വേണം, അന്ധവിശ്വാസങ്ങള്‍ക്ക് നിയമത്തിന്റെ കുരുക്ക്
വിശ്വാസവും അന്ധവിശ്വാസവും ഏതെന്ന് വേര്‍ത്തിരിച്ച് നിറുത്താനാകാത്ത വിധം സമൂഹം ആത്മീയ ചൂഷണങ്ങളില്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ചൂഷണാധിഷ്ഠിത അന്ധവിശ്വാസങ്ങളെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ കവചത്തിനകത്ത് കുടിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ നിന്ന് പിഴുതെറിയപ്പെട്ട വികല വിശ്വാസങ്ങള്‍ അക്കാദമിക് പരിവേഷത്തോടെ തിരിച്ചുവരുന്നുവെന്ന ഗൗരവസാഹചര്യവും നിലനില്‍ക്കുന്നു. ഉദ്ബുദ്ധരും സാക്ഷരരും നിറഞ്ഞു നില്‍ക്കുന്ന മലയാളക്കരയില്‍ മന്ത്രവാദത്തിന്റെ പേരില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നത് തുടര്‍ സംഭവങ്ങളായി മാറുകയാണ്. നവോത്ഥാന ചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്നവരില്‍ പോലും കൊടിയ അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുകയാണ്. മതപ്രമാണങ്ങള്‍ക്കും, മനുഷ്യയുക്തിക്കും വഴങ്ങാത്ത തരത്തില്‍ വിശ്വാസങ്ങളിലൂന്നിയ അവിവേകങ്ങള്‍ വേരുറപ്പോടെ മുളച്ചുപൊന്തുമ്പോള്‍ നവോത്ഥാനത്തിന്റേയും, പരിഷ്‌കരണത്തിന്റേയും തുടര്‍ച്ചയാണ് കേരളീയ സമൂഹം തേടുന്നത്. ബോധവല്‍ക്കരണമെന്ന പൊതു പ്രചരണ രീതിക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ടെന്ന വിലയിരുത്തലാണ് പൊതുവായുള്ളത്.
    സാധാരണ പൗരന്റെ ജീവനും, സമ്പത്തും, പ്രതീക്ഷയും ചൂഷണം ചെയ്തും, കൊള്ളയടിച്ചും തടിച്ചുകൊഴുക്കുന്ന കേന്ദ്രങ്ങളെ നിയമത്തിന്റെ ചങ്ങലകെട്ടുകളില്‍ ബന്ധിക്കാനുള്ള ഉത്തരവാദിത്വം അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. വിശ്വാസമെന്ന പ്രതിരോധമുയര്‍ത്തി തോന്നിവാസത്തിന്റെ ഭൂമിക തീര്‍ക്കുന്ന അന്ധവിശ്വാസ കേന്ദ്രങ്ങളെ തിരിച്ചറിയാനും കണ്ടെത്താനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇല്ലാതെ പോകുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ ആലയമായി മാറുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊല്ലത്തും, പൊന്നാനിയിലും, പത്തനംതിട്ടയിലും മന്ത്രവാദത്തിന്റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെട്ട യുവതികള്‍ മലയാളക്കരയുടെ ഉദ്ബുദ്ധതക്കുമുന്നിലാണ് ചോദ്യ ചിഹ്നമുയര്‍ത്തുന്നത്.
    നവോത്ഥാനമെന്നത് ചരിത്രം പോലെ കാത്തുസൂക്ഷിക്കുവാനോ നിരന്തര ഉരുവിടലിലൂടെ ആത്മസംതൃപ്തി അടയുവാനുള്ളതോ അല്ല. മറിച്ച് കാലത്തിനനുസരിച്ച് നിരന്തര പ്രകൃയയായി കൊണ്ടു നടക്കേണ്ട ഒന്നാണ്. മുഴുവന്‍ സമൂഹങ്ങളിലും നടന്ന നവോത്ഥാനത്തിന്റെയും, പരിഷ്‌ക്കരണത്തിന്റെയും പരിണിതിയാണ് കേരളം സ്വായത്തമാക്കിയ ഉദ്ബുദ്ധുത. അന്ധവിശ്വാസങ്ങളും, ജാതീയവും, അയിത്തവുമെല്ലാം നാടുകടത്തപ്പെടുകയും മനുഷ്യനെന്ന കേന്ദ്രബിന്ദുവിനെ പൊതുവായി രൂപപ്പെടുത്തുകയും ചെയ്തിടത്താണ് മലയാളി മാറ്റങ്ങളുടെ ഔന്നിധ്യം കരഗതമാക്കിയത്. അന്ധവിശ്വാസങ്ങളെ മാറ്റി നിര്‍ത്തുവാനും, തെളിമയുള്ള വിശ്വാസത്തെ സ്വീകരിക്കുവാനും തയ്യാറായപ്പോള്‍ മലയാളി മാറ്റങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു. മാറ്റങ്ങളുടെ പടവുകള്‍ പിന്നിട്ടിടത്തുനിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കുഴിച്ചുമൂടപ്പെട്ട അന്ധവിശ്വാസങ്ങള്‍ പുനരാഗമനത്തിനുള്ള വഴിതേടിയത്.
    അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം, നിയമവും, ഭരണകൂടവും കൈകോര്‍ക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ തണലും, നിയമത്തിന്റെ അസാന്നിധ്യവും ആത്മീയ ചൂഷണ കേന്ദ്രങ്ങളെ പടുവൃക്ഷമാക്കി വളര്‍ത്തുന്നതില്‍ വളമായി മാറുന്നുണ്ട്. ആള്‍ദൈവ ആശ്രമങ്ങള്‍ ചൂഷണ കേന്ദ്രങ്ങളാണെന്ന ബോധ്യവും, തിരിച്ചറിവുമുണ്ടായിരുന്നിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ ശേഷിയില്ലാത്തവരായി ഭരണകൂടം മാറുന്നുവെന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ആള്‍ ദൈവങ്ങള്‍ക്കെതിരെ നടന്ന നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയാണുണ്ടായത്. അന്ന് പോലീസ് നടപടിക്ക് വിധേയരാക്കപ്പെട്ട ആള്‍ദൈവങ്ങളും, ആശ്രമങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആഗോള ലിമിറ്റഡ് കമ്പനികളാണ് പല ആള്‍ ദൈവ ആശ്രമങ്ങളും. ആക്ഷേപങ്ങളും, വെളിപ്പെടുത്തലുകളും വസ്തുനിഷ്ടമായി പുറത്ത് വന്നാല്‍ പോലും നിയമത്തിന്റെ വിലങ്ങുകള്‍ ഇവര്‍ക്ക് മുന്നില്‍ അണിയിക്കപ്പെടില്ലെന്നത് പലവട്ടം കണ്ടറിഞ്ഞതാണ്.
     ആത്മീയ ചൂഷണങ്ങളെ തട്ടിപ്പിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന് പകരം വിശ്വാസത്തിന്റെ ഭാഗമായി മാറ്റാന്‍ ഭരണകൂടങ്ങള്‍ അറിഞ്ഞോ, അറിയാതെയോ ശ്രമം നടത്തുന്നുണ്ടെന്നത് കാണാതെ പോകേണ്ടതല്ല. പൊതു സമൂഹം മുഴുവന്‍ തട്ടിപ്പാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനെ ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ സൈ്വര്യ വിഹാരത്തിന് സാഹചര്യമൊരുക്കികൊടുക്കുന്ന കൂട്ടിക്കൊടുപ്പുക്കാരന്റെ റോളാണ് പലപ്പോഴും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കെതിരെ ഭരണകൂടം സ്വീകരിക്കാറുള്ളത്. മദ്യപിക്കുന്ന സമൂഹത്തിന്റെ വലിപ്പും വലുതായിട്ടും മദ്യനിരോധനത്തിന് സര്‍ക്കാര്‍ തയ്യാറായത് മദ്യം സാമൂഹ്യ തിന്മയാണെന്ന ബോധ്യത്തില്‍ നിന്നായിരുന്നു. ഇതേ രീതിയില്‍ പരിഗണിക്കപ്പെടേണ്ടതാണ് അന്ധവിശ്വാസവും. ആത്മീയ ചൂഷണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിപേരുണ്ടാകാമെങ്കിലും ഇത്തരം കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹ്യ വിപത്ത് മുന്നില്‍വെച്ചായിരിക്കണം നടപടികള്‍ക്കുള്ള ആര്‍ജ്ജവം ഭരണകൂടം കാണിക്കേണ്ടത്. പ്രമാണബദ്ധമായ വിശ്വാസവും, ചൂഷണ വ്യവസ്ഥയില്‍ ഊന്നിയ വിശ്വാസവും തിരിച്ചറിയാന്‍ വിശ്വാസികളുടെ സഹായവും സഹകരണവും ഭരണകൂടങ്ങള്‍ക്ക് തേടാവുന്നതാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം സംഘടനകള്‍ രംഗത്തുള്ള സാഹചര്യത്തില്‍ ഇതിനെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. മഹാരാഷ്ട്രയില്‍ ഇത്തരമൊരു നിയമം നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ ഗുണകരമായ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായി ഇതിനെ മാതൃകയാക്കാവുന്നതാണ്.
    വിശ്വാസം മനുഷ്യന് കരുത്തും ആശ്വാസവും നിര്‍ഭയത്വവും നല്‍കേണ്ട സ്വകാര്യതയാണ്. പ്രപഞ്ചസ്രഷ്ടാവുമായി ഇടയാളന്മാരുടെ സാന്നിദ്ധ്യമോ, പണത്തിന്റെ ചലനമോ ഇല്ലാത്തതാണ് തനിമയാര്‍ന്ന വിശ്വാസം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്മാര്‍ ഇരിപ്പിടമുറപ്പിക്കുകയും, ദൈവസാമിപ്യത്തിന് പണമൊഴുക്കേണ്ടത് അനിവാര്യമായിത്തീരുകയും ചെയ്തിടത്താണ് അന്ധവിശ്വാസങ്ങള്‍ മുളപൊട്ടുന്നത്. അദ്യശ്യവും അഭൗതികവുമായ ജീവികളെ കുറിച്ചുള്ള വിചാരങ്ങളും പരിഹാരങ്ങളുമാണ് ആത്മീയ ചൂഷകരുടെ പ്രധാന വിഭവം. ജിന്നും, കുട്ടിച്ചാത്തനും, കരിങ്കാളിയും, ഒടിയനും, സാത്താനുമൊക്കെ ചൂഷകരുടെ കേന്ദ്രങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. വയറുവേദനയും, തലകറക്കവും, അപസ്മാരവും അദൃശ്യജീവികളുടെ കടന്നുകയറ്റം മൂലമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. സാധാരണ എം ബി ബി എസ് ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന മൂന്ന് ദിവസത്തെ ഗുളികകൊണ്ട് പരിഹരിക്കപ്പെടാവുന്ന അസുഖത്തെ സങ്കീര്‍ണ്ണതകളുടെ ലോകത്തേക്ക് തള്ളിവിടുന്നവര്‍ ആധുനികതയുടെ പരമോന്നതിയില്‍ എത്തി നില്‍ക്കുന്ന ഇക്കാലത്തുമുണ്ടെന്നതാണ് തുടര്‍ച്ചയായി നടക്കുന്ന മന്ത്രവാദ മരണങ്ങള്‍ വ്യക്തമാക്കുന്നത്.
    ജീവിതത്തില്‍ സൗഭാഗ്യങ്ങളും, സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാക്കാന്‍ സഹായകമെന്ന പ്രചരണത്തോടെ നാടുനീളെ നടന്ന് മോതിരം വില്‍ക്കുന്നയാളോട് നിങ്ങളുടെ കഷ്ടതകള്‍ തീര്‍ക്കാന്‍ ഈ മോതിരം നിങ്ങളെ സഹായിക്കുന്നില്ലെയെന്ന് തിരിച്ചുചോദിക്കാന്‍ കഴിയാത്ത വിധം വിശ്വാസകാര്യങ്ങളില്‍ വിവേകം നഷ്ടപ്പെട്ടവരായി മലയാളി മാറിയിട്ടുണ്ട്. അഭൗതികവും, ആത്മീയവുമായ കാര്യങ്ങളില്‍ പറയുന്നതും, കേള്‍ക്കുന്നതും അതേപടി വിശ്വസിക്കുന്നവരായി സമൂഹം മാറിയിടത്താണ് തട്ടിപ്പുസംഘങ്ങള്‍ തങ്ങളുടെ മേല്‍ക്കൂര വിശാലമാക്കിയത്.
    ആത്മീയ തട്ടിപ്പുകാരില്‍ ഹൈടെക് സ്‌പെഷ്യാലിറ്റീസ് മുതല്‍ കൂതറ സംഘങ്ങള്‍ വരെ അനുയായികളുടെ സമൃദ്ധിയില്‍ വേരുറപ്പിക്കുമ്പോള്‍ ഇവരെ പിടിച്ചുകെട്ടാന്‍ നിയമത്തിന്റെ വഴിയില്‍ ഒന്നുമില്ലായെന്ന് ജനാധിപത്യ വ്യവസ്ഥയില്‍ ഭൂഷണമല്ല. പ്രലോഭനങ്ങളില്‍ വഴുതി തട്ടിപ്പുകാര്‍ക്ക് കീഴ്‌പ്പെടുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കത്തിന് ഇടമില്ലാത്തതുകൊണ്ട് തന്നെ അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും കൂച്ച് വിലങ്ങ് കൂടിയെ തീരു. നവോത്ഥാന മനസ്സുകളുടെ കൂട്ടായ്മയോടൊപ്പം നിയമത്തിന്റെയും ഭരണവ്യവസ്ഥയുടേയും പിന്തുണ അനിവാര്യമാണ്. കൂട്ടായ്മയോടെയുള്ള മുന്നേറ്റം മലീമസമാകുന്ന വിശ്വാസരംഗത്തെ തെളിമയുള്ളതാക്കാനും നവോത്ഥാനത്തിന്റെ തിളക്കം തിരിച്ചുപിടിക്കാനും സഹായിക്കും.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്