പ്ലീസ് മാന്യമായി വസ്ത്രം ധരിക്കൂ.....

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തില്‍ വിവാദം ഉറപ്പാണ്. നന്നായി വസ്ത്രം ധരിക്കൂവെന്നത് വ്യക്തിത്വത്തിന് നേരെയുള്ള അവഹേളനവും, സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റവുമാണെന്ന തരത്തിലാണ് പ്രതികരണങ്ങള്‍ പുറത്തുവരാറുള്ളത്. ശരീരഭാഗങ്ങള്‍ പുറത്തുകാണിച്ചും, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങുന്നത് അവരുടെ തന്നെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന സദുദ്ദേശത്തോടെയാണ് പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങണമെന്ന് പലപ്പോഴും ആദരണീയ വ്യക്തിത്വങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാലിതിനെ പിച്ചിചീന്തുന്ന തരത്തില്‍ പ്രതിരോധിക്കാനും, കരണത്തടിക്കുന്ന രീതിയില്‍ ആക്ഷേപിക്കാനുമാണ് വനിത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ തുനിയാറുള്ളത്. ഗാനഗന്ധര്‍വനെന്ന വിശേഷണത്തോടെ മലയാളി നെഞ്ചിലേറ്റിയ മഹാനുഭാവന്റെ നാവില്‍ നിന്ന് മാന്യമായ വസ്ത്രധാരണത്തെ പരാമര്‍ശിക്കുന്ന തരത്തില്‍ പുറത്തുവന്ന വാക്കുകളോട് പ്രതികരിച്ച രീതി അതിരുകടന്നതും മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്നതുമായിരിക്കുന്നു.
    പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പൂര്‍ണ്ണമായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും, മാന്യവുമാണെന്ന വാദം സാംസ്‌ക്കാരികതയുടെ തെളിമ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാകില്ലെന്നത് തീര്‍ച്ചയാണ്. വസ്ത്രമെന്നത് സൗന്ദര്യ വര്‍ദ്ധകമെന്നതിലുപരി നഗ്നത മറക്കാനുള്ള കവചം കൂടിയാണ്. ശരീരത്തെ മറക്കാനുള്ളതെന്ന ഉത്തരവാദിത്വം വസ്ത്രത്തിനില്ലെന്ന മുദ്രാവാക്യമാണ് പുതിയ തലമുറ മുന്നോട്ട് വെക്കുന്നത്. മാന്യമായ വസ്ത്രധാരണം പെണ്ണിന് സുരക്ഷിതത്വ ഉറപ്പുനല്‍കുന്നുവെന്നത് അംഗീകരിക്കുവാനോ ഉള്‍കൊള്ളുവാനോ ഇവര്‍ തയ്യാറാല്ല. ആണിന് ഏത് തരം വസ്ത്രവും ധരിക്കാമെങ്കില്‍ പെണ്ണിനും അങ്ങിനെയാകാമെന്ന തുല്ല്യതാബോധമാണ് വസ്ത്രധാരണത്തിലെ അവിവേകങ്ങളെ പോലും ന്യായീകരിക്കാന്‍ പ്രേരണയാകുന്നത്.
    സംസ്‌ക്കാരവും, പാരമ്പര്യവും പിന്തുടരുകയെന്നത് പഴഞ്ചനായി കണക്കാക്കുന്നവരാണ് പുതിയ തലമുറ. പാശ്ചാത്യ രീതികളെ അതേപടി സ്വീകരിക്കുന്നതില്‍ തുറന്ന മനസ്സ് സ്വീകരിച്ച അവര്‍ വസ്ത്രധാരണ രീതിയെ വളരെ നേരത്തെ തന്നെ ശരീരത്തോട് ചേര്‍ത്തിരുന്നു. നമ്മുടെ സാഹചര്യങ്ങള്‍ക്കും, കാലാവസ്ഥക്കും അനുഗുണമാണോയെന്ന് നോക്കാതെ ഫാഷന്‍ ഭ്രമത്തില്‍ കണ്ണ് മൂടികെട്ടിയാണ് വസ്ത്ര സംസ്‌ക്കാരത്തെ ഇങ്ങോട്ടേക്ക് പറിച്ചുനട്ടത്. ശരീരം പൂര്‍ണ്ണമായും മറച്ചുകൊണ്ടുള്ള ഡ്രസ്സ്‌കോഡ് പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാനാണ് ഇവര്‍ തയ്യാറായത്. ആണും പെണ്ണും തമ്മിലുള്ള ഘടനപരവും സൃഷ്ടിപരവുമായ വിത്യാസങ്ങളെ ഉള്‍കൊള്ളാന്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ ആണിന്റെ വസ്ത്രധാരണ രീതിയെ അതേപടി സ്വീകരിക്കാന്‍ പെണ്ണിന് മടിയുണ്ടായില്ല. ജീന്‍സും, ടീഷര്‍ട്ടും,  ബനിയനും സ്ത്രീ വസ്ത്ര വിപണിയിലെ ആകര്‍ഷക ഇനങ്ങളായത് ഇപ്രകാരമാണ്.
      നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മാറത്തുനിന്ന് വസ്ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തില്‍ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനും എതിരെ 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കന്‍ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂര്‍   മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്ക്ക് മുകളില്‍ അനാവൃതങ്ങളായ സ്ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്.

എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം, ലോകം ഇന്റര്‍നെറ്റിന്റെ മായാവലയിലും മാധ്യമ വിസ്‌ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ മേല്‍മുണ്ട് സമരത്തിനു കടക വിരുദ്ധമായ 'മാറ് പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി' ന്യൂ യോര്‍ക്കില്‍ നടന്ന ഒരു സമരത്തിന്റെ വാര്‍ത്തയാണ് നാം വായിച്ചെടുത്തത്. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാല്‍ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹമാണ്; സമുഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.
ലോകത്തിന്റെ വിവിധ കോണുകളില്‍ നൂറ്റാണ്ടുകളുടെ ഇടയില്‍ സംഭവിച്ച മാറ്റം വളരെ വലുതാണ്. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീര്‍ച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കല്‍പ്പത്തില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയില്‍ അതിനെ കാണാന്‍ സ്ത്രീകള്‍ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയില്‍ വസ്ത്രം ധരിക്കുക വഴി നഗ്‌നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദര്‍ശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. നല്ല വസ്ത്ര ധാരണത്തിലൂടെ തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവപാഠം. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദര്‍ഭം എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണത്തെ നല്ലത്  ചീത്ത എന്ന് വേര്‍ തിരിക്കാന്‍.  ജോലിക്ക് ഇന്റര്‍വ്യൂവിനു പോകുമ്പോഴും പെണ്ണ്  കാണാന്‍ വരുമ്പോഴും അധികമാരും അവരവര്‍ക്ക് സൗകര്യമുള്ള ഡ്രസ്സ് ധരിക്കുന്നത് കാണാറില്ല. ആ സന്ദര്‍ഭങ്ങളിലെല്ലാം വിപ്ലവം മാറ്റി വച്ചിട്ടു, പൊതു സമൂഹം അംഗീകരിച്ച ഡ്രസ്സ് കോഡ് ആണ് പിന്തുടരാറുള്ളത്. വസ്ത്ര ധാരണം മേനി പ്രദര്‍ശനമോ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ പ്രദര്‍ശനമോ (അത് ഇറുകിയ വസ്ത്രങ്ങളില്‍ക്കൂടി ആയാല്‍ തന്നെയും) ആയാല്‍ അതിനെ മാന്യമായ നല്ല വസ്ത്ര ധാരണം എന്ന് പറയുന്നതെങ്ങിനെയാണ്. അങ്ങുമിങ്ങും എത്താത്ത, വശങ്ങള്‍ വെട്ടിക്കീറിയ ടോപ്പുകള്‍ ചെറു കാറ്റില്‍പ്പോലും ഉയര്‍ന്നു പൊങ്ങുമ്പോള്‍, തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങള്‍ നൂറു കണക്കിന് കാമക്കണ്ണുകള്‍ക്കും മൊബൈല്‍ ക്യാമറകള്‍ക്കും ഇരയാകുന്നുണ്ട് എന്നത് നഗ്‌നമായ ഒരു സത്യമായി അവശേഷിക്കുന്നു. മാലാഖമാരും മാന്യന്മാരും മാത്രമല്ല സമൂഹത്തില്‍ ഉള്ളത്; ഗോവിന്ദച്ചാമിമാരും സുലഭമാണ് എന്ന് ഓര്‍ക്കണം. പേപ്പട്ടികള്‍ വാഴുന്ന ഇടവഴികളില്‍ കാത്തിരിക്കുന്ന അപകടങ്ങളെ പറ്റി ഇവരെ ആര് പറഞ്ഞു മനസ്സിലാക്കും.
സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയ തോതില്‍ പുറത്തു വരുന്ന അവസരങ്ങളില്‍ എല്ലാം തന്നെ, വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നത് കേള്‍ക്കാം. എന്നാല്‍ 'ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ' എന്നുള്ള പ്രതിരോധങ്ങളും കേള്‍ക്കാറുണ്ട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് നേരെയും അതിക്രമം നടക്കുന്നില്ലേ എന്ന ചോദ്യവും കേള്‍ക്കാറുണ്ട്.  എന്നാല്‍; ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവര്‍ത്തനങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്. മുലപ്പാല്‍ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതല്‍ എണീറ്റ് നില്ക്കാന്‍ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതല്‍ മോര്‍ച്ചറിയില്‍ നിന്നും കല്ലറയില്‍ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂര്‍ത്തിക്കായുപയോഗിക്കുന്ന പുരുഷന്‍ എന്ന ജന്തുവിന്റെ മുന്‍പില്‍ ഉദ്ധീപകമായ വസ്ത്ര ധാരണം നടത്താതിരിക്കുന്നതാണ് ബുദ്ധി. കഠിന തപസ്സിലൂടെ ഇന്ദ്രിയനിഗ്രഹം സാധിച്ച, വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരമുനി പോലും മല്‍സ്യഗന്ധി എന്ന കടത്തുകാരിക്ക് മുന്‍പില്‍ ലൈംഗിക വികാരത്തിനു അടിപ്പെട്ട കാര്യം പുരാണങ്ങള്‍ പറയുന്നു.

ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും, പെണ്ണിന്റെ നഗ്‌നതയും അര്‍ദ്ധ നഗ്‌നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീയുടെ ഉയര്‍ച്ച താഴ്ചകളില്‍ ഉഴിഞ്ഞു നടക്കുന്നു. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളില്‍ സ്‌കാനിംഗ് നടത്തുമ്പോള്‍ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അവര്‍ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. എന്നാല്‍, ഈ നയനഭോഗം ആസ്വദിക്കുന്ന ഒരു ചെറിയ വിഭാഗവും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ അഴകളവുകള്‍ പുരുഷന്‍ കാണണമെന്നും കണ്ട് ആസ്വദിക്കണമെന്നും കരുതുന്നവര്‍. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ തേടുന്ന പുരുഷന്റെ ഈ ആര്‍ത്തിക്കണ്ണുകളെയും ഇവരുടെ ദര്‍ശനപാത്രങ്ങളാവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ചില തരുണീ മണികളുടെ സന്നദ്ധതയുമാണ് സിനിമ, സീരിയല്‍ പരസ്യം. മോഡലിംഗ് തുടങ്ങി ഒട്ടനവധി വ്യവസായങ്ങളുടെ നില നില്പ്പ്. പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന്  സ്ത്രീകള്‍ സ്വയം പ്രഖ്യാപിച്ചു നടക്കുന്നിടത്തോളം സ്ത്രീയായി പിറന്ന ഒരാള്‍ക്കും വിമോചനം ഉണ്ടാവില്ല. പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താന്‍ വിവസ്ത്രയാവുകയും അല്‍പ വസ്ത്ര ധാരിണിയാവുകയും ചെയ്യുന്ന സ്ത്രീ വിമോചിതയാവുന്നതിനു പകരം അവന്റെ അടിമ ആവുകയാണ്. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മോഡലുകളുടെ കൊലുന്നനെയുള്ള കാലുകളുടെയും മറ്റു അഴകളവുകളുടെയും ആകാരവടിവില്‍ ഭംഗിയോടെ ചേര്‍ന്നിരിക്കുന്ന ലെഗിന്‍സും ടൈറ്റ് ജീന്‍സും ടീ ഷര്‍ട്ടും, വ്യായാമമില്ലാതെ തിന്നുകൊഴുക്കുന്ന നമ്മുടെ ചേച്ചിമാരുടെ കാലുകളെയും മറ്റു ശരീര ഭാഗങ്ങളെയും ഒന്നാം തരം കാഴ്ചവസ്തുവാക്കി പൊതു നിരത്തിലേക്കിറങ്ങുമ്പോള്‍, അതിലേക്കു തന്നെ ആരെങ്കിലും തുറിച്ചു നോക്കിയാല്‍ പ്രതികരിക്കാന്‍ ആര്‍ക്കാണ് ധാര്‍മ്മികമായ അവകാശം. പുരുഷന്റെ കണ്ണിനു ഇമ്പമാകാനോ അവനെ ആകര്‍ഷിക്കാനോ വേണ്ടി സ്വന്തം മേനി പ്രദര്‍ശിപ്പിക്കുന്നതിനു പകരം സ്വന്തം ഐഡന്റിറ്റി മനസ്സിലാക്കി, താന്‍ വെറുമൊരു ചരക്കല്ല, മറിച്ചു പുരുഷന് തുല്യമായ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവിലേക്ക് സ്ത്രീ വളരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സ്ത്രീ വിമോചനം സാധ്യമാവൂ.







Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്