തീവ്രവാദികള്‍ കുടിയിറക്കപ്പെടുമ്പോള്‍

മംഗലാപുരം-ഇടപ്പളളി ദേശീയ പാത നാല് വരിയാക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെയും, പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിന്റെ പൊതു നിരത്തുകളെ പ്രക്ഷുബ്ധമാക്കുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തിനാണ് രണ്ട് കാര്യങ്ങളും സാക്ഷ്യം വഹിച്ചത്. ജനം തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം. ജീവിക്കാനുളള അവകാശത്തിന് മേല്‍ കടന്നു കയറ്റത്തിന് ശ്രമിക്കുന്നുവെന്നതാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. പാതയോരത്ത് ജീവിത സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടിനകത്ത് സുഖമായി കിടന്നുറങ്ങിയവരുടെ നെഞ്ച് തകര്‍ത്തുകൊണ്ടാണ് ദേശീയ പാത വികസനം കടന്നു പോകുന്നതെന്നത് തര്‍ക്കരഹിതമാണ്. കിടപ്പാടം നഷ്ടപ്പെടുന്നവന്റെ സ്വാഭാവിക പ്രതിഷേധമാണ് ദേശീയ പാതക്ക് വേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെക്ക് നേരെ പ്രകടമായി കൊണ്ടിരിക്കുന്നത്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവന് പുനരധിവാസവും, നഷ്ട പരിഹാരവും സംബന്ധിച്ച് യാതൊന്നും ഉരിയാടാന്‍ തയ്യാറാകാത്ത ഭരണകൂടം ഇരകളുടെ പ്രതിഷേധം നേരിടേണ്ടവര്‍ തന്നെയാണ്. 
ഭീകരമായ കയ്യേറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുന്‍ കരുതലായി നിര്‍ദ്ദേശിക്കപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നിലവിലെ ജീവിത മേഖലയെ യാതൊരു തരത്തിലും ബാധിക്കാത്തതാണെന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് മേല്‍ യാതൊരു വിധ കടന്നുകയറ്റവും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കാരണമാകുന്നില്ലെന്ന് വിദഗ്ദര്‍ തന്നെ ചൂണ്ടികാണിക്കുന്നു. ഇനിയങ്ങോട്ടുളള കയ്യേറ്റങ്ങള്‍ക്കും, കടന്നു കയറ്റങ്ങള്‍ക്കും കര്‍ശന വിലക്ക് നിര്‍ദ്ദേശിക്കപ്പെടുന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഓരോന്നും. ജനം തെരുവിലിറങ്ങയ രണ്ട് പ്രതിഷേധങ്ങളുടെ നേര്‍ ചിത്രങ്ങള്‍ ഇങ്ങിനെയാണെങ്കിലും ഇതില്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായ ഇടപെടലുകള്‍ വിചിത്രവും അത്ഭുതകരവുമായിരുന്നു.
യാതൊരുവിധ പരിഹാര നിര്‍ദ്ദേശവുമില്ലാതെ കുടിയിറക്കപ്പെടുന്നവരുടെ പട്ടികയില്‍ ഇടംനേടിയ സാധാരണക്കാരന്റെ പ്രതിഷേധത്തെ തീവ്രവാദ ചെയ്തിയായി ചിത്രീകരിക്കപ്പെട്ടുവെന്നതാണ് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ഇടപെടുകളിലെ വിചിത്ര കാര്യം. മറുപുറത്ത് പശ്ചിമഘട്ട സംരക്ഷണമെന്ന പ്രകൃതിയുടെ അനിവാര്യതയെ വെല്ലുവിളിച്ച് പൊതുനിരത്തില്‍ അക്രമം കൊണ്ട് അഴിഞ്ഞാടുകയും, കലാപങ്ങള്‍ക്ക് ആഹ്വാനമാകുന്ന ശബ്ദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിനെ പൊതു സ്വീകാര്യതയോടെ കൂടെ കൂട്ടുകയും ചെയ്തു. ദേശീയ പാത വികസനം പതിനായിരകണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്നു പ്രശ്‌നമായിരുന്നിട്ടും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം ഭൂഷണമാക്കി മാളത്തിലൊളിച്ചു. വികസനത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടമാകുന്ന ജീവിത സമ്പാദ്യത്തെ കുറിച്ചുളള ആശങ്കകള്‍ നീറി പുകയുമ്പോള്‍ തെരുവിലിറങ്ങിയ ഇരകളുടെ നെഞ്ചിലെ കനല് കാണാതെ പ്രതിഷേധക്കാര്‍ക്കൊപ്പം കൂടിയവരുടെ കൊടിയുടെ നിറം നോക്കി തീവ്രവാദമെന്ന് കാടടച്ച് വെടിവെച്ചവര്‍ മലയോര മേഖലയില്‍ നടന്ന അഴിഞ്ഞാട്ടത്തെ കാണാതെ പോയത് അത്ഭുതവഹമല്ലാതെ മറ്റെന്താണ്. വികസനം ആരാന്റെ നെഞ്ചത്ത് കൂടെയാകുമ്പോള്‍ കാണാന്‍ നല്ല രസമെന്ന് പറയുന്നവര്‍ക്ക് ഇരയാക്കപ്പെടുന്നവന്റെ കണ്ണുനീര്‍ പച്ചവെളളത്തിന് സമാനമായി മാത്രമെ തോന്നുകയുളളൂ. സ്വന്തം നാട്ടിലെ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കാത്തവരാണ് ദേശീയ പാത 45 മീറ്ററല്ല 70 മീറ്ററില്‍ വികസിപ്പിക്കണമെന്ന് ഗീര്‍വാണ മടിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പശ്ചിമ ഘട്ട മേഖലയിലെ ജീവിത സമ്പ്രദായങ്ങളെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് വനം, പരിസ്ഥിതി മന്ത്രാലയം പാര്‍ലിമെന്റ് സമിതിക്ക് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പാര്‍ലിമെന്റിന്റെ പരാതി കാര്യ സമിതിക്ക് നല്‍കിയ ഉറപ്പുകളും, വിശദീകരണങ്ങളും ഇത് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പേരില്‍ നിലവിലുളള കൃഷിക്കോ, കൃഷി രീതികള്‍ക്കോ യാതൊരു വിധ തടസ്സവും ഉണ്ടാകില്ല. ഭൂമി കൈമാറ്റത്തിനും വില്‍പ്പനക്കും നിയന്ത്രണമില്ല. സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണണ മേര്‍പ്പെടുത്തില്ല. 20,000 ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണ്ണമുളള വന്‍ കെട്ടിടങ്ങള്‍ക്ക് മാത്രമെ വിലക്കുണ്ടാകൂ. താപനിലയങ്ങള്‍, ഖനനം എന്നിവിയടക്കം റെഡ് കാറ്റഗറി വ്യവസായങ്ങള്‍ അനുവദിച്ചാല്‍ പശ്ചിമഘട്ടം വൈകാതെ പാരിസ്ഥിതിക ദുരന്തത്തിനിരയാകാമെന്നതുകൊണ്ടാണ് അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയം പാര്‍ലിമെന്ററി പെറ്റീഷന്‍ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ വിശദീകരണം.
കൂടാതെ ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ 75 ശതമാനം പ്രദേശവും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ 37 ശതമാനം മാത്രമാണുളളത്. പൊതുജനതാല്‍പര്യം പരിഗണിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു ഭേദഗതി വരുത്താന്‍ കസ്തൂരി രംഗന്‍ സമിതി തയ്യാറായത്. കസ്തൂരി രംഗന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളും, കരട് വിജ്ഞാപനവും അന്തിമമല്ല. ജനകീയാവശ്യം പരിഗണിച്ച് ഇനിയും ഭേദഗതികള്‍ പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലിതൊന്നും മുഖവിലക്കെടുക്കാതെയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ ഇരകളായി സ്വയം ചമഞ്ഞവര്‍ക്ക് മുന്നിലേക്ക് എടുത്തു ചാടിയത്. ഹര്‍ത്താലും, ധര്‍ണ്ണയും, ഉപരോധവുമായി ഇവര്‍ പൊതു നിരത്തുകളെ സംഘര്‍ഷഭരിമാക്കിയപ്പോള്‍ അങ്ങേതലക്കല്‍ റോഡിനായി കുടിയിറങ്ങേണ്ടി വരുന്നവര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി ഊര് ചുറ്റുകയായിരുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സഭയും പട്ടക്കാരും കാണിച്ച ആവേശവും ഉത്സാഹവും ദേശീയ പാതക്കുവേണ്ടി കുടിയിറക്കപ്പെടുന്നവരുടെ കാര്യത്തില്‍ ആരും കാണിച്ചില്ലെന്നത് പറയാതെ വയ്യ. പശ്ചിഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും പടുകൂറ്റന്‍ റിസോര്‍ട്ടുകള്‍ക്കും മാത്രമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായ സാഹചര്യമൊരുക്കുക. റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നവരൊക്കെയും ക്വാറി, റിസോര്‍ട്ട് കുത്തകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ് ആത്യന്തികമായി ചെയ്തിട്ടുളളത്. പശ്ചിമഘട്ടത്തിലെ സ്വകാര്യ ക്വാറികളൊക്കെയും സഭയുമായി ബന്ധപ്പെട്ട ആളുകളുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പേരില്‍ നടന്ന പ്രതിഷേധ അക്രമങ്ങള്‍ക്ക് പിന്നില്‍ വൈദികരുള്‍പ്പെടെ ഉണ്ടായിരുന്നുവെന്നതും പുറത്തുവന്ന കാര്യങ്ങളാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ക്കുമാത്രമാണ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന വസ്തുതകള്‍ മാറനീക്കി വെളിവാകുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍ക്ക് പിന്നിലെ അജണ്ടകളാണ് വ്യക്തമാകുന്നത്. ജനകീയ താല്‍പര്യം എന്നതിനപ്പുറത്ത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കപ്പെടുന്നുവെന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുളള ഇടപെടലുകളും, ദേശീയ പാത വികസന പ്രതിഷേധങ്ങളിലെ ഉള്‍വലിച്ചിലും തുറന്നുകാണിക്കുന്നത്.
ദേശീയ പാത വികസനം സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ 30 മീറ്ററില്‍ പൂര്‍ത്തിയാക്കണമെന്നതാണ് ഭൂമി നഷ്ടപ്പെടുന്ന ഇരകള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന ദേശീയ പാത വികസനം 45 മീറ്ററില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ ഇരകളുടെ ആശങ്കകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കപ്പെടുന്നില്ല. ഇരകളോടൊപ്പം നിന്ന് പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇരകളുടെ പ്രതിഷേധവും ആശങ്കകളും മുഖവിലക്കെടുക്കാതെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയുളള സര്‍വ്വെയാണ് പുരോഗമിക്കുന്നത്. ഏറ്റവും കൂടുതല്‍ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുന്ന മലപ്പുറം ജില്ലയിലാണ് ഇപ്പോള്‍ സര്‍വ്വെ നടക്കുന്നത്. പൊന്നാനി താലൂക്കില്‍ നടന്ന സര്‍വ്വെയില്‍ വീടുകള്‍ നഷ്ടപ്പെടുന്ന വീട്ടമ്മമാര്‍ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ മോഹാലസ്യപ്പെട്ട് വീഴുകയും പൊട്ടിക്കരയുകയും ചെയ്തിട്ടും പൊതു പ്രവര്‍ത്തകര്‍ എന്ന ലാബില്‍ നെറ്റിയില്‍ ഒട്ടിച്ച് നടക്കുന്ന വിഭാഗം ഒരു ഘട്ടത്തിലും മുഖം കൊടുത്തില്ല. പകരം പ്രതിഷേധവുമായി വരുന്നവര്‍ തീവ്രവാദികളാണെന്ന ആക്ഷേപമാണ് ഇവര്‍ ഉന്നയിച്ചത്. ഇരകളോടൊപ്പം നില്‍ക്കുന്നവരോടുളള ആശയപരമായ എതിര്‍പ്പ് പ്രതിഷേധത്തിനെതിരെ പൊതുവായി പ്രകടമാക്കിയതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും അതിനെ മുഖവിലക്കെടുക്കാന്‍ ആക്ഷേപം ഉന്നയിച്ചവര്‍ തയ്യാറായില്ല. തീവ്രവാദികളാണ് സര്‍വ്വെക്കെതിരെ രംഗത്തുളളതെന്ന് ആവര്‍ത്തിക്കാനാണ് ഇവര്‍ സമയം കണ്ടെത്തിയത്. ഇതേ അവസരത്തില്‍ തന്നെ ഭീകരാക്രമണ സമാനമായ അതിക്രമങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര മേഖലയില്‍ തകര്‍ത്താടിയപ്പോള്‍ ദേശീയ പാതയുടെ കാര്യത്തില്‍ ആക്ഷേപമുന്നയിച്ചവരുടെ നാവ് ഇക്കാര്യത്തില്‍ ഉയര്‍ന്നില്ലെന്നതും വിചിത്രമായിരുന്നു.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്