കരുതിയിരിക്കുക; വിപ്ലവം കുറ്റിച്ചൂലിലും സാധ്യമാകും

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനല്‍ വരാനിരിക്കുന്ന ഫൈനല്‍ ഏത് രൂപത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ വരച്ച് കാണിക്കുന്നതാണ്. കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റേയും വിയോജിപ്പിന്റേയും പ്രതിഫലനമാണ് നാല് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന രാഷ്ട്രീയത്തിലെ ഭരണ വിരുദ്ധത തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചില്ലെന്നതാണ് ബി ജെ പിക്ക് രണ്ട് സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണം സാധ്യമാക്കിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം അതീവ ഗൗരവമുളള രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതാണ്. തുടര്‍ച്ചയായി ഒന്നര പതിറ്റാണ്ട് ഡല്‍ഹിയില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നേരിട്ടുവെന്നതിനപ്പുറത്ത് ആം ആദ്മി പാര്‍ടിയെന്ന നവജാത ശിശു സാധ്യമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികളും, രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരും കണ്ണ് തുറന്ന് കാണേണ്ടത്.
കേവലം പത്ത് മാസം മാത്രം പ്രായമുളള ഒരു പാര്‍ടിക്ക് രാജ്യ തലസ്ഥാനം ഉള്‍കൊളളുന്ന സംസ്ഥാനത്ത് ഇത്രവലിയ മുന്നേറ്റം സാധ്യമാക്കാനായത് അധികാര രാഷ്ട്രീയത്തിന്റെ കുത്തക അവകാശം കൈപ്പിടിയിലൊതുക്കി നടക്കുന്നവര്‍ക്ക് മേലുളള ശക്തമായ താക്കീതാണ്. ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ ഉണ്ടാക്കിയ വിപ്ലവ മുന്നേറ്റം കോണ്‍ഗ്രസ്സിനും, യു പി എ സര്‍ക്കാറിനുമെതിരായ ജനകീയ പ്രതിഷേധം മാത്രമായി ചുരുക്കേണ്ടതല്ല. മറിച്ച് ജനത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ച് തന്നിഷ്ടത്തെ ഭരണമാക്കിയ മുഴുവന്‍ ഭരണകൂടങ്ങള്‍ക്കുമുളള മുന്നറിയിപ്പായാണ് ഇതിനെ കാണേണ്ടത്. അഴിമതിയിലും, കെടുകാര്യസ്ഥതയിലും കൂപ്പു കുത്തിയ ഭരണ വ്യവസ്ഥയോടുളള മധ്യവര്‍ഗ്ഗത്തിന്റെയും സാധാരണ ജനവിഭാഗത്തിന്റേയും സ്വാഭാവിക പ്രതിഷേധം മാത്രമാണ് ആം ആദ്മി പാര്‍ടി നേടിയ വിജയം. പരമ്പരാഗത രീതി അവലംബമാക്കിയുളള രാഷ്ട്രീയ പാര്‍ടികള്‍ക്കും മുന്നണികള്‍ക്കുമപ്പുറത്ത് മറ്റൊരു ബദല്‍ സാധ്യമായാല്‍ ജനം അവര്‍ക്കൊപ്പം നില്‍ക്കുമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് അരവിന്ദ് കെജരിവാളും സംഘവും നേടിയെടുത്ത അത്ഭുത വിജയം. കോണ്‍ഗ്രസ്സല്ലെങ്കില്‍ ബി ജെ പി, ഇടതല്ലെങ്കില്‍ വലത് എന്നത് മാത്രം ശീലമാക്കിയ സമ്മതിദായകര്‍ക്ക് മുന്നില്‍ മാറ്റത്തിന്റെ മറ്റൊരു വഴി അവതരിപ്പിച്ചപ്പോള്‍ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നതാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം വരച്ചുവെക്കുന്നത്.
ഭരിക്കുന്ന അഞ്ച് വര്‍ഷം എന്ത് തോന്നിവാസം കാണിച്ചാലും തൊട്ടടുത്ത അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചുവരാമെന്ന പാരമ്പര്യ വിചാരങ്ങള്‍ക്കുമേലുളള കൂച്ചിവിലങ്ങ് കൂടിയാണ് ആം ആദ്മി പാര്‍ടിയുടെ വിജയം. നിലവിലെ ഭരണ വ്യവസ്ഥയോടുളള അടങ്ങാത്ത അമര്‍ഷം ഉളളിലൊതുക്കി കഴിയുന്നവര്‍ വലിയൊരു വിഭാഗം തന്നെയുണ്ടെന്ന തിരിച്ചറിവ് കൂടി ഡല്‍ഹി ഫലം തുറന്നു കാണിക്കുന്നു. പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ ചുവടുവെക്കാനുളള യാതൊരു മുന്‍കരതലുമില്ലാതെ അഴിമത വിരുദ്ധ കൂട്ടായ്മയെന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളിലേക്കിറങ്ങിയപ്പോള്‍ സമൂഹമതിനെ വാരി പുണരുന്ന കാഴച്ചയാണ് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണഘട്ടങ്ങളില്‍ കാണാനായത്. സാധാരണ കര്‍ഷകര്‍ മുതല്‍ ഐ ടി വിദഗ്ദന്‍ വരെ കെജ്‌രിവാളിന്റെ ചൂല്‍ കെട്ടിനകത്ത് ഈര്‍ക്കിളുകളായി അണിനിരന്നു. സംസ്ഥാന ഭരണം എന്നതിനപ്പുറത്ത് കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പുകേടുകളായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കപ്പെട്ടത്. അഴിമതി കുംഭകോണങ്ങളുടെ തുടര്‍ക്കഥ ആവര്‍ത്തിക്കപ്പെട്ട യു പി എ സര്‍ക്കാറിന് മുന്നില്‍ രാജ്യത്തെ മുഴുവന്‍ പ്രജകളുയേടും വികാര പ്രക്ഷോഭമായി ആം ആദ്മിയുടെ വിജയത്തെ വിലയിരുത്തിയാലും അധികമാവില്ല.
വയോധികനായ അണ്ണാ ഹസാരെ ഉയര്‍ത്തിവിട്ട അഴിമതി വിരുദ്ധ മുന്നേറ്റത്തെ അരാഷ്ട്രീയ ചിന്തയായി പ്രചരിപ്പിച്ചവര്‍ക്ക് പിന്നിലെ നിഗൂഡത പുറത്തുകൊണ്ടുവരുന്നത് കൂടിയാണ് ആം ആദ്മിയുടെ മുന്നേറ്റം. രണ്ട് വര്‍ഷം മുമ്പ് അണ്ണാഹസാരെയുടെ സമര പന്തലിലും തുടര്‍ന്ന് കെജ്‌രിവാളിന് പിന്നിലും അണിനിരന്നവര്‍ രാജ്യ താല്‍പര്യത്തെ മുന്‍ നിറുത്തിയുളള രാഷ്ട്രീയ വാദമാണ് മനസ്സില്‍ കൊണ്ടുനടന്നിരുന്നതെന്ന് ഡല്‍ഹി ഫലം വ്യക്തമാക്കുന്നു. സ്വയം വളരാനും, കൂടെ പാര്‍ടിയെ വളര്‍ത്താനും രാജ്യത്തിന്റെ പൊതു ഖജനാവിനെ നിരന്തരമായി ചോര്‍ത്തുകയെന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിച്ചവര്‍ക്കു മുന്നില്‍ കെജ്‌രിവാളും സംഘവും പ്രകടമാക്കിയത് വലിയ ശരയാണെന്ന് പറയാതെ വയ്യ. രാജ്യം ഭരിച്ച എന്‍ ഡി എയും, യു പി എയും അഴിമതിയുടെ കാര്യത്തില്‍ ഒരേ തൂവ്വല്‍ പക്ഷികളാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ജനപക്ഷത്തിന്റെ വ്യതിരക്ത നിലപാടുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നതാണ് ഡല്‍ഹി നല്‍കുന്ന സൂചന. ശവപ്പെട്ടി മുതല്‍ കല്‍ക്കരിപ്പാടം വരെ നീളുന്ന ലക്ഷം കോടികളുടെ അഴിമതി കുംഭകോണങ്ങള്‍ക്കുമുന്നില്‍ ജനകീയ പ്രതിഷേധത്തിനുളള അവസരങ്ങള്‍ വരും കാലങ്ങളിലും തുറക്കപ്പെടുമെന്നതില്‍ ശങ്കിക്കേണ്ടതില്ല. സര്‍വ്വ സജ്ജമായ ഭരണകൂടത്തിനും, സമ്പത്തും അധികാരവും വാനോളമുളള മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ക്കും മുന്നില്‍ പാദമുറക്കാത്ത ആം ആദ്മിക്ക് തുല്ല്യതയില്ലാത്ത ചെറുത്ത് നില്‍പ്പ് സാധ്യമായെങ്കില്‍ മാറ്റത്തിനുളള കാഹളം എവിടേയും എപ്പോഴും മുഴക്കപ്പെടാമെന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകുന്നത് നന്നായിരിക്കും.
രാഷ്ട്രീയ പാര്‍ടികളിലും, ഭരണ രംഗത്തുമുളള ജീര്‍ണ്ണത ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റെ ഉളളില്‍ നീറിപ്പുകയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തിരുത്തലുകള്‍ക്കും, ശുദ്ധീകരണത്തിനും തയ്യാറാകാതെ ഭരണ രംഗവും ബ്യൂറോക്രസിയും താല്‍പര്യങ്ങളെ അജണ്ടയാക്കുമ്പോള്‍ അണ്ണാഹസാരെയും, കെജ്‌രിവാളും, ആം ആദ്മിയും ഇനിയും പിറവിയെടുക്കും. ജനാധിപത്യമെന്നത് ജനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുവാനുളള ഏര്‍പ്പാടാണെന്ന് മനസ്സിലാക്കിയവരാണ് പൊതു രംഗത്ത് നിലയുറപ്പിക്കപ്പെട്ടവരില്‍ ഏറെയും. പടുകൂറ്റന്‍ അഴിമതികള്‍ ആവര്‍ത്തിക്കാന്‍ ഗവേഷണം നടത്തുകയും, രാജ്യത്തിന്റെ പൊതു മുതല്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ മത്സരിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ അരുത് കാട്ടാളാ എന്നു വിളിച്ചു പറയാന്‍ മധ്യ വര്‍ഗ്ഗത്തിന്റെ നാവുകള്‍ക്ക് കരുത്ത് പകരുന്നതാണ് ആം ആദമിയുടെ മുന്നേറ്റം.
ഭരണവും, അധികാരവുമെന്നത് കുടുംബ സ്വത്താക്കി കൊണ്ടു നടക്കുന്ന രാഷ്ട്രീയ പാപ്പരത്തത്തിന് അറുതി വരുത്താന്‍ സമയമായെന്ന മുന്നറിയിപ്പ് കൂടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ യുവജനതയെ കണക്കിലെടുക്കാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇനി മുന്നോട്ടു പോകാനികില്ലെന്നത് കൂടി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹൈടെക്ക് ആസ്ഥാനമോ, പളപ്പളപ്പുളള കൊടിയോ ഇല്ലാതിരുന്നിട്ടും ആം ആദ്മി മികച്ച നേട്ടം കൊയ്തത് യുവത്വത്തിന്റെ പ്രസരിപ്പില്‍ നിന്നായിരുന്നു. കാലം ആഗ്രഹിക്കുന്നതും, പുതിയ തലമുറ തേടുന്നതുമായ കാര്യങ്ങള്‍ ആം ആദ്മിയുടെ വളണ്ടിയര്‍മാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു. ഓരോ മണ്ഡലത്തിന്റേയും ആവശ്യങ്ങള്‍ മുന്നില്‍ വെച്ച് പ്രത്യേക പ്രകടന പത്രിക തയ്യാറാക്കി. മാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മനസ്സുകളോട് സംവദിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ക്കുമേല്‍ കാപട്യമില്ലാതെ ഉറപ്പു നല്‍കാന്‍ ആം ആദ്മി വളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചു. പറയുന്നതൊക്കെയും പ്രാവര്‍ത്തികമാക്കാന്‍ ചുറുചുറുക്കുളള ഈ യുവരക്തത്തിനാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡല്‍ഹി മാറ്റത്തിന്റെ കൊടി പാറിച്ചു. ഇത് ഡല്‍ഹി കൊണ്ട് തീരുമെന്ന് കരുതേണ്ടതില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ആം ആദ്മിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് ഇപ്പോഴത്തെ വിജയം പ്രചോദനമാകും. ഡല്‍ഹിയില്‍ ആം ആദ്മി കോണ്‍ഗ്രസ്സിനാണ് തിരിച്ചടി നല്‍കിയിതെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുളള വ്യാപനം ബി ജെ പി ക്കായിരിക്കും പ്രതികൂല സാഹചര്യം സൃഷ്ടിക്കുക.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനും, ജയിച്ചു കയറാനും മികച്ച ഗൃഹപാഠം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഡല്‍ഹി നല്‍കുന്നത്. കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങളും കൊണ്ടു മാത്രം ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കുക ഇനിയങ്ങോട്ട് അപ്രാപ്യമായിരിക്കും. ജനങ്ങളോടൊപ്പമെന്ന് അഭിനയിക്കുന്നതിലല്ല ബോധ്യപ്പെടുത്തുന്നതിന് മാത്രമെ നിലനില്‍ക്കാനാകൂ. രാഹുല്‍ ഗാന്ധിക്ക് പകരം അരവിന്ദ് കെജ്‌രിവാള്‍ സ്വീകാര്യനായത് ഈ ബോധ്യപ്പെടുത്തലില്‍ നിന്നായിരുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്