സ്ഥാപനവത്കരണത്തിന്റെ നൈതികത

 മലയാളി കൈവരിച്ച മുഴുവന്‍ നേട്ടങ്ങള്‍ക്കു പിന്നിലും സംഘ ശക്തിയുടെ പിന്‍ബലം കരുത്തുറ്റതാണ്. സാമൂഹ്യ പരിഷ്‌കരണത്തിലും, നവോത്ഥാന പ്രക്രിയയിലും, രാഷ്ട്രീയ ഉദ്ബുദ്ധതിയലുമൊക്കെ ഇത് കാണാനാകും. ആശയങ്ങളും, ആദര്‍ശങ്ങളും, പ്രത്യയ ശാസ്ത്രങ്ങളുമൊക്കെ സംഘടിതമായ വിപ്ലവമാണ് സാധ്യമാക്കിയത്. വ്യക്തി കേന്ദ്രീകൃതമായി ആരംഭിച്ച പരിഷ്‌ക്കരണ മുന്നേറ്റങ്ങള്‍ സംഘടിത രൂപത്തിലേക്ക് വഴിമാറപ്പെട്ടത് സംഘ ശക്തി നല്‍കുന്ന ഉത്തേജന ബോധത്തില്‍ നിന്നായിരുന്നു. സംഘടനകള്‍ സമൂഹ നന്മക്ക് വേണ്ടിയെന്ന ആത്മാര്‍ത്ഥ ബോധമായിരുന്നു കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ പ്രേരണയായത്. സ്വാര്‍ത്ഥത അല്‍പ്പം പോലും കടന്നുവരാത്തതുകൊണ്ടുതന്നെ സംഘടന ഇടപെടലുകള്‍ സമൂഹ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. വ്യക്തിയിലുണ്ടായിരുന്ന സാമൂഹ്യ ബോധം സംഘടനയെ നിസ്വാര്‍ത്ഥമാക്കി. ധാര്‍മ്മികതയും മൂല്യങ്ങളും മറയില്ലാതെ പ്രകടമാക്കപ്പെടുന്നവരായിരുന്നു നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ നയിക്കപ്പെടുന്നതുകൊണ്ടുതന്നെ ധാര്‍മ്മികതക്കൊപ്പമായിരുന്നു സംഘടനയും സംഘാടകരും. സമൂഹത്തിന് നന്മയായി അനുഭവപ്പെടുന്നതിനെ പൊതു നന്മയായി സ്വീകരിക്കാന്‍ മടിയില്ലാത്തവരായിരുന്നു പൂര്‍വ്വികരായ നേതാക്കള്‍. ജനങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്ന നേതാക്കള്‍ സമൂഹത്തെ നയിച്ചിരുന്ന ഇന്നലെകളില്‍ നിന്നുമാറി സംഘടനക്കുവേണ്ടിയുളള നേതാക്കള്‍ രൂപപ്പെട്ടിടത്താണ് സമൂഹത്തിന്റെ സ്ഥാപനവത്കണം കടന്നു വരുന്നത്. സംഘടനയുടെ നന്മയാണ് സമൂഹം നന്മയായി സ്വീകരിക്കേണ്ടതെന്ന ചിന്താമാറ്റം സംഭവിക്കുന്നതും സ്ഥാപനവത്കരണത്തിന്റെ ഭാഗയാണ്. ധാര്‍മ്മികത തീരുമാനിക്കുന്നിടത്ത് സ്വന്തം മനസാക്ഷിക്ക് സ്ഥാനമില്ലാതാകുകയും, എങ്ങിനെ ചിന്തിക്കണമെന്നും, പ്രവര്‍ത്തിക്കണമെന്നും നേതൃനിരയിലുളളവര്‍ പഠിപ്പിക്കപ്പെടുകയും ചെയ്യുന്നിടത്താണ് സംഘടനകളുടെ സ്ഥാപനവത്കണം സമ്പൂര്‍ണ്ണമാകുന്നത്. ഇത്തരത്തില്‍ പരപൂര്‍ണ്ണമായി സ്ഥാപനവത്കരിക്കപ്പെട്ട സമൂഹമായി മലയാളി മാറ്റപ്പെട്ടിരിക്കുന്നു.
    സംഘടനയുടെ ഭാഗമായിക്കഴിഞ്ഞാല്‍ മനസാക്ഷികൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് പുതിയ സംഘടന രീതികള്‍ പ്രകാരം അസംഭവ്യമാണ്. സംഘടനയുടെ മനസാക്ഷിക്ക് ഭിന്നമാണ് സ്വന്തം മനോവിചാരമെങ്കില്‍ അതിനെ ഉളളിലൊതുക്കുന്നവനാണ് പുതിയ കാലത്ത് അച്ചടക്കമുളള സംഘടന പ്രവര്‍ത്തകന്‍. വിമര്‍ശനങ്ങള്‍ക്ക് അവസരമോ, സാഹചര്യമോ നല്‍കാത്ത മതില്‍ക്കെട്ടിനകത്ത് വായ്മൂടിക്കെട്ടിയവനായി ആയുസ്സ് തളളിനീക്കേണ്ട യാന്ത്രിക ജന്മങ്ങളായി കേരളീയ പൊതു സമൂഹം മാറ്റപ്പെടുന്നുണ്ടോയെന്ന ചിന്തകള്‍ പ്രസക്തമാക്കുന്ന ഘട്ടം കൂടിയാണിത്. സംഘടന താല്‍പര്യങ്ങള്‍ക്കനുസരിച്ച് ധാര്‍മ്മികതയേയും മൂല്ല്യങ്ങളേയും വ്യാഖ്യാനിക്കപ്പെടുന്ന ഗൗരവമായ സാഹചര്യം കൂടി ഇപ്പോള്‍ പ്രകടമാക്കപ്പെടുന്നുണ്ട്. താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുകയും, നിലപാടെടുക്കുകയും ചെയ്യുകയെന്ന അജണ്ടയാണ് സ്ഥാപനവത്കൃത സമൂഹങ്ങളൊക്കെയും സ്വീകരിച്ചിട്ടുളളത്. മതവും, രാഷ്ട്രീടയവും, സാംസ്‌ക്കാരികധാരയുമൊക്കെ സ്ഥാപനവത്കൃത സമൂഹത്തിന്റെ ഭാഗമായി ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. സ്വന്തത്തിലേക്ക് ചൂണ്ടപ്പെടുന്നവരായി വ്യക്തിയെ പോലെ സംഘടനകളും ചുരുങ്ങിയിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണു കുടുംബ രീതികളിലേക്കുളള പറിച്ചു നടല്‍ കുടുംബങ്ങളിലുണ്ടായ സ്ഥാപനവത്കരണത്തിന്റെ ഭാഗമായിരുന്നു. മറ്റുളളവര്‍ക്കുവേണ്ടി നിലകൊളളുമ്പോള്‍ എനിക്കെന്തു നേട്ടം എന്ന് ചിന്തിക്കപ്പെടുന്നിടത്താണ് പുതിയ തലമുറ എത്തി നില്‍ക്കുന്നത്. ലാഭ നഷ്ടങ്ങള്‍ കൂട്ടിക്കിഴിച്ചു മാത്രമെ ഏതൊരു കാര്യത്തിലും ഇടപെടലിനെ കുറിച്ച് ആലോചിക്കൂ. ത്യാഗവും, സമര്‍പ്പണവും പുതിയ കാലത്തെ ജീവിത സമവാക്യങ്ങളില്‍ ഇടം പിടിക്കാത്തവയാണ്. സമയത്തിന്റെ വില തിരിച്ചറിയുമ്പോള്‍ തന്നെ അതിനെ കരിഞ്ചന്തക്ക് വില്‍ക്കുന്നവരായി പുതിയ തലമുറ മാറുന്നു. പെറ്റ് പോറ്റുവളര്‍ത്തിയ മാതാപിതാക്കള്‍ വൃദ്ധ സദനത്തിന്റെ ഭാഗമായി മാറുന്നത് ജീവിതത്തിനും, സമയത്തിനും നിശ്ചയിച്ച പണാധിഷ്ഠിത മൂല്ല്യ വിചാരത്തില്‍ നിന്നാണ്. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തിലും ഇതേ ഫോര്‍മുല തന്നെയാണ് പ്രയോഗിക്കുന്നത്. മക്കള്‍ക്കുവേണ്ടി ചിലവിടുന്ന പണം അവര്‍ വളര്‍ന്നു തീരുമ്പോള്‍ പലിശ സഹിതം എങ്ങിനെ തിരിച്ചു പിടിക്കാമെന്ന ചിന്തയാണ് രക്ഷിതാക്കളും സ്വീകരിക്കുന്നത്. സ്വന്തം പിഞ്ചോമനകള്‍ക്ക് മനസ്സിനകത്തെ സ്‌നേഹം ചൊരിഞ്ഞു നല്‍കുന്നിടത്ത് പോലും റേഷന്‍ കടക്കാരന്റെ മനോഭാവം കാണിക്കുന്ന അച്ഛനമ്മമാര്‍ പുതിയ കാലത്തിന്റെ പരിച്ചേദങ്ങളായിമാറുന്നത് സ്ഥാപനവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വാധീനത്തില്‍ നിന്നാണ്.
    വിശാലതയുടേയും, സഹിഷ്ണുതയുടേയും അധ്യാപനങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മതങ്ങള്‍ക്കുവേണ്ടിയുളള സംഘടനകള്‍ സ്ഥാപനവത്കരണത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. മതമെന്ന വിശാലതക്കപ്പുറത്ത് സംഘടനയെന്ന വിഭാഗീയതയെ കൊണ്ടു നടക്കുന്നവരാണ് മത സംഘടനകളില്‍ ഒട്ടുമിക്കതും. കോടികളുടെ ആസ്തിയും പതിനായിരങ്ങളുടെ അംഗബലവുമുളള മത സംഘടനകള്‍ താല്‍പര്യ സംരക്ഷണത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ടെന്ന് ഇവര്‍ക്കിടയില്‍ തന്നെയുളള പരസ്പര ആക്ഷേപങ്ങളിലെ പ്രധാന വിഷയമാണ്. സംഘടനയുടെ നിലനില്‍പ്പിനുവേണ്ടി പരസ്പരം നടത്തുന്ന പോരാട്ടങ്ങള്‍ പലതും മത അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാകാറുണ്ട്. സ്ഥാപനവത്കരിക്കപ്പെട്ട ഇത്തരം സംഘടനകള്‍ പലതും മതമെന്ന മുഖ്യ അജണ്ടയെ വിസ്മരിക്കാറാണ് പതിവ്. കോടികള്‍ മുടക്കുമുതലുളള കച്ചവടങ്ങള്‍ മത സംഘടനകളുടെ ഭാഗമായി മാറുന്നത് പതിവായിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃത സംഘടന താല്‍പര്യങ്ങളും, കോടികളുടെ ക്രിയ വിക്രയവും മതാധിഷ്ഠിത പ്രസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കിയപ്പോള്‍ ധാര്‍മ്മികതയും, മൂല്ല്യങ്ങളും പടിക്കു പുറത്തിരിക്കുന്ന സ്ഥിതിയുണ്ടായി. പണ്ഡിതന്മാര്‍ നയിച്ചിരുന്ന മത സംഘടനകള്‍ പുത്തന്‍ പണക്കാരുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെട്ടത് കച്ചവട കേന്ദ്രീകൃത സ്ഥാപനവത്കരണത്തിലേക്ക് ഇത്തരം മുന്നേറ്റങ്ങളെ മാറ്റി.
    രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രത്തിന് വേണ്ടിയെന്നുളളതില്‍ നിന്ന് വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഒരു സംവത്സരത്തില്‍ ഏറെയായി. രാഷ്ട്ര സേവനം പണാധിപത്യത്തിന് കീഴടങ്ങിയതുമുതല്‍ കോര്‍പ്പറേറ്റുകള്‍ എന്ന വലയത്തിനകത്തേക്ക് പൊതു സമൂഹം ചുരുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണ പ്രക്രിയക്ക് ആവശ്യമായ ലക്ഷം കോടികള്‍ വാരിക്കോരി നല്‍കിയവര്‍ക്ക് പാദ സേവ ചെയ്യുന്നവരായി ഭരണകൂടങ്ങള്‍ മാറ്റപ്പെട്ടത് സര്‍ക്കാറുകളുടെ സ്ഥാപനവത്കരണത്തില്‍ നിന്നായിരുന്നു. പൊതു മേഖലയെന്നത് ബാധ്യതകളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുകയും സ്വകാര്യവത്കരണം ഹര്‍ഷാരവത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്തത് കുത്തകള്‍ക്ക് വേണ്ടി കെട്ടിയാടുന്ന സര്‍ക്കാര്‍ രീതികളില്‍ നിന്നായിരുന്നു. അധികാരത്തിലെത്തിച്ചതിന് പ്രത്യുപകാരം ചെയ്യുന്ന നന്ദിയുളള അടിമകള്‍ മാത്രമാണ് ഇന്നത്തെ ഭരണകൂടങ്ങള്‍. വോട്ട് നല്‍കി ജയിപ്പിച്ചതിനല്ല; മറിച്ച് പണം നല്‍കി സഹായിച്ചതിനാണ് പുതിയ കാലത്തെ ജനാധിപത്യം വിലകല്‍പ്പിക്കുന്നത്. കോര്‍പ്പറേറ്റ് കുത്തകകളുടെ മാനേജര്‍മാരായി ഭരണകര്‍ത്താക്കളും, ശിപായിമാരായി രാഷ്ട്രീയ പ്രവര്‍ത്തകരും മാറിയിട്ടുണ്ടെന്നത് സമകാലീന ഭരണ വ്യവസ്ഥയുടെ നേര്‍ ചിത്രങ്ങളാണ്. അധികാര രാഷ്ട്രീയത്തില്‍ പണം മുഖ്യ ഘടകമാകുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണ സംവിധാനങ്ങള്‍ക്കും സ്വതന്ത്ര ചലന ശേഷി നഷ്ടമാകുമെന്നത് അനുഭവ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.
    സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മനസാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കുകയെന്നത് നീതീകരണമില്ലാത്ത പാതകമാണ്. വിലയിരുത്തലുകളും, നിരീക്ഷണങ്ങളും റെഡി മെയ്ഡായി തയ്യാറാക്കുന്ന രീതിയാണ് ഇവിടങ്ങളിലുളളത്. മുകളില്‍ നിന്നെടുക്കുന്ന തീരുമാനങ്ങള്‍ താഴെക്കിടയില്‍ പ്രാവര്‍ത്തികമാക്കുക എന്നതുമാത്രമാണ് ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കര്‍ത്തവ്യം. സംഘടന അച്ചടക്കമെന്നതാണ് ഭിന്നാഭിപ്രായങ്ങളെ അടിച്ചിരുത്താന്‍ പ്രേരിപ്പിക്കുന്നതെങ്കിലും ഇത്തരം ഇടപെടലുകള്‍ താഴെ കിടയിലുളളവരുടെ ചിന്തകളെ ചങ്ങലക്കിടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. എന്തിനേയും ഒരോ കോണിലൂടെ നോക്കികാണാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്നതാണ് സ്ഥാപനവത്കരണത്തിന്റെ നൈതിക രീതി ശാസ്ത്രം.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്