മാതൃത്വത്തിന്റെ നൈര്‍മല്ല്യം
 മാതൃത്വത്തിന്റെ ഊഷ്മളത പ്രകടമാക്കപ്പെടുന്ന ഘട്ടമാണ് ഗര്‍ഭകാലം. മാതാവ് എന്ന വൈകാരിക സ്പര്‍ശത്തിന്റെ മാന്ത്രിക അധ്യായം തുറക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീയുടെ ശരീര ഘടനയിലും, മാനസികാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ഓരോന്നും മാതൃസ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഗര്‍ഭാശത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത പ്രയാസങ്ങള്‍ വാത്സല്യത്തിന്റെ നിധികുംഭങ്ങളായാണ് മാതാവിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ഗര്‍ഭകാലത്തിന് വിരാമമിട്ട് കുഞ്ഞിന് പിറവി നല്‍കുന്ന പ്രസവം വേദനയുടെ തീക്ഷണതയാണ് മാതാവിന് നല്‍കുക. ദുരിതങ്ങള്‍ നിറഞ്ഞ ഗര്‍ഭകാലവും കഠിനവേദനയോടെയുളള പ്രസവവും സ്ത്രീയെന്ന വ്യക്തിത്വത്തിന് മാതൃത്വമെന്ന അനുഗ്രഹീത പട്ടം ചാര്‍ത്തിനല്‍കുന്നു.
ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ പിറവിയുടെ ആദ്യഘട്ടത്തില്‍ പ്രസവം വരെയും തുടര്‍ന്നുളള മുലകുടി കാലവും മനുഷ്യശേഷിക്കപ്പുറത്തെ അനിതരമായ ഇടപെടലിന്റെ സ്‌നേഹ സ്പര്‍ശമാണ് പ്രകടമാക്കുന്നത്. ദുരിതങ്ങളെ സ്‌നേഹമായും വേദനയെ വാത്സല്ല്യമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃയ ഗര്‍ഭകാലവും പ്രസവവും മാത്രമായിരിക്കും. രക്തവും നീരും ഒഴുകുന്ന ശരീരത്തില്‍ നിന്നും ഇവരണ്ടിന്റെയും നിറമോ ഗുണമോ ഇല്ലാത്ത മുലപ്പാല്‍ ചുരത്തപ്പെടുന്നതിലൂടെ മാതാവും കുഞ്ഞും തമ്മിലുളള ബന്ധത്തിന്റെ ഗാഡതയാണ് രൂപപ്പെടുന്നത്. മാതാവിന്റെ നെഞ്ചിലെ ചൂടും മാറില്‍ നിന്നൊഴുകുന്ന അമൃതും കുഞ്ഞിന്റെ വളര്‍ച്ചക്ക് വളക്കൂറാകുന്നതോടൊപ്പം മാതാവെന്ന വിശിഷ്ഠതയെ മനസ്സിനകത്തെ വിശാലതയും പച്ചകുത്തുക കൂടി ചെയ്യുന്നു.
അമ്മക്ക് കുഞ്ഞിനോടും കുഞ്ഞിന് അമ്മയോടും ഉണ്ടാകേണ്ട അതിരുകളില്ലാത്ത ഹൃദ്യത കുറഞ്ഞുവരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാതാവില്‍ നിന്ന് മാതൃത്വവും മക്കളില്‍ നിന്ന് മാതൃസ്‌നേഹവും ചോര്‍ന്ന് പോവുകയാണോ. വളര്‍ച്ചയുടെ ഘട്ടം പൂര്‍ത്തിയാക്കി സ്വയം പര്യാപ്തതയിലേക്ക് എത്തുന്ന മനുഷ്യന്‍ മാതൃത്വത്തിന്റെ തണല്‍ അറിയാതെ പോകുന്നു. സ്വന്തമായി കരയാന്‍ മാത്രം ശേഷിയുണ്ടായിരുന്നിടത്തുനിന്ന് ലോകത്തെ മുഴുവന്‍ കാല്‍കീഴില്ലാക്കുന്ന തരത്തിലേക്കുളള വളര്‍ച്ചയില്‍ മാതാവെന്ന സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും സ്‌നേഹ വഴികള്‍ കാണാതെ പോകുന്നുണ്ട്. മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ക്ഷമെന്ന വിശേഷണത്തിന് സ്ത്രീയെ പര്യാപ്തമാക്കിയത് മാതൃത്വമെന്ന സവിശേഷതയായിരുന്നു.
ഗര്‍ഭകാലവും പ്രസവവും മുലയൂട്ടലുമാണ് സ്ത്രീയെന്ന സൃഷ്ടിയെ മാതൃത്വമെന്ന അതുല്യതയിലേക്കുയര്‍ത്തുന്നത്. മാതൃസ്‌നേഹമെന്നത് കാലാധീതമായി നിലനില്‍ക്കപ്പെടേണ്ടതും മാതൃത്വം ആദരവോടെ അംഗീകരിക്കപ്പെടേണ്ടതുമാണ്. കാലത്തിന്റെ കുത്തൊഴുക്ക് ഇവയെ പ്രകടനപരതയിലേക്ക് എത്തിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഗര്‍ഭകാലം സുഖചികിത്സയിലും, പ്രസവം വേദനയറിയാത്ത സിസേറിയനും വഴിമാറപ്പെട്ടത് മാതൃത്വമെന്ന വിശിഷ്ഠതക്ക് ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ടാകാം. വടിവൊത്ത ശരീര സൗന്ദര്യം ഒലിച്ച് പോകുമെന്നതിനാല്‍ പ്രകൃതി ദത്തമായ മുലപ്പാലിന്റെ സ്ഥാനത്ത് കൃത്രിമ ചേരുവകള്‍ അടങ്ങിയ കുപ്പിപ്പാല്‍ ഇടം പിടിച്ചു. മാതാവിന്റെ മാറിലെ ചൂടിന് പകരം ഹോം നഴ്‌സിന്റെ നെഞ്ചിലെ കൊടും ചൂടേറ്റ് വളരേണ്ട ദുര്‍ഗതി കുഞ്ഞുങ്ങള്‍ക്ക് വന്നുചേര്‍ന്നു. മക്കള്‍ക്ക് ജന്മം നല്‍കുകയെന്നത് ബാധ്യതയായി കണക്കാക്കപ്പെട്ടു. ഗര്‍ഭധാരണം മാത്രമാണ് ഉത്തരവാദിത്വമെന്ന നിലയിലേക്ക് സ്ത്രീകള്‍ തങ്ങളുടെ ചുമതലകള്‍ വെട്ടിക്കുറച്ചു. കുഞ്ഞിന്റെ പിറവി യാന്ത്രികമായ ഏര്‍പ്പാടായി കാണാന്‍ തുടങ്ങിയതോടെ ചോര്‍ന്ന് പോയത് മാതൃത്വവും, വറ്റി തീര്‍ന്നത് മാതൃ സ്‌നേഹവുമായിരുന്നു.
           മാതൃത്വത്തിന്റെ തീവ്രതയും, പ്രസവത്തിന്റെ തീക്ഷണതയും പഠിപ്പിക്കാന്‍ ലേബര്‍ റൂം ലൊക്കേഷനാക്കി സിനിമയും വന്നു പോയിരുന്നു. മാതൃത്വത്തെ വില്‍പ്പന ചരക്കാക്കി പ്രേക്ഷകനെ എങ്ങിനെ ഹരം കൊളളിക്കാമെന്ന കച്ചവട തന്ത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരമെന്നതിനപ്പുറത്തേക്ക് ഈ സിനിമ യാതൊരു മൂല്ല്യവും പൊതു സമൂഹത്തിന് നല്‍കിയില്ല. മനസ്സുകളില്‍ നിന്ന് മാതൃത്വത്തിന്റെ നൈര്‍മല്ല്യം ഒലിച്ചു പോകുന്നതിനെ തടയിടാന്‍ ദൃശ്യാവിഷ്‌കൃത ഗിമ്മിക്കുകള്‍കുമായിരുന്നെങ്കില്‍ വൃദ്ധ സദനങ്ങളുടെ അടിവേരുകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്നോ അറുക്കപ്പെടുമായിരുന്നു. അമ്മയെന്ന വാക്കിന്റെ വിശാലതയെ തൊട്ടറിയാത്തവരായി പുതിയ തലമുറയിലെ മക്കള്‍ മാറുന്നത് ബാധ്യതകളെ സ്വീകരിക്കാനാകില്ലെന്ന നവലോക ക്രമത്തിലെ പുത്തന്‍ ധാരണകളില്‍ നിന്നാണ്. ബന്ധങ്ങള്‍ അറുത്തുമാറ്റിയും ബാധ്യതകള്‍ ചവിട്ടിമെതിച്ചും സ്വന്തത്തിലേക്ക് ചുരുങ്ങുന്നവര്‍ പെറ്റമ്മയെ പുറം കാലുകൊണ്ട് തട്ടിമാറ്റുന്നതിനെ തെറ്റ് പറയാനാകില്ല.
മാതാപിതാക്കള്‍ക്ക് മക്കളോടും, മക്കള്‍ക്ക് മാതാപിതാക്കളോടും ഉണ്ടാകേണ്ട ബാധ്യതകളേയും കടമകളേയും പറ്റി പുതിയ തലമുറ അജ്ഞരാണെന്നത് കാണാതെ പോകേണ്ടതല്ല. സമയത്തെ പ്രത്യയ ശാസ്ത്രമായി സ്വീകരിച്ച് ഒഴിയാത്ത തിരക്കിനെ മാര്‍ഗ്ഗമായി കൂടെ കൂട്ടിയവര്‍ക്കുമുന്നില്‍ അച്ഛന്‍, അമ്മ, മക്കള്‍ ബന്ധം ജീവിത വഴിയില്‍ നഷ്ടപ്പെടുന്ന മധുരമുളള വിഭവങ്ങളാണ്. അമ്മയുടെ നെഞ്ചിലെ ചൂടും, നിലക്കാത്ത താരാട്ടും കേട്ട് വളരേണ്ട പ്രായത്തില്‍ പിഞ്ചോമനകളെ പ്ലേ സ്‌ക്കൂളിന്റെ മതില്‍ കെട്ടുകള്‍ക്കകത്ത് ചങ്ങലക്കിടുന്ന രക്ഷിതാക്കള്‍, പ്രായമാകുമ്പോള്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് വിലപിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത്. നല്‍കുന്നതിന്റെ തോതും പരിശുദ്ധിയും അനുസരിച്ചായിരിക്കും തിരിച്ചു കിട്ടുകയെന്നത് മക്കളും മാതാപിതാക്കളും തമ്മിലുളള ബന്ധത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശമാണ്. തങ്ങളെ എപ്രകാരമാണോ കുഞ്ഞുനാളില്‍ നോക്കി വളര്‍ത്തിയത്, അപ്രകാരം മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ അവരെ പരിപാലിക്കാന്‍ കഴിയേണ്ടതുണ്ടെന്ന പ്രാര്‍ത്ഥനയാണ് മതം പഠിപ്പിക്കുന്നത്.
മാതാവ് എന്ന വൈകാരികതയെ ജീവനുളള ആത്മീയ വശമായാണ് മതങ്ങള്‍ തുറന്നുവെക്കുന്നത്. മാതാവിനോട് മക്കള്‍ക്കുണ്ടാകേണ്ട ഇഷ്ടം വിവരണങ്ങള്‍ക്കപ്പുറത്താണെന്നതാണ് മുഴുവന്‍ പ്രത്യയശാസ്ത്രങ്ങളും മുന്നോട്ടുവെക്കുന്ന മൂല്ല്യവിചാരം. ഇസ്ലാം ഇക്കാര്യത്തില്‍ കാണിക്കുന്ന കാര്‍ക്കശ്യവും, വ്യക്തതയും ഏറെ ശ്രദ്ദേയാണ്. മക്കള്‍ക്ക് പെറ്റമ്മയോടുളള ബാധ്യതയെ ഓര്‍മ്മപ്പെടുത്താന്‍ മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്ന വിശേഷണമാണ് മതം മുന്നോട്ടുവെക്കുന്നത്. മാതാവിനോട് അധിക്ഷേപകരമായ ഒരു വാക്കു പോലും ഉച്ചരിക്കരുതെന്ന കാര്‍ക്കശ്യവും വേദഗ്രന്ഥം പഠിപ്പിക്കുന്നു. മക്കള്‍ക്ക് മാതാവിനോടുളള ബാധ്യതയെന്ന പോലെ മാതാവിന് മക്കളോടുളള കടമയും മതം വരച്ചുകാണിക്കുന്നു. രണ്ട് വര്‍ഷക്കാലം മുലയൂട്ടണമെന്ന നിര്‍ബന്ധം വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് മാതാവിനുണ്ടാകേണ്ട കടമയും ബാധ്യതയും ഓര്‍മ്മപ്പെടുത്തികൊണ്ടാണ്.
സാമൂഹ്യ ജീവിതത്തില്‍ സ്വകാര്യതകള്‍ക്ക് നിഷേധിക്കാനാകാത്ത സ്ഥാനമാണുളളത്. കൃത്യമായ അതിര് നിശ്ചയിച്ച് മറക്കപ്പുറത്ത് നിര്‍ത്തേണ്ട സ്വകാര്യകതകളെ പൂരപ്പറമ്പിലേക്ക് വലിച്ചിഴക്കുന്ന പുത്തന്‍ പ്രവണത ആശാസ്യമല്ല. ആസ്വാദനത്തിന്റെ പുതിയ വഴികള്‍ തേടിയുളള ഗവേഷണം കിടപ്പുമുറിയിലും കുളിമുറിയിലും ക്യാമറകള്‍ സ്ഥാപിക്കുന്നിടത്തേക്കാണ് എത്തിയിരിക്കുന്നത്. പ്രസവ മുറി ലൊക്കേഷനാക്കാന്‍ മാതൃത്വത്തിന്റെ തീക്ഷണതയെ വിഷയമാക്കിയവര്‍ക്ക് കിടപ്പുമുറി, കുളിമുറി രംഗങ്ങള്‍ ദൃശ്യാവിഷ്‌കാരമാക്കുന്നതിന് വിശദീകരണത്തിനായി അലയേണ്ടിവരില്ല. എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ക്കിടയിലെ കിടമത്സരം സ്വകാര്യകതകളെ കമ്പോളവത്കരിക്കുന്നതിടത്തേക്കാണ് എത്തിച്ചിരിക്കുന്നത്. പണവും പ്രശസ്തിയും ലഭ്യമാകുമെങ്കില്‍ എന്തും ആര്‍ക്കുമുന്നിലും തുറന്നുവെച്ചുകൊടുക്കാന്‍ മലയാളി കുടുംബങ്ങള്‍ സന്നദ്ധമായിരിക്കുന്നു. സ്വകാര്യ ജീവിതത്തില്‍ ഒളിയും മറയുമെന്നത് സാംസ്‌കാരികതയുടെ ഭാഗമാണ്. പ്രസവം ചിത്രീകരിച്ചതിനെബന്ധപ്പെട്ടവര്‍ അശ്ലീലമായി മുദ്രകുത്തിയില്ലെന്നത് ഇത് ആര്‍ക്കുമുന്നിലും പരസ്യമാക്കാമെന്നതിനുളള അനുമതിയല്ല. മറച്ചുവെക്കേണ്ടത് മറഞ്ഞിരിക്കുമ്പോള്‍, പ്രകടമാക്കപ്പെടേണ്ടാത്തത് മറക്കപ്പുറത്തിരിക്കുമ്പോള്‍ സാധ്യമാകുന്നത് വ്യക്തിത്വത്തിനുളള അംഗീകാരമാണ്. ഉടുതുണിവലിച്ചെറിയപ്പെട്ട് സമൂഹത്തിന് മുന്നില്‍ പ്രദര്‍ശനവസ്തുവായി മാറ്റപ്പെടുന്നതിനെസ്ത്രീ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
നിര്‍വ്വചനങ്ങള്‍ക്കപ്പുറത്തെ വാത്സല്ല്യങ്ങളുടെ മഹാസാഗരമായി മാതൃത്വം നിലനില്‍ക്കേണ്ടത് പ്രകൃതിയുടെ ഘടനക്ക് അനിവാര്യമാണ്. മാതാവിന്റെ മാറ് പിളര്‍ത്തി പറിച്ചെടുത്ത കരളുമായി ലക്ഷ്യത്തിലേക്ക് ഓടുന്ന മകനോട് കാലില്‍ കല്ല് തറക്കുന്നത് ശ്രദ്ധിക്കണേയെന്ന് വാത്സല്ല്യത്തോടെ മകന്റെ കയ്യിലമര്‍ന്ന മാതാവിന്റെ കരള്‍ വിളിച്ച് പറയുന്നത് കഥയായി കേട്ട് തളേളണ്ടതല്ല. നൊന്തുപെറ്റ കുഞ്ഞിനെകുറിച്ച് മാതൃ ഹൃദയത്തില്‍ മിടിപ്പായി നില്‍ക്കുന്ന സ്‌നേഹ, ലാളനകള്‍ സൃഷ്ടികര്‍ത്താവിന്റെ അതുല്യമായ കരസ്പര്‍ശത്തിന്റെ ഭാഗമായുളളതാണ്. കോടികണക്കിന് വരുന്ന ബീജകണത്തിലൊന്ന് അണ്ഡവുമായി സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് അതിസങ്കീര്‍ണ്ണമായി സൃഷ്ടിയായി ഒമ്പത് മാസത്തിലേറെ വരുന്ന ഗര്‍ഭാശയ വാസത്തിനുശേഷം പുറത്തുവരുമ്പോള്‍ അതിനെആസ്വദനത്തിന്റെ വഴിയായി തളളിവിടുന്നതിന് പകരം യുക്തി ഭദ്രമായ ചിന്തകളിലേക്ക് മാറ്റപ്പെടുകയാണെങ്കില്‍ അതായിരിക്കും അഭിലഷണീയം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്