മതം, സമൂഹം, ബഹുസ്വരത
  വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഭിന്ന സംസ്‌ക്കാരമുള്‍കൊണ്ടവര്‍ ഒരുമിച്ച് താമസിക്കുന്ന ഭൂപ്രദേശമെന്നതാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടതാക്കുത്. ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഓരോ സംസ്ഥാനങ്ങളിലും നാനാത്വം പ്രകടമാണ്. വ്യത്യസ്ത മതങ്ങളെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവരാണ് ബഹുഭൂരിപക്ഷം ആളുകളും. മതമില്ലാത്തവരും, ഭൗതിക വാദികളും ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പോലും ഉണ്ടാകില്ല. എല്ലാ മതങ്ങളേയും ഒരു പോലെ ഉള്‍കൊളളുന്നു എതുകൊണ്ടുതന്നെ മതവിശ്വാസികള്‍ക്കിടിയല്‍ ഉണ്ടാകേണ്ട വിശാലതയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ബഹുസ്വര സമൂഹങ്ങളില്‍ വ്യത്യസ്തമാകേണ്ടതുണ്ട്.
    മതങ്ങള്‍ക്കിടയില്‍ വൈരവും അകള്‍ച്ചയും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഇതിന്റെ ഗുരുതര പ്രതിഫലനം അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇടയുളള ഇടമാണ് ബഹുമത സമൂഹങ്ങള്‍. മതവിശ്വാസികള്‍ക്കിടയില്‍ മതത്തെ കുറിച്ചുളള അജ്ഞത വര്‍ധിക്കുകയും, ഇതര മതങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുത്തിനിറക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മതങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കപ്പെടേണ്ട അനിവാര്യത വര്‍ധിക്കുകയാണ്. എനിക്ക് എന്റെ മതം, നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് വിശദീകരിക്കപ്പെടുമ്പോള്‍ തന്നെ എന്റെ മതം നിങ്ങള്‍ക്ക് എതിരല്ലെന്നതുകൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മതത്തിന്റെ അന്തസത്തയും അകകാമ്പും മറച്ചുവെച്ച് പ്രകടനപരതയിലും ചൂഷണ വ്യവസ്ഥയിലും വിശ്വാസത്തെ തളച്ചിട്ട് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ വിറ്റൊഴിക്കുന്ന ഭൂമികയായി മതങ്ങള്‍ മാറ്റപ്പെടുമ്പോള്‍ ഉളളുതുറന്നുളള പരസ്പര ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വേദികള്‍ തുറക്കപ്പെടേണ്ടത് അനിവാര്യമാവുകയാണ്. ഇന്റര്‍ ഫെയ്ത്ത് ഡയലോഗുകളും, ബഹുമത സമ്മേളനങ്ങളും മതങ്ങള്‍ക്കിടയിലെ സുതാര്യത തുറന്നുവെക്കുന്നതിനും തെറ്റിദ്ധാരണകളെ വലിയൊരളവോളം ഇല്ലാതാക്കുന്നതിനും സഹായകമാകും.
    മതം ജീവിത വഴിയാണെന്ന് ഉള്‍ക്കൊളളുമ്പോള്‍ തന്നെ ഇതിനെ പഠന വിധേമാക്കുന്നതില്‍ വിശ്വാസികള്‍ കാണിക്കുന്ന ഉള്‍ വലിച്ചില്‍ മതത്തെ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നു. മതം സ്‌ഫോടനാത്മകമാണെന്ന തരത്തില്‍ ചിത്രീകരിക്കുകയും പരസ്പരം മതം പറയേണ്ടതില്ലെന്ന ധാരണയെ അംഗീകരിക്കുകയും ചെയ്യുന്നു. ചര്‍ച്ചകളില്‍ മതം കടന്നുവന്നാല്‍ അകല്‍ച്ചക്കും വിദ്വേഷത്തിനും വഴിയൊരുക്കപ്പെടുമെന്ന് അലിഖിതമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മതത്തെ വിവേകമെന്നതിനപ്പുറത്ത് വികാരമായി സമീപിക്കാന്‍ തുടങ്ങിയിടത്തു നിന്നാകാം ഇത്തരമൊരു സമീപനം രൂപപ്പെട്ടത്. ദിവസത്തിന്റെ ഏറിയ ഭാഗവും ചെലവിടുന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ വിലക്കപ്പെടുന്ന ഏക ചര്‍ച്ച ഒരു പക്ഷെ മതം മാത്രമായിരിക്കും. നാലാള്‍ കൂടുന്ന ചായ കടകളിലും വായനശാലകളിലും രാഷ്ട്രീയം പോലെ തന്നെ മതവും പറയരുതെന്ന ബോര്‍ഡുകള്‍ ഉയരുന്നത് ആരോഗ്യപരമായ അന്തരീക്ഷം തുടര്‍ന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ്.
         ഓരോരുത്തരും ഉള്‍ക്കൊളളുന്ന മതം മറ്റുളളവര്‍ക്ക് അരോചകവും സ്‌ഫോടനാത്മകവുമാകുന്ന തരത്തില്‍ മനസ്സുകള്‍ വൈകാരിതക്ക് അടിമപ്പെട്ടുവെങ്കില്‍ അത് തീക്ഷണമായ സാമൂഹ്യ സാഹചര്യങ്ങളെ വിളിച്ചുവരുത്തുന്നുവെന്നാണ് കണക്കാക്കപ്പെടേണ്ടത്. ഇതര മതസ്ഥനെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ ഉളളിലൊതുക്കി കൊണ്ടാണ് മതത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ പലപ്പോഴും മാറ്റിവെക്കപ്പെടുന്നത്. ഏതൊരു വിശേഷവും പരസ്പരം പങ്കുവെക്കപ്പെടുന്നിടത്ത് മതം മാത്രം മാറ്റി നിര്‍ത്തപ്പെടുന്നുവെങ്കില്‍ കുഴപ്പം മതത്തിനാണോ, മതത്തെക്കുറിച്ചുളള സന്ദേശങ്ങള്‍ കേള്‍ക്കുന്നവര്‍ക്കാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മതങ്ങളെ പരസ്പരം അകറ്റി നിര്‍ത്തിയും, വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകിയും ഭിന്നതയുടെ ഭൂമിക സൃഷ്ടിക്കാന്‍ ഓടി നടക്കുവര്‍ക്ക് മുന്നില്‍ വിവേകത്തിന്റെ പ്രതിരോധം തീര്‍ക്കാന്‍ മതങ്ങള്‍ തമ്മിലുളള പൊതു ചര്‍ച്ചയിലൂടെ സാധ്യമാകും. മാനവികതയുടെയും നവോത്ഥാനത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കപ്പെടുന്ന മതങ്ങളെ വിദ്വേഷത്തിന്റെയും ചൂഷണത്തിന്റെയും ഉപാധികളാക്കുന്നവര്‍ മനുഷ്യനെന്ന കേന്ദ്ര ബിന്ദുവിനെയാണ് വിസ്മരിക്കുന്നത്. മതങ്ങളെ വിശാലതയോടെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുന്ന വേദികളെ ഇവര്‍ ഭയപ്പെടുകയും ചെയ്യുന്നു. മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടിയല്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്നതിലൂടെ നടപ്പാക്കപ്പെടുന്ന അജണ്ടകള്‍ ഓരോന്നും അസഹിഷ്ണുതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട വികല ചിന്തകളാണ്.
    മതത്തെ പേടിപ്പെടുത്തുന്ന ഒന്നായി ചിത്രീകരിച്ചുകൊണ്ട് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ കോര്‍പ്പറേറ്റുകളും, ഫാസിസ്റ്റുകളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭിന്നിപ്പിച്ച് കാര്യങ്ങള്‍ നേടുകയെന്നതാണ് ഇവരുടെ താല്‍പ്പര്യം. മതം സാധ്യമാക്കുന്ന പരിവര്‍ത്തനത്തെ തടഞ്ഞു നിര്‍ത്താന്‍ മതങ്ങളെ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. ഇതര മതസ്ഥനേയും, മതത്തെയും കുറിച്ച് വെറുപ്പോടെയുളള ചിത്രം മനസ്സുകളില്‍ നിലനിര്‍ത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ തന്ത്രത്തിന് മുന്നില്‍ മതങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഭാഗവാക്കാകുന്നുവെന്ന് കരുതാതിരിക്കാന്‍ ആകില്ല. മതം വിശാലതയുടെ സുന്ദരമായ അധ്യാപനങ്ങളാണ് പഠിപ്പിക്കപ്പെടുന്നതെന്ന് ഓരോരുത്തരും പ്രഖ്യാപാക്കാറുണ്ടെങ്കിലും ഇത് ഒന്നിച്ചിരുന്ന് പറയാനും, വിശകലനങ്ങള്‍ക്ക് വിധേയമാക്കാനും കഴിയാതെ പോകുകയോ, പിശുക്ക് കാണിക്കുകയോ ചെയ്യുന്നത് സ്വന്തത്തിലെ വിശാലത കുറവുകൊണ്ടാണോ എന്ന് സ്വയം വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് പിരിയുന്നതില്‍ മത സൗഹാര്‍ദ്ദത്തിന്റെ മാതൃകകള്‍ കണ്ടിരുന്നതില്‍ നിന്ന് മാറി ഒരു പടികൂടി ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മത നേതൃത്വം തയ്യാറാകേണ്ട കാലഘട്ടമാണ് മുന്നിലുളളത്. പ്രമാണങ്ങളെ ഉദ്ധരിച്ചുകൊണ്ട് മത അധ്യാപനങ്ങള്‍ സമൂഹത്തിന് മുന്നില്‍ പൊതു ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ടുകൊണ്ടായിരിക്കണം ഇത്. കലഹവും, അകല്‍ച്ചയും, അസഹിഷ്ണുതയും, വിദ്വേഷവും ഒരു മതവും പഠിപ്പിക്കുന്നില്ലെന്ന ബോധ്യം സമൂഹത്തിന് മുന്നില്‍ വരച്ചു കാണിക്കുന്ന തരത്തിലുളള മതകീയ വേദികള്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറുകയാണ്. ലോകം നേരിടുന്ന പൊതു പ്രശ്‌നങ്ങളുടെ പരിഹാരം നിര്‍ദ്ദേശിക്കപ്പെടുതിനായി മഹാ നഗരങ്ങളില്‍ ഇന്റര്‍ ഫെയ്ത്ത് കോഫറന്‍സുകള്‍ വല്ലപ്പോഴുമൊക്കെ വിളിച്ചു ചേര്‍ക്കപ്പെടാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മത പണ്ഡിതര്‍ ഒരുമിച്ചിരുന്ന് തങ്ങളുടെ വേദ ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന അധ്യാപനങ്ങള്‍ പരിഹാര മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നു. പൊതു സമൂഹം തിന്മയായി അംഗീകരിച്ച വിഷയങ്ങളിലാണ് ഇത്തരത്തിലുളള ബഹുമത ചര്‍ച്ചകള്‍ നടക്കാറുളളത്. ഇത് മഹാനഗരങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. അഭിപ്രായ ഭിന്നതയുളള വിഷയങ്ങള്‍ വരെ ഇത്തരം വേദികളില്‍ പൊതു ചര്‍ച്ചയാകണം. മനുഷ്യന്‍ എന്ന കേന്ദ്രബിന്ദുവിനെ കാണാതെയും ഉള്‍ക്കൊളളാതെയും ഒരു മതത്തിനും നിലനില്‍ക്കാനാവില്ലെന്ന സന്ദേശം കൈമാറപ്പെടാന്‍ ഇത്തരം വേദികള്‍ സഹായകമാകും.
    മത അധ്യാപനം എന്നത് സ്ഥാപനവല്‍ക്കരിക്കപ്പെടുകയും എതിരാളികളെ അടിച്ച് ഇരുത്താനുളള പരിശീലന ശാലയായി മാറുകയും ചെയ്ത ഇക്കാലത്ത് സമൂഹ നന്മ മുന്നില്‍ കണ്ടുളള വിശാലമായ സംവാദങ്ങള്‍ ഏതു രൂപത്തില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുമെന്നതില്‍ ആശങ്കകള്‍ ഉണ്ടാകാം. എല്ലാ മതവിഭാഗങ്ങളിലേയും പിന്തിരിപ്പന്‍ ശക്തികള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്യാം. ഇവിടെയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ റോള്‍ നിര്‍വ്വഹിക്കപ്പെടേണ്ടത്. സ്വന്തം മതത്തിനകത്ത് സാധ്യമാക്കിയ നവോത്ഥാനത്തെ സമൂഹത്തിന്റെ ഭാഗമാക്കിമാറ്റാന്‍ മതങ്ങള്‍ തമ്മിലുളള പാരസ്പര്യത്തെ ചര്‍ച്ചകള്‍ക്ക്  വിധേയമാക്കുകയും നന്മയുടെ വഴിയിലേക്കുളള ഏകീകരണത്തിന് സാധ്യതകള്‍ തേടുകയും വേണം.
    എന്റെ മതം സുന്ദരമാണെന്ന് സ്വയം അകാശപ്പെടുമ്പോള്‍ ഇതര മത വിഭാഗക്കാരനായ നമ്മുടെ സഹപ്രവര്‍ത്തകന് ഇത് പഴഞ്ചനും അപരിഷ്‌കൃതവുമാണ്. അതുമല്ലെങ്കില്‍ ഭീകരവും കാടത്തം നിറഞ്ഞതുമാണ്. പുറത്തേക്ക് ചിരിക്കുമ്പോഴും ഉളളില്‍ സംശത്തിന്റെ കണിക അവശേഷിപ്പിക്കാന്‍ മതം കാരണമാകുന്നുവെങ്കില്‍ നമ്മുടെ ചുറ്റുപാടുകള്‍ക്ക് മുന്നില്‍ മതത്തിന്റെ സൗന്ദര്യം അവതരിപ്പിക്കാന്‍ വഴികള്‍ സൃഷ്ടിക്കപ്പെടണം. തോല്‍പ്പിക്കാനും ജയിക്കാനും എന്നത് അജണ്ടയാകാതെ മതത്തിന്റെ മാനവികതയെ അവതരിപ്പിക്കുന്ന സ്‌നേഹ സംവാദങ്ങള്‍ സാധ്യമാകണം. കേരളത്തിലെ പല ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്ന സര്‍വ്വ മത പ്രഭാഷണങ്ങള്‍ മാതൃകാപരമാണ്. ഇതു കൂടുതല്‍ വ്യാപിക്കുകയും എല്ലാ മതവിഭാഗങ്ങളിലേയും സംഘടനകള്‍ ഇത് പ്രവര്‍ത്തന അജണ്ടയായി ഏറ്റെടുക്കുകയും വേണം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്