
മന്‍മോഹനില്‍ നിന്ന് മോദിയിലെത്തുമ്പോള്‍ തുടക്കം ഗംഭീരമാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റിരിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ ഭരണാധികാരികളേയും അണിനിരത്തികൊണ്ട് നടന്ന സത്യ പ്രതിജ്ഞ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അധികാരമേറ്റ രണ്ടാം ദിനം തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭീകര വാദത്തിനെതിരെയുളള നിലപാട് കടുപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ ശക്തമായ ശബ്ദം പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ലിമെന്റിന് മുന്നിലും അധികാരമേല്‍ക്കുന്നതിനുമുമ്പ് മഹാത്മജിയുടെ ശവകുടീരത്തിലും തലകുമ്പിട്ട് നമസ്‌ക്കരിച്ചുകൊണ്ട് ഭരണാധികാരിയെന്ന നിലയില്‍ വേറിട്ട പ്രകൃതം മോദി പ്രകടിപ്പിച്ചുക്കഴിഞ്ഞു. മികവുറ്റ സംഘാടകന്‍, ശക്തനായ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ശേഷമാണ് മോദി രാജ്യത്തിന്റെ പ്രധാന മന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. വികസന നായകന്‍ എന്ന വിശേഷണവും ന്യൂനപക്ഷ ധ്വംസകനെന്ന ആക്ഷേപവും ഒരു പോലെ മോദിക്കുമേല്‍ ചാര്‍ത്തപ്പെട്ടുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ...