സി പി എം ജില്ലാ സമ്മേളനം പൊന്നാനിയിലെത്തുമ്പോള്‍
മൂന്ന് പതിറ്റാണ്ടിന് ശേഷം ഇ കെ ഇമ്പിച്ചിബാവയുടെ മണ്ണിലേക്ക് സി പി എം ജില്ലാ സമ്മേളനം കടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ നടക്കുന്ന സമ്മേളനം എന്നതുകൊണ്ടു തന്നെ, രാഷ്ട്രീയവും സംഘടനാപരവുമായ പ്രാധാന്യം പൊന്നാനിയിലെ ജില്ലാ സമ്മേളനത്തിനുണ്ട്. സി പി എമ്മിന് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള മേഖലയെന്ന നിലയില്‍ പൊന്നാനിയിലെ സമ്മേളനം അവിസ്മരണീയവും ചരിത്രപരവുമാക്കി ജില്ലയിലെ സംഘടനാ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. സംഘടനക്കകത്തുണ്ടായിരുന്ന വിഭാഗീയതയുടെ വേലിയേറ്റത്തിന് വലിയൊരളവോളം ശമനമായ സാഹചര്യത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനമെന്ന പ്രത്യേകത കൂടി പൊന്നാനി സമ്മേളനത്തിനുണ്ട്.
    വ്യത്യസ്ഥമായ തൊഴിലാളി സമരങ്ങള്‍ക്ക് വേദിയായ പൊന്നാനിയുടെ മണ്ണ് സി പി എമ്മിന്റെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച പ്രദേശമാണ്. ഇമ്പിച്ചിബാവയുടെ പ്രവര്‍ത്തന മണ്ഡലമെന്നതുതന്നെയാണ് സി പി എമ്മിനു വളക്കൂറുള്ള മണ്ണായി പൊന്നാനിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അന്നും ഇന്നും മുസ്ലിം ലീഗിനൊപ്പം സഞ്ചരിച്ച ജില്ലയിലെ ഇതര പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊന്നാനിയെ എക്കാലത്തും ചുവപ്പിച്ചു നിര്‍ത്തിയത് ഇമ്പിച്ചിബാവ എന്ന വികാരമായിരുന്നു. 1970-കളില്‍ പൊന്നാനിയില്‍ നടന്ന ജില്ലാസമ്മേളനം ഇമ്പിച്ചിബാവ എന്ന ജില്ലാ സെക്രട്ടറിയുടെ കരുത്തും സംഘടനാ മികവും വെളിവാക്കുന്നതായിരുന്നു. പാലൊളിമുഹമ്മദ് കുട്ടിക്ക് ജില്ലയിലെ പാര്‍ട്ടിയുടെ നായകത്വം കൈമാറുന്ന വേദികൂടിയായിരുന്നു അന്ന് പൊന്നാനിയില്‍ നടന്ന ജില്ലാ സമ്മേളനം.
    ഇമ്പിച്ചിബാവയുടെ പിന്മുറക്കാരന്‍ എന്ന നിലയില്‍ പൊന്നാനിയുടെ സ്‌നേഹവാല്‍സല്ല്യങ്ങള്‍ ആവോളം നെഞ്ചേറ്റിയ പാലൊളി മുഹമ്മദ് കുട്ടിയുടെ നെടുനായകത്വത്തിലാണ് ജില്ലാ സമ്മേളനം വീണ്ടും പൊന്നാനിയിലേക്കെത്തുന്നതെന്നത് കാലത്തിന്റെ നിയോഗമായി വിലയിരുത്താം. സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള പൊന്നാനിയില്‍ സമ്മേളനം സംഘടിപ്പിക്കപ്പെടുമ്പോള്‍ രാഷ്ട്രീയവും, സംഘടനാപരവുമായ ഔട്ട് പുട്ട് ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധമുള്ള മുന്നേറ്റമാണ് പ്രഥമ അജണ്ടയായി പാര്‍ട്ടി മുന്നില്‍കാണുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുല്യതയില്ലാത്ത പരാജയം പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതിലുള്ള പലിശസഹിതമുള്ള തിരിച്ചുവരവാണ് ജില്ലാ സമ്മേളനത്തിന് തുടര്‍ച്ചയായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള പാര്‍ട്ടി മിഷനറിയുടെ സ്വച്ച് ഓണ്‍ വേദിയായും ജില്ലാ സമ്മേളനത്തെ നേതൃത്വം കാണുന്നു.
 പൊന്നാനി, തവനൂര്‍, നിയമസഭാ മണ്ഡലങ്ങളെ പാര്‍ട്ടിയുടെ കുത്തക സീറ്റുകളായി രൂപപ്പെടുത്തുവാനുള്ള  കര്‍മ്മപരിപാടിയും ജില്ലാ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. പൊന്നാനിയേയും, തവനൂരിനേയും വിജയം ഉറപ്പാക്കിയുള്ള സ്ഥിരം മണ്ഡലമാക്കി മാറ്റുന്നതോടൊപ്പം താനൂര്‍, തിരൂര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി സംവിധാനത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും സമ്മേളന ലക്ഷ്യമായി നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട നഗരസഭകളും, പഞ്ചായത്തുകളും തിരിച്ചുപിടിക്കാനുള്ള ആഹ്വാനവും മുന്നൊരുക്കവുമായി സമ്മേളനം മാറ്റപ്പെടും.
    പരിചയ സമ്പന്നര്‍ക്കൊപ്പം, യുവത്വത്തിന്റെ സാന്നിദ്ധ്യം കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നേതൃനിരയെയാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം പരിഗണിക്കുന്നത്. വിഭാഗീയതയുടെ നേരിയ സ്വാധീനം പോലും ജില്ലാ കമ്മറ്റിയുടെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കുന്നത്. ജില്ല സെക്രട്ടറിയേറ്റില്‍ ഔദ്യോഗികപക്ഷത്തോട് സമ്പൂര്‍ണ്ണമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ മതിയെന്ന നിര്‍ദ്ദേശവും സംസ്ഥാന കമ്മിറ്റി നല്‍കുന്നുണ്ട്. പൊന്നാനിയിലെ പാര്‍ട്ടി നേതൃനിരയില്‍ നിന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഇത്തവണ സാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയും സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കുണ്ട്.  എം എം നാരായണന്‍, ടി എം സിദ്ധീഖ് എന്നിവരെയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പ്രതീക്ഷിക്കുന്നത്.
    ജില്ലാ സമ്മേളനത്തോടെ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തില്‍ ശക്തമായ അടിത്തറ ഉറപ്പിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നീ പോഷക സംഘടനകളെ സജീവമായി രംഗത്തിറക്കാനും പ്രക്ഷോഭ വഴിയില്‍ പിടിച്ചു നിറുത്താനും ജില്ലാ സമ്മേളനത്തോടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സമര, പ്രക്ഷോഭ പരിപാടികളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഉള്‍വലിച്ചില്‍ പ്രവര്‍ത്തകരില്‍ നിന്നുള്ള വിമര്‍ശനത്തിനും, കൊഴിഞ്ഞുപോക്കിനും ഇടയാക്കിയ സാഹചര്യത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതലായി ഇടപെടേണ്ടതിന്റെ ആവശ്യകത പ്രഖ്യാപിക്കപ്പെടുന്ന വേദികൂടിയായി പൊന്നാനിയിലെ ജില്ലാസമ്മേളനം മാറും.
    സമ്മേളനത്തെ കൂടുതല്‍ ജനകീയവും, പൊന്നാനിയുടെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് മുതല്‍കൂട്ടാവുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നത്. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായിരിക്കും പ്രചരണ കാലയളവില്‍ നേതൃത്വവും പ്രവര്‍ത്തകരും സമയം കണ്ടെത്തുക. ഭൂരിപക്ഷ സമുദായത്തെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ സമ്മേളന പരിപാടികള്‍ ക്രമീകരിക്കാന്‍ നേതൃത്വം പ്രത്യേകം ശ്രദ്ധകാണിക്കും. സമ്മേളന അനുബന്ധപരിപാടികളിലും, സെമിനാര്‍, സിമ്പോസിയങ്ങളിലും ഇത്തരത്തിലുള്ള വിഷയങ്ങളായിരിക്കും ചര്‍ച്ചക്കെടുക്കുക.
    സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഏറെ സമയം ചെലവിടേണ്ടതില്ലാത്ത സമ്മേളനമായതുകൊണ്ടു തന്നെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. വിഭാഗീയതക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കികൊണ്ട് കരുത്തുറ്റ നേതൃത്വത്തെ രൂപപ്പെടുത്തുകയെന്ന ആലോചനകളാണ് സമ്മേളന കാലയളവ് വരെയുള്ള ദിവസങ്ങളില്‍ അണിയറയില്‍ നടക്കുക. ജില്ലാ കമ്മിറ്റി പിടിക്കുകയോ, നിലനിര്‍ത്തുകയോ ചെയ്യുകയെന്ന അജണ്ട ഔദ്യോഗിക പക്ഷത്തുനിന്നാല്ലാത്തതുകൊണ്ടു തന്നെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും തെരഞ്ഞടുപ്പിനും സമ്മേളനം വേദിയാകില്ലെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ വി എസ് പക്ഷത്തിന് കാര്യമായ സ്വാധീനമുണ്ടായിരുന്ന മണ്ണായിരുന്നു പൊന്നാനിയെങ്കില്‍ ജില്ലാ സമ്മേളനം മുന്നിലെത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ വിമത പക്ഷമെന്നത് നേര്‍ത്ത് ഇല്ലാതായികൊണ്ടിരിക്കുന്ന ഒന്നാണ്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്