ഉദ്‌ബോധനങ്ങള്‍ കൊണ്ട് നന്നാകുന്നതാര്...?

 മലപ്പുറം-തൃശ്ശൂര്‍ ജില്ല അതിര്‍ത്തി പ്രദേശത്ത് നടന്ന മത പ്രഭാഷണത്തിനിടെ പോലീസിനു നേരെ അതിക്രമമുണ്ടായത് ആ പ്രദേശത്ത് വലിയ സമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്ഷമയും വിശാലതയും സഹജീവി സ്‌നേഹവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മണിക്കൂറുകള്‍ നീണ്ട പ്രഭാഷണത്തിനെടുവിലാണ് സദസ്സില്‍ നിന്നും, വേദിയില്‍ നിന്നുമായി പോലീസിനു നേരെ അതിക്രമം നടന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊതു യോഗ വേദിയില്‍ നിന്നുപോലും കേട്ടുകേള്‍വിയില്ലാത്തത് നന്മയുടെ സാരോപദേശം ചൊരിയുന്ന മത പ്രഭാഷണ വേദിയില്‍ നിന്നുണ്ടായിരിക്കുന്നുവെന്നത് ഉദ്‌ബോധനത്തിന്റെ രീതി ശാസ്ത്രങ്ങളില്‍ പുനര്‍ വിചിന്തനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നതാണ്.
കോട്ടക്കലില്‍ ജനപ്രതിനിധിക്ക് കുത്തേല്‍ക്കാന്‍ ഇടയായ സംഭവും മറിച്ചല്ല. ദൈവത്തെ മാത്രം ആരാധിക്കാനും, ദൈവിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനും പണികഴിപ്പിക്കപ്പെട്ട പളളി ഭരണത്തെ ചൊല്ലിയുളള തര്‍ക്കത്തിന്റെ പരിണിത ഫലമെന്നോണമാണ് അബ്ദുസ്സമദ് സമദാനി എം എല്‍ എക്ക് പരുക്കേല്‍ക്കേണ്ടിവന്നത്. ഇത് തര്‍ക്കം നേരത്തെ പളളിക്കകത്ത് കൊലപാതകത്തിന് ഇടയാക്കിയിരുന്നുവെന്നതും ഓര്‍ക്കേണ്ടതുണ്ട്.
വിട്ടുവീഴ്ച്ചയുടേയും കരുണയുടെയും വിശാലത മാത്രം പഠിപ്പിക്കുന്ന യേശു ക്രസ്തുവിന്റെ അരുമ ഇടയാളന്മാര്‍ പളളിതര്‍ക്കത്തിന്റെ പേരില്‍ ഇരു ചേരിയായി നിലയുറപ്പിച്ച് അടിച്ച് വീഴ്ത്തി കൊണ്ടിരിക്കുന്നത് ഇന്നും തുടരുകയാണ്. പരസ്പരം പൊറുക്കപ്പെടാനാകാത്ത ഇവരുടെ അസഹിഷ്ണുത ഭരണ കൂടത്തിന് പേലും തീരാ തലവേദനയാണ്. കോടതിയും കേസും വക്കാണവുമായി പൂട്ടിയിട്ട പളളികള്‍ ഇവര്‍ക്കിടയില്‍ നിരവധിയാണ്.
        ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ നടക്കുന്ന പോരും ചെറുതല്ല. അധികാരമുറപ്പിക്കാനും, ധര്‍മ്മ സ്ഥാപനങ്ങളുടെ ഭരണം നിലനിറുത്താനുമായി സന്യാസി വര്യന്മാര്‍ ഉള്‍പ്പെടെയുളളവര്‍ നടുറോഡില്‍ പോര്‍വിളി മുഴക്കിയതും മറക്കാനുളള സമയമായിട്ടില്ല.
മതകീയമായ സാരോപദേശങ്ങളുടെ മഹാമഹങ്ങള്‍ ഇടതടവില്ലാതെ തുടരുമ്പോഴും അരുതായ്മയുടെ കാര്യത്തില്‍ പരിവര്‍ത്തനത്തിന്റെ ലാഞ്ചന പോലും ഉണ്ടാകാത്തന്തെന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെ വിശകലന വിധേയമാക്കണം. പൂര്‍വ്വീകരായ മതനേതാക്കള്‍ പരിമിതികളെ കടിച്ചമര്‍ത്തി സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ വമ്പിച്ച പരിഷ്‌ക്കരണങ്ങളായി രൂപാന്തരപ്പെട്ടിടത്ത് സമകാലീന നേതൃത്വം പകച്ചുനില്‍ക്കുകയാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്താന്‍ ജനമഹാസാഗരവും, ആര്‍ഭാടത്തെ വെല്ലുന്ന സംഘാടന രീതികള്‍ നടപ്പാക്കാന്‍ ഉറവ വറ്റാത്ത ധനസ്ഥിതിയും സ്വന്തമായുണ്ടെങ്കിലും മതസംഘടനകള്‍ക്കും, മതകീയ പ്രസ്ഥാനങ്ങള്‍ക്കും സ്വന്തം അണികളില്‍ പോലും പരിവര്‍ത്തനം സാധ്യമാക്കാനാകുന്നില്ലെന്നതാണ് മത നേതൃത്വത്തിന്റെ ഭാഗത്തു നിന്നു തന്നെയുളള മൂല്ല്യച്ച്യുതികളും, അധാര്‍മ്മിക പ്രവണതകളും പ്രകടമാക്കുന്നത്. സ്വന്തക്കാരെ നന്നാക്കാന്‍ പറ്റാത്ത സാരോപദേശങ്ങള്‍ക്ക് അണികളേയും, അനുഭാവി വൃന്ദത്തേയും പരിവര്‍ത്തിതമാക്കാന്‍ കഴിയുന്നില്ലെന്നതില്‍ അതിശയോക്തി വേണ്ട.
പൗരോഹിത്യമെന്നത് മൂലധനം ആവശ്യമില്ലാത്ത കച്ചവടച്ചരക്കും, ഉപദേശപ്പണി ധന സമ്പാദനത്തിനുമുളള മാര്‍ഗ്ഗവുമായി രൂപാന്തരപ്പെട്ടിടത്താണ് മനസ്സുകളുടെ പരിവര്‍ത്തനം അന്യം നിന്നത്. മത പ്രബോധനവും, മതകീയമായ അധ്യാപനങ്ങളുടെ കൈമാറ്റവും ജീവിത ഉത്തരവാദിത്വമായി ഏറ്റെടുത്ത പൂര്‍വ്വികരുടെ ആത്മാര്‍ത്ഥത പുതിയ തലമുറയിലെ പ്രബോധക സമൂഹത്തിന് ഇല്ലാതെ പോകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിത ദുരിതങ്ങള്‍ക്കിടയിലും സാമൂഹ്യമായ പരിവര്‍ത്തനം ലക്ഷ്യമിട്ട് പൂര്‍വ്വികരായ സാത്വികര്‍ നടത്തിയ പ്രബോധന മുന്നേറ്റം നൈര്‍മല്ല്യമുളള മനസ്സുകളെ സൃഷ്ടിക്കന്നതിനും, മാനവികതയിലൂന്നിയ സമൂഹത്തെ രൂപപ്പെടുത്തുന്നതിനും വഴിയൊരുക്കിയിരുന്നു. കാലത്തിന്റെ മാറ്റം വിവരസാങ്കേതിക വിദ്യയിലൂന്നിയ വന്‍ മുന്നേറ്റത്തിന് പ്രബോധന രംഗം സാക്ഷ്യം വഹിച്ചെങ്കിലും ധാര്‍മ്മികതയിലൂന്നിയ മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രകടമാക്കപ്പെട്ടില്ല. കുറ്റകൃത്യങ്ങളുടേയും, മൂല്ല്യശേഷണങ്ങളുടേയും കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങളും തരക്കേടില്ലാത്ത സംഭാവനകള്‍ നല്‍കി പോരുമ്പോള്‍ ഇവര്‍ക്കുമുന്നില്‍ മത അധ്യാപനത്തിന്റെ കുറവ് ഉണ്ടാകുന്നില്ലെന്നത് വസ്തുതയായി മാറി നില്‍ക്കുകയാണ്. മതം മുന്നോട്ടുവെക്കുന്ന ധാര്‍മ്മികതയിലൂന്നിയ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തപ്പെടേണ്ടതാണെന്ന ബോധ്യത്തിലേക്ക് പുതിയ തലമുറയെ ഉയര്‍ത്തികൊണ്ടുവരാന്‍ ജീവിത മാതൃകകള്‍ സൃഷ്ടിക്കുന്നിടത്ത് മത നേതൃത്വം പരാജയപ്പെടുകയാണ്. ആരെയാണ് തങ്ങള്‍ മാതൃകയാക്കേണ്ടതെന്ന ചോദ്യം ഉപദേശങ്ങളെ പുച്ഛിച്ചു തളളി സ്വതന്ത്ര വിഹാരത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നു.
സഹിഷ്ണുതയുടെയും, വിശാലതയുടെയും അധ്യാപനങ്ങള്‍ ഉപദേശങ്ങളായി വിളമ്പുന്നവര്‍ തങ്ങളുടെ കാര്യങ്ങളില്‍ അസഹിഷ്ണുതയുടെ കൂടാരങ്ങളിലേക്ക് സ്വയം ചുരുങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമായ പൊരുത്തക്കേടുകള്‍ കൊണ്ടുമാത്രം ഭിന്നിച്ചുപോയ സംഘടനകള്‍ക്കിയിലെ ഐക്യം സാധ്യമാകാതെ പോകുന്നതും ഈയൊരു വിശാലതക്കുറവില്‍ നിന്നാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഐക്യം വിലങ്ങുതടി തീര്‍ക്കപ്പെടുമെന്നതാണ് യോജിപ്പിന്റെ വിശാലതയെ മാറ്റി നിറുത്തപ്പെടാനും ഭിന്നിപ്പിന്റെ പുതിയ വഴികള്‍ തേടാനും നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നത്. നന്മയിലൂന്നിയ സമൂഹത്തിന്റെ പൊതു താല്‍പര്യമെന്നത് പരിഗണിക്കപ്പെടാതെ തങ്ങള്‍ക്കെന്ത് നേട്ടമെന്ന സ്വാര്‍ത്ഥതയുടെ വിശാലത മുഖമുദ്രയാക്കപ്പെടുന്നവരായി മതനേതൃത്വം മാറിയിട്ടുണ്ടെന്നത് കാണാതെ പോയിക്കൂടാ. മതകീയമായ ചിഹ്നങ്ങളും, മതസംഘടനയുമെന്നത് കച്ചവട താല്‍പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് മറയാക്കാനുളള ഉപാധിയായി സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് അങ്ങാടിപ്പാട്ടായ അടുക്കള രഹസ്യമാണ്. സമൂഹത്തിന് മുന്നിലേക്ക് ഉയര്‍ത്തിവിടുന്ന കാംപയിനുകള്‍ പോലും വ്യക്തി താല്‍പര്യങ്ങള്‍ക്ക് സഹായകമാകുന്ന തരത്തിലേക്ക് മാറുകയാണ്. മതസംഘടനയെന്ന ഉഗ്രശേഷിയുളള പരിചയെ മുന്നില്‍ വെച്ച് സകല വിധ തട്ടിപ്പിനും, ചൂഷണത്തിനും വിപണി സാധ്യമാക്കുകയെന്നത് പ്രയാസകരമാകില്ലെന്ന് പരീക്ഷിച്ച് വിജയിച്ചതാണ്. തട്ടിപ്പാണെന്ന് ബോധ്യമായാല്‍ തന്നെ മതകീയ പരിവേഷമുണ്ടെങ്കില്‍ നിയമം പോലും അകലം പാലിക്കും. ഈ പണ്ഡിത നിര സമൂഹത്തെ നന്മയിലേക്കും, ധാര്‍മികതയിലേക്കും നയിക്കാന്‍ തൊണ്ട കീറിയാല്‍ പരിവര്‍ത്തനം സാധ്യമാകുമെന്ന് കരുതേണ്ടതില്ല.
മതരംഗത്തെ ഉപദേശപ്പണി ധനസമ്പാദനത്തിനുളള മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നത് മറച്ചുവെക്കേണ്ടതല്ല. കൂലിക്ക് പ്രസംഗിക്കുന്നവര്‍ മത പ്രബോധന രംഗം കീഴ്‌പ്പെടുത്തുമ്പോള്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം പ്രസംഗത്തിന്റെ സുന്ദര ശൈലിയെ മാത്രമാണ് നെഞ്ചോട് ചേര്‍ക്കുന്നത്. പ്രസംഗകര്‍ വാക്കുകളായി പുറത്തുവിടുന്ന സാരോപദേശങ്ങള്‍ ചെവിക്ക് പുറത്ത് നിറുത്തപ്പെടുന്നവ മാത്രമായി ചുരുങ്ങുന്നു വെന്നതാണ് മത പ്രഭാഷണ വേദികളില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ വ്യക്തമാക്കി തരുന്നത്. അഞ്ചക്ക ശമ്പളം പ്രതിമാസ വരുമാനമായി കൈപ്പറ്റുന്നവര്‍ പോലും മത പ്രബോധനത്തിന്റെ ഭാഗമായുളള ഉപദേശപ്പണിയെ അധിക വരുമാനത്തിന്റെ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെടുന്നു. ഉപദേശ രംഗത്തെ ആത്മാര്‍ത്ഥത കിട്ടുന്ന പണത്തിന്റെ തോതനുസരിച്ചാകുമ്പോള്‍ ഉദ്‌ബോധനങ്ങള്‍ കൊണ്ട് നന്നാകുന്നവര്‍ പണം പോക്കറ്റിലാക്കുന്ന പ്രസംഗകര്‍ മാത്രമായി ചുരുങ്ങുന്നു.
   ലോകം നേരിടുന്ന ധാര്‍മ്മിക ച്യുതിക് പരിഹാരം ആത്മീയതയിലൂന്നിയ പരിവര്‍ത്തനമാണെന്ന് അവകാശപ്പെടുമ്പോള്‍ ഇതിനൊത്ത മാതൃകകള്‍ മത നേതൃനിരയില്‍ ചുരുങ്ങി പോകുന്നുവെന്നത് കാണാതെ പോയ്കൂട. അതി വിശാലമായ സര്‍വ്വ ദേശീയതയും, ആഗോള മാനവികതയും ഉദ്‌ഘോഷിക്കുന്ന മതത്തെ പരിചയപ്പെടുത്താന്‍ രൂപീകൃതമായി സംഘടനകള്‍ സ്ഥാപനവത്കരിക്കുകയും തങ്ങളുടെ അണികളിലേക്കും പ്രവര്‍ത്തനമേഖലയിലേക്കും മാത്രം ചുരുങ്ങുകയും ചെയ്യുകയാണ്. തങ്ങളുടെ ഭൂമികക്കപ്പുറത്തെ ഒന്നിനെയും അംഗീകരിക്കുവാനും ഉള്‍കൊളളുവാനും കഴിയാത്തവരായി മത നേതൃത്വം മാറിയിട്ടുണ്ട്. ഉദ്‌ബോധനം എന്നത് തന്നെയാണ് എല്ലാ മത വിഭാഗങ്ങളിലേയും മുഴുവന്‍ സംഘടനകളും പ്രഥമ അജണ്ടയാക്കുന്നത്. ഇത് മുറതെറ്റാതെ നടക്കുമ്പോള്‍ തന്നെയാണ് അവിഹിതങ്ങളുടെ നാറുന്ന കഥകളും മനസ്സലിയിക്കുന്ന അതിക്രമങ്ങളും പൊതു സമൂഹത്തിന്റെ ഭാഗമായി തുടരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കയ്യേറ്റങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കുമ്പോള്‍ ഇവിടെ സാധ്യമാക്കിയ നവോത്ഥാനത്തിന്റെയും പിരഷ്‌ക്കരണത്തിന്റെയും പിന്‍തുടര്‍ച്ചയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 
സാത്വികരായ പണ്ഡിത ശ്രേഷ്ടരുടെ സ്ഥാനത്ത് പുത്തന്‍ പണക്കാര്‍ മതത്തിന്റെയും ആരാധനാലയങ്ങളുടേയും നേതൃ നിരയില്‍ കയറി കൂടപ്പെട്ടത് അസഹിഷ്ണുതയുടെ ഇടം വിര്‍ദ്ധിപ്പിക്കുന്നതിനും, വിശാലതയുടെ അതിരുകള്‍ വെട്ടിക്കുറക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. കച്ചവട താല്‍പ്പര്യങ്ങള്‍ മത സംഘടനകളെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായതും ഇതിലൂടെയാണ്. അബ്ദുസ്സമദ് സമദാനി എം എല്‍ എയുടെ നേരെ അക്രമമുണ്ടായ പളളി തര്‍ക്കത്തിന്റെ പിന്നാമ്പുറം രണ്ട് കുടുംബങ്ങള്‍ തമ്മിലുളള വഴക്കായിരുന്നു. പളളി കമ്മിറ്റികളെ നിയന്ത്രിക്കുന്നതിലേക്ക് പ്രദേശത്തെ ധനാഡ്യ കുടുംബങ്ങള്‍ മാറുന്നുവെന്നത് പുതിയ കാര്യമല്ല. ക്രസ്ത്യന്‍ പളളികളുടെയും ഹൈന്ദവ ക്ഷേത്രങ്ങളുടെയും നടത്തിപ്പില്‍ ഇത്തരത്തിലുളള ഇടപെടല്‍ ഉണ്ടാകുകയും പിന്നീട് അത് താല്‍പര്യങ്ങളായി വിഭാഗീയതക്ക് വഴിവെക്കുകയും ചെയ്യുന്നത് തുടര്‍ സംഭവങ്ങളാണ്.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്