ഇസ്‌ലാമിലെ വിവാഹവും, 
മുസ്‌ലിം കല്ല്യാണങ്ങളും
                                                                                                                        വിവാഹത്തെ പവിത്രതയോടെയും അതിപ്രാധാന്യത്തോടെയും കാണുന്ന മതമാണ് ഇസ്‌ലാം. വിവാഹ പ്രായമെത്തിയ യുവതി, യുവാക്കളെ കല്ല്യാണം കഴിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നുകൂടി ഇസ്‌ലാം കല്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന വിവാഹത്തിന്റെ ഘടന ലളിതവും സുന്ദരവുമാണ്. ബാധ്യതകളോ കെട്ടുപാടുകളോ ഇല്ലാത്ത ലളിതമായ ചടങ്ങിനെയാണ് ഇസ്‌ലാം വിവാഹമെന്ന് നാമകരണം ചെയ്തത്. വിവാഹത്തിന്റെ മര്‍മ്മ പ്രധാനമായ നിഖാഹിനെ വിശേഷിപ്പിച്ചത് ബലിഷ്ടമായ കരാര്‍ എന്നായിരുന്നു. ഒരേ സമയം ലളിതവും അതോടൊപ്പം അതീവ പ്രാധാന്യമര്‍ഹിക്കുന്നതുമാണ് ഇസ്‌ലാമിലെ വിവാഹം. വരന്‍ രണ്ട് സാക്ഷികള്‍, വധുവിന്റെ രക്ഷാധികാരി ഇവയുണ്ടെങ്കില്‍ വിവാഹം സാധുവായി.
    പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുയായി സഅദ് ഇബ്‌നു അബീവഖാസിന്റെ വിവാഹം സംബന്ധിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഇസ്‌ലാമിലെ വിവാഹം എപ്രകാരമാണെന്ന് വ്യക്തമാക്കുന്നു. സുഗന്ധം പൂശിയ നിലയില്‍ കാണപ്പെട്ട സഅദിനോട് എന്താണ് വിശേഷമെന്ന് അന്വേഷിച്ച പ്രവാചകന് എന്റെ വിവാഹം ഇന്നലെയായിരുന്നുവെന്ന മറുപടിയാണ് സഅദ് ഇബ്‌നു അബിവഖാസ് നല്‍കിയത്. വിവാഹം കഴിഞ്ഞെങ്കില്‍ ഒരാടിനെ അറുത്ത് സദ്യയൊരുക്കൂവെന്ന ആശംസയും പ്രവാചകന്‍ തിരിച്ചു നല്‍കി. മുഴുവന്‍ സമയവും ഒപ്പമുണ്ടാകുന്ന അനുയായിയുടെ വിവാഹം പ്രവാചകന്‍ അറിയാതെ പോയത് ഇസ്‌ലാമിലെ വിവാഹം ഇത്രമേല്‍ ലളിതമാണെന്ന് പഠിപ്പിക്കപ്പെട്ടതിനാലായിരുന്നു.
    വരന്‍ വിവാഹമൂല്യം നല്‍കി വധുവിനെ സ്വീകരിക്കുകയെന്നത് ഇസ്‌ലാമില്‍ നിയമമാണ്. പരിധി നിശ്ചയിക്കാത്തവിധം വിവാഹമൂല്യം എത്രവരെ ഉയര്‍ത്താനും വരന് അനുമതിയുണ്ട്. വിവാഹമൂല്യമായി നല്‍കാന്‍ ഒന്നുമില്ലാത്തവന് സ്വായത്തമാക്കിയ വിജ്ഞാനം പകരം നല്‍കിയും വിവാഹിതനാകാമെന്ന ഇളവ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. യാതൊരുവിധ അടിച്ചേല്‍പ്പിക്കലുമില്ലാതെ സമൂഹത്തിന്റെ ഗുണകരമായ നിലനില്‍പ്പിനുള്ള അനിവാര്യതയെന്ന നിലയില്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന പവിത്രതയെ മുസ്‌ലിം സമൂഹം എത്രമാത്രം ആഭാസകരമാക്കിയിരിക്കുന്നുവെന്ന് ഓരോ കല്ല്യാണങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്കും ബോധ്യമാകുന്നതാണ്. ആടംബരവും, പൊങ്ങച്ചവും വിവാഹത്തെ ഒരുഭാഗത്ത് സങ്കീര്‍ണ്ണമാക്കുമ്പോള്‍ ആഭാസവും കോമാളിത്തരങ്ങളും മറുഭാഗത്ത് കല്ല്യാണചടങ്ങുകളെ വികൃതമാക്കുന്നു. അതിരുകളില്ലാത്ത ആഘോഷ വേദികളായി വിവാഹ ചടങ്ങുകളെ മാറ്റിയപ്പോള്‍ പുണ്യവും, ധര്‍മ്മവും വഴിയിലുപേക്ഷിക്കപ്പെട്ടു.
      ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിം കല്ല്യാണങ്ങളാണ് മാമാങ്ക സമാനമായി അവതരിപ്പിക്കപ്പെടുന്നത്. ജീവിത സമ്പാദ്യം മുഴുവന്‍ മണിക്കൂറുകള്‍ നീളുന്ന ചടങ്ങിനായി മാറ്റിവെക്കുന്ന തരത്തില്‍ സാമ്പത്തിക കുത്തഴിച്ചിലിന്റേയും, പൊങ്ങച്ചത്തിന്റെയും വ്യക്താക്കളായി ലളിത വിവാഹത്തിന്റെ പ്രചാരകര്‍ മാറിയെന്നത് ഗൗരവതരവും അതോടൊപ്പം ദയനീയവുമാണ്. കല്ല്യണ നിശ്ചയം നിശ്ചയിക്കാനുള്ള ഇരുത്തം മുതല്‍ ആഴ്ചകള്‍ നീളുന്ന സല്‍ക്കാരം വരെയുള്ള സുദീര്‍ഘമായ വിവാഹപരിപാടികളോരോന്നിലും പൊങ്ങച്ചത്തിന്റെ കൂട്ടുക്കറികളാണ് വിളമ്പുന്നത്. ആഡംബര വിവാഹങ്ങളുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളും മത വിരുദ്ധതയും പലവട്ടം ചൂണ്ടിക്കാണിക്കപ്പെടുകയും, ബോധവല്‍ക്കരണത്തിന്റെ മാറാപ്പുകള്‍ കെട്ടഴിക്കപ്പെടുകയും ചെയ്തിട്ടും ഒരിഞ്ചു പോലും പിന്നോട്ട് പോകാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ആഡംബരത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ തേടി മുസ്‌ലിം സമുദായം ബഹുദൂരം മുന്നോട്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.
    വിവാഹം ലളിതമാക്കണമെന്ന മതത്തിന്റെ താത്പര്യത്തേക്കാള്‍ ആളുകള്‍ എന്ത് കരുതുമെന്ന ഈഗോയാണ് ആഡംബര വിവാഹങ്ങളെ കയ്യൊഴിയാതിരിക്കാന്‍ പ്രേരണയാകുന്നത്. വിവാഹം ലളിതമാക്കുകയെന്നതാണ് മാതൃക പരമെന്ന് ബോധ്യമായിട്ടും ഇതിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത തരത്തില്‍ മുസ്‌ലിം സമൂഹം ബന്ധനസ്ഥമായിട്ടുണ്ടെങ്കില്‍ പൊങ്ങച്ചം ഈ സമൂഹത്തെ വരിഞ്ഞുമുറുക്കപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കമ്പോള വത്കരണത്തിന്റെ ഭാഗമായുള്ള മികച്ച ഉത്പന്നമായി വിവാഹവും ആഡംബര ചടങ്ങുകളും മാറ്റപ്പെട്ടിടത്ത് ഇരകളുടെ സ്ഥാനത്താണ് ആഡംബര വിവാഹക്കാരെന്ന് തിരിച്ചറിയാതെ പോകരുത്.
    വിവാഹം ലളിതമാക്കണമെന്ന സാമൂഹ്യ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ കാരണങ്ങളും, ന്യായങ്ങളും കണ്ടെത്തുന്നത് നമ്മള്‍ തന്നെയാണ്. കുടുംബബന്ധം പുലര്‍ത്തല്‍, സൗഹൃദം പുതുക്കല്‍, ഭക്ഷണം നല്‍കി പുണ്യം നേടല്‍, തുടങ്ങീ നല്ലകാര്യങ്ങളാണ് ആര്‍ഭാട വിവാഹം നടത്തുന്നവര്‍ കണ്ടെത്തുന്ന ന്യയങ്ങള്‍. പോരാത്തതിന് നമ്മളൊക്കെ എത്ര കല്ല്യാണത്തിന് പോയി ഭക്ഷണം കഴിച്ചതാ, നമ്മുടെ മക്കളുടെ വിവാഹത്തിന് അവരെയൊക്കെ വിളിക്കാതിരിക്കുന്നത് ശരിയല്ലല്ലോ എന്നീ ചോദ്യങ്ങള്‍ വിവാഹം ലളിതമാക്കാതിരിക്കാനുള്ള കാരണങ്ങളായി സ്വയം ഉയര്‍ത്തുന്നു.
    മതം നിരോധിച്ചതും, വിലക്കപ്പെട്ടതുമായ കാര്യങ്ങളാണ് ആര്‍ഭാട വിവാഹങ്ങളില്‍ ചമയങ്ങളില്ലാതെ പ്രകടമാക്കുന്നത്.  വിവാഹിതരായാല്‍ ഏറ്റവും അടുത്തവര്‍ക്കിടയില്‍ സദ്യയുണ്ടാക്കി വിളമ്പണമെന്ന പുണ്യത്തെ ഭക്ഷണ മേളയാക്കി മാറ്റുകയാണുണ്ടായത്. ഒരു മണി ഭക്ഷണം പോലും അനാവശ്യമായി കളയെരുതെന്ന മതഅധ്യാപനത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് ഓരോ വിവാഹ റിസപ്ഷനുകളും കടന്നുപോകുന്നത്. ഒരു മനുഷ്യന് കഴിക്കാവുന്നതിന്റെ സകല പരിതികള്‍ക്കപ്പുറത്ത് വിളമ്പുന്ന വിഭവങ്ങളുടെ പൊങ്ങച്ചവേദിയാണ് ഒട്ടുമിക്ക കല്ല്യാണങ്ങളും.
    വിവാഹ രംഗത്തെ ധൂര്‍ത്തും ആര്‍ഭാടവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഘട്ടത്തില്‍ ഇതിനെതിരെയുള്ള ധര്‍മ്മ സമരത്തിന് സമയം അതിക്രമിച്ചിരിക്കുന്നു. ആരെങ്കിലും ആര്‍ഭാട, സ്ത്രീധനരഹിത വിവാഹത്തിനെതിരെ പ്രചരണം പ്രഖ്യാപിച്ചാല്‍ അവരെ പിന്തുണക്കേണ്ടതിനു പകരം അവരില്‍പ്പെട്ട ആരെങ്കിലും നടത്തുന്ന അടിപൊളി കല്ല്യാണങ്ങളെ അവസരത്തിലും അനവസരത്തിലും ചര്‍ച്ചചെയ്ത് വെടക്കാക്കി തകര്‍ക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. പൊതു നന്മകാണാതെ വിമര്‍ശനവുമായി ഇറങ്ങുന്നവര്‍ സാമൂഹ്യ പരിഷ്‌കരണം ആഗ്രഹിക്കാത്ത സാമൂഹ്യ ദ്രോഹികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആര്‍ഭാട വിവാഹത്തിനെതിരെ പ്രചരണ രംഗത്തിറങ്ങുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നമ്മളൊക്കെ നടത്തിയ വിവാഹത്തിന്റെ കണക്കെടുക്കാതെ ഇനി നാം എങ്ങിനെ വിവാഹം നടത്തണമെന്ന് ചിന്തിക്കുകയാണ് ചെയ്യേണ്ടത്.
    ആര്‍ഭാട വിവാഹത്തില്‍ നിന്നുമാറി ലളിത  വിവാഹത്തിന് സന്നദ്ധമാകുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് സ്വീകാര്യതയും പ്രശംസയുമായിരിക്കും തിരിച്ചു കിട്ടുകയെന്നതില്‍ തര്‍ക്കമില്ല. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം സാവന്‍കുട്ടി അദ്ദേഹത്തിന്റെ മകളുടെ വിവാഹം ലളിതമായാണ് നടത്തിയത്. വളരെയടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ക്ഷണിതാക്കള്‍. മറ്റു സുഹൃത്തുക്കള്‍ക്കും, സ്‌നേഹിതര്‍ക്കും വിവരമറിയിച്ച് പ്രാര്‍ത്ഥിക്കണമെന്നപേക്ഷയോടെ കത്തയച്ചു. ഈ കത്ത് കിട്ടിയ എ പി ഉദയഭാനു തന്റെ ജീവിതത്തില്‍ ലഭിച്ച ഏറെ വിലപ്പെട്ട കത്താണിതെന്നാണ് ഒരു ലേഖനത്തില്‍ എടുത്തുപറഞ്ഞത്.
    ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ സമ്പൂര്‍ണ്ണമായി അകറ്റി നിറുത്തി മാത്രമേ വിവാഹ ധൂര്‍ത്തിനെതിരായ നിര്‍ദ്ദേശങ്ങള്‍ എഴുതപ്പെടാനാകൂ. വിവാഹം ലളിതമാക്കാന്‍ പുതിയ കാലത്തിനിണങ്ങിയ പ്രായോഗിക നടപടികള്‍ ചിലത് ഇവിടെ കുറിക്കുന്നു.
*    വിവാഹം ഒരു ചടങ്ങില്‍ അവസാനിപ്പിക്കുക. നിശ്ചയം നിശ്ചയിക്കല്‍, നിശ്ചയം, നിക്കാഹ്, കല്ല്യാണം, പുതുക്കം, സല്‍ക്കാരം എന്നിങ്ങനെ കുറെ പരിപാടികള്‍ നടത്തുന്നത് ഒഴിവാക്കുക.
*    വിവാഹത്തിന് അനിവാര്യമായും പങ്കെടുക്കേണ്ടത് വരനും, പെണ്ണിന്റെ രക്ഷിതാവും രണ്ട് സാക്ഷികളുമാണ്. ഒരു സന്തോഷ വേളയെന്ന നിലയില്‍ അതിലേക്ക് വളരെയടുത്ത കുടുംബങ്ങളേയും ബന്ധുക്കളേയും, അയല്‍വാസികളേയും മാത്രം ക്ഷണിക്കുക. നാട്ടിലെ മുഴുവന്‍ ആളുകളേയും, സുഹൃത്തുക്കളേയും ക്ഷണിക്കുന്ന ഇന്നത്തെ രീതി വേണ്ടെന്നു വെക്കുക.
*      ഭക്ഷണത്തിന്റെ വൈവിധ്യവും ആധിക്യവും വേണ്ടെന്നുവെക്കുക. ഭക്ഷണത്തിന്റെ ധാരാളിത്തം ഒഴിവാക്കാനായി ലഘുഭക്ഷണം മതിയാവുന്ന കാലത്ത് പത്തുമണി, വൈകുന്നേരം നാലുമണി തുടങ്ങി സമയത്ത് വിവാഹം നടത്തുക.
*    ചെലവ് കുറക്കാനായി ഒരു തറവാട്ടിലോ, പ്രദേശത്തോ നടക്കുന്ന ഒന്നിലധികം വിവാഹങ്ങള്‍ ഒരു സ്ഥലത്ത് വെച്ച് നടത്തുക. ഇതിനായി പള്ളി, മദ്രസ, സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുക. ചിലവേറിയ ഓഡിറ്റോറിയങ്ങള്‍ ഒഴിവാക്കുക.
*    ജീവിതത്തില്‍ പിന്നീടൊരിക്കലും ഉപയോഗിക്കാത്ത വിവാഹ വസ്ത്രങ്ങള്‍ക്കായി  വലിയ പണം ചെലവാക്കാതിരിക്കുക. വീണ്ടും ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ മാത്രം വിവാഹ വസ്ത്രമായി വാങ്ങുക. ഡെക്കറേഷനുകളും, ഇവന്റ് മാനേജ്‌മെന്റ് സാന്നിദ്ധ്യവും ഒഴിവാക്കുക.
*     കുറച്ചുപേരെ മാത്രം ക്ഷണിച്ച് വരുത്തി ആദരിച്ച് ഇരുത്തി ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുക.
നിന്നും, നടന്നും ക്യൂനിന്നും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണമെങ്കില്‍ ആളുകളുടെ എണ്ണം കുറച്ചെ മതിയാകൂ.
*    സമൂഹത്തില്‍ പണക്കാര്‍ക്കും ഉന്നതന്‍മാര്‍ക്കും വലിയ സ്വാധീനമുള്ളതിനാല്‍ അവര്‍ ലളിത വിവാഹം നടത്തി മാതൃക കാണിച്ചാല്‍ അത് വളരെ പെട്ടന്ന് സാധാരണക്കാരില്‍ സ്വാധീനമുണ്ടാക്കും. അതിനാല്‍ പ്രമുഖ വ്യക്തികള്‍ ലളിത വിവാഹം നടത്തി മാതൃകകാണിക്കണം.


Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്