വിവാദങ്ങളുടെ ഔട്ട് പുട്ട്


രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം അതിസമ്പന്നമാണ്. സാക്ഷരത, രാഷ്ട്രീയ ഉദ്ബുദ്ധത, മാധ്യമ വിചാരം, സാംസ്‌കാരിക ബോധം എന്നിവയില്‍ ബഹുദൂരം മുന്നിലാണ് ഈ കൊച്ചു സംസ്ഥാനമെന്നതില്‍ തര്‍ക്കത്തിന് വകയില്ല. ആശയപരമായ സംവാദങ്ങളും ആരോഗ്യകരമായ പ്രതിഷേധങ്ങളും പിറവിമുതല്‍ നിറഞ്ഞു നിന്ന ഭൂമിയെന്നതുകൊണ്ടുതന്നെ പക്വമായ വിവാദങ്ങള്‍ മലയാളക്കരയുടെ മുഖമുദ്രയായിരുന്നു. വിവാദങ്ങള്‍ക്ക് സൈദ്ധാന്തിക പിന്തുണയും, ധാര്‍മ്മികതയും ചട്ടക്കൂടും ഉണ്ടായിരുന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ജനകീയതയുടെ പിന്‍ബലമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യകാല വിവാദങ്ങളും, ആശയപരമായ സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറിയത്. കാലമേറെ ഉരുണ്ട് ആധുനികതയുടേയും വിവരസാങ്കേതിക വിദ്യയുടേയും പളപളപ്പിലെത്തി നില്‍ക്കുന്ന ഘട്ടത്തിലും വിവാദങ്ങള്‍ക്കും ആശയ പോരാട്ടങ്ങള്‍ക്കും ഒരു കുറവുമില്ല. പഴയതില്‍ നിന്നും വ്യത്യസ്തമായി നിശ്വാസം പോലെയാണ് മലയാളിക്കിന്ന് വിവാദങ്ങള്‍. ഒരു ദിവസം തന്നെ പല വിവാദങ്ങളെ അഭിമുഖീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥയും ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കുണ്ട്. പഴയകാലത്തെ വിവാദങ്ങളോരോന്നും പരിശോധനക്ക് വിധേയമാക്കിയാല്‍ അവ സാമൂഹ്യമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയവയായിരുന്നു. രാഷ്ട്രീയ സമവാക്യങ്ങള്‍ പലതും തിരുത്തിയെഴുതാനും പഴയകാലത്തെ വിവാദങ്ങള്‍ കാരണമായിരുന്നു.
പുതിയ കാലത്തെ വിവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ അത്രയും ശേഷിയില്ലാത്തവയും, യാതൊരുവിധ ഫലവും തിരിച്ചു നല്‍കാന്‍ കഴിയാത്തവയുമാണ്. സമയം കൊല്ലി എന്നതിനപ്പുറത്തേക്ക് വളരുകയോ, പടരുകയോ ചെയ്യുന്നില്ല. വാര്‍ത്താധിഷ്ഠിത ദൃശ്യമാധ്യമങ്ങളുടെ വ്യാപനം ചാപിള്ളകണക്കെയുള്ള വിവാദങ്ങളുടെ സൃഷ്ടിപ്പിന് കാരണമാണ്. രാവിലെയും ഉച്ചക്കും വൈകീട്ടും വ്യത്യസ്ത തരത്തിലുള്ള ചര്‍ച്ചകളും വാദകോലാഹലങ്ങളും സൃഷ്ടിച്ച് രാത്രിയാകുന്നതോടെ ശൂന്യതമാത്രം ബാക്കിയാകുന്ന രീതിയാണ് മാധ്യമ സെന്‍സേഷണലിസം കൈകൊണ്ടുവരുന്നത്. സര്‍ക്കാറിനേയും ഭരണാധികാരികളേയും മുള്‍മുനയില്‍ നിര്‍ത്തുന്ന വിവാദങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഇത്തരം വിവാദങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ്സ് ഉണ്ടാകുമെങ്കിലും മായാജാലക്കാരന്റെ വാനിഷിംഗ് തിയറിയാണ് വിവാദാന്ത്യം സംഭവിക്കുക. മഴപെയ്തു തോര്‍ന്ന ആകാശം പോലെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിലായിരിക്കും പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുക. ഇവരായിരുന്നോ അല്‍പം മുമ്പ് വരെ കടിച്ചുകീറിയിരുന്നതെന്ന് തോന്നിപോകും വിധമുള്ള പെര്‍ഫോര്‍മന്‍സായിരിക്കും വിവാദക്കാര്‍ പിന്നീട് പുറത്തെടുക്കുക. വിവാദങ്ങള്‍ക്ക് വേണ്ടിയുള്ള വിവാദങ്ങള്‍ എന്ന നിലയിലേക്ക് രാഷ്ട്രീയ പ്രതിഷേധങ്ങളും ആരോപണങ്ങളും മാറിയ ഇടത്ത് കുടിയിരുത്തപ്പെട്ടത് അവിശ്വാസവും പരിഹാസ്യതയുമാണ്.
                കേരളം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചര്‍ച്ച ചെയ്ത വിവാദങ്ങളുടെ പരിണിത ഫലം മറവിയും മൗനവും മാത്രമാണെന്നത് കാണാന്‍ കഴിയും. മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രി മന്ദിരങ്ങളും ചുറ്റിപ്പറ്റി നടന്ന ആരോപണ പെരുമഴകള്‍ വിവാദങ്ങളായി പെയ്തിറങ്ങിയെങ്കിലും അവക്കൊന്നും പ്രായോഗിക പരിസമാപ്തി ഉണ്ടായില്ലെന്നു മാത്രമല്ല നാടകീയ മലക്കം മറച്ചിലുകളുമാണ് സംഭവിച്ചത്. നിലവിലുള്ള വിവാദം മറക്കപ്പുറത്ത് നിര്‍ത്താന്‍ മറ്റൊരു വിവാദം സൃഷ്ടിക്കുകയെന്ന തന്ത്രമാണ് പലപ്പോഴും സ്വീകരിക്കപ്പെടുന്നത്. വാര്‍ത്തകള്‍ക്ക് പ്രേക്ഷക ശ്രദ്ധവേണമെങ്കില്‍ പുതിയ വിവാദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടണമെന്ന വാര്‍ത്ത ചാനലുകളുടെ മാര്‍ക്കറ്റിംഗ് രീതിയും നൈമിഷിക വിവാദങ്ങള്‍ രൂപപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വിവാദങ്ങളുടെ ധാര്‍മ്മികത എന്നതിലുപരി ചാനല്‍ റേറ്റിംങ്ങാണ് മാധ്യമ ചര്‍ച്ചകളിലും വാദകോലാഹലങ്ങളിലും ഇടം പിടിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പുതിയ വിവാദങ്ങള്‍ പഴയവയെ സൗകര്യപൂര്‍വ്വം വിഴുങ്ങി. ഇയ്യാം പാറ്റയുടെ അത്രപോലും ആയുസ്സില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു പിന്നില്‍ വാര്‍ത്ത ചാനലുകളുടെ അതിപ്രസരമാണെന്ന നിരീക്ഷണം എഴുതിതള്ളാനാവുന്നതല്ല.
വാര്‍ത്തയും, വിവാദവും പൂരകങ്ങളായതുകൊണ്ടു തന്നെ എല്ലാവിധ പ്രേക്ഷകരേയും സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ വിവിധ മേഖലകളിലെ ആശയ വിവാദങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോടൊപ്പം സിനിമയും, സാഹിത്യവും മതവും കൃത്യമായ ഇടവേളകളില്‍ വിവാദങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത് പ്രേക്ഷക സംതൃപ്തിയെന്ന മാനദണ്ഡത്തില്‍ നിന്നുകൊണ്ടാണ്. ഇക്കഴിഞ്ഞ വിവാദം എന്തിനുവേണ്ടിയായിരുന്നുവെന്നത് ചോദിക്കപ്പെട്ടാല്‍ കൈമലര്‍ത്തി ആകാശത്തേക്ക് നോക്കേണ്ടി വരുന്നത് ചാനല്‍ റേറ്റിംഗ് അളവുകോലാക്കപ്പെട്ടതില്‍ നിന്നാണ്.
പൊതുപ്രവര്‍ത്തകന്റെ വ്യക്തി ജീവിതവും, സ്വകാര്യതകളും വിവാദങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കപ്പെടുന്ന രീതി ഏറി വരികയാണ്. സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കിയത് വിവാദങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിനും എതിരാളിയെ അരുക്കാക്കുന്നതിനു ഉഗ്രശേഷിയുള്ളതാണെന്ന് വിവാദ സൃഷ്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ പൊതുസ്വത്താണെന്ന വിശദീകരണമാണ് കിടപ്പുമുറിയെ പോലും വിവാദങ്ങളുടെ ലൊക്കേഷനാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നത്. വിവാദങ്ങള്‍ പൊതുതാല്‍പര്യങ്ങള്‍ക്കാവണമെന്ന ധാര്‍മ്മികവശം വിസ്മരിക്കപ്പെടുകയും വിനോദപരിപാടിയുടെ നിലവാരത്തിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യുന്ന രീതിയിലേക്ക് അധ:പതിക്കുകയും ചെയ്തിട്ടുണ്ടെന്നത് കാണാതെ പോകേണ്ടതല്ല. താല്‍പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന നാടകങ്ങളാണ് വിവാദങ്ങളെന്ന തിരിച്ചറിവ് രാഷ്ട്രീയ ചര്‍ച്ചകളേയും സാംസ്‌കാരിക സംവാദങ്ങളേയും വാചക കസര്‍ത്തുകളായി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ്.
സാമൂഹ്യ വിഷയങ്ങളിലുള്ള ഉദ്ബുദ്ധതയാണ് വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലെ പ്രചോദനം എന്നു പറയാനാകില്ല. പുതിയ കാലത്തെ വിവാദങ്ങളിലേറെയും ബാലിശവും, അല്‍പ്പായുസ്സ് നിറഞ്ഞതും ആയതിനാല്‍ ഉല്‍ബുദ്ധതതയുമായി ഇതിനെ ബന്ധപ്പെടുത്താനാകില്ല. വാര്‍ത്താ ചാനലുകളുടെ അതിപ്രസരം മലയാളിയെ വരിഞ്ഞുമുറുക്കുന്നതുകൊണ്ടു തന്നെ പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രമായി വിവാദങ്ങളെ കണക്കാക്കേണ്ടതുണ്ട്.  വിവാദങ്ങളില്ലാതെ വാര്‍ത്ത ചാനലെന്ന മാധ്യമ വ്യവസായത്തിന് പിടിച്ചു നില്‍ക്കാനാകില്ലെന്നത് ചേര്‍ത്തുവെക്കേണ്ടതാണ്. മണിക്കൂറുകള്‍ നീളുന്ന ചാനല്‍ ചര്‍ച്ചകളും, ഇടതടവില്ലാതെ മിന്നിമായുന്ന ബ്രേക്കിംഗ് ന്യൂസുകള്‍ക്കും വിവാദങ്ങള്‍ അനിവാര്യമാണ്. വിവാദങ്ങള്‍ സ്വയം ഉണ്ടായില്ലെങ്കില്‍ അവ ഉണ്ടാക്കപ്പെടേണ്ടിവരുന്നത് ഇതിനാലാണ്.
രാഷ്ട്രീയമായ സംവാദങ്ങള്‍ക്കും, ആരോഗ്യകമായ സാമൂഹ്യ ഇടപെടലുകള്‍ക്കും ദൃശ്യമാധ്യമങ്ങളില്‍ ക്രിയാത്മകമായ ഇടം അവശേഷിക്കുന്നുണ്ടെങ്കിലും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ പലപ്പോഴും അമ്മായിമ്മപ്പോരിന് സമാനമായ ഒച്ചപ്പാടുകളിലേക്ക് ന്യൂസ് റൂമുകളെ മാറ്റുന്നുണ്ടെന്നത് തിരിച്ചറിയേണ്ടതാണ്. വ്യക്തി കേന്ദ്രീകൃതമായ വിവാദങ്ങള്‍ക്കുപകരം തികച്ചും സാമൂഹ്യ പ്രശ്‌നങ്ങളിലൂന്നിയ ചര്‍ച്ചകളിലേക്ക് ചാനല്‍കാമറകളും, മൈക്കുകളും ശ്രദ്ധയുന്നേണ്ടതുണ്ട്. മാലയാളിയുടെ സാമൂഹ്യ പ്രതിബദ്ധതയും സാംസ്‌കാരിക ഉദ്ബുദ്ധതയും കരുത്തോടെ നില നില്‍ക്കാനാവശ്യമായ വഴികള്‍ തുറന്ന് വെക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ചര്‍ച്ചകള്‍ ഓരോന്നും മുന്‍ധാരണയിലല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടിയാകുകയും ചെയ്യുന്നിടത്താണ് വിവാദങ്ങള്‍ സാമൂഹ്യമാറ്റത്തിന് വഴിവെക്കുന്ന തരത്തിലായിമാറുക. എഴുതി തയ്യാറാക്കപ്പെട്ട തിരക്കഥകള്‍ക്കനുസരിച്ച് രൂപപ്പെടുന്ന വിവാദങ്ങള്‍ക്ക് ആയുസ്സോ, ഫലമോ ഉണ്ടാകില്ല. ഏതെങ്കിലും ചിലരെ കുത്തിനോവിക്കാനാകുമെന്നല്ലതെ.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്