മദ്യം എന്തുകൊണ്ട് നിരോധിക്കാതിരിക്കണം
സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന സുന്ദരമായ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് കാലെടുത്തുവെച്ചിരിക്കുകയാണ്. സാമൂഹികവും വ്യക്തിപരവുമായ മുഴുവന്‍ അപചയങ്ങള്‍ക്കും കാരണമായ മദ്യത്തിനെതിരെയുള്ള നടപടിയെന്നത് സര്‍വ്വാംഗീകൃതമാകുമെന്നതില്‍ തര്‍ക്കമില്ല. മദ്യത്തിന്റെ വിപത്ത് പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നവരാണ് കേരളത്തിലെ ഓരോ കുടുംബങ്ങളുമെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. ആളോഹരി മദ്യ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് മദ്യവിപത്തിന്റെ വ്യാപ്തിയെ പ്രകടമാക്കുന്നതാണ്. സമൂഹത്തെ മുഴുവന്‍ ഗ്രസിക്കുന്ന അത്യാപത്തായി മദ്യം മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ശിക്ഷണ നടപടിയില്‍ കുറഞ്ഞൊന്നും ഇതര്‍ഹിക്കുന്നില്ല. സമ്പൂര്‍ണ്ണ നിരോധനമെന്ന സാങ്കേതികത്വത്തിനൊപ്പം സ്വയം വര്‍ജ്ജനമെന്ന മാനസിക മാറ്റം സാധ്യമാക്കാനായാല്‍ മദ്യത്തെ നമ്മുടെ മണ്ണില്‍ നിന്ന് എന്നെന്നേക്കുമായി തൂത്തെറിയാനാകും.
    മദ്യഉപയോഗം പാരമ്യത്തിലെത്തി നില്‍ക്കുന്ന ഒരു സമൂഹത്തിനിടയില്‍ സമ്പൂര്‍ണ്ണ നിരോധനം സാധ്യമാക്കുമ്പോഴുണ്ടാകുന്ന പ്രായോഗികത ആലോചനകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതാണ്. മദ്യപാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള മുഴുവന്‍ സാഹചര്യങ്ങളും തുറന്നുവെക്കപ്പെട്ട സമൂഹത്തിലേക്ക് നിരോധനം കടന്നുവരുമ്പോഴുള്ള പ്രതികൂലാവസ്ഥകള്‍ കാണാതെ പോകേണ്ടതല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പോടെ മദ്യപാനത്തിനുള്ള പ്രോത്‌സാഹനം വേണ്ടുവോളം നല്‍കിയ വ്യവസ്ഥക്ക് അതിവേഗം മാറ്റം നിര്‍ദ്ദേശിക്കപ്പെടേണ്ടതുണ്ട്. പുതിയൊരു മദ്യപാനി ഇനിയങ്ങോട്ട് സൃഷ്ടിക്കപ്പെടില്ലെന്ന നിശ്ചയദാര്‍ഡ്യത്തോടെ ഇടപെടുമ്പോള്‍ മാത്രമെ സമ്പൂര്‍ണ്ണ നിരോധനമെന്ന സമസ്യ സാക്ഷാത്കാരത്തിന്റെ പടവുകള്‍ താണ്ടുകയുള്ളൂ. ഇതോടൊപ്പം നിലവിലെ മദ്യപാനികളില്‍ മദ്യാസക്തി കുറച്ചുകൊണ്ടുവരാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടണം.

  മദ്യത്തിനുള്ള പ്രചാരവും, അംഗീകാരവും വ്യക്തികളിലും കുടുംബങ്ങളിലും ഇതുപോലെ ഉണ്ടായ കാലഘട്ടം ഇതിനുമുമ്പുണ്ടായിട്ടില്ല. മദ്യപാനമെന്നത് മോശപ്പെട്ട ഏര്‍പ്പാടല്ലെന്ന് വ്യാഖ്യാനിക്കപ്പെട്ട സമൂഹത്തിലേക്കാണ് നിരോധനത്തിന്റെ ചങ്ങലകെട്ടുകള്‍ വരിഞ്ഞിടുന്നത്. മദ്യഉപയോഗത്തെ നിസാരവത്കരിക്കുകയും ന്യായികരിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയിടത്തുനിന്നാണ് കേരളം കുടിയന്മാരുടെ സ്വന്തം നാടായി മാറ്റപ്പെട്ടത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശരാശരി മദ്യ ഉപയോഗം കേരളത്തിലാണെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ മൊത്തം മദ്യവില്പനയുടെ 16 ശതമാനവും നടക്കുന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി കടുത്ത മദ്യപാനശീലമുള്ള പഞ്ചാബിനേയും, ഹരിയാനയേയും കേരളം കടത്തിവെട്ടിയിട്ടുണ്ട്. ശരാശരി 11 ലിറ്റര്‍ മദ്യം ഒരു വര്‍ഷം മലയാളി അകത്താക്കുന്നുവെന്നത് കണക്കിന്റെ പിന്‍ബലമുള്ള വസ്തുത.
    കേരളത്തിലെ മദ്യപാനികളില്‍ ഏറെയും 35 വയസ്സില്‍ താഴെയുള്ളവരാണ്. ഭൂരിപക്ഷവും പ്ലസ്ടു കാലഘട്ടത്തില്‍ ഈ ശീലം തുടങ്ങിയവരാണത്രെ. മദ്യം കഴിച്ചു തുടങ്ങുന്ന പ്രായം 10 വര്‍ഷം മുമ്പ് 17 വയസ്സായിരുന്നുവെങ്കില്‍ ഇപ്പോഴത് 12 വയസ്സിലേക്കെത്തിയിരിക്കുന്നുവെന്ന സര്‍വ്വെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുവ മദ്യപാനികളില്‍ 42 ശതമാനം കടുത്ത മദ്യപാനികളാണത്രെ. അതായത് 180 മി.ലി മദ്യത്തില്‍ കൂടുതല്‍ ഒറ്റയിരിപ്പിന് അകത്താക്കുന്നവര്‍. കടുത്ത മദ്യപാനികളില്‍ ഏറെ പേരും രാവിലെ മുതല്‍ തന്നെ മദ്യം കഴിക്കുന്നവരാണ്. തികച്ചും അസാധാരണ പ്രവര്‍ത്തിയായാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. കേരളത്തിലെ മൊത്തം മദ്യപാനികളില്‍ 58 ശതമാനം കടുത്ത തോതില്‍ മദ്യം കഴിക്കുന്നവരാണ്. അവരിലേറെയും ദിവസക്കൂലിക്കാരായ തൊഴിലാളികളാണ്. മിതമായ തോതില്‍ മദ്യം കഴിക്കുന്ന 34 ശതമാനം വരും. മദ്യപാനത്തെ സാമൂഹികമായോ, സാംസ്‌കാരികമായോ തെറ്റ് കാണാത്തവരാണ് മദ്യപാനികളില്‍ 83 ശതമാനവും. ആഘോഷ ദിവസങ്ങളും, ഒഴിവുദിവസവും മദ്യത്തോടൊപ്പം ചിലവിടുകയെന്നത് വിനോദത്തിന്റെ ഭാഗമാക്കി മാറ്റിയിട്ട് കാലമേറെയായി.
    ഇത്തരത്തില്‍ മദ്യത്തോട് ഇഴപിരിയാനാകാത്ത വിധം അടുത്ത സമൂഹത്തിലേക്കാണ് മഹത്തായ വിപ്ലവം എന്ന നിലയില്‍ മദ്യനിരോധനം കടന്നു വരുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന വാഗ്ദാനം ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുള്ള തുടര്‍ നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍കൊണ്ടുമാത്രം മദ്യനിരോധനമെന്ന ആശയത്തെ സമ്പൂര്‍ണ്ണതയിലേക്ക് എത്തിക്കാനാകില്ല. ഇതിന് പൊതു സമൂഹത്തില്‍ നിര്‍ലോഭമായ പിന്തുണ അനിവാര്യമാണ്. ഓരോ മദ്യപാനിയേയും മദ്യ വര്‍ജ്ജനമെന്ന സ്വയം ചിന്തയിലേക്ക് എത്തിക്കാന്‍ ക്രിയാത്മകവും, വിവേക പൂര്‍ണ്ണവുമായ ഇടപെടല്‍ കൂടിയേ തീരു. ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും, നവോത്ഥാന സംരംഭങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അതി നിര്‍ണ്ണായകമായ പങ്കാണ് ഇക്കാര്യത്തില്‍ വഹിക്കാനുള്ളത്. ആല്‍ക്കഹോള്‍ അനോനിമസ് ഗ്രൂപ്പുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. മദ്യം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന സാഹചര്യത്തെ മദ്യ വര്‍ജ്ജനത്തിന്റെ വഴിയായി മാറ്റാന്‍ സമൂഹത്തിനാകണം. നിരോധനത്തിന്റെ മറവില്‍ രൂപപ്പെടുന്ന ബദലുകളെ പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ദുരന്തമായിരിക്കും പരിണിതഫലമായെത്തുക. മദ്യമുണ്ടാക്കുന്ന വിടവ് പരിഹരിക്കാന്‍ കടന്നുവരുന്നവരെ പടിവാതിലില്‍ തന്നെ തടയാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ടത് സമൂഹം ബാധ്യതയായി ഏറ്റെടുത്തേ മതിയാകൂ.
  മദ്യം തിന്മയും, ദുരിതവുമല്ലാതെ മറ്റൊന്നും തിരിച്ചു നല്‍കുന്നില്ലെന്നിരിക്കെ എന്തിന് ഇത്രയും കാലം അനുമതി നല്‍കിയെന്ന ചോദ്യമാണ് സമ്പൂര്‍ണ്ണ നിരോധനത്തിലേക്ക് കാലെടുത്തുവെച്ച ഈ ഘട്ടത്തിലും സംശയമായി അവശേഷിക്കുന്നത്. കുടുംബങ്ങള്‍ പിച്ചിചീന്തിയ, പിതാവ് ജീവിച്ചിരുന്നിട്ടും മക്കളെ അനാഥരാക്കിയ, കുറ്റകൃത്യങ്ങള്‍ക്കും, അരും കൊലകള്‍ക്കും വഴിയൊരുക്കിയ, ഉറ്റവരും ഉടയവരും വിത്യാസമില്ലാതെ ലൈംഗികാതിക്രമങ്ങള്‍ പതിവായ ഘട്ടങ്ങളിലൊക്കെയും പ്രതിസ്ഥാനത്ത് നിശബ്ദ സാന്നിധ്യമായി മദ്യമുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍ തടയിടാനെന്ന പേരില്‍ നിയമങ്ങള്‍ കര്‍ശനമാക്കപ്പെടുമ്പോഴെല്ലാം മദ്യം അതില്‍ നിന്ന് വഴുതിമാറപ്പെട്ടു. മനുഷ്യന്‍ അതിക്രമങ്ങള്‍ക്കുള്ള ഉപകരണം മാത്രമാണെന്ന തിരിച്ചറിവ് വൈകിയതാവാം അക്രമ ചിന്തകളെ പരിപോഷിപ്പിച്ച മദ്യത്തിനെതിരായ നടപടികള്‍ ഇത്രയും കാലം ശീതീകരിണിയിലാകാന്‍ കാരണമായത്. മദ്യം വിചാരണക്ക് വിധേയമാക്കപ്പെടുന്ന ഈ ഘട്ടത്തില്‍ സാക്ഷി പറയാന്‍ ഓരോരുത്തരും സന്നദ്ധമാകണം. സമൂഹം ആകെയും ഇരകളായതിനാല്‍ ഇപ്പോഴത്തെ ചങ്ങലകെട്ടിനകത്തു നിന്ന് മദ്യമെന്ന കൊടും കുറ്റവാളിക്ക് രക്ഷപ്പെടാനാകില്ലെന്ന് പ്രത്യാശിക്കാം.
    സമൂഹത്തിന്റെ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ ആയതുകൊണ്ടു തന്നെ മദ്യനിരോധനത്തിന്റെ ഘട്ടങ്ങളില്‍ മതസംഘടനകള്‍ക്ക് ഏറെ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്താനാകും. മദ്യം സര്‍വ്വ തിന്മകളുടെ മാതാവാണെന്നും, മദ്യപാനി സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുന്നില്ലെന്നും, മദ്യപാനം അസുര ചെയ്തിയാണെന്നും പഠിപ്പിക്കുന്ന മതങ്ങള്‍ തങ്ങളുടെ അനുയായികളെ മദ്യമുക്തിയുടെ വഴിയില്‍ നടത്താന്‍ പരിവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. ഓരോ ന്യൂഇയറും മദ്യപാനത്തിന്റെ ആദ്യാക്ഷരം കുറിക്കുന്ന സുദിനങ്ങളായി മാറ്റുന്നുവെങ്കില്‍ ഇതിനെ തടയിടാന്‍ രക്ഷിതാക്കളുടെ ജാഗ്രതകൊണ്ട് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായുള്ള കണക്കുകള്‍ രക്ഷിതാക്കളുടേയും, അധ്യാപകരുടേയും ഇടപെടലിന്റെ അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു.
    സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റികളും, കായിക താരങ്ങളും മദ്യത്തിന്റെ അംബാസിഡര്‍മാരും, പ്രയോക്താക്കളുമായി മാറുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വയം തയ്യാറാകുകയോ, സര്‍ക്കാര്‍ ഇടപെട്ട് വിലക്കുകയോ ചെയ്യേണ്ടതുണ്ട്. മദ്യാസക്തിയും മദ്യപാനത്തോടുള്ള താത്പര്യവും ഉണ്ടാക്കുന്ന തരത്തില്‍ സിനിമയില്‍ മദ്യപാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. കടുത്ത മദ്യാസക്തിക്കെതിരെയെന്ന സന്ദേശവുമായി ചിത്രീകരിച്ച സിനിമയില്‍ സൂപ്പര്‍താരം മദ്യപിക്കുമ്പോള്‍ ഗ്ലാസ് പിടിച്ചിരുന്ന ശൈലിയിലാണ് സിനിമക്കുശേഷം തങ്ങള്‍ മദ്യപിച്ചതെന്ന് പരസ്യമായി വെളിപ്പെടുത്തിയ യുവതലമുറയുടെ നാടാണ് നമുക്ക് മുന്നിലുള്ളതെന്ന ബോധ്യം കടുത്ത നിയന്ത്രണങ്ങളുടെ അനിവാര്യതയെയാണ് ബോധ്യപ്പെടുത്തുന്നത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്