തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം

    രാഷ്ട്രീയ വിവാദങ്ങള്‍ നിറകുടമായി നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ലോക സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ചകളും, തര്‍ക്കങ്ങളും സജീവമാണ്. നിലവിലുളള വിവാദങ്ങള്‍ക്കപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ വജ്രായുധങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവേഷണ വിഭാഗങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രകള്‍ക്കായി നാടും, നഗരവും, നേതാക്കളും അവസാനഘട്ട ഒരുക്കത്തിലാണ്. 2004 ആവര്‍ത്തിക്കുമെന്ന് ഇടത് മുന്നണിയും 2009-ന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ഭരണക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ കാലത്തേയും പോലെ അക്കൗണ്ട് തുറക്കാനാകുമെന്ന കാത്തിരിപ്പില്‍ ബി ജെ പി യുണ്ട്. ഡല്‍ഹിയില്‍ വീശിയടിച്ച കാറ്റിന്റെ നേരിയ കുളിരെങ്കിലും അനുഭവപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴിയുന്നവരും കുറവല്ല.
ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമായിരിക്കും ലോക സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രൂപപ്പെടുകയെന്ന നിരീക്ഷണമാണ് പൊതുവായുളളത്. മറിച്ച് ചിന്തിക്കാന്‍ പ്രേരകമായതൊന്നും യു ഡി എഫ് രാഷ്ട്രീയത്തിലോ, യു പി എ യിലോ ഇല്ലെന്നതാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് എത്തിച്ചിരിക്കുന്ന പ്രധാന ഘടകം. തമ്മിലടിയും, ഗ്രൂപ്പ് കലഹവും കാരണം കലുഷിതമായ യു ഡി എഫ് സംവിധാനം ഭരണ നേട്ടങ്ങള്‍ പോലും ജനങ്ങളിലെക്കെത്തിക്കാനാകാതെ കുഴങ്ങിമറിയുകയാണ്. മുസ്ലീം ലീഗ് ഒഴിച്ച് മറ്റു ഘടക കക്ഷികളൊക്കെ ആഭ്യന്തര കലഹത്തിന്റെ പിടിയിലാണ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വികൃതമുഖം പാരമ്യത്തിലാണ്. സരിതയും, സോളാറും സംഭാവന ചെയ്ത ദുഷ്‌പേര് ലേകസഭ തെരഞ്ഞെടുപ്പ് വരെ പുതിയ വെളിപ്പെടുത്തലുകളുടെ പിന്തുണയോടെ കത്തിക്കൊണ്ടേയിരിക്കും. കേരള കോണ്‍ഗ്രസ്സില്‍ പി സി ജോര്‍ജ്ജ് ഇഫക്ട് സൈ്വര്യ വിഹാരത്തിന് വിലങ്ങുതടിയാണ്. പി ജെ ജോസഫും, കെ എം മാണിയും പ്രത്യക്ഷത്തില്‍ ഒരുമെയ്യാണെങ്കിലും അടര്‍ന്നു വീഴാറായ രണ്ടിലകള്‍ പോലെയാണ് ഇവരുടെ മനസ്സ്. പാര്‍ട്ടിയുടെ വലിപ്പവും, അംഗബലവും ഉള്‍കൊളളാനാകാത്തതുകൊണ്ടാകാം സി എം പി നെടുകെ പിളര്‍ന്നു. ഇതേ ശരീര പ്രകൃതിയുളള ഗൗരിയമ്മയും കൂട്ടരും യു ഡി എഫിന് അകത്തോ പുറത്തോയെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. വീരേന്ദ്രകുമാറിന്റെ ജനതാദളാകാട്ടെ രണ്ടായതറിയാതെ പഴയ പെരുമയും പറഞ്ഞ് കോഴിക്കോട് അല്ലെങ്കില്‍ വടകര സീറ്റ് വേണമെന്ന അവകാശവാദത്തിലാണ്. കേരള കോണ്‍ഗ്രസ്സ് ബി ഏത് മുന്നണിയിലാണെന്ന് അവര്‍ക്കുതന്നെ അറിയാത്ത സാഹചര്യമാണ്. സീറ്റ് വിഭജന ചര്‍ച്ച മുറുകുന്ന മുറക്ക് യു ഡി എഫിനകത്തെ കക്ഷികളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകുമോയെന്ന സംശയം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമല്ല.
         ഘടക കക്ഷികളുടേയും, കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പുകളുടേയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തിപ്പെടുത്തുന്ന തരത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെങ്കില്‍ ഇപ്പോഴുളള ഇരുപത് സീറ്റിന് പകരം നാല്‍പത് ലോകസഭ മണ്ഡലങ്ങളെങ്കിലും കേരളത്തിനനുവദിക്കണം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ്സും നിലവിലുളള സീറ്റുകള്‍ക്ക് പുറമെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷം ഭരണമാറ്റമെന്ന അജണ്ടയുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഘട്ടത്തില്‍ പ്രധാന കക്ഷികളെ പിണക്കാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്ന പ്രത്യേക സഹചര്യം കൂടി സീറ്റ് വിഭജന ചര്‍ച്ചകളില്‍ യു ഡി എഫിനെ ജാഗരം കൊളളിക്കുന്നു. യു ഡി എഫിനെ പിന്തുടര്‍ന്ന വിവാദങ്ങള്‍ ഓരോന്നും സദാചാരത്തിനുമേലുളള കടന്നുകയറ്റങ്ങള്‍ ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇവ നിറഞ്ഞു നില്‍ക്കും. സരിതയും, ശാലുമേനോനും, ശ്വേത മേനോനും ഒടുവില്‍ സുനന്ദ പുഷ്‌ക്കറും ഉയര്‍ത്തിയ വെളിപ്പെടുത്തലുകള്‍ യു ഡി എഫിന്റെ സുഖമമായ പ്രചരണ മുന്നേറ്റത്തെ പ്രതിരോധത്തിലാക്കും.
കേന്ദ്ര സര്‍ക്കാറിന്റെ ഭരണനയങ്ങള്‍ വിശദീകരിക്കുന്നതിന് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഏറെ സമയം ചെലവിടേണ്ടിവരുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കുമിത്. ബി ജെ പി യേയും, നരേന്ദ്ര മോഡിയേയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യമായിരിക്കും കോണ്‍ഗ്രസ്സ് പ്രചരണ രംഗത്ത് മുന്നില്‍ വെക്കുക. യു പി എ സര്‍ക്കാറിന്റെ കാലത്തെ അഴിമതികളും, വില വര്‍ധനവും സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടുകളും ബി ജെ പി വിരുദ്ധ പ്രചരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തന്നെയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി പക്വമതിയായ നേതാവാണെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് ഇനിയും പണിയെടുക്കേണ്ടതുണ്ട്. ബി ജെ പിയുടെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമല്ലാത്തതുകൊണ്ടുതന്നെ നരേന്ദ്ര മേഡിയുടെ കടന്നുവരവിനെ തടയുകയെന്ന പ്രചരണം സാധാരണക്കാര്‍ക്കിടയില്‍ രാഷ്ട്രീയമായ പ്രതിഫലനം സാധ്യമാക്കില്ല. മറിച്ച് എല്‍ ഡി എഫ് എന്ന ബദല്‍ തന്നെയായിരിക്കും പരിഗണിക്കപ്പെടുക. ദേശീയ രാഷ്ട്രീയത്തിന്റെ ഗൗരവത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് നിലപാടുകള്‍ സ്വീകരിക്കുന്ന രീതി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകാറില്ല എന്നതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും, രാഷ്ട്രീയ നിലപാടുകളും തന്നെയായിരിക്കും ലേക സഭ തെരഞ്ഞെടുപ്പില്‍ വിലയിരുത്തലിന് വിധേയമാക്കപ്പെടുക.
ഇടതുമുന്നണിയെ സംബന്ധിച്ച് രാഷ്ട്രീയ പ്രതിസന്ധികളും, ആഭ്യന്തര പ്രശ്‌നങ്ങളും ഏറെയില്ലാത്ത തെരഞ്ഞെടുപ്പ് കാലമാണ് മുന്നിലുളളത്. വി എസ് അച്ചുതാനന്ദന്‍ നിശബ്ദനാക്കപ്പെട്ടു എന്നതുകൊണ്ടു തന്നെ സി പി എം സംഘടന പരമായ ദൗര്‍ലബല്ല്യത്തെ നേരിടുന്നില്ല. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നിരന്തരമായി സംഘടിപ്പിക്കപ്പെട്ട സമര പരിപാടികള്‍ പാര്‍ട്ടിയുടെ സംഘടന ശേഷിയെ കരുത്തുറ്റതാക്കാന്‍ സഹായിച്ചിട്ടുണ്ട്. സമരങ്ങള്‍ ഫലം കണ്ടുവോ ഇല്ലെയെന്നുളളത് വേറെ കാര്യം. സമരങ്ങളൊക്കെയും സംഘടനയെ ഉറക്കമുണര്‍ത്താന്‍ സഹായകമായി എന്നതുകൊണ്ടുതന്നെ സി പി എമ്മിന് ഇക്കഴിഞ്ഞ പ്രതിഷേധങ്ങളൊക്കെയും വിജയകരമാണ്. പിണറായി വിജയന്‍ നയിക്കുന്ന കേരളയാത്ര അടുത്ത ദിവസം മഞ്ചേശ്വരത്തുനിന്ന് സമാരംഭം കുറിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിറങ്ങാന്‍ പാര്‍ട്ടി സജ്ജമാക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി പി എം നേതൃത്വം.
   ഇടതുമുന്നണിയിലെ ഘടക കക്ഷികളില്‍ സി പി ഐ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളില്‍ ഇത്തവണയും മത്സരിക്കുമെന്ന് മുന്‍കൂറായി ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വലിയ തര്‍ക്കത്തിന് ഇടയില്ല. ഇടതുമുന്നണി യോഗം ചേരുന്നതിന് മുന്‍പ് സി പി ഐ സ്വന്തമായി പ്രഖ്യാപനം നടത്തിയത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും അത് ആഴത്തിലുളള മുറിവാകാന്‍ ഇടയില്ല. ആര്‍ എസ് പി കൊല്ലം സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണറിയുന്നത്. മാത്യു ടി തോമസിന്റെ ജനതാദള്‍ ഉയര്‍ത്താനിടയുളള ആവശ്യത്തേയും മാന്യമായി പരിഹരിക്കാനാകുമെന്നുതന്നെയാണ് ഇടതു നേതൃത്വത്തിന്റെ ശുഭ പ്രതീക്ഷ. യു ഡി എഫിലെ പോലെ ചേരിമാറ്റ ഭീഷണി ഉയരാത്തതിനാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൊട്ടിത്തെറികളിലാതെ അവസാനിപ്പിക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.
അക്രമരാഷ്ട്രീയം കയ്യൊഴിഞ്ഞ് സഹന സമരത്തിന്റെ വഴിയിലേക്ക് രാഷ്ട്രീയ പ്രതിഷേധനത്തെ പറിച്ചു നടുന്ന സി പി എം വിമര്‍ശകരുടെ സ്ഥിരം തെരഞ്ഞെടുപ്പ് വിഷയത്തെ കാലിയാക്കുക കൂടിയാണ് ചെയ്യുന്നത്. ടി പി വധം ഇത്തവണയും പ്രചരണ വിഷയം ആകുമെങ്കിലും കാര്യമായ മൂര്‍ച്ഛയുണ്ടാകാനിടയില്ല. നല്ല നടപ്പിന്റെ കാര്യത്തില്‍ യു ഡി എഫ് നേതാക്കളുടെ നീണ്ട പട്ടിക മുള്‍ മുനയില്‍ നില്‍ക്കുമ്പോള്‍ ഇടതുമുന്നണിക്കകത്തെ ഇത്തരക്കാര്‍ കാര്യമായി വിചാരണ ചെയ്യപ്പെടില്ല.
    തിരുവനന്തപുരവും, കാസര്‍ക്കോടും ഉയര്‍ത്തിക്കാട്ടി ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കാനുളള ഒരുക്കത്തിലാണെങ്കിലും സാധ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പിന് ഇനിയും ബലം പോര. സുനന്ദ പുഷ്‌ക്കറിന്റെ മണരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് തിരുവനന്തപുരം സീറ്റില്‍ കരിനിഴല്‍ വീണ സാഹചര്യത്തില്‍ ഇതിനെ ഗുണകരമായി ഉപയോഗപ്പെടുത്താനുളള ആലോചനകള്‍ ബി ജെ പി യില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വ സമ്മതനായ സ്വതന്ത്ര്യനെ രംഗത്തിറക്കി ഇതിനെ പ്രതിരോധിക്കാന്‍ ഇടതു കേന്ദ്രങ്ങളും സജീവമാണ്.
ആം ആദ്മി പാര്‍ട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമാകുമെന്ന വിലയിരുത്തല്‍ ഇരുമുന്നണികളേയും ഗൗരവമായ ആലോചനകള്‍ക്ക് നിര്‍ബന്ധിതമാക്കുന്നുണ്ട്. വിവിധ വികസന പദ്ധതികളുടേയും മറ്റും ഭാഗമായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോട് അസംതൃപ്തി രേഖപ്പെടുത്തി മാറി നില്‍ക്കുന്ന ഇരകളുടെ വലിയ നിര ആം ആദ്മിയുടെ ഭാഗമാകുമോയെന്നത് ആശങ്കയോടെയാണ് പ്രധാന പാര്‍ട്ടികള്‍ കാണുന്നത്. മാത്രമല്ല ലോക സഭ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താറില്ലാത്ത ചെറു പാര്‍ട്ടികളുടെ ഏകീകരണം ആം ആദ്മിയുടെ വരവോടെ ഉണ്ടാകുമോയെന്നതും ഇരുമുന്നണികളുടേയും നെഞ്ചിടിപ്പ് കൂടുന്നു. തൃശ്ശൂരില്‍ ഇത്തരം പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി ആം ആദ്മിയുടെ സാറാ ജോസഫ് മത്സരിക്കുമെന്നുറപ്പായ സാഹചര്യത്തില്‍ ഇത് ഏത് രീതിയിലാണ് തങ്ങളെ ബാധിക്കുകയെന്നത് കണക്കുകൂട്ടിയുറപ്പിക്കാന്‍ പ്രധാന പാര്‍ട്ടികള്‍ക്ക് ഇനിയുമാകുന്നില്ല. ആം ആദ്മിയിലേക്ക ്   പൊതു സമ്മതരായ പ്രഗത്ഭര്‍ ഇനിയും കടന്നു വരികയും ഇവര്‍ മത്സര രംഗത്തിറങ്ങുകയും ചെയ്‌ലുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം മുന്‍ കൂട്ടി പ്രവചിക്കാനാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിയെന്ന വസ്തുത കണ്‍മുന്നില്‍ നിലനില്‍ക്കുന്നതാണ് രാഷ്ട്രീയ സാഹചര്യങ്ങളെ പ്രവചനാതീതമായി നിലനിറുത്തുന്ന പ്രധാന ഘടകം.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്