ജനകീയ സമരങ്ങളിലെ ജനകീയത
 സമര പ്രക്ഷോഭങ്ങള്‍ക്ക് വളക്കൂറുളള മണ്ണാണ് കേരളം എന്നതിന് എതിരഭിപ്രായമുണ്ടാകില്ല. അവകാശ സംരക്ഷണ പോരാട്ടങ്ങളില്‍ കേരളം പ്രകടമാക്കിയ നിതാന്ത ജാഗ്രത മലയാളിയുടെ ജീവിത ക്രമത്തെ ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. അടിസ്ഥാന മേഖലയില്‍ പണിയെടുക്കുന്നവന്‍ മുതല്‍ വൈറ്റ് കോളറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഇന്നനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ക്കു പിന്നില്‍ സമര പ്രക്ഷോഭങ്ങളുടെ ഇന്നലെകള്‍ മറഞ്ഞിരിക്കുന്നുണ്ട്. ഉച്ചനീചത്വങ്ങളിലും, അധികാര വര്‍ഗ്ഗത്തിന്റെ മുഷ്‌ക്കിനും മുന്നില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് ജീവിതം ബന്ധനസ്ഥമാക്കപ്പെട്ടവരെ സ്വാതന്ത്ര്യത്തിന്റെ വിഹായുസ്സിലേക്ക് കൈപിടിച്ചു നടത്തിച്ചതില്‍ സമര പോരാട്ടങ്ങള്‍ക്കുളള പങ്ക് ചെറുതല്ല. സമൂഹം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ നിസ്വാര്‍ത്ഥമായി ഏറ്റെടുത്തപ്പോള്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ജനകീയ മുഖം കൈവന്നു. സമര മുന്നേറ്റങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണെന്നതില്‍ സംശയത്തിന് ഇടമില്ലാത്തതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങളൊക്കെയും ഫലപ്രാപ്തിയിലെത്തി. ഒട്ടുമിക്കതും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.
അഞ്ച് പതിറ്റാണ്ടിനപ്പുറത്തെ ജീവിത നിലവാരത്തില്‍ നിന്ന് മലയാളിയിപ്പോള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നുവെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ശരാശരിക്ക് മുകളിലാണ് കേരളീയ പൊതു സമൂഹത്തിന്റെ പകുതിയില്‍ ഏറെയും നിലകൊളളുന്നത്. അതിനാല്‍ സമര പരിപാടികളും, പ്രക്ഷോഭ മുന്നേറ്റങ്ങളും കെട്ടിപ്പൂട്ടി അട്ടത്ത് കയറ്റിവെക്കാമെന്ന് കരുതേണ്ടതില്ല. ജനവിരുദ്ധതയും, സാമൂഹ്യ ചൂഷണവും നിരന്തരമായി ഭരണകൂടങ്ങളുടേയും, കുത്തകകളുടേയും ഭാഗത്ത് നിന്ന് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജനകീയ സമരങ്ങള്‍ക്കുളള ഇടം അവശേഷിക്കപ്പെടുകയാണ്. ജാഗ്രതയോടെ നിലയുറപ്പില്ലെങ്കില്‍ മൊത്തമായി വിഴുങ്ങാന്‍ വാപൊളിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് കുത്തകള്‍ക്ക് വഴിമാറേണ്ടി വരുമെന്ന ബോധ്യം ഓരോ മലയാളിക്കുമുണ്ട്. സമര കൂട്ടായ്മയിലൂടെയുളള പ്രതിരോധമാണ് കുത്തക ഭീമന്മാര്‍ക്കെതിരായ നിലനില്‍പ്പിന്റെ കരുത്തെന്നത് മലയാളി തിരിച്ചറിഞ്ഞ അനുഭവമാണ്.
      ഉദ്ബുദ്ധതയും പ്രതികരണശേഷിയും വേണ്ടുവോളം ഉണ്ടായിട്ടും ഭരണാധികാരികളില്‍ നിന്നുളള ജനവിരുദ്ധതയും, ഭരണ രംഗത്തെ കെടുകാര്യസ്ഥതയും കേരളീയ സമൂഹത്തിന് മുന്നില്‍ അറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സാധ്യമാക്കാന്‍ ശേഷിയുളള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതിപക്ഷ നിരയില്‍ കണ്ണുതുറന്നിരിക്കുമ്പോള്‍ തന്നെയാണ് ഭരണ രംഗത്തെ ജനവിരുദ്ധത തുടര്‍ച്ചയായി പുറത്തുവരുന്നത്. സമരങ്ങളും, പ്രക്ഷോഭങ്ങളും സമ്പൂര്‍ണ്ണമായി നാടുനീങ്ങിയാല്‍ ഭരണകര്‍ത്താക്കള്‍ക്ക് പൊതുജനത്തെ ചവിട്ടിമെതിക്കുമെന്നതിന് ലൈസന്‍സ് നല്‍കുന്നതിന് തുല്ല്യമായിരിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് സമര പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് വംശനാശം സംഭവിക്കാതെ ഇന്നുമത് നിലനില്‍ക്കുന്നത്.
ജനകീയ സമരങ്ങള്‍ എന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന പ്രതിഷേധങ്ങളുടെ ജനകീയത സംബന്ധിച്ച സംശയങ്ങള്‍ കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ ചര്‍ച്ചയാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ എന്നതിനപ്പുറത്ത് പാര്‍ടികളുടെ ലാഭ നഷ്ടങ്ങള്‍ സമരങ്ങളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നിടത്ത് സ്വാധീന ശക്തിയാകുന്നുവെന്നതാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ഇതൊരു പരിധിവരെ ശരിവെക്കുന്നതാണ് അടുത്ത കാലങ്ങളില്‍ നടന്ന സമര പ്രക്ഷോഭങ്ങള്‍. മുഖ്യധാര രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരങ്ങളൊക്കെയും ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടിവരുന്നു. ജനകീയ സമരങ്ങളായി പ്രഖ്യാപിക്കപ്പെടുന്നവയില്‍ ജനകീയതയുടെ അംശം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളില്‍ മുഖ്യധാര പാര്‍ടികളുടെ ഇടപെടല്‍ ഇല്ലാതിരുന്നിട്ടും വിജയം കാണുന്നത് കാണാതെ പോകേണ്ടതല്ല. ഇവിടെ ജനകീയതയുടെ ചേരുവ സമം ചേര്‍ക്കപ്പെടുന്നതാണ് സമരത്തെ ലക്ഷ്യത്തിലേക്കെത്തിക്കുന്നത്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി നടന്ന ഒട്ടനവധി സമരങ്ങള്‍ രാഷ്ട്രീയ പാര്‍ടികളുടെ നേതൃപരമായ പിന്തുണയില്ലാതെ വിജയം സാധ്യമാക്കിയവയാണ്. ദേശീയ പാത നാല് വരിയാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന ഇരകള്‍ നടത്തുന്ന സമരമാണ് ഈയിനത്തില്‍ ഒടുവിലത്തേത്. മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ച ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെക്കെതിരായ ഇരകളുടെ പ്രതിഷേധത്തോട് ആദ്യഘട്ടത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ മുഖം തിരിച്ചു. എന്നാല്‍ പ്രതിഷേധത്തിന് ബഹുജന പങ്കാളിത്തം വര്‍ധിച്ചതോടെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് നിലപാട് തിരുത്തേണ്ടിവന്നു.
സമരത്തിന് വേണ്ടി സമരങ്ങള്‍ തീരുമാനിക്കപ്പെടുന്നിടത്ത് ജനകീയത ചോര്‍ന്നുപോകുന്നുവെന്നത് വസ്തുതയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേലുളള പ്രതിഷേധവും, രാഷ്ട്രീയമായ പ്രത്യാക്രമണത്തിന് വേണ്ടിയുളള സമരങ്ങളും ജനകീയതയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കും. രാഷ്ട്രീയ സമരങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമാകുന്നത് ഈ ഏറ്റക്കുറച്ചിലില്‍ നിന്നാണ്. സെക്രട്ടറിയേറ്റ് ഉപരോധമെന്ന മഹാസമരത്തില്‍ നിന്ന് ക്ലിഫ് ഹൗസ് ഉപരോധത്തിലേക്കെത്തുമ്പോള്‍ സോളാര്‍ സമരം ശുഷ്‌ക്കമായത് ജനകീയ സമരങ്ങളിലെ ജനകീയതയുടെ ചോര്‍ച്ചയില്‍ നിന്നാണ്. സോളാര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയും, പ്രത്യക്ഷ സമരം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് ജനകീയ ആവശ്യമായി നിലനില്‍ക്കുന്നുണ്ടോയെന്നതാണ് തിരുവനന്തപുരത്തെ വീട്ടമ്മ ഉയര്‍ത്തിയ രോഷം അവശേഷിപ്പിക്കുന്നത്.
ജനജീവിതം സ്തംഭിക്കുകയും, ദുസ്സഹമാവുകയും ചെയ്യുമ്പോഴാണ് പ്രതിഷേധം ഫലം കാണുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ഹര്‍ത്താല്‍ വിജയിക്കണമെങ്കില്‍ ജനം വലയണമെന്നതാണ് പൊതുവായ വിലയിരുത്തല്‍. വഴിയടച്ചും, റോഡ് ഉപരോധിച്ചും സഞ്ചാര സ്വാതന്ത്ര്യത്തിനുമേല്‍ ബാരിക്കേഡ് തീര്‍ക്കപ്പെടുന്നത് ജനകീയതയുടെ അടയാളമായി വിവരിക്കപ്പെടുന്നു. എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയെന്ന അടിക്കുറിപ്പോടെയാണ് സമരങ്ങളെയെല്ലാം റോഡിലിറക്കുന്നത്. എന്നാല്‍ ഏത് ജനത്തിന് വേണ്ടിയാണ് ഈ ചെയ്തികളൊക്കെയുമെന്നതാണ് സന്ധ്യയെന്ന വീട്ടമ്മ ഉയര്‍ത്തിയ പ്രസക്തമായ ചോദ്യം. സമരം ചെയ്യാനുളള സ്വാതന്ത്ര്യം പോലെതന്നെ സഞ്ചരിക്കുവാനുളള സ്വാതന്ത്ര്യവും വകവെച്ചു നല്‍കേണ്ടതാണ്. സമര പ്രതിഷേധങ്ങള്‍ക്കൊപ്പം നിഷേധിക്കപ്പെടുന്ന പൗരാവകാശത്തില്‍പ്പെട്ട ഒന്നാണ് സഞ്ചാര സ്വാതന്ത്ര്യം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ടികളും, മത സംഘടനകളും ഒരേ തൂവ്വല്‍ പക്ഷികളാണ്. കരുത്ത് കാണിക്കാന്‍ റോഡിലിറങ്ങുന്ന ശക്തിപ്രകടനങ്ങളും, ബഹുജന റാലികളും ജനങ്ങളെ കഷ്ടത്തിലാക്കുന്നതിന് കയ്യും കണക്കുമില്ല. റോഡ് മൊത്തമായും വിലക്ക് വാങ്ങിയ മട്ടിലുളള പ്രകടനങ്ങള്‍ ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനുമേലാണ് കടന്നുകയറുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഉപരോധങ്ങള്‍ ഒരു ഭാഗത്ത് വഴിമുടക്കികളാകുമ്പോള്‍ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടി മറുഭാഗത്ത് ബാരിക്കേഡുകള്‍ ഉയരുന്നു. രണ്ടിടത്തും കഷ്ടത്തിലാകുന്നത് ജനം തന്നെ. സഞ്ചാരം മുടങ്ങുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടിടത്തുനിന്നുളള വിശദീകരണം ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണെന്നതാണ്.
സമരങ്ങളും,പ്രക്ഷോങ്ങളും, പ്രതിഷേധങ്ങളും ഇനിയും ശക്തമായി തുടരുകയും, നിലനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. സമരം ജനകീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം ബോധ്യപ്പെടുത്താന്‍ കൂടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. എന്നാലിത് ഉണ്ടാകുന്നില്ലെന്നതാണ് സമരങ്ങള്‍ ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വരുന്നതിന് കാരണമാകുന്നത്. കേന്ദ്ര കമ്മിറ്റി ഓഫീസുകളില്‍ നിന്ന് തീരുമാനിക്കുന്ന സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത് മാത്രമായി കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം ചുരുങ്ങിയിട്ടുണ്ടെന്നത് കാണാതെ പോയിക്കൂട. പ്രാദേശികമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമേല്‍ സമരം രൂപപ്പെടുത്തുന്നതിന്‍ നിന്ന് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ ബഹുദൂരം പിന്നില്‍ പോയിട്ടുണ്ടെന്നതും വസ്തുതയാണ്. ഇവിടെയാണ് ബഹുജന കൂട്ടായ്മകള്‍ സമരങ്ങളുടെ വാഹകരാകുന്നത്. തങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുമേലുളള പ്രതിഷേധങ്ങളായതുകൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകള്‍ നിര്‍വ്വികാരത ബാധിക്കാതെ ലക്ഷ്യം കാണുന്നത് വരെ സജീവതയോടെ നിലയുറപ്പിക്കുന്നു.
സമര വിഷയമായി തെരഞ്ഞെടുക്കുന്ന പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിക്കുന്ന കപട നിലപാട് പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുണ കുത്തനെ കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഭരിച്ചിരുന്ന അഞ്ച് വര്‍ഷം ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം പ്രഖ്യാപിക്കുന്ന രീതി പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ഏര്‍പ്പാടാണ്. രാഷ്ട്രീയ നേട്ടം എന്നതിനപ്പുറത്തേക്ക് പൊതുജനക്ഷേമം എന്നത് സമരങ്ങളുടെ വികാരമായി കണക്കിലെടുക്കപ്പെടുന്നില്ല. പാര്‍ടി അംഗങ്ങള്‍ എന്നതിനപ്പുറത്തെ ബഹുജനമെന്ന വിശാലമായ വൃത്തത്തെ കൂടെ കൂട്ടാന്‍ അടുത്തകാലത്തൊന്നും നടന്ന ഒരു സമരങ്ങള്‍ക്കും സാധിച്ചിട്ടില്ല. മുന്നണിക്കകത്തെ കക്ഷികളെ പോലും തൃപ്തിപ്പെടുത്താന്‍ പ്രഖ്യാപിക്കപ്പെടുന്ന സമര പരിപാടികള്‍ക്കാകുന്നില്ലെന്ന സമകാലീന സാഹചര്യം പുനര്‍വായനക്ക് വിധേയമാക്കേണ്ടതാണ്.
മുദ്രാവാക്യം വിളിക്കാനും, പ്രക്ഷോഭം സംഘടിപ്പിക്കാനും ആളെ കിട്ടാനില്ലാത്തതാണ് സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ പ്രേരണയാകുന്നതെന്ന വാദം ഡല്‍ഹിയിലുണ്ടായ ആം ആദ്മി തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അംഗീകരിക്കാനാകില്ല. പുത്തന്‍ അജണ്ടകളും സാമൂഹ്യമെന്ന് ബോധ്യമുളള വിഷയങ്ങളും മുന്നില്‍ വെച്ചാല്‍ യുവതലമുറ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിലുണ്ടാകുമെന്നത് ഡല്‍ഹി മുന്നോട്ട് വെക്കുന്ന പാഠമാണ്. 



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്