ജീവിത യാത്രയില്‍ ശേഷിക്കുന്ന ദൂരം ഇനിയെത്ര?
 പുതുവര്‍ഷം പിറവിയെടുക്കുമ്പോള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടുകയായിരുന്നു നമ്മള്‍. കാലത്തിന്റെ ചക്രവാളത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു വര്‍ഷത്തെ കുറിച്ചുള്ള വ്യാകുലത നമ്മുക്ക് തെല്ലുമില്ലായിരുന്നു. പുതുതായി തുന്നിച്ചേര്‍ക്കപ്പെടുന്ന വര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മാത്രമായിരുന്നു ഓരോരുത്തരുടെയും ശ്രദ്ധ. ആടിയും, പാടിയും, കുടിച്ചും, രമിച്ചും പുതുവര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മതിമറന്നു. പുതുലോക ക്രമത്തില്‍ അധിനിവേശ സംസ്‌ക്കാരത്തിന്റെ അടയാളമെന്നോണം സമര്‍പ്പിക്കപ്പെട്ട പുതുവത്സര ആഘോഷത്തെ പുത്തന്‍ ചുവടുകളോടെയാണ് സ്വീകരിക്കപ്പെട്ടത്. സകല ആഭാസങ്ങളുടെയും വിദ്യാരംഭം കുറിക്കപ്പെടാന്‍ ശ്രേഷ്ഠമായ സമയമായി പുതുവത്സര പിറവിയിലെ ആഘോഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മദ്യപാനത്തിന് തുടക്കമിടാന്‍ പറ്റിയ സമയമെന്നതായിരുന്നു പുതുവത്സര പിറവിയുടെ ഇന്നലെവരെയുള്ള സവിശേഷത. എന്നാല്‍ ഈ സവിശേഷത വര്‍ഷത്തിലെ 365 ദിവസത്തിനുമുണ്ടെന്ന കണ്ടെത്തലാണ് പിന്നീടുണ്ടായത്. നിശ ക്ലബ്ബുകളുടെ മാതൃകകളും, കാബറ നൃത്തത്തിന്റെ പുനരാവിഷ്‌കരണവും ഡേറ്റിംഗിന്റെ വ്യാപനവും മദ്യപാനത്തിന് ഹരിശ്രി കുറിക്കാന്‍ കണ്ടെത്തിയിരുന്ന സമയത്തിന്റെ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന ചെറുതല്ലാത്ത മാറ്റമാണ് ഇത്തവണത്തെ പുതുവത്സരത്തില്‍ പിറവി കൊണ്ടിരിക്കുന്നത്.
നഗരങ്ങളിലും, പട്ടണങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന പുതുവത്സര ആഘോഷങ്ങള്‍ ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ തുടിപ്പുകളിലേക്ക് പോലും ആവാഹിക്കപ്പെട്ടിരിക്കുന്നു.  എന്തിനേയും ആഘോഷത്തിന്റെ ലഹരിയില്‍ മുക്കിയെടുക്കാനുള്ള പുത്തന്‍ പ്രവണതയാണ് അധിനിവേശ സംസ്‌ക്കാരങ്ങളെ സ്വീകരിക്കുന്നതില്‍ നഗര-ഗ്രാമ അതിര്‍ വരമ്പുകള്‍ മായ്ച്ചുകളയുന്നത്. ആഘോഷങ്ങളെ ജനകീയ വത്കരിക്കുന്നതില്‍ പൊതുബിന്ദുവായി മാറുന്നത് മദ്യമാണെന്നത് മറച്ചുവെക്കാനാകില്ല. കൂടിയിരുന്ന് മദ്യപിക്കാനും, സകല ആഭാസങ്ങള്‍ക്കും സാഹചര്യമൊരുക്കാനുമായി കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നവയാണ് പല ആഘോഷങ്ങളും.
പുതുവര്‍ഷ പിറവിയില്‍ മതിമറക്കുമ്പോള്‍ നാം ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട്. കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം മറിയുമ്പോള്‍ നമ്മുക്ക് നഷ്ടമാകുന്നത് ഒരു വയസ്സാണ്. ഭൂമിയില്‍ നമ്മുക്ക് ജീവിതമായി നിശ്ചയിക്കപ്പെട്ട ആയുസ്സില്‍ നിന്നാണ് ഒരു വര്‍ഷം കൊഴിഞ്ഞുപോകുന്നത്. മരണത്തിലേക്കുള്ള ദൂരം ഒരു വര്‍ഷം കൂടി കുറയുന്നുവെന്ന് സാരം. തിരിച്ചെടുക്കാന്‍ കഴിയാതെ ഒരു വര്‍ഷം കൂടി വിടപറയുന്നുവെന്നതാണോ, അതോ മരണത്തിനേക്കുള്ള ദൂരം കുറയുന്നുവെന്നതാണോ പുതുവത്സര പിറവിയിലെ അതിരു കടന്ന ആഘോഷങ്ങളിലേക്ക് നമ്മെ പ്രേരിപ്പിക്കുന്നതെന്നത് നിശ്ചയമില്ല. മരണത്തിലേക്കുള്ള ദൂരം കുറയുന്നതിനെ ആഘോഷമാക്കി മാറ്റാന്‍ മാത്രം സുകൃതം ചെയ്തവരല്ല നാമോരോരുത്തരുമെന്ന ബോധ്യം നമ്മുക്ക് തന്നെയുണ്ട്. ജീവിതമെന്ന നിര്‍ണിത കാലഘട്ടത്തെ വിസ്മരിക്കുന്നതാണ് അതിര് വിട്ട ആഘോഷങ്ങളിലേക്ക് മനുഷ്യനെനയിക്കുന്നത്. ഓരോ വര്‍ഷവും വിടപറയുന്നതും പിറവിയെടുക്കുന്നതും മനുഷ്യനെ കൂടുതല്‍ സംശുദ്ധമാക്കുകയും, ആസൂത്രണ ചിന്തകളില്‍ മുഴുകുവാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വീഴ്ച്ചകള്‍ തിരുത്തുവാനും, മികവുകള്‍ വളര്‍ത്തുവാനും, വ്യക്തിത്വം വികസിപ്പിക്കുവാനുമുള്ള മൂല്യനിര്‍ണയ നിമിഷമായി പുതുവര്‍ഷ പുലരിയെ കാണേണ്ടതിന് പകരം മദ്യപിച്ച് മദോന്മത്തരായി സ്ഥലകാലബോധമില്ലാതെ കിടക്കയില്‍ ചുരുണ്ടുറങ്ങുന്നതിലേക്ക് ജനുവരി ഒന്നിന്റെ പകല്‍ മാറിയെന്നത് സഹതാപാര്‍ഹ്വം തന്നെ.
          സ്വന്തം വ്യക്തിത്വത്തെയും, സംസ്‌ക്കാരത്തെയും വലിച്ചെറിഞ്ഞുകൊണ്ട് പാശ്ചാത്യന്‍ രീതികളെ സ്വീകരിക്കുവാനുള്ള ഒടുങ്ങാത്ത ആവേശമാണ് പുതുവര്‍ഷ പുലരിയിലെ പേക്കൂത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്.  മതകിയമായും, പ്രാദേശികമായും വര്‍ഷാരംഭം കുറിക്കപ്പെടുന്ന മാസങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഡിസംബര്‍ 31 ന്റെ അര്‍ദ്ധരാത്രിയിലെ പുതുവര്‍ഷ പുലരിയെ സ്വീകരിക്കുന്നതിന് പിന്നിലെ വികാരം സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല.  കുമ്മായം കലക്കി റോഡില്‍ ഹാപ്പി ന്യൂ ഇയര്‍ എന്നെഴുതി പുതുവത്സരത്തെ വരവേറ്റിരുന്നിടത്ത് നിന്ന് മദ്യത്തിന്റെയും നിശ ക്ലബ്ബുകളുടെയും ഉന്മാദത്തിലേക്ക് ഒരു പുത്തന്‍ ആഘോഷത്തെ രൂപപെടുത്താനായത് ആശങ്കയോടെ മാത്രമേ സാംസ്‌കാരിക ഭൂമിയില്‍ നിന്ന് നോക്കികാണാനാകൂ.
മരണവും, മരണാന്തരജീവിതവും ഗൗരവമായി പഠിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളില്‍ പോലും കൃത്രിമ ആഘോഷങ്ങളുടെ അതിര് വിട്ട കടന്നുകയറ്റം ഏറെയാണ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ കണക്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആദ്യസ്ഥാനങ്ങലില്‍ നില്‍ക്കുന്ന പ്രദേശങ്ങള്‍ ഈ അപവാദത്തിന് കരുത്ത് പകരുന്നു. മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നുകയറുന്നവരാണെന്ന ബോധ്യമുണ്ടായിട്ടും, പോയിമറയുന്ന കാലത്തെ കുറിച്ചെന്തുകൊണ്ട് നാമോരോരുത്തര്‍ക്കും ആശങ്കയുണ്ടാകുന്നില്ല. ജീവിച്ചുതീര്‍ത്ത ആയുസ്സിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ദൈവസന്നിധിയില്‍ ഒരടിപോലും മുന്നോട്ട് വെക്കാനാകില്ലെന്ന് പഠിപ്പിക്കപെട്ടിട്ടും എന്തുകൊണ്ട് പുതുവര്‍ഷത്തെ ജീവിതമൂല്യനിര്‍ണയത്തിന്റെ ഭാഗമായി കാണാനാകുന്നില്ല.
ശകവര്‍ഷവും, മലയാളമാസവും ഹിജ്‌റ കലണ്ടറും കയ്യൊഴിഞ്ഞ് ഗ്രിഗോറിയോസിന്റെ ഡിസംബര്‍ 31 ന്റെ അര്‍ദ്ധരാത്രി 12 മണി പുതുവര്‍ഷ പുലരിയായി സ്വീകരിച്ചവര്‍ എന്തൊക്കെ വിസ്മരിച്ചാലും ജീവിതയാത്രയുടെ ദൈര്‍ഘ്യം ഓരോ ന്യൂ ഇയറിലും കുറയുകതന്നെയാണ് ചെയ്യുന്നതെന്നത് ഓര്‍ക്കണം. കമ്പോള സംസ്‌ക്കാരത്തില്‍ അധിഷ്ഠിതമായ ലോക ക്രമത്തില്‍ പുതിയ ആഘോഷങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്നത് തല്‍പര കക്ഷികളുടെ അനിവാര്യതയാണ്. പുതുവത്സരം ആഘോഷമാക്കുന്നതും ഇതിന്റെ ഭാഗമായാണ്. കുത്തകകളുടെ പണപ്പെട്ടി നിറക്കാന്‍ അവര്‍ വിരിച്ച വലയില്‍ നമ്മള്‍ കുരുങ്ങുന്നത് നമ്മുടെ വിശ്വാസവും, സംസ്‌ക്കാരവും, വ്യക്തിത്വവും ബലികഴിച്ചുകൊണ്ടാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്