമുന്നേറ്റമാണെന്ന് വാദിക്കുന്നവര്‍ അവരുടെ മൂക്കിന് താഴെയുള്ള സാമൂഹ്യ അതിക്രമങ്ങള്‍ക്കെതിരെ എന്തെങ്കിലുമൊന്ന് ഉരിയാടുകയോ, ചെറുവിരല്‍ അനക്കുകയോ ചെയ്യാത്തവരാണ്. പരസ്പര ചുംബനത്തിന് തുറന്ന ആകാശമൊരുക്കാന്‍ ഇവര്‍ കാണിക്കുന്ന ആവേശം എന്ത് സാമൂഹ്യ നന്മയാണ് തിരിച്ചു തരുന്നതെന്ന് ഇനിയും വിശദീകരിക്കാനായിട്ടില്ല.
നാട് നേരിടുന്ന അത്യാഹിത പ്രശ്‌നങ്ങളിലൊന്നാണ് പരസ്യമായി ചുംബിക്കാനുള്ള അവകാശ നിഷേധമെന്ന നിലയിലാണ് പല യുവതി യുവാക്കളുടേയും  സമരാവേശം. അവകാശപോരാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ത്വര ഇവരുടെ ഞെരമ്പുകളില്‍ തിളച്ചു മറിയുന്നുണ്ടെങ്കില്‍ നമ്മുടെ പുഴകളേയും, കുന്നുകളേയും, വയലേലകളേയും ചൂഷണം ചെയ്യുന്ന കുത്തക മാഫിയകള്‍ക്കെതിരായ സമരവേദികളിലേക്ക് ഇവര്‍ കടന്നു വരട്ടെ. കാമ്പസുകളെ ഉന്മൂല നാശത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്ന മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ പ്രതിരോധത്തിന്റെ തീജ്വാല തെളിയിക്കട്ടെ. നാടിനെ ഒന്നടങ്കം ചൂഷണത്തില്‍ മുക്കുന്ന അന്ധവിശ്വാസ, ആള്‍ ദൈവ കേന്ദ്രങ്ങള്‍ക്കെതിരെ നവോത്ഥാനത്തിന്റെ കരുത്തറിയിക്കാന്‍ ഇവര്‍ മുന്നില്‍ നില്‍ക്കട്ടെ. പോഷകാഹാര കുറവുമൂലം നിരന്തരം മരണം പുല്‍കുന്ന ആദിവാസികള്‍ക്കിടയിലും, കുടിവെള്ള ക്ഷാമം നേരിടുന്ന ഭൂപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയിലും പ്രതീകാത്മകമായെങ്കിലും ആശ്വാസത്തിന്റെ തെളിനീരാകാന്‍ ഇവര്‍ മുന്നില്‍ നില്‍ക്കട്ടെ. ചുറ്റുപ്പാടുകള്‍ നേരിടുന്ന എണ്ണിയാലൊടുങ്ങാത്ത ജീവല്‍ പ്രശ്‌നങ്ങള്‍ നിരവധിയാണെങ്കിലും ചുംബനത്തിനും, ആലിംഗനത്തിലും കുഴഞ്ഞു മറിഞ്ഞ് യുവത്വത്തിന്റെ പ്രതികരണ ശേഷി ജഡത്വ തുല്യമാക്കപ്പെട്ടിരിക്കുന്നു.
         സോഷ്യല്‍ മീഡിയയുടെ അതി പ്രസരവും അരാഷ്ട്രീയ വാദത്തിന്റെ വ്യാപനവും യുവാക്കളെ പൊതുധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വഴിവെട്ടിയവയായിരുന്നു. കമ്മ്യൂണിറ്റികള്‍ കയറിയിറങ്ങി ലൈക്കും, ഷെയറും, കമന്റുമായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞവര്‍, തങ്ങള്‍ക്കു തോന്നുന്നത് ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്താല്‍ യുവത്വത്തിന്റെ ഉത്തരവാദിത്വ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചെന്ന് കരുതുന്നവരായിരുന്നു. സമൂഹമധ്യത്തില്‍ ഇറങ്ങുന്നതില്‍ നിന്ന് അകലം പാലിച്ചതുകൊണ്ടു തന്നെ തങ്ങളുടെ ചെയ്തികളെ സ്വന്തത്തിലൂടെ വിലയിരുത്താന്‍ മാത്രമായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. പൊതുജനമെന്ന സാമൂഹ്യതയെ വിഷയമായി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പൊതു പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായി ഇവര്‍ കണക്കുകൂട്ടിയില്ല. യുവജന സംഘടനകള്‍ പ്രകടനം നടത്താനും പ്രക്ഷോഭം സംഘടിപ്പിക്കാനും ആളെ കിട്ടാനില്ലാതെ വിറങ്ങലിച്ചു നിന്നത് സ്വന്തത്തിലേക്കുള്ള യുവത്വത്തിന്റെ ഉള്‍വലിച്ചിലില്‍ നിന്നായിരുന്നു.
പുതിയ അജണ്ടകള്‍ നിശ്ചയിക്കുന്നിടത്ത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബഹു ജന മുന്നേറ്റങ്ങള്‍ക്കും യുക്തിബോധം നഷ്ടപ്പെട്ടിടത്താണ് യുവത്വത്തിന്റെ മരവിപ്പ് കടന്നുവന്നത്. പുതിയ ചോദ്യങ്ങള്‍ക്ക് പഴയ ഉത്തരങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. കാലത്തിനൊത്ത കാമ്പയിനുകളും പ്രതികരണ രീതികളും ആവിഷ്‌കരിക്കാന്‍ നേതൃത്വങ്ങള്‍ക്ക് സാധിക്കാതെ വന്നു. തങ്ങള്‍ ആരെ മാതൃകയാക്കണമെന്നത് മറുപടിയില്ലാത്ത മരീചികയായി മാറി. രാഷ്ട്രീയ പ്രസ്ഥാനങ്ങളും, പൊതു പ്രവര്‍ത്തകരും സ്വാര്‍ത്ഥതയുടെ കൂടാരമായപ്പോള്‍ തങ്ങള്‍ക്കു തോന്നുന്നത് ശരിയുടെ വഴിയായി യുവത സ്വയം പ്രഖ്യാപിച്ചു.
യുവത്വത്തിന്റെ കര്‍മ്മശേഷിയെ ക്രിയാത്മകമായി സാമൂഹ്യബോധത്തിലേക്ക് തിരിച്ചു പിടിക്കാന്‍ സമയമായിട്ടുണ്ട്. ധാര്‍മ്മിക അധപതനത്തിന്റേയും മൂല്ല്യശോഷണത്തിന്റേയും  വഴിയില്‍ നാടും നഗരവും ഒരു പോലെ മുങ്ങിത്താഴുമ്പോള്‍ സദാചാര ബോധത്തിന്റെ കരുത്തുറ്റ കണികകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. യുവത്വത്തിനല്ലാതെ ഇത്തരമൊരുമാറ്റത്തിന് മുന്നില്‍ നില്‍ക്കാനാകില്ല. പൊതുബോധത്തെ അലോസരപ്പെടുത്തുന്ന നിലപാടുകളില്‍ നിന്ന് ഭരണകൂടവും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്‍വലിയാന്‍ തയ്യാറാകുന്നതിലൂടെ മാത്രമെ അരാഷ്ട്രീയ ചിന്തകളുടെ വ്യാപ്തിയെ കുറച്ചുകൊണ്ടുവരാനാകൂ. യുവത്വം നിര്‍ണ്ണായക വോട്ട് ബാങ്കാണെന്ന കണക്കുകൂട്ടലില്‍ അവര്‍ ചെയ്തുകൂട്ടുന്ന അവിവേകങ്ങള്‍ക്ക് കുടപിടിക്കുന്നതിനു പകരം സദുദ്ദേശത്തോടെയുള്ള തിരുത്തലുകള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ രംഗത്തുവരേണ്ടതുണ്ട്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്