ചുംബന സമരത്തിന്റെ സദാചാരം
 വൈവിധ്യങ്ങളും വിത്യസ്തങ്ങളുമായ ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ണാണ് കേരളത്തിന്റേത്. സമരപ്രക്ഷോപങ്ങള്‍ക്ക് ഫലപൂയിഷ്ടിയുള്ള മണ്ണായതുകൊണ്ടുതന്നെ പുതുതായി ആവിഷ്‌ക്കരിക്കപ്പെട്ട സമരമുറകളെല്ലാം മലയാളക്കരയില്‍ പ്രതീക്ഷിച്ചതിലും സ്വീകാര്യത നേടിയിരുന്നു. പാതയോരത്തെ കഞ്ഞിവെപ്പ് സമരം മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരം വരെ പ്രക്ഷോഭ മുറകളിലെ വൈവിധ്യങ്ങളുടെ നിരയില്‍പെടും. ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷനുകാര്‍ ചുംബനസമരവുമായി രംഗത്തെത്തിയതും വിത്യസ്തതയുടെ അകമ്പടിയോടെയാണ്. പരസ്പരമൊന്നുകെട്ടിപ്പിടിച്ചാല്‍, ഇഷ്ടം കൊടുമുടികയറുമ്പോഴൊന്ന് ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് കാണിച്ചുതരാന്‍ വേണ്ടിയായിരുന്നു പരസ്യമായി പരസ്പരം ചുംബിച്ചുകൊണ്ടുള്ള സമരരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെ നാലാള്‍ കൂടുന്നിടത്തുവെച്ച് കമിതാക്കളോ സുഹൃത്തുക്കളോ ചുംബനത്തിലൂടെയോ മറ്റോ സ്‌നേഹപ്രകടനം നടത്തുന്നത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള താക്കീതായി കൂടിയാണിത് മറൈന്‍ ഡ്രൈവില്‍ വെച്ചുള്ള ചുംബനസമരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് സദാചാരപോലീസിന്റെ വേഷമിട്ട് യുവമോര്‍ച്ചക്കാര്‍ നഗരമധ്യത്തിലെ ഹോട്ടല്‍ തല്ലിതകര്‍ത്തതാണ് ന്യൂജനറേഷനുകാരെ ചുംബന പ്രതിഷേധവുമായി രംഗത്തുവരാന്‍ നിര്‍ബന്ധിതമാക്കിയ പശ്ചാത്തലം.
പരസ്പരം ഇഷ്ടപ്പെടുന്നവര്‍ പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് സദാചാരത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് ചുംബനസമരത്തിന്റെ അണിയറ ശില്‍പികള്‍. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ തെറ്റോ കുറ്റമോ അല്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പരം പുണരാനും, നഗ്നമായി ആശ്ലേഷിക്കുവാനും നിയമം നല്‍കുന്ന സ്വാതന്ത്ര്യം നടുറോഡില്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായി വ്യാഖ്യാനിച്ചവരെ അവിവേകികളെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. എല്ലാം തുറന്ന് കാണിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണെന്ന് പറയുന്നവര്‍, മ്ലേച്ചമായത് കാണാതിരിക്കുവാനും സ്വാതന്ത്ര്യമുണ്ടെന്ന് മറന്നു പോകരുത്. കാഴ്ചകള്‍ അരോചകമാകുന്നുവെങ്കില്‍ കണ്ണടച്ചു നടന്നോളൂ വെന്ന തര്‍ക്കുത്തരമാണ് ന്യൂജനറേഷനുകാര്‍ മറുപടിയായി വിളമ്പാറുള്ളത്. സ്‌നേഹനിര്‍ഭരമായ രണ്ട് ശരീരങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിമയമാണ് ചുംബനമെന്ന് സമര്‍ത്ഥിച്ചുകൊണ്ട് കമിതാക്കള്‍ തമ്മിലുള്ള കൂടിചേരലിനെ സദാചാരമായി ചിത്രീകരിക്കാനാണ് ന്യൂജനറേഷനുകാര്‍ ശ്രമിക്കുന്നത്. മനസ്സുകള്‍ തമ്മിലുള്ള ഇഷ്ടമെന്നത് പ്രണയത്തിന്റെ പഴഞ്ചന്‍ വേര്‍ഷനായി കണക്കാക്കുന്ന ഇവര്‍ ചുംബനത്തേയും നഗ്നമായ കെട്ടിപുണരലിനേയും ദിവ്യമായ സ്‌നേഹത്തിന്റെ സൗന്ദര്യമായി മനസ്സിലാക്കിയിരിക്കുന്നു. അമ്മ കുഞ്ഞിന് നല്‍കുന്ന ചുംബനം എത്രമാത്രം പവിത്രമാണോ അതുപോലെയാണ് കമിതാക്കളും, സുഹൃത്തുക്കളും കൈമാറുന്ന ചുംബനമെന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു. അമ്മ കുഞ്ഞിന് നല്‍കുന്ന ചുംബനം അടച്ചിട്ട മുറിയില്‍ അല്ലാത്തതുകൊണ്ട് തന്നെ കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്നത് സദാചാരമാണെന്ന് ഇവര്‍ വാദിക്കുന്നു.
പാര്‍ക്കിലെ ഉല്ലാസ ബഞ്ചുകളിലോ, റെസ്‌റ്റോറന്റിലെ ഇരുണ്ട വെളിച്ചത്തിനടിയിലോ വെച്ച് കമിതാക്കള്‍ നടത്തുന്ന സ്‌നേഹ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുപോകുന്നതാണ് മാന്യതയെന്ന് ന്യൂജനറേഷനുകാര്‍ പറഞ്ഞുവെക്കുന്നു. ഇത്തരം കാഴ്ചകള്‍ അരോചകമായി തോന്നിയ ആരെങ്കിലും പ്രതികരിച്ചാല്‍ കുളിമുറിയില്‍ ഒളിഞ്ഞി നോക്കിയവന്റെ നിലവാരത്തോടെ കൈകാര്യം ചെയ്യാനാണ് ഇവര്‍ ശ്രമിക്കുക. സ്വാതന്ത്ര്യമെന്നതിനെ സദാചാരമായി വ്യാഖ്യാനിക്കുന്ന പ്രവണത പുതുതലമുറയിലെ അടിച്ചുപൊളിക്കാരില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് കാലമേറയായി. നിയമപരമായി അനുമതിയുള്ളത് സദാചാരവും ഇതിനെ എതിര്‍ക്കുന്നത് കാടത്തവുമെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്. ജീവിതം നിയന്ത്രണങ്ങളില്‍ പാഴാക്കാനുള്ളതല്ലെന്ന് വിശദീകരിക്കുന്ന ഇവര്‍ പ്രണയമെന്നതിനെ ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. ബാധ്യതകളും കെട്ടുപാടുകളുമില്ലാതെ സ്വാതന്ത്ര്യമായി വിഹരിക്കുവാനുള്ളതാണ് യുവത്വമെന്ന് ഇവര്‍ സ്വയം നിര്‍വ്വചിക്കുന്നു. ആണിന് ലഭിക്കുന്ന സ്വാതന്ത്ര്യവും നിര്‍ഭയത്വവും പെണ്ണിന് അനിവാര്യമായും ലഭിക്കണമെന്ന് ന്യൂജനറേഷനുകാര്‍ വാദിക്കുന്നു.
സ്ത്രീ സ്വാതന്ത്ര്യമെന്ന ഫെമിനിസ്റ്റ് ചിന്തയില്‍ നിന്ന് ഭിന്നമായി അടിച്ചുപൊളിയുടെ സ്വാതന്ത്ര്യമാണ് പുതുതലമുറയിലെ സ്ത്രീ സ്വതന്ത്ര്യവാദികള്‍ ആവശ്യപ്പെടുന്നത്. പകല്‍ മുഴുവന്‍ ബൈക്കില്‍ കറങ്ങിയും, സന്ധ്യാസമയങ്ങളില്‍ ഇരുണ്ടവെളിച്ചത്തില്‍ കമ്പനികൂടിയും, അര്‍ദ്ധരാത്രിയില്‍ തട്ട് കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും പകലിരവുകള്‍ തള്ളിനീക്കുന്ന സ്വാതന്ത്ര്യത്തിന്റെ സൈ്വര്യവിഹാരമാണ് ഇവര്‍ക്ക് മുന്നിലെ അജണ്ട. പാശ്ചാത്യലോകം  അനുഭവിച്ച് തീര്‍ന്ന് ചവറ്റുകൊട്ടയിലേക്കെറിഞ്ഞ രീതിയാണിത്. മധുരിക്കുന്ന ഓര്‍മ്മകളല്ല അവര്‍ക്കത് നല്‍കിയത്. മൂല്ല്യശോഷണത്തിന്റെയും ധാര്‍മ്മിക അധ:പതനത്തിന്റേയും വഴിയിലേക്ക് ഒരു തലമുറയെ തള്ളിവിടുന്നതിനാണ് വഴിവിട്ട സ്വാതന്ത്ര്യം അന്നാട്ടില്‍ വഴിവെച്ചത്. പാശ്ചാത്യ സംസ്‌കാരങ്ങളെ യാതൊരു വെട്ടിത്തിരുത്തലുകളുമില്ലാതെ അതേപടി സ്വീകരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ന്യൂജനറേഷനുകാര്‍ തങ്ങള്‍ക്ക് മാതൃകയാക്കുന്നവര്‍ക്കുണ്ടായ ദുര്‍ഗതി വായനക്കെടുക്കുന്നത് നന്നായിരിക്കും.
വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ സദാചാര വിരുദ്ധവും അധാര്‍മ്മികവുമാണെന്ന് പറയുന്നത് കാടത്തവും, അപരിഷ്‌കൃതവുമാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ ന്യൂജനറേഷനുകാരില്‍ കൂടിവരികയാണ്. സൗഹൃദത്തിന്റെ വിശാലത തിരിച്ചറിയാത്തതുകൊണ്ടാണ് പരസ്പരമുള്ള പങ്കിടലിനെ കുറ്റപ്പെടുത്തുന്നതെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. വയറ് നിറയെ ചോറ് തിന്നുന്നവനോട് ഭക്ഷണം വാങ്ങാന്‍ വകയില്ലാത്തവന് തോന്നുന്ന ചൊറിച്ചിലായാണ് ചുംബനസൗഹൃദങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ ഇവര്‍ താരതമ്യപ്പെടുത്തുന്നത്.
          അടുക്കും ചിട്ടയുമാണ് പെണ്ണിന്റെ സൗന്ദര്യമെന്ന് തിരിച്ചറിയാത്ത ന്യൂജനറേഷന്‍ തരുണീമണികള്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കഴിച്ചുകൊണ്ടിരിക്കുന്നത് തങ്ങള്‍ക്കുചാടാനുള്ള കുഴികള്‍ തന്നെയാണ്. പെണ്ണിന് ലഭിക്കേണ്ട സ്വാതന്ത്ര്യവും, മാന്യതയുമെന്നത് അഴിഞ്ഞാട്ടത്തിന്റെ ലൈസന്‍സല്ലെന്ന് തിരിച്ചറിയണം. ആണിനും, പെണ്ണിനുമുള്ള ജനിതകവും, ശാരീരികവുമായ വിത്യാസങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം സ്വാതന്ത്ര്യമെന്ന സദാചാരത്തിനുവേണ്ടിയുള്ള ഉറഞ്ഞു തുള്ളല്‍. പെണ്ണിനോട് മാന്യമായി വസ്ത്രം ധരിക്കണമെന്നു പറയുന്നതിനെ അടിമത്വം അടിച്ചേല്‍പ്പിക്കുന്നതിന്റെ സൂചകമായി കാണാതെ സുരക്ഷിതത്വത്തിന്റെ വഴിയടയാളമായി കാണാന്‍ തയ്യാറാകണം. ചുംബനത്തിന് വാത്സല്യത്തിന്റെ മധുരം മാത്രമല്ല, വഞ്ചനയുടെ കയ്പ്പും ചുരത്താനാകുമെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും.
നെഞ്ചിനകത്തെ പ്രണയം പ്രകടമാക്കാന്‍ വഴികള്‍ തേടിയിരുന്ന ഇന്നലെകളില്‍ നിന്നു മാറി ലൗ അറ്റ് സൈറ്റാണിന്ന്. വളക്കലും, ഒടിക്കലും ചവച്ച് തുപ്പലുമൊക്കെ ഞൊടിയിടയില്‍. കൂടെപോകാന്‍ പെണ്‍കിടാവിനോ, കൂട്ടികൊണ്ടുപോകാന്‍ ആണായിപിറന്നവനോ മടിയില്ല. ആളുകള്‍ കൂടുന്ന അങ്ങാടികളിലൂടെ കമിതാക്കളുടെ ബൈക്കിലുള്ള സഞ്ചാരം ഉള്‍ഗ്രാമങ്ങളില്‍ പോലും നിത്യ കാഴ്ച്ചയായിരിക്കുന്നു. ആണും, പെണ്ണും കാമ്പസിനകത്തോ, പുറത്തോ പരസ്പരം സംസാരിക്കുന്നത് മഹാ അത്ഭുതമായി കണ്ടിരുന്ന ഒരു സമൂഹത്തിന്റെ പിന്‍ മുറക്കാരാണിവരെന്നോര്‍ക്കണം. ആഴത്തിലുള്ള പ്രേമത്തിന്റെ വികൃതികള്‍ എല്‍. പി ക്ലാസുകളില്‍ പോലും സജീവതയോടെ പ്രകടമായിരിക്കുന്ന കാലമാണിത്. എനിക്കവളോട് ആത്മാര്‍ത്ഥമായ ഇഷ്ടമാണെന്ന് പറയുന്ന മൂന്നാം ക്ലാസുകാരന്‍ വരും തലമുറയുടെ പ്രതീകമായി മാറുകയാണ്. മാതാപിതാക്കളേയും കൂടെപിറപ്പുകളേയും സ്‌നേഹക്കൂടിന് പുറത്തിരുത്തി ബോയ്, ഗേള്‍ ഫ്രണ്ട് സംസ്‌ക്കാരത്തിലേക്ക് കിടക്കയില്‍ മൂത്രമൊഴിക്കുന്നതുപോലും നിലച്ചിട്ടില്ലാത്ത നമ്മുടെ കുരുന്നുകള്‍ ഒലിച്ചിറങ്ങുന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതല്ലേ. മൊട്ടില്‍ നിന്ന് വിടരുമ്പോള്‍ തന്നെ പ്രേമത്തിന്റേയും,സ്‌നേഹത്തിന്റേയും ഇഷ്ടത്തിന്റേയും മായാലോകം മനസ്സില്‍ വരച്ചുവെക്കാന്‍ മാത്രം അവരെ സ്വാധീനിക്കുന്ന ഘടകങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതല്ലേ. കാര്‍ട്ടൂണ്‍, പോഗോ ചാനലുകള്‍ മാറ്റി അനുരാഗ ഗാനങ്ങള്‍ ഇമവെട്ടാതെ കാണുന്ന മാനസികാവസ്ഥയിലേക്ക് പിഞ്ചുബാല്യങ്ങളെ വരെ പരിവര്‍ത്തിപ്പിച്ച ഘടകങ്ങളെ ഉള്‍കൊള്ളാതെ പോയാല്‍ നമ്മുക്ക് നഷ്ടമാകുന്നത് സ്വപ്നങ്ങളോടൊപ്പം ജീവിതം കൂടിയായിരിക്കും.
വീട്ടിലുള്ളവരേക്കാള്‍ ഏറെ നേരം സിനിമയും സീരിയലും കാണാന്‍ സമയം ചെലവിടുന്നവര്‍ ഇങ്ങിനെയൊക്കെ ആയില്ലങ്കിലേ അദ്ഭുതമുള്ളൂയെന്നതാണ് വാസ്തവം. സ്‌നേഹം, ഇഷ്ടം എന്നീ വികാരങ്ങള്‍ ബോയ് ഫ്രണ്ടിന് ഗേള്‍ ഫ്രണ്ടിനോടും അല്ലെങ്കില്‍ തിരിച്ചും തോന്നുന്ന കാര്യമായി മാത്രമാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു ഗേള്‍ ഫ്രണ്ടെങ്കിലുമില്ലെങ്കില്‍ താന്‍ പൂര്‍ണ്ണനാകില്ലെന്ന ചിന്തയിലാണ് ഓരോ കുരുന്നുകളും വളരുന്നത്. പക്വതയില്ലാത്ത പ്രായത്തില്‍ മൊട്ടിടുന്ന ഇത്തരം ചിന്തകള്‍ വന്‍ ദുരന്തത്തിലേക്കാണ് സമൂഹത്തെ ചെന്നെത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയിലേക്കെത്തിച്ചത് അപക്വമായ പ്രണയത്തിന്റെ വൈകാരിക പ്രകടനങ്ങളായിരുന്നു.
സ്‌നേഹവും, ഇഷ്ടവും ഏതൊരു തലമുറയുടേയും മനസ്സുകളില്‍ കുത്തി നിറയ്ക്കപ്പെടേണ്ടത് തന്നെയാണ്. ഇതിനെ കുറിച്ച് മനസ്സിലാക്കുന്നിടത്ത് വരുന്ന പാളിച്ചകള്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങള്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ അടിമേല്‍ മറിക്കുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌ക്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നടത്തുന്ന മിന്നല്‍ പരിശോധനയില്‍ പിടികൂടുന്ന ലൗ ലെറ്ററുകളുടെ എണ്ണം മാത്രം മതിയാകും തലക്കെട്ട് നല്‍കുന്ന ദുസ്സൂചനകളിലേക്ക് വിരല്‍ ചൂണ്ടാന്‍. ഇവരുടെ മൊബൈല്‍ ഫോണുകളിലെ എസ്. എം. എസ് പരിശോധിച്ചാല്‍ പ്രേമത്തിന് മറ്റെന്തെങ്കിലും പേര് ചൊല്ലി വിളിക്കേണ്ട ഗതികേടിലേക്കെത്തും.
ചുറ്റുപാടുകളും സാഹചര്യങ്ങളും നല്‍കുന്ന പാഠങ്ങള്‍ സമൂഹത്തെ എങ്ങിനെ പരിവര്‍ത്തിപ്പിക്കുമെന്നതാണ് ഇതിലൂടെയെല്ലാം പ്രകടമാകുന്നത്. നാല് വയസ്സുകാരിയെ പതിനാലുകാരന് ലൈംഗികമായി പീഡിപ്പിച്ചു കൊല്ലാന്‍ പ്രേരണയായത് ജ്യേഷ്ഠനോടൊപ്പം വീട്ടിലിരുന്ന് കണ്ട നീല ചിത്രം പ്രാവര്‍ത്തികമാക്കാനുള്ള ആവേശമായിരുന്നു. മരം ചുറ്റി പ്രണയത്തിനും, പരസ്പരം  സംസാരിക്കുമ്പോള്‍ മുട്ട് വിറക്കുന്ന കാലത്തിനും വിട നല്‍കി പ്രേമമെന്ന രണ്ടക്ഷരത്തെ അതിവേഗം ബഹുദൂരം മുന്നിലെത്തിച്ചതില്‍ പൈങ്കിളി സിനിമകള്‍ക്കും സീരിയലുകള്‍ക്കുമുള്ള പങ്ക് വിസ്മരിക്കാനാവില്ല. കാണുന്നതും കേള്‍ക്കുന്നതും പൈങ്കിളിയില്‍ മുക്കിയെടുത്തതാകുമ്പോള്‍ അനുഭവിക്കാന്‍ കൊതിക്കുന്നതും അത്തരത്തിലാകുമെന്നത് മനുഷ്യപ്രകൃതി.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്