വില്‍ക്കാനുണ്ട് രോഗങ്ങള്‍
ആരോഗ്യദൃഡഗാത്രമായിരുന്ന മലയാളി. വയറുചാടാത്ത, പൊണ്ണത്തടിയില്ലാത്ത, രോഗങ്ങളുടെ ഗോഡൗണല്ലാത്ത സുന്ദര ശരീരത്തിനുടമയായിരുന്നു ഒരു പതിറ്റാണ്ട് മുന്‍പ് വരെയുളള ഓരോ മലയാളിയും. കഠിനാധ്വാനവും, പ്രകൃതി ദത്തമായ ഭക്ഷണ രീതികളും മലയാളിയുടെ ആരോഗ്യ രഹസ്യമായിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നതു കൊണ്ടു തന്നെ രോഗങ്ങളൊന്നും പടികടന്നെത്തിയില്ല. പകര്‍ച്ച വ്യാധികളും, മാരക രോഗങ്ങളും പലപ്പോഴും അകലം പാലിച്ചു. ആരോഗ്യ രംഗത്തെ മലയാളിയുടെ ഫിറ്റ്‌നസ് ഇതര സമൂഹങ്ങള്‍ അസൂയയോടെയാണ് നോക്കിയത്. കഞ്ഞി കുടിക്കുന്ന മലയാളിയെങ്ങിനെ ഇത്ര ആരോഗ്യവാനാകുന്നുവെന്ന് അതിശയത്തോടെ ചോദിച്ചവരായിരുന്നു പുറം നാട്ടുകാര്‍. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അധിനിവേശവും ഉപഭോഗ രീതികളുടെ കടന്നുകയറ്റവും ഇതര മേഖലകളെ പോലെ ഭക്ഷണ ശൈലിയിലും പിടിമുറുക്കിയതോടെ മലയാളി അകാല വര്‍ധക്യത്തിന്റെ വഴിയിലേക്ക് നടന്നടുത്തു. ജീവിത ശൈലി രോഗങ്ങളുടെ അംബാസിഡര്‍മാരായി മലയാളി മാറുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്.
അടുക്കളകള്‍ റെഡി മിക്‌സ് വിഭവങ്ങള്‍ക്ക് വഴിമാറുകയും, വൈകുന്നേങ്ങളില്‍ വിശപ്പടക്കാന്‍ ഫാസ്റ്റ് ഫുഡ് കോര്‍ണറുകളെ ആശ്രയിക്കുകയും ചെയ്യാന്‍ തുടങ്ങിയിടത്തു നിന്നാണ് മലയാളിയുടെ ശരീരം രോഗാതുരമായി മാറുന്നത്. ജീവിത ശൈലി രോഗങ്ങളെന്ന പ്രത്യേക ആരോഗ്യ ശാഖ തന്നെ ഇതിന്റെ ഭാഗമായി തുറക്കപ്പെട്ടു. ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍ അതിവേഗം മലയാളിയെ സ്വാധീനിച്ചു. കഞ്ഞി എത്ര മാത്രം മലയാളിക്ക് ഹൃദയഭേദ്യമായിരുന്നുവോ അതുപോലെ ചിക്കന്‍ ഷവര്‍മയും, അല്‍ഫാമും, ഷവായ ചിക്കനും ഭക്ഷണ രീതിയുടെ ഭാഗമായി തീര്‍ന്നു. കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുളളതെന്ന് വിശദീകരിക്കപ്പെട്ട അജിനോമോട്ട പോലെയുളള രുചി വര്‍ധക വസ്തുക്കള്‍ ചേരുവയായ വിഭവങ്ങള്‍ കൊതിയൂറുന്നവയായി സ്വീകരിക്കപ്പെട്ടു. എണ്ണയില്‍ പൊരിച്ചെടുത്തും, വെണ്ണയില്‍ വയറ്റിയും നിറങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഭക്ഷണ വസ്തുക്കള്‍ ഇടവേളകളില്‍ വിശപ്പടക്കാനുളള സനാക്‌സുകളായി കൊണ്ടു നടന്നു. പട്ടണങ്ങളില്‍ മാത്രം കണ്ടിരുന്ന വിദേശ കമ്പനികളുടെ ഫ്രൈഡ് ചിക്കനുകള്‍ ഗ്രമാങ്ങളിലെ നാട്ടു സ്വാദിനെ അറുത്തുമാറ്റി പകരക്കാരനായി. ചോറും, മീന്‍ കറിയും, തൈരും, സാമ്പാറുമെന്നത് വായില്‍ വെക്കാന്‍ കൊളളാത്തതായി പുതിയ തലമുറക്ക് തോന്നിത്തുടങ്ങി. സാന്റ് വിച്ചും, ബര്‍ഗറും, ചിക്കന്‍ റോളും, ഷവര്‍മ്മയും വിശപ്പടക്കാനുളള വിഭവങ്ങളായി. കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ നിറഭേദങ്ങള്‍ മാറിമറിഞ്ഞു. രാത്രി ഭക്ഷണം വീട്ടില്‍ നിന്ന് കഴിക്കുകയെന്നത് കുറച്ചിലായി സ്വീകരിക്കപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍ നിന്ന് അല്ലെങ്കില്‍ പാര്‍സലായി വീട്ടില്‍ വെച്ച് എന്ന പുതിയ സംസ്‌ക്കാരം രൂപപ്പെട്ടു. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുകയെന്നതില്‍ നിന്നുമാറി ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുകയെന്ന മുദ്രവാക്യം ജീവിത ലക്ഷ്യമായി അംഗീകരിക്കപ്പെട്ടു. നേരവും കാലവുമില്ലാതെ തോന്നിയതൊക്കെ വേണ്ടുവോളം തിന്നുകയെന്ന രീതി സ്വീകരിച്ചതോടെ ജീവിത ശൈലി രോഗങ്ങള്‍ മലയാളിക്ക് മുഖ മുദ്രയാക്കപ്പെട്ടു.
ഭക്ഷണ ശൈലിയിലുളള മലയാളിയുടെ മാറ്റത്തിന് പിന്നില്‍ അണുകുടുംബ വ്യവസ്ഥയുടെ വ്യാപനമാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഒരു നേരത്തെ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കാന്‍ റസ്റ്റോറന്റുകളെ ആശ്രയിക്കുന്ന രീതി നഗരങ്ങളില്‍ നേരത്തെ തന്നെ പ്രാബല്ല്യത്തിലുണ്ട്. ഫുഡ് കോര്‍ട്ടുകള്‍ കൂണുപോലെ മുളച്ചു പൊന്താന്‍ തുടങ്ങിയതോടെ അടുക്കളകള്‍ക്ക് വിശ്രമമനുവദിക്കുന്ന രീതി സര്‍വ്വ സാധാരണമായി. ദിവസത്തിലെ മുഴുവന്‍ നേരത്തേയും ഭക്ഷണം പുറത്ത് നിന്ന് വാങ്ങിക്കഴിക്കുന്നവര്‍ മഹാനഗരങ്ങളില്‍ കുറവല്ലാതെയുണ്ട്. തേങ്ങയരച്ച മീന്‍കറിയും, അമ്മിയിലിട്ടരച്ച ചമ്മന്തിയും, അടുപ്പില്‍ കാച്ചിയ പപ്പടവും, കടുകിട്ട് വറുത്ത തൊട്ടുകറികളുമൊക്കെ മലയാളിയുടെ രുചി സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണിന്ന്. വേഗതയെന്നത് ഭക്ഷണത്തേയും കാര്‍ന്നെടുത്തതോടെ ആരോഗ്യ ശേഷിയില്ലാത്ത പഞ്ഞിക്കട്ടകളെപ്പോലെ മലയാളിയുടെ ആകാരം രൂപാന്തരപ്പെട്ടു.
ഷുറഗും, കൊളസ്‌ട്രോളും, ബ്ലഡ് പ്രഷറും കൂടപിറപ്പുകളായി കൊണ്ടു നടക്കുന്ന മലയാളികളില്‍ വലിയൊരു വിഭാഗം ആശുപത്രികളെ നിത്യസന്ദര്‍ശന ഇടമാക്കി മാറ്റിയവരാണ്. ചികിത്സക്കായി പണം മുടക്കാന്‍ മടിയില്ലാത്ത മലയാളിയുടെ കീശ ഊറ്റിയെടുക്കാന്‍ തുറന്നുവെക്കപ്പെട്ട അറവുശാലകളാണ് പല സ്വകാര്യ ആശുപത്രികളും. മൂക്കറ്റം ഭക്ഷണം വലിച്ചു കയറ്റി കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ വരിനില്‍ക്കുന്ന മലയാളി ഫൈവ് സ്റ്റാര്‍ ആശുപത്രികളുടെ വരുമാന സ്രോതസ്സാണ്. ഫൈവ് സ്റ്റാര്‍ തട്ടുകടകളും, ആശുപത്രികളുമാണ് കേരളത്തില്‍ അടുത്ത കാലത്ത് വിജയം കൊയ്ത രണ്ട് പ്രധാന ബിസിനസ്സ് സംരംഭങ്ങളെന്ന് ചേര്‍ത്ത് വായിക്കേണ്ടതാണ്. സിനിമ നടന്മാര്‍ പോലും ഈ രംഗത്താണ് ഇപ്പോള്‍ മുതല്‍ മുടക്കുന്നത്. ഫൈവ് സ്റ്റാര്‍ പുട്ട് കട തുടങ്ങിയാണ് ഒരു സൂപ്പര്‍ സ്റ്റാര്‍ മലയാളിയുടെ ഭക്ഷണത്തോടുളള ആക്രാന്തത്തിന് ഹരം പകര്‍ന്നത്.
ജീവിത ശൈലി രോഗങ്ങള്‍ മലയാളിയുടെ ശരീര സമ്പന്നതക്ക് വിലപറയുമ്പോള്‍ തന്നെ മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിവിടാതെ പിന്തുടരുന്നു. മഴക്കാലം പകര്‍ച്ചവ്യാധികളുടേയും, പനി മരണങ്ങളുടേയും സീസണായി മാറിയിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കൊതുകുണ്ടാക്കുന്ന വിവിധ തരം പനികള്‍ എത്ര പ്രതിരോധിച്ചിട്ടും വിട്ടുപോകുന്നില്ല. പനി പിടിച്ച് മരിക്കുന്ന തരത്തില്‍ മലയാളിയുടെ പ്രതിരോധ ശേഷി ചോര്‍ന്നു പോയിരിക്കുന്നുവെന്ന ഗൗരവ സാഹചര്യം കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ ശേഷിയെന്ന അനിവാര്യത ചോര്‍ന്നു പോയതിനു പിന്നില്‍ ഭക്ഷണ രീതികളിലെ മാറ്റമാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. പുതിയ ഭക്ഷണ ക്രമങ്ങള്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന കണ്ടെത്തല്‍ പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് കാരണായി വിലയിരുത്തപ്പെടുന്നു. കൊതുക് നിവാരണത്തിന് അനിവാര്യമായുണ്ടാകേണ്ട കാര്യങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഇതര ശുദ്ര ജീവികളുടെ ആവാസ വ്യവസ്ഥക്ക് സൗകര്യ പ്രദമാകുന്ന രീതിയിലാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന കാര്യത്തിലുളള നമ്മുടെ മനസ്ഥിതി. നൂറ് മൈല്‍ ദൂരെ കൂടി പോകുന്ന രോഗത്തെ മാടി വിളിക്കുന്ന തരത്തില്‍ ഭക്ഷണ ശൈലിയിലും, പരിസര ഘടനയിലും ഗുരുതരമായ പാളിച്ച പ്രകടമാക്കികൊണ്ടിരിക്കുകയാണ് ഓരോ മലയാളിയും.
ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലുമുണ്ടായ മാറ്റങ്ങള്‍ കേരളത്തിന്റെ ആരോഗ്യത്തെയാണ് പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചത്. ഭക്ഷണത്തിനും, ചികിത്സക്കും പണം മുടക്കാന്‍ മടിയില്ലാത്ത മലയാളി ഇവ രണ്ടും പരമാവധി ആസ്വദിക്കുന്നു. യാതൊരു പണച്ചെലവുമില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സ കയ്യൊഴിഞ്ഞ് കഴുത്തറപ്പന്‍ കേന്ദ്രങ്ങളായ സ്വകാര്യ ആശുപത്രികളെ വാരിപ്പുണരാന്‍ മടികാണിക്കാത്തവരായി നമ്മള്‍ മാറിയിട്ടുണ്ട്. ടെസ്റ്റും ടെസ്റ്റിനുമേല്‍ ടെസ്റ്റുമായി ആശുപത്രികളില്‍ കാലം കഴിക്കാനും, ഒപ്പം വയറുനിറയെ തിന്ന് വിശ്രമിക്കാനും സമയം കണ്ടെത്തുന്ന ലോകത്തിലെ അപൂര്‍വ്വ വിഭാഗം ഒരു പക്ഷെ മലയാളികള്‍ മാത്രമായിരിക്കും.
ഭക്ഷണ രീതികളില്‍ അധിനിവേശത്തിന്റെ അതിവേഗ സ്വാധീനം സ്വീകരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളത്തിന് പ്രഥമ സ്ഥാനമായിരിക്കും. ആരോഗ്യത്തിന് ഹാനികരവും ദോഷകരവുമാണ് ഫാസ്റ്റ് ഫുഡുകളില്‍ പലതുമെന്ന പൂര്‍ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ മലയാളി നെഞ്ചേറ്റിയിരിക്കുന്നത്. ചേരുവകളെ കുറിച്ചുളള വ്യക്തത ചൈനീസ് വിഭവങ്ങളെ കയ്യൊഴിയാന്‍ പ്രേരണയാകുന്നില്ലെന്നത് ശ്രദ്ദേയമാണ്. സൗഹൃദ കൂട്ടങ്ങള്‍ ഉണ്ടാക്കുന്ന നേരമ്പോക്കിന്റെ പുത്തന്‍ സംസ്‌ക്കാരം റെസ്റ്റോറന്റുകളിലെ നേരിയ വെട്ടത്തിലുളള ഭക്ഷണ മുറികളെ പുതു തലമുറ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. ഷവര്‍മ്മയുണ്ടാക്കിയ ഗുലുമാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും നിശ്ചിത കാലാവധിക്കുശേഷം ഇതിനെ വീണ്ടും സ്വീകരിക്കാന്‍ തയ്യാറായ യുവത്വത്തിന്റെ ഹൃദയ വിശാലത ഫാസ്റ്റ് ഫുഡുകളോട് ഇഴപിരിയാനാകാത്ത വിധം അടുത്തതിന്റെ നേര്‍ചിത്രമാണ് പ്രകടമാക്കിയത്. ഉപഭോഗ സംസ്‌ക്കാരം ഉണ്ടാക്കിയ അടിമുടി മാറ്റം മലയാളിയുടെ കരുത്തിനെ ചോര്‍ത്തുന്നതോടൊപ്പം തനിമയെ കയ്യൊഴിയാനുളള പ്രേരണകൂടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പോഷക സമ്പന്നമായ ആഹാരങ്ങളുടെ നീണ്ട പട്ടിക മലയാളിയുടെ ഭക്ഷണ മെനുവിനെ സമ്പന്നമാക്കിയ കാലം ഇനിയും മറവിയിലേക്ക് എത്തിയിട്ടില്ല. ഒരു തലമുറകൂടി കടന്നുപോകുന്ന കാലം വരെ ഇത് നിലനിന്നേക്കാം. ശരീരത്തിന് യാതൊരു ഗുണവുമില്ലാത്ത, വിശപ്പടക്കാന്‍ മാത്രം ഉപകരിക്കുന്ന പൊറോട്ടയും, ബ്രോയിലര്‍ കോഴിയും, അനുബന്ധ വിഭവങ്ങളും ഇഷ്ട സാന്നിധ്യങ്ങളായി തീന്‍ മേശയില്‍ നിന്ന് ഒഴിഞ്ഞു പോകാത്തിടത്തോളം കാലം വീര്‍പ്പിച്ചുവെച്ച ബലൂണുപോലെ പഞ്ഞിക്കട്ടകളായി മലയാളിയുടെ ശരീര ഘടന ആടി ഉലയും. എല്ലാം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നിടത്ത് ശരീരത്തെ അതിന്റെ വഴിയെ നടത്താന്‍ നോമ്പെടുത്തു നടക്കുന്നവര്‍ സ്വയം ഹത്യക്ക് സമാനമായ നിലപാടാണ് സ്വന്തത്തോട് സ്വീകരിക്കുന്നത്. ഭക്ഷണ ക്രമത്തിലെ വൈദേശിക അധിനിവേശം ശാരീരിക പ്രതിരോധ ശേഷിയെ തകര്‍ക്കുന്നുവെങ്കില്‍ തലമുറകള്‍ക്കു നേരെയുളള കയ്യേറ്റമായി ഇതിനെ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യമുളള തലമുറയാണ് നാടിന്റെ സമ്പത്തെന്ന് പറയുമ്പോള്‍ തന്നെ ഇതിനുളള സാഹചര്യമൊരുക്കപ്പെടേണ്ടതുണ്ട്. കരുത്തും, വിവേകവുമുളള സമൂഹ സൃഷ്ടി സാധ്യമാകണമെങ്കില്‍ പോഷക ഗുണമുളള ആഹാരത്തിന്റെ ലഭ്യത ഉറപ്പു വരുത്തണം. നല്ല ഭക്ഷണ പ്രസ്ഥാനങ്ങള്‍ ഈ മേഖലയില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ വിപ്ലവകരവും അഭിനന്ദനാര്‍ഹവുമാണ്. ജൈവ സമ്പന്നമായ ഭക്ഷണ രീതിയിലേക്കുളള തിരിച്ചുനടത്തമാണ് നല്ല ഭക്ഷണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും ജൈവ കീടനാശിനികള്‍ ഉപയോഗപ്പെടുത്തിയുളള ഭക്ഷണ വസ്തുക്കളുടെ ഉല്‍പാദനമാണ് ഇവരുടെ ലക്ഷ്യം. എണ്ണയും, കൊഴുപ്പും, രുചി വര്‍ധക വസ്തുക്കളുമില്ലാത്ത ഭക്ഷണ രീതിയുടെ പുനസ്ഥാപനം കരുത്തുളള സമൂഹത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കുമെന്ന് ഇവര്‍ ഉറപ്പ് പറയുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്