മാറ്റം ആഗ്രഹിക്കുന്നതിനെ കുറ്റം പറയാനാകുമോ
മാറ്റമല്ലാത്തതൊക്കെയും മാറണമെന്ന പ്രത്യയ ശാസ്ത്ര വചനം കേട്ടുശീലിച്ചവരാണ് നമ്മളൊക്കെയും. കാലത്തിനൊത്ത മാറ്റം എന്നതിനപ്പുറത്ത് സമ്പൂര്‍ണ്ണമായ വ്യവസ്ഥമാറ്റമെന്നത് സാധ്യമാകാന്‍ തരമില്ലെന്ന് കരുതിയവരായിരുന്നു അധികപേരും. എന്നാല്‍ ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലവും, ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റവും മാറ്റമെന്ന പ്രതിഭാസം സാധ്യമാക്കാന്‍ വലിയ മുന്നൊരുക്കങ്ങളുടെ ആവശ്യമില്ലെന്ന ബോധ്യപ്പെടുത്തലാണ് വരച്ചു കാണിച്ചത്. രാജ്യത്ത് വളര്‍ന്നും പിളര്‍ന്നും ഒട്ടനവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊളളാറുണ്ട്. ഇപ്പോഴുമത് അനുസ്യൂതം തുടരുന്നു. സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവര്‍ക്കിടയിലെ വീതം വെപ്പ് എന്നാതിനപ്പുറത്തേക്ക് പിളര്‍പ്പിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രസ്ഥാനങ്ങളൊന്നും വളരാറില്ല. നേതൃനിരയിലെ സ്വാര്‍ത്ഥവും അധികാര കേന്ദ്രീകൃതവുമായ ചിന്തകളാണ് പിളര്‍പ്പിന് വഴിവെക്കുന്ന ഒന്നാമത്തെയും അവസാനത്തേയും ഘടകം. മാറ്റമെന്നത് ഒന്നിനെ പിളര്‍ത്തി മറ്റൊന്നുണ്ടാക്കാന്‍ ഘടകമാകാറില്ല എന്നതുകൊണ്ടുതന്നെ സാമൂഹ്യമായ സ്വാധീനം സാധ്യമാക്കാന്‍ ഇവയ്‌ക്കൊന്നും സാധിക്കാറില്ല.
നിലവിലെ ഭരണ വ്യവസ്ഥയോടും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയോടും അസംതൃപ്തി ഉളളിലൊതുക്കുന്ന ചെറുതല്ലാത്ത വിഭാഗമുണ്ടെന്നത് തര്‍ക്കരഹതിമാണ്. അഴിമതിയിലും, കെടുകാര്യസ്ഥതയിലും കൂപ്പുകുത്തിയ ഭരണകൂടവും ഭരണകര്‍ത്താക്കളും ഇന്ത്യന്‍ ജനാധിപത്യ ഘടനയെ വികൃതമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പൊതു പ്രവര്‍ത്തകര്‍ ജനസേവനമെന്ന അജണ്ട മറക്കുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഉപയോഗിക്കുകയും ചെയ്യുന്ന രീതി സര്‍വ്വ വ്യാപകമായിരുക്കുന്നു. പൊതുജനങ്ങള്‍ക്കുമുന്നിലെ കുരുക്കുകള്‍ നീക്കി ജീവിത സൗകര്യത്തിനുളള വഴികള്‍ തുറന്നു കൊടുക്കേണ്ട ഉദ്യോഗസ്ഥ വിഭാഗം കെടുകാര്യസ്ഥതയുടേയും, മെക്കിട്ടുകയറിലിന്റെയേും, കൈക്കൂലിയുടേയും വക്താക്കളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സമൂഹത്തില്‍ സ്വീധിനമില്ലാത്തവര്‍ക്കും, സാധാരണക്കാര്‍ക്കും ജീവിക്കാന്‍ അര്‍ഹതയില്ലെന്ന തരത്തില്‍ ഭരണവ്യവസ്ഥയും, ബ്യൂറോ ക്രസിയും ജനങ്ങളില്‍ നിന്നകലുമ്പോള്‍ ഇത്തരമൊരു വ്യവസ്ഥയില്‍ നിന്നുളള മാറ്റം അനിവാര്യമാണെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നതിനെ തെറ്റു പറയാനാകില്ലല്ലോ.
തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയങ്ങള്‍ മുന്നില്‍ വെച്ച് തിരുത്തലുകള്‍ക്ക് സന്നദ്ധമാണെന്ന് രാഷ്ട്രീയ പാര്‍ടികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയൊന്നും ഫലത്തിലെത്താറില്ലെന്നതാണ് ചരിത്രം. ശവപ്പെട്ടിയില്‍ അഴിമതി നടത്തിയ മുന്നണിയെ മാറ്റി അധികാരത്തിലെത്തിയവര്‍ അഴിമതിയുടെ കുംഭകോണമാണ് കാഴ്ചവെച്ചത്. രാജ്യത്തെ തന്നെ വിലക്കുവാങ്ങാവുന്ന അത്രയും വലിയ തുകയുടെ അഴിമതികള്‍ തുടര്‍ക്കഥകളായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ച് നില്‍ക്കണമെന്നതാണോ ശരിയുടെ പക്ഷം. അതല്ല ബദലിന്റെ വഴി തേടുകയെന്നതോ. എന്‍ ഡി എ മാറിയാല്‍ യു പി എ, പിന്നെയും എന്‍ ഡി എ എന്ന ഭരണ രീതിക്കപ്പുറത്ത് പുതിയതൊന്ന് വേണമെന്നത് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അരാഷ്ട്രീയ വാദത്തില്‍ നിന്നായിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന്റെ ശുദ്ധീകരണമെന്ന സദുദ്ദേശത്തില്‍ നിന്നായിരുന്നു. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന പണം ധൂര്‍ത്തിന്റേയും, ആഡംബരത്തിന്റേയും വഴിയില്‍ ഭരണകൂടം ചെലവിടുമ്പോള്‍ അരുതെന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആരുമില്ലാതെ പോകുന്നിടത്ത് പ്രതിഷേധത്തിന്റേയും അസംതൃപ്തിയുടേയും കൂട്ടായ്മകള്‍ രൂപപ്പെടുകയെന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണ്. നാട് ഭരിക്കേണ്ടത് ജനങ്ങളെ നയിക്കാന്‍ ശേഷിയുളള നേതാവായിരിക്കണമെന്നതാണ് ജനാധിപത്യ വ്യവസ്ഥയുടെ കേന്ദ്ര ബിന്ദു. ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ ലക്ഷങ്ങള്‍ മുടക്കിയുളള സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ വേണ്ടിവരുന്നുവെന്നത് നേതാവ് എന്ന വിശേഷണത്തിനുളള അര്‍ത്ഥ തലങ്ങളെ തന്നെ പൊളിച്ചെഴുതുന്നതാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നരേന്ദ്രമോഡിയും, രാഹുല്‍ ഗാന്ധിയും തങ്ങളുടെ മുഖച്ഛായ നന്നാക്കാന്‍ കോടികള്‍ ചെലവഴിച്ചുകൊണ്ടുളള പരിപാടികള്‍ക്കാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ജനാധിപത്യവും ജനവും തമ്മിലുളള അകല്‍ച്ചയുടെ വ്യാപ്തിയാണ് വരച്ചുകാണിക്കുന്നത്.
         ഭരണത്തിലും, പൊതു പ്രവര്‍ത്തനത്തിലും ജനം ആഗ്രഹിക്കുന്ന രീതിക്കൊത്തുയരാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നില്ല. തങ്ങളെ അറിയുന്ന, തങ്ങളോടൊപ്പം നില്‍ക്കുന്ന ഭരണ കര്‍ത്താവെന്നതാണ് ഭരണത്തെകുറിച്ചുളള സാധാരണക്കാരന്റെ സ്വപ്നം. ഭരണീയനും, ഭരണകര്‍ത്താവും തമ്മിലുളള അകലം ഇന്നെത്രയോ അകലെയാണ്. സ്വാധീനവും പിടി പാടുമില്ലെങ്കില്‍ ഭരണസിരാകേന്ദ്രത്തിന്റെ ഏഴയലത്തു പോലും എത്താനാകില്ലെന്ന സാഹചര്യമാണുളളത്. പ്രയാസങ്ങളും വിഷമതകളും നേരിട്ടവതരിപ്പിക്കാന്‍ തങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ക്കു മുന്നിലെത്താന്‍ കടമ്പകള്‍ താണ്ടേണ്ട ഗതികേടാണ് പ്രജകള്‍ക്കുളളത്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേരള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുപോലും നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ വേണ്ടുവോളമായിരുന്നു. സുരക്ഷ മുന്‍ നിറുത്തിയുളള നിയന്ത്രണങ്ങള്‍ അനിവാര്യമാകാമെങ്കിലും പരാതിക്കാരനെ ഭരണകര്‍ത്താവിന് മുന്നിലേക്കെത്തിക്കുന്നതിനുളള മാര്‍ഗ്ഗ തടസ്സമായി നിയന്ത്രണങ്ങള്‍ മാറരുത്. അഞ്ചാണ്ടിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങള്‍ക്കിടയിലേക്കിറങ്ങാനുളള സമയമായി നിശ്ചയിക്കുന്ന ജനപ്രതിനിധികള്‍ നമ്മുക്കിടയില്‍ ഇപ്പോഴുമുണ്ടെന്നത് കാണാതെ പോകേണ്ടതല്ല. വോട്ടിന് മാത്രം ജനങ്ങള്‍ക്കുമുന്നിലെത്തുന്ന രാഷ്ട്രീയ രീതിയെ കയ്യൊഴിഞ്ഞ് എന്നും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുളളതിനെ പകരമായി സ്വീകരിക്കാന്‍ തയ്യാറാകുന്നതിനെ അവിവേകമായി കാണാനാകുമോ.
ഇടത് അല്ലെങ്കില്‍ വലത്, യു പി എ അല്ലെങ്കില്‍ എന്‍ ഡി എ എന്നതിലേക്ക് ഭരണ രാഷ്ട്രീയ രംഗത്തെ ഓപ്ഷനുകള്‍ പരിമിതപ്പെട്ടത് ജനങ്ങള്‍ക്കുമേല്‍ കുതിര കയറാനുളള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന വിലയിരുത്തലില്‍ കുറേ ശരികളുണ്ടെന്ന് സമ്മതിക്കാവുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടവേള തിരിച്ചുവരവിനുളള കാത്തിരിപ്പിന്റെ കാലമായി കാണുന്ന രീതിയാണുളളത്. തുടര്‍ ഭരണമെന്നത് ഇല്ലാതാകുന്നതിലൂടെ പ്രകടമാകുന്നത് അസംതൃപ്തിയുടെ രാഷ്ട്രീയമാണ്. പ്രതിപക്ഷത്തിരിക്കുന്നവര്‍ അധികാരത്തിലേക്കെത്തുന്നത് ഭരണക്കാരോടുളള പ്രതിഷേധത്തില്‍ നിന്നാണ്. ഭരണമാറ്റമെന്നത് അര്‍ഹതയുളളവരെ തെരഞ്ഞെടുക്കുവാനുളള അവസരമെന്നതിന് അപ്പുറത്ത് നിലവിലുളളവരെ ഇനിയും സഹിക്കാനാകില്ലെന്ന പൊറുതികേടില്‍ നിന്ന് രൂപപ്പെടുന്ന വികാരമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃനിര ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നുവെന്ന സ്വയം വിമര്‍ശനം എല്ലാ പാര്‍ട്ടികളും അവരുടെ സമ്മേളനങ്ങളില്‍ വിലയിരുത്താറുണ്ടെങ്കിലും അടുക്കാനുളള വഴികള്‍ പലപ്പോഴു രേഖകളായി കെട്ടിപ്പൂട്ടി വെക്കപ്പെടുന്ന സ്ഥിതിയാണ് തുടരുന്നത്. ജനങ്ങളുടെ വിയര്‍പ്പും അധ്വാനവും കൊണ്ട് കെട്ടിപ്പടുത്തതാണ് ഓരോ രാഷ്ട്രീയ പ്രസ്ഥാനവും എന്ന ബോധ്യം നിലനിറുത്തികൊണ്ടുതന്നെയാണ് നേതൃത്വം ജനങ്ങളില്‍ നിന്നകന്നുകൊണ്ട് കോര്‍പ്പറേറ്റുകളോടുളള അകലം അതിവേഗം വെട്ടി കുറക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്ന വിശദീകരണത്തോടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഏജന്‍സികളായി ഭരണകൂടങ്ങള്‍ മാറിയിട്ടുണ്ടെന്നത് പകല്‍ വെളിച്ചം പോലെ തെളിച്ചമുളളതാണ്. ജനങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കി ഭൂമിയും, വായുവും കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്ന വികസന രീതിയോടാണ് ഭരണാധികാരികള്‍ക്ക് ഏറെ താല്‍പ്പര്യം. സ്വന്തം താല്‍പര്യങ്ങളെ ജനങ്ങളുടെ ആവശ്യങ്ങളായി അവതരിപ്പിച്ച് നേട്ടങ്ങള്‍ വാരികൂട്ടാന്‍ തയ്യാറാക്കപ്പെടുന്ന മാസ്റ്റര്‍ പ്ലാനുകളുടെ നടുവിലേക്ക് നാടിന്റെ വികസനം കൂപ്പുകുത്തിയിരിക്കുന്നുവെന്നതാണ് ആധുനിക ഇന്ത്യയുടെ നേര്‍ ചിത്രം.
തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് നാട് ഭരിക്കുന്നവരെങ്കിലും ഇവര്‍ക്കുമേലുളള ജനങ്ങളുടെ വിശ്വാസ്യതയെന്നത് പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന് പറഞ്ഞ പോലെയാണ്. പറയുന്നത് രാഷ്ട്രീയക്കാരാണെങ്കില്‍ അതിനെ നടപ്പാകാത്ത വാഗ്ദാനത്തിന്റെ പട്ടികയിലേക്ക് എഴുതി തളളുന്ന രീതി സര്‍വ്വത്രമായിരിക്കുന്നു. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെയെന്ന് പേരിട്ട് വിളിക്കുന്നതിലേക്ക് മാറിയെന്നത് പൊതു പ്രവര്‍ത്തകന്റെ വിശ്വാസ്യതയെ വെളിവാക്കുന്നതാണ്. നാട്ടില്‍ വല്ല വികസനവും വരാന്‍ പോകുന്നുണ്ടെങ്കില്‍ രണ്ട് തലമുറ കഴിഞ്ഞുളളവര്‍ക്കെ ഇതനുഭവിക്കാന്‍ യോഗമുണ്ടാകൂവെന്ന വിലയിരുത്തലിലേക്ക് ഗുണഭോക്താക്കളെ എത്തിച്ചത് തകര്‍ന്നടിഞ്ഞ വിശ്വാസ്യതയില്‍ നിന്നായിരുന്നു. രാഷ്ട്രീയക്കാരൊക്കെ അഴിമതിക്കാരും, കമ്മീഷന്‍ പറ്റുന്നവരുമാണെന്ന പൊതു ധാരണ നാടുനീളെ പരന്നിട്ടുണ്ടെങ്കില്‍ കയ്യിലിരിപ്പിന്റെ അനന്തര ഫലമായെ ഇതിനെ കാണാനാകൂ. ചിലരുടെ ചെയ്തികളുണ്ടാക്കിയ ദുഷ്‌പേര് ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും പേറേണ്ടിവരുന്നുവെന്ന് വേണമെങ്കില്‍ പറയാം.
ജനകീയ താല്‍പര്യങ്ങളിലൂന്നിയ ലിഖിതമായ നയപരിപാടികളും, നിലപാടുകളുമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എത്രമാത്രം ജനകീയമാണെന്ന സ്വയം വിചാരണ അനിവാര്യമായ ഘട്ടമാണിത്. മുഖ്യധാരയില്‍ നിലകൊളളുന്ന കക്ഷികള്‍ക്കപ്പുറത്ത് മൂന്നാമതൊന്നിന്റെ ഇടം വെളിപ്പെട്ട സാഹചര്യത്തില്‍ തിരുത്തലുകള്‍ക്കുളള വഴിതുറക്കപ്പേടേണ്ടതുണ്ട്. ഭൗതിക സാഹചര്യങ്ങളോ, കൃത്യമായ നയ പരിപാടികളോ ഒന്നും ഇല്ലാതിരുന്നിട്ടും ആം ആദ്മി പാര്‍ട്ടി ജനമനസ്സുകളില്‍ ഇടം പിടിക്കുകയും, അതിനെ സ്വീകരിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ആശാവഹമായ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നതിന് സമാനമായി രാഷ്ട്രീയ കക്ഷികള്‍ക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍ അവര്‍ കാലത്തിന്റെ പ്രതികരണത്തെയാണ് തിരിച്ചറിയാതെ പോകുന്നത്.
അധികാരമെന്നത് ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്താനുളള സൗകര്യമെന്നതില്‍ നിന്നുമാറി ജനങ്ങളെ ഭരിക്കാനുളള മാര്‍ഗ്ഗമായി രൂപാന്തരപ്പെട്ടിടത്താണ് ജനവും, ഭരണക്കര്‍ത്താവും അകലാന്‍ തുടങ്ങിയത്. അധികാരം നല്‍കുന്ന ആര്‍ഭാടവും, അഹങ്കാരവും ജനങ്ങളെ മറന്ന് തന്നിഷ്ടത്തെ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കുന്നിടത്ത് ബദലിനെ തേടാന്‍ പ്രേരകമാകും. ധാര്‍മ്മികതയും, സദാചാരവും കുത്തിയൊലിച്ച് പോയ പൊതു പ്രവര്‍ത്തന രംഗത്തെ നൈതികതയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നിടത്തെല്ലാം മാറ്റത്തിന്റെ കാറ്റ് വീശുക തന്നെ ചെയ്യും. നിലനില്‍ക്കുന്ന വ്യവസ്ഥകളും, പാരമ്പര്യങ്ങളും ഇതില്‍ കുത്തിയൊലിച്ചു പോകും. പൊതു ജനമെന്ന വിശാലതയിലേക്ക് അടുക്കാന്‍ കഴിയുന്നതാണ് മാറ്റമെന്ന വിപ്ലവം നല്‍കുന്ന പാഠം.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്