ആ മരങ്ങള്‍ എവിടെ
 കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍ അഞ്ച് എന്നത് ഒരാഘോഷത്തിന്റെ സുദിനമാണ്. പരിസ്ഥിതി ദിനമെന്ന് പേരിട്ട ഈ ദിവസം മരത്തൈകള്‍ കൊണ്ടുളള ആറാട്ടാണ് സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍ നടക്കാറുളളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, വിവിധ ഏജന്‍സികളും, സന്നദ്ധ സംഘടനകളും മുഖേന ലക്ഷക്കണക്കിന് മരത്തൈകളാണ് ഈ ദിവസം വെച്ചു പിടിപ്പിക്കാറുളളത്. പ്രകൃതിയോടുളള സ്‌നേഹം കരകവിഞ്ഞൊഴുകുന്ന ഈ ദിവസം വെച്ചു പിടിപ്പിച്ച മരങ്ങള്‍ വളര്‍ന്നു വലുതായിരുന്നെങ്കില്‍ നാടും, നഗരവും ഒരുപോലെ പച്ചപ്പില്‍ കുളിച്ചു നില്‍ക്കുമായിരുന്നു. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും ലക്ഷക്കണക്കിന് തൈകളാണ് നട്ടുപിടിപ്പിക്കുകയും, നടാന്‍ വേണ്ടി വിതരണം ചെയ്യുകയും ചെയ്തത്. ഇവയില്‍ എത്ര എണ്ണം മണ്ണിനോട് അലിഞ്ഞു ചേരാതെ വളര്‍ച്ചയുടെ ആദ്യഘട്ടം പിന്നിട്ടിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന കണക്കുകളായിരിക്കും പുറത്തുവരിക. പരിസ്ഥിതി ദിനത്തില്‍ മരം നടുകയെന്നത് യാന്ത്രിക രീതിയായി സ്വീകരിക്കപ്പെട്ടിടത്ത് പരിസ്ഥിതിയോടുളള സ്‌നേഹം കപട നാട്യമായി പ്രകടമാക്കപ്പെടുന്നുവെന്നതാണ് വ്യക്തമാകുന്നത്. ഓരോ വര്‍ഷവും വെച്ചുപിടിക്കുന്ന മരങ്ങളില്‍ പത്ത് ശതമാനത്തിനെങ്കിലും പരിപാലനം ലഭിച്ചിരുന്നെങ്കില്‍ ഓരോ ജൂണ്‍ അഞ്ചിനും നടത്തുന്ന മഹായജ്ഞം കൊണ്ട് എന്തെങ്കിലുമൊരു ഫലമുണ്ടാകുമായിരുന്നു.
    പ്രകൃതിയോടും, പരിസ്ഥിതിയോടുമുളള സ്‌നേഹവും കടമയും ഒരു മീറ്റര്‍ ആഴത്തില്‍ കുഴികുത്തി ഒരു മരത്തൈ കുഴിച്ചിടുകയെന്നതിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നുവെന്നത് കാണാതെ പോകേണ്ടതല്ല. പരിസ്ഥിതി ദിനത്തില്‍ ഞങ്ങളും എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാന്‍ മരത്തൈകള്‍ നടുന്നവരാണ് ഒട്ടുമിക്കവരും. പത്രത്തില്‍ പടം വരാനും, ചാനലില്‍ മുഖം കാണിക്കാനുമായി പരിസ്ഥിതി ദിനത്തെ ഉപയോഗപ്പെടുത്തുന്നവരാണ് നിമിഷ പ്രകൃതി സ്‌നേഹികളില്‍ അധികവും. ഒരു മരം വളര്‍ന്നു പന്തലിക്കണമെങ്കില്‍ പ്രാഥമികമായി അതിനു ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങള്‍ ഇത്തരക്കാര്‍ക്ക് അജണ്ടയാകാറില്ല. കണ്ണില്‍ കണ്ടിടത്ത് മരം നട്ട് ഞങ്ങളെന്തോ മഹാകാര്യം ചെയ്‌തെന്ന മട്ടില്‍ കൈകഴുകി തിരിഞ്ഞു നടക്കുന്നവരാണ് പരിസ്ഥിതി ദിനത്തെ ആഘോഷപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നവരില്‍ അധികവും. യാതൊരു നിയന്ത്രണവുമില്ലാതെ വിതരണം ചെയ്യുന്ന മരത്തൈകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്നറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. വിതരണം ചെയ്യാന്‍ കിട്ടുന്ന മരത്തൈകള്‍ എങ്ങിനെയെങ്കിലും ഒഴിവാക്കുകയെന്ന മനസ്ഥിതി മാത്രമാണ് കൃഷി, വനം വകുപ്പുകള്‍ക്കുളളത്.

        ശ്രദ്ധേയമായ തലക്കെട്ടുകളോടെ ഉത്തരവാദപ്പെട്ട സന്നദ്ധ, സാംസ്‌ക്കാരിക സംഘടനകള്‍ നടത്തിവരുന്ന പ്രകൃതി സംരക്ഷണ ക്യാമ്പയിനുകള്‍ എത്രമാത്രം ഫലപ്രദമായി നടപ്പാക്കപ്പെട്ടുവെന്നതിന് എല്ലാ വര്‍ഷവും നാച്വറല്‍ ഓഡിറ്റിംഗ് നടത്തുന്നത് നന്നായിരിക്കും. ഓരോരുത്തരും വെച്ചു പിടിപ്പിച്ച തൈകളില്‍ എത്രയെണ്ണം മരങ്ങളായി മാറിയെന്ന് സ്വയം വിലയിരുത്തലിന് തയ്യാറാകേണ്ടതുണ്ട്. പച്ചപ്പിന്റെ അനിവാര്യത തിരിച്ചറിഞ്ഞ പല രാജ്യങ്ങളിലും മരത്തൈകളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളാണ്. പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് ഓരോ തൈകളും പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ പരിപാലിക്കുകയാണ് ഇവിടങ്ങളില്‍ ചെയ്യുന്നത്.
    പ്രകൃതിയോടും, മനുഷ്യനോടുമുളള കടമകള്‍ ദിനാചരണത്തിലേക്ക് ചുരുങ്ങിയതോടെ എല്ലാം പ്രകടന പരതയിലേക്ക് മാറ്റപ്പെടുന്ന സമൂഹമായി മലയാളികള്‍ വളരെ മുന്‍പുതന്നെ മാറിയിട്ടുണ്ട്. കാടുകള്‍ വെട്ടിവെളുപ്പിച്ച് സ്വന്തം ആവാസവ്യവസ്ഥക്കുമേല്‍ ആണിയടിക്കുന്ന സ്വാര്‍ത്ഥമതികളുടെ പരിഛേദമായി ദൈവത്തിന്റെ സ്വന്തം നാട് മാറി തുടങ്ങിയിട്ട് കാലങ്ങളായി. കാട് കയ്യേറി സുഖവാസ കേന്ദ്രങ്ങളും, റിസോര്‍ട്ടുകളും നിര്‍മ്മിക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ എണ്ണം ഏറിവരികയാണ്. മരങ്ങള്‍ക്കുമേലുളള മനുഷ്യന്റെ കയ്യേറ്റം പരിധികള്‍ ലംഘിക്കുന്നിടത്തേക്ക് എത്തിയത് ഒരു പക്ഷെ കേരളത്തിലായിരിക്കും. മരങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ ആരാച്ചാര്‍മാര്‍ ആയതോടെ മുറിച്ചെടുത്ത ഒരു മരത്തിന് പകരം പുതിയ പത്ത് മരത്തൈകള്‍ നടുകയെന്ന ആശയവുമായി നിസ്വാര്‍ത്ഥരായ ചില പ്രകൃതി സ്‌നേഹികളാണ് ആദ്യം രംഗത്തെത്തിയത്. തുടക്ക കാലത്ത് ശ്രദ്ധേയവും ക്രിയാത്മകവുമായ നിലയിലാണ് കാമ്പയിന്‍ മുന്നോട്ട് പോയതെങ്കില്‍ പിന്നീടത് പ്രകടന പരതയിലേക്ക് ഒതുങ്ങുന്ന കാഴ്ച്ചയാണ് കാണാനായത്. ആള് കൂടിയാല്‍ പാമ്പ് ചാകില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതായിരുന്നു മരം നടല്‍ കാമ്പയിനിന്റെ പരിണിത ഫലം. നട്ട മരത്തൈകളൊന്നും മരമായി മാറാത്ത സ്ഥിതിയാണ് കാണാനായത്. പോളിഷ് ചെയ്ത പ്രകൃതി സ്‌നേഹത്തിന്റെ വക്താക്കളായി സര്‍ക്കാര്‍ ഏജന്‍സികളും പ്രകൃതി സംഘടനകളും മാറിയതോടെ കുഴിച്ചിട്ട മരത്തൈകളൊക്കെ മുളയിലെ നുളളപ്പെട്ടു. ചിലത് അലക്ഷ്യമായി വളരുകയും മറ്റു ചിലത് പാതിയില്‍ കരിഞ്ഞി പോവുകയും ചെയ്തു.
    മുടങ്ങാതെ നടക്കുന്ന ദിനാചാരണങ്ങളും, അനുബന്ധ പരിപാടികളും സമൂഹങ്ങള്‍ക്കിടയില്‍ മാറ്റത്തിന്റെ യാതൊരു ലാഞ്ചനയും പ്രകടമാക്കുന്നില്ലെന്നതിന്റെ തെളിവാണ് മരമായി മാറാത്ത ഓരോ മരത്തൈകളും. മാതൃദിനവും, പിതൃദിനവും സമുജിതമായി ആഘോഷിക്കുന്ന കേരളത്തിലാണ് വൃദ്ധ സദനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി കൊണ്ടാടുന്ന രാജ്യത്ത് മാതാപിതാക്കളില്‍ നിന്നുപോലും കുരുന്നുകള്‍ അതിക്രമത്തിന് ഇരയാകുന്നു. വര്‍ഷത്തിലെ മുഴുവന്‍ ദിവസവും ഏതെങ്കിലുമൊന്നിന്റെ ദിനാചരണമായി കൊണ്ടാടുന്ന പൊതു സമൂഹത്തിന് ഈ ദിനങ്ങള്‍ മുന്നോട്ട് വെക്കുന്ന സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനാകുന്നില്ലെന്നത് മറച്ചുവെക്കേണ്ടതല്ല.
    മരം നടുക, വളര്‍ത്തുകയെന്നത് ആണ്ടിലൊരു ദിനത്തില്‍ മാത്രം ചെയ്യേണ്ടുന്ന ഒന്നായി ചുരുങ്ങേണ്ടതുമല്ല. ജീവന്റെ നിലനില്‍പ്പിന് മരങ്ങള്‍ അനിവാര്യമാണെന്ന ബോധത്തിലേക്ക് മനസ്സുകളെ കൈപിടിച്ചു നടത്താന്‍ ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കപ്പെടണം. നടുന്ന മരങ്ങള്‍ വളര്‍ന്നു വലുതാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിംഗ് സംവിധാനങ്ങള്‍ ബന്ധപ്പെട്ടവരാല്‍ തന്നെ രൂപപ്പെടേണ്ടതുമുണ്ട്. നാട് കാടാക്കുകയെന്നതല്ല പച്ചപ്പും തണലും നിലനിറുത്തുകയെന്നതാണ് മരം നടലിലൂടെ ലക്ഷ്യമാക്കുന്നത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്