അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയം

രാജ്യം മറ്റൊരു ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ പൊതു സമൂഹത്തിനിടയിലെ അരാഷ്ട്രീയ ബോധത്തിന്റെ വ്യാപനം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുന്നേറ്റങ്ങളില്‍ ചാലകശക്തിയാകേണ്ട യുവജന വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ നീരസം മുളപൊട്ടുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രകടമാക്കപ്പെടുകയും ചെയ്യുന്നതിനെ ആശങ്കയോടെയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ നോക്കി കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എക്കാലത്തും അകലം പാലിച്ചിരുന്ന നഗരവത്കൃത സമൂഹങ്ങളിലേത് പോലെ ശാരാശരിക്കാരായ പൊതു സമൂഹത്തിന്റെ വലിയൊരു ഭാഗവും അരാഷ്ട്രീയവാദത്തിലേക്ക് നടന്ന് നീങ്ങുന്നുവെന്നത് അതീവ ഗൗരവമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. അഴിമതിയും, കെടുകാര്യസ്ഥതയും സ്ഥാര്‍ത്ഥ താല്‍പര്യങ്ങളും അടക്കിവാഴുന്ന അധികാര രാഷ്ട്രീയത്തിന് മുന്നില്‍ വിയോജിപ്പിനുളള അവകാശം രേഖപ്പെടുത്തുന്നിടത്താണ് അരാഷ്ട്രീയവാദം രൂപപ്പെടുന്നത്. സകല നെറികേടുകളുടേയും കൂത്തരങ്ങായ രാഷ്ട്രീയത്തെ തങ്ങളെന്തിന് ന്യായീകരിക്കണമെന്ന ചോദ്യമാണ് പുതിയ തലമുറ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്.
ജനാധിപത്യ സമൂഹത്തില്‍ അരാഷ്ട്രീയ ചിന്ത വേര് പിടിക്കുന്നത് രാജ്യത്തിന്റെ അസ്ഥിരതക്ക് വഴിയൊരുക്കുമെന്നതില്‍ തര്‍ക്കമില്ല. പാരമ്പര്യങ്ങളെ തോളിലേറ്റാന്‍ സന്നദ്ധമല്ലാത്ത പുതിയ തലമുറക്ക് മുന്നില്‍ പുത്തന്‍ അജണ്ടകള്‍ നിശ്ചയിച്ചു നല്‍കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന അലംഭാവം തങ്ങള്‍ക്ക് തോന്നിയ വഴിയെ നടക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ കയ്യിട്ട് വാരലും, കുതികാല്‍ വെട്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സലാം പറയാന്‍ ഇവരെ നിര്‍ബന്ധിതമാക്കുന്നു. യുവാക്കളിലെ അരാഷ്ട്രീയ വാദത്തെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഈയൊരു പ്രവണത വളരാന്‍ കാരണായ സാഹചര്യങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കാന്‍ തയ്യാറാകുന്നില്ല. ആരെ കണ്ടുകൊണ്ടാണ് പുതിയ തലമുറ രാഷ്ട്രീയം സ്വീകരിക്കേണ്ടതെന്ന ചോദ്യം രാജ്യം തിരഞ്ഞെടുപ്പിനായൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രസക്തമാണ്.

   രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭകളില്‍ ക്രിമിനലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ ജനാധിപത്യ സമൂഹത്തിന് ഭൂഷണമാകുന്ന തരത്തിലായിരുന്നില്ല. ക്രിമിനലുകളെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റി നിറുത്തണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് തയ്യാറായ ഭരണകൂടത്തിന്റെ നിലപാട് ക്രിമിനലുകളുടെ സാന്നിദ്ധ്യം പോലെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. ഓര്‍ഡിനന്‍സ് പാസായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ തിരിച്ചറിഞ്ഞ തലനിരക്കാത്ത ചില നേതാക്കളുടെ ഇടപെടല്‍ നിയമ നിര്‍മ്മാണ സഭകളുടെ ക്രിമിനല്‍ വത്കരണത്തിന് താല്‍ക്കാലികമായെങ്കിലും തടയിടാന്‍ സാധിച്ചു. യുവജനങ്ങളുടെ പ്രാതിനിധ്യം രാഷ്ട്രീയപാര്‍ടികളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാകാത്ത വിധം വംശനാശഭീഷണിയിലേക്ക് നീങ്ങുമ്പോള്‍ ഇവരെ പിടിച്ചു നിറുത്താനുളള യാതൊരു അജണ്ടകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇതിനു പകരം രാഷ്ട്രീയത്തെ എങ്ങിനെയൊക്കെ വെറുക്കപ്പെടാം എന്നതിന് ബലം നല്‍കുന്ന ചെയ്തികളാണ് എല്ലാ ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്.
എല്ലാ തെമ്മാടികളുടേയും അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയമെന്ന ആപ്തവാക്യത്തെ ശരിവെക്കുന്ന തരത്തിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ക്രിമിനലുകളുടെ സാന്നിദ്ധ്യം. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്പത് ശതമാനത്തിലേറെ ജനപ്രതിനിധികളും ക്രിമിനല്‍ പശ്ചാത്തലമുളളവരോ, ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരോ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകസഭയിലും, രാജ്യസഭയിലും ഇത്തരക്കാരുടെ പ്രാതിനിധ്യം കുറവല്ല. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് ന്യായീകരണത്തിന് വകുപ്പുണ്ടെങ്കിലും കൊല്ലും കൊലയും ശീലമാക്കിയവര്‍ നാട് ഭരിക്കാനും, രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മുന്നില്‍ നിന്നാല്‍ ഇവര്‍ക്കു പിന്നില്‍ അണിനിരക്കുന്നതിന് വിസമ്മതം പ്രഖ്യാപിക്കുന്നവരെ കുറ്റം പറയാനാകില്ല. വായകൊണ്ട് എണ്ണിപ്പറയാനാകാത്ത അത്രയും വലിപ്പമുളള അഴിമതികള്‍ തുടര്‍ക്കഥകളായി പുറത്ത് വരികയും, ഇതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജയിലില്‍ നിന്നിറങ്ങി യാതൊരു കൂസലുമില്ലാതെ വീണ്ടും അധികാര കേന്ദ്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയത്തോട് മുഖം തിരിക്കുന്നതിനെ യുവത്വത്തിന്റെ നിഷേധമായി കാണാനാകില്ല. ടുജി സ്‌പെക്ട്രവും, കല്‍ക്കരിപ്പാടവും, കോമണ്‍ വെല്‍ത്ത് ഗയിംസുമുള്‍പ്പെടെ അഴിമതിയുടെ കുംഭകോണങ്ങള്‍ പുറത്ത് വന്നിട്ടും രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ യാതൊരു തരത്തിലുളള അഴിച്ചുപണിയും ഉണ്ടായില്ലെന്നത് പുതിയ തലമുറയെ അരാഷ്ട്രീയ വാദത്തിലെ രാഷ്ട്രീയം  സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. അന്നാ ഹസാരെയെന്ന വയോധികന്‍ ജന്തര്‍ മന്ദറില്‍ പന്തല്‍ കെട്ടി അഴിമതിക്കെതിരെ ഉപവാസമിരുന്നപ്പോള്‍ കൊടിയുടെ നിറമോ, നേതൃത്വത്തിന്റെ ആഹ്വാനമോ ഇല്ലാതെ ലക്ഷങ്ങള്‍ ഐക്യദാര്‍ഢ്യവുമായി അണിനിരന്നത് നിഷേധത്തിന്റേയും വിയോജിപ്പിന്റേയും രാഷ്ട്രീയം സ്വീകരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു.
    രാഷ്ട്രീയമെന്നത് രാഷ്ട്ര സേവനത്തിലും, പൊതുജനക്ഷേമത്തിനുമുളള വഴിയാണെന്നത് വിസ്മരിക്കപ്പെടുകയും പകരം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയെന്നത് മാത്രമായി രാഷ്ട്രീയ നേതൃത്വം തങ്ങളുടെ ഉത്തരവാദിത്വം പരിമിതപ്പെടുത്തുകയും ചെയ്ത കാലഘട്ടം കൂടിയാണിത്. കാപട്യത്തിന്റെ ആള്‍ രൂപങ്ങളായി ഭരണകൂടം മാറുന്നുവെന്ന തോന്നല്‍ പൊതു സമൂഹത്തിന് ശക്തിപ്പെടുകയാണ്. പൊതുജന ക്ഷേമത്തിനെന്ന പേരില്‍ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ ആത്യന്തികമായി കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന തരത്തിലാണെന്ന് പുറത്ത് വരുന്നു. ഭരിക്കുന്നവര്‍ക്കും, നേതൃനിരയിലുളളവര്‍ക്കും പോക്കറ്റ് വീര്‍പ്പിക്കാനുളള ഏര്‍പ്പാട് മാത്രമാണ് പൊതു പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. തമ്മില്‍ ഭേദമായി ആരുമില്ലെന്ന പൊതുബോധം കരുത്താര്‍ജ്ജിക്കപ്പെടുന്നു. പൊതുമുതല്‍ കുത്തകകള്‍ക്ക് തീറെഴുതി ജനജീവിതം ദുസ്സഹമാക്കിയ സര്‍ക്കാറാണ് ഇപ്പോഴുളളതെങ്കില്‍ ബദലായി അപ്പുറത്ത് നില്‍ക്കുന്നത് കോര്‍പ്പറേറ്റ് വത്കരണത്തിനായി ദേശീയതയെ ജാതി വത്കരിച്ചവര്‍. ആര് ഭരിച്ചാലും വികസനവും, സമ്പത്തും ചിലരില്‍ കേന്ദ്രീകരിക്കപ്പെടുന്നതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുമെന്നരിക്കെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ പ്രാതിനിധ്യം അരാഷ്ട്രീയ ചിന്തയെ മുറുകെ പിടിക്കാന്‍ പരിവര്‍ത്തിതമാകും.
അരാഷ്ട്രീയ വാദത്തിന് പോഷക ഗുണം നല്‍കാന്‍ സഹായിക്കുന്നതെന്ന് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ആക്ഷേപമുന്നയിക്കുന്ന നിഷേധ വോട്ട് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ പോവുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരായ നിശ്ശബ്ദ വിപ്ലവമായിരിക്കും ഇതിലൂടെ സംഭവിക്കുക. രാഷ്ട്രീയ പാര്‍ടികള്‍ ചൂണ്ടികാണിക്കുന്നവര്‍ക്ക് നേരെ സമ്മതിദാന അവകാശത്തിന്റെ വിരലമര്‍ത്താന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തു കൊണ്ടുതന്നെ എല്ലാവരേയും നിരസിക്കുവാനുളള അവകാശം ഇതാദ്യമായി പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥികളുടെ ഗുണനിലവാരം മാനദണ്ഡമാക്കാതെ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മത്സര രംഗത്തിറക്കി ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചിരുന്ന പഴയ രീതികളോടുളള പൊളിച്ചെഴുത്തായിരിക്കും നിഷേധ വോട്ടിലൂടെ പ്രകടമാകുക. ഭരണം, പ്രതിപക്ഷം എന്നീ രണ്ട് ഓപ്ഷനുകള്‍ക്കൊപ്പം നിഷേധ വോട്ടെന്ന മൂന്നാമത്തേത് കൂടി കടന്നു വരുമ്പോള്‍ ഇത് പ്രത്യേകമായി ക്ഷീണം ചെയ്യുക മൊത്തം സ്ഥാനാര്‍ത്ഥികള്‍ക്കായിരിക്കും. മത്സരിക്കുന്നവര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരാണെന്നതാണ് നിഷേധ വോട്ടിലൂടെ പ്രകടമാക്കപ്പെടുക. ഇത്തരം വോട്ടുകളില്‍ വര്‍ദ്ധനവുണ്ടായാല്‍ ജനപ്രതിനിധിയായ തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ജനപിന്തുണ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. നിഷേധ വോട്ടിന്റെ വ്യാപ്തി വര്‍ധിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസതയെ തകര്‍ക്കുമെന്നതിനാല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതമാകുമെ ൊണ് കരുതപ്പെടുന്നത്.
     വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാന്‍ ആവിഷ്‌കരിക്കേണ്ട പദ്ധതികളുടെ കാര്യത്തില്‍ ആലോചനകളില്‍ മുഴുകിയിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ബുദ്ധി ജീവികള്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയകള്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ആകെ വോട്ടര്‍മാരുടെ പകുതിയോളം വരുന്ന യുവ സമൂഹമാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ഉപഭോക്താക്കള്‍. ചുരുങ്ങിയ വാക്കുകളില്‍ അതിവേഗം വ്യാപിപ്പിക്കാന്‍ കഴിയുന്ന വാര്‍ത്തകളും, വീക്ഷണങ്ങളും, ആശയങ്ങളും ചേര്‍ക്കപ്പെട്ടതാണ് സോഷ്യല്‍ മീഡിയ. സമയവും, സമ്പത്തും, ആള്‍ ബലവും ഉപയോഗപ്പെടുത്തി നടത്തുന്ന പ്രചരണ യജ്ഞങ്ങളെ മിനുട്ടുകള്‍ക്കകം നിഷ്പ്രഭമാക്കാനും, ഉഗ്രശേഷിയുളളതാക്കാനും കഴിവുളളതാണ് സോഷ്യല്‍ മീഡിയകളിലെ ഓരോന്നും. നിലവിലെ രാഷ്ട്രീയ ഗതികളോട് രോഷം ഉളളിലൊതുക്കി നടക്കുന്ന യുവസമൂഹത്തിന്റെ ഇടപെടല്‍ സോഷ്യല്‍ മീഡിയകളിലൂടെ ഉണ്ടാകുമെന്നുതന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളേയും, നവ മാധ്യമങ്ങളേയും തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തങ്ങളുടെ വഴിയെ നടത്താന്‍ രാഷ്ട്രീയ നേതൃത്വം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ ഓരോ വിരലുകള്‍ക്കും, ചിന്തകള്‍ക്കുമൊപ്പം സഞ്ചരിക്കുന്ന സോഷ്യല്‍ മീഡിയകളെ എങ്ങിനെ തങ്ങളുടെ വരുതിയിലാക്കുമെന്നതില്‍ പാര്‍ട്ടികളുടെ ബുദ്ധി ജീവി വിഭാഗത്തിന് യാതൊരു പിടുത്തവുമില്ല. പാര്‍ട്ടി വിധേയത്വങ്ങള്‍ താരതമ്യേന കുറഞ്ഞ, സ്വാതന്ത്ര്യമായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്ന പക്വമതികളും, അപക്വമതികളും ഇടകലര്‍ന്ന സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ഗുലുമാല്‍ എന്തൊക്കെയെന്ന് ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലൂടെ തന്നെ ബോധ്യമാകും.
 അരാഷ്ട്രീയ വാദം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കുമേല്‍ ആശങ്ക ഉയര്‍ത്തുമെന്നിരിക്കെ ഇതിനെ മറികടക്കാനുളള വഴികള്‍ തേടേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. നെറികേടുകള്‍ കൊണ്ട് മലീമസമായ രാഷ്ട്രീയ പരിസരം തൂത്ത് വൃത്തിയാക്കി ആകര്‍ഷകമാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അകത്ത് ശ്രമങ്ങള്‍ ഉണ്ടാകണം. പൊതുസമൂഹത്തിലെ പക്വമതികളേയും യുവ സമൂഹത്തിലെ ഊര്‍ജ്ജസ്വലരേയും കൂടെ കൂട്ടാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. അല്ലാത്ത പക്ഷം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരാനുളള കാലം കടുത്ത പരീക്ഷണങ്ങളുടേതായിരിക്കും.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്