മന്‍മോഹനില്‍ നിന്ന് 
മോദിയിലെത്തുമ്പോള്‍
തുടക്കം ഗംഭീരമാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റിരിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ ഭരണാധികാരികളേയും അണിനിരത്തികൊണ്ട് നടന്ന സത്യ പ്രതിജ്ഞ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അധികാരമേറ്റ രണ്ടാം ദിനം തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭീകര വാദത്തിനെതിരെയുളള നിലപാട് കടുപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ ശക്തമായ ശബ്ദം പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ലിമെന്റിന് മുന്നിലും അധികാരമേല്‍ക്കുന്നതിനുമുമ്പ് മഹാത്മജിയുടെ ശവകുടീരത്തിലും തലകുമ്പിട്ട് നമസ്‌ക്കരിച്ചുകൊണ്ട് ഭരണാധികാരിയെന്ന നിലയില്‍ വേറിട്ട പ്രകൃതം മോദി പ്രകടിപ്പിച്ചുക്കഴിഞ്ഞു.
മികവുറ്റ സംഘാടകന്‍, ശക്തനായ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ശേഷമാണ് മോദി രാജ്യത്തിന്റെ പ്രധാന മന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. വികസന നായകന്‍ എന്ന വിശേഷണവും ന്യൂനപക്ഷ ധ്വംസകനെന്ന ആക്ഷേപവും ഒരു പോലെ മോദിക്കുമേല്‍ ചാര്‍ത്തപ്പെട്ടുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരേ സമയം പുകഴ്ത്തലും അതെ അളവില്‍ തന്നെ വിമര്‍ശനവും നേരിടേണ്ടിവന്ന ഭരണകര്‍ത്താവെന്ന ഖ്യാതി നരേന്ദ്ര മോദിക്കുമാത്രമായിരിക്കും. വിമര്‍ശനങ്ങളെ അതിജയിച്ചുകൊണ്ട് തിളങ്ങുന്ന വിജയവുമായാണ് രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ സാന്നിധ്യം ഏറെയുളള സംസ്ഥാനങ്ങളില്‍ പോലും മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകാര്യത നേടിയെന്നത് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തിന്റെ ഭരണം ഒറ്റക്ക് കൈയ്യാളാന്‍ ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായെന്നത് മോദിയുടെ പ്രധാനമന്ത്രി പദത്തിന് ഇരട്ടി തിളക്കം നല്‍കുന്നു.
തുടര്‍ച്ചയായ പത്തു വര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍ സിംഗിനും യു പി എ സര്‍ക്കാറിനും പിന്‍തുടര്‍ച്ചക്കാരായാണ് മോദിയും എന്‍ ഡി എയും എത്തിയിരിക്കുന്നത്. രാജ്യം വലിയ പ്രതീക്ഷയാണ് ഇവരില്‍ വെച്ചുപുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ യു പി എ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി ജനപക്ഷത്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അവകാശവാദമില്ല. ജനജീവിതം ദുസ്സഹമായിരുന്നു എന്നതിലും തര്‍ക്കമില്ല. വിലക്കയറ്റവും ഇന്ധന വില വര്‍ദ്ധനവും രാജ്യത്തെ ശരാശരിക്കാരെ പോലും പൊറുതിമുട്ടിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് രാജ്യത്തിന്റെ സമ്പത്ത് കൊളളയടിക്കപ്പെട്ടതും കണ്ടു മടുത്തിരുന്നു. രാജ്യത്ത് നടന്ന അഴിമതി കുംഭകോണങ്ങളില്‍ മഹത്തരമായ സംഭാവനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്കാണ് അരങ്ങേറിയത്. കോണ്‍ഗ്രസ്സ് രാജ്യത്ത് നടപ്പാക്കപ്പെട്ട പൊതുജന സേവന പദ്ധതികള്‍ അവര്‍ തന്നെ തകര്‍ത്തില്ലാതാക്കുന്ന കാഴ്ച്ചക്കാണ് കഴിഞ്ഞ വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത്. പൊതു വിതരണ സമ്പ്രദായം കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന നയങ്ങളുടെ ആശാന്‍മാരായി കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ മാറിയെന്നതും തര്‍ക്കരഹിതമാണ്. 
ലോകം സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട ഘട്ടത്തില്‍ ഇന്ത്യക്ക് വലിയ പോറലുകളൊന്നുമില്ലാതെ പിടിച്ചുനില്‍ക്കാനായെന്നത് വിസ്മരിക്കുന്നില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഇതിന് സഹായകമായത്. എന്നാല്‍ ഈ കരുത്ത് ചോര്‍ത്തിക്കളയുന്ന നിലപാടുകളാണ് പിന്നീടുണ്ടായത്. ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി ഇന്ത്യയും ചൈനയും മാറുന്നുവെന്ന കണക്കുകള്‍ക്ക് കരുത്തുപകരാന്‍ യു പി എയുടെ പിന്‍തുടര്‍ച്ചക്കാരായി അധികാരമേറ്റ മോദിക്കും സംഘത്തിനും എപ്രകാരം സാധിക്കുന്നുവെന്നതാണ് പുതിയ സര്‍ക്കാറിന്റെ വിലയിരുത്തലുകളിലെ പ്രധാനകാര്യം. 
കോര്‍പ്പറേറ്റ് കുത്തകകളുടെ അരുമയാണ് നരേന്ദ്ര മോദിയെന്ന ആക്ഷേപം സജീവതയോടെ നിലനില്‍ക്കുന്ന ഒന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ പ്രധാന മന്ത്രിയിലേക്കുളള ദൂരം സുഖമമാക്കിയതിനു പിന്നില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഒരുക്കികൊടുത്ത രാജപാതക്ക് പ്രത്യുപകാരം ചെയ്യണമെങ്കില്‍ ലിബറല്‍ സാമ്പത്തിക നയം തന്നെ മോദിയും പിന്തുടരേണ്ടിവരുമെന്ന നിഗമനമാണ് രാജ്യത്തെ ഇടതു ബുദ്ധിജീവികള്‍ ഉള്‍പ്പെടെ മുന്നോട്ട് വെക്കുന്നത്. മന്‍മോഹനില്‍ നിന്ന് വ്യത്യസ്തമായ യാതൊരു സാമ്പത്തിക നയവും മോദിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇവര്‍ അക്കമിട്ടുപറയുന്നു. 
പൊതുജനം എന്ന നിലയില്‍ യു പി എ സര്‍ക്കാറില്‍ നിന്ന് നേരിട്ട ജീവിത പ്രതിസന്ധിക്ക് മറുമരുന്നായി മോദി സര്‍ക്കാറിന് എന്തു നിര്‍ദ്ദേശിക്കാനുണ്ടെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വിലക്കയറ്റം പിടിച്ചു നിറുത്താനും തോന്നിയ പോലെയുളള ഇന്ധന വില വര്‍ദ്ധനവ് തടഞ്ഞുവെക്കാന്‍ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും എന്തൊക്കെ ചെയ്യാനാകുമെന്നത് സസൂക്ഷമം വീക്ഷിക്കുകയാണ് രാജ്യത്തെ ഓരോ പൗരന്‍മാരും. അടല്‍ ബിഹാരി വാജ്‌പേയില്‍ നിന്ന് തികച്ചും വ്യത്യസ്തനായ പ്രധാനമന്ത്രിയെയാണ് മന്‍മോഹനില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ അവസ്ഥയാണ് അനുഭവപ്പെട്ടത്. സാമ്പത്തിക നയത്തിലും അഴിമതിയിലും ജനദ്രോഹത്തിലും വാജ്‌പേയിയുടെ യഥാര്‍ത്ഥ പിന്‍മുറക്കാരനായിരുന്നു മന്‍മോഹന്‍. വാജ്‌പോയിയുടെ കാലത്ത് ശവപ്പെട്ടി കുംഭകോണം നടന്നപ്പോള്‍ മന്‍മോഹന്റെ ഭരണത്തില്‍ ടു ജി അഴിമതിയുടെ കുംഭ മഹോത്സവം നടന്നു. ലിബറല്‍ സാമ്പത്തിക നയത്തില്‍ അന്നും ഇന്നും മാറ്റമുണ്ടായില്ല. 2004-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കയറ്റമായിരുന്നു പ്രധാന പ്രചരണ അജണ്ടയെങ്കില്‍ 2014-ല്‍ ഇതേ വിഷയം തന്നെ പ്രചരണായുധമായി. 
മോദിയെന്ന പ്രധാനമന്ത്രി പ്രതീക്ഷയോടൊപ്പം ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക കൂടിയുണ്ട്. അത് ന്യൂനപക്ഷങ്ങളുടേതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്കുളള ഓരോ അടിദൂരത്തിലും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക പ്രകടമായിരുന്നു. മന്ത്രി സഭയുടെ ആദ്യ പട്ടികയില്‍ ന്യൂനപക്ഷ വകുപ്പ് മുസ്ലീം മന്ത്രിയും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും മേല്‍ പറഞ്ഞ വിഭാഗത്തിന്റെ ആശങ്കക്ക് ഇതു പരിഹാരമാകുന്നില്ല. മോദി എന്ന ഭരണാധാകാരി ന്യൂനപക്ഷ വിഭാഗങ്ങള്‍ എത്രമാത്രം സ്വീകര്യനാകുന്നുവെന്നത് ഈ സര്‍ക്കാറിന് മുന്നില്‍ മാര്‍ക്ക് നിശ്ചിയിക്കുന്നതില്‍ പ്രധാന ഘടകമാകും. പുതിയ കാലത്തിനും പുത്തന്‍ ലോക ക്രമങ്ങള്‍ക്കുമൊപ്പം സഞ്ചരിക്കുന്ന ഭരണക്കര്‍ത്താവെന്ന വിശേഷണമുളള നരേന്ദ്ര മോദിക്ക് എതെങ്കിലും ഒരു വിഭാഗത്തിന്റെ നേതാവായി നിലനില്‍ക്കാനോ തുടരാനോ ആകില്ലെന്ന് അദ്ദേഹം തന്നെ തിരിച്ചറിയുന്നുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാന്‍ മോദിക്ക് അതിവേഗം സാധിച്ചാല്‍ രാജ്യം കണ്ട ഒന്നാം നമ്പര്‍ പ്രധാനമന്ത്രിയെന്ന പദവിയിലേക്കുളള ദൂരം അദ്ദേഹത്തിനുമുന്നില്‍ കുത്തനെ കുറക്കപ്പെടും. 
മോദിക്ക് പിന്നില്‍ അണിനിരക്കുന്ന വിദഗ്ദരുടെ നിര പുതിയ കാലത്തെ ഭരണകര്‍ത്താവിനെ നരേന്ദ്ര മോദിയെന്ന ആകാരത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭരണ രംഗത്തും വൈദഗ്ദ്യത്തിന്റെ ഈ സ്പര്‍ശം പ്രകടമാകും. മോദിയെ രാജ്യത്തിന്റെ പൊതു സ്വീകാര്യനാക്കുക എന്ന അജണ്ടയാണ് ഈ വിദഗ്ദ സമിതിക്കുളളത്. രാജ്യത്തിന്റെ മതേത പാരമ്പര്യങ്ങള്‍ക്ക് കരുത്ത് പകരാന്‍ പുതിയ സര്‍ക്കാറിനാകട്ടെയന്ന പ്രത്യാശയാണ് നന്മ ആഗ്രഹിക്കുന്ന ഓരോ മനസ്സുകള്‍ക്കുമുളളത്. 

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്