ജനമൈത്രി പോലീസും ജനനേന്ദ്രിയവും തമ്മിലെന്ത്
മുഖ്യമന്ത്രിക്കെതിരെ ഇടത് മുന്നണി നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിനു നേരെ പോലീസ് നടത്തിയ അതിക്രമം കേരള പോലീസിന്റെ തൊപ്പിയില്‍ കറുത്ത തൂവലാണ് തുന്നി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കാടത്തം നിറഞ്ഞതും, അപരിഷ്‌കൃതവുമായ മര്‍ദ്ദനമുറകളുടെ കാലം കഴിഞ്ഞെന്ന് കൊട്ടിഘേഷിക്കുന്നതിനിടെയാണ് കരളലിയിക്കുന്ന പോലീസ് ഭികരത പൊതു നിരത്തുകളില്‍ അരങ്ങേറുന്നത്. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നിടത്ത് പോലീസ് കാണിക്കുന്ന മികവ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ മൂന്നാം മുറയില്‍ അധിഷ്ഠിതമായ മര്‍ദ്ദനരീതികള്‍ പോലീസ് മുഖമുദ്രയായി ഇപ്പോഴും കൊണ്ടു നടക്കുന്നുവെന്നതാണ് ഇടതുപക്ഷ പ്രവര്‍ത്തകന് നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിവാക്കുന്നത്. അക്രമം കാണിക്കുന്നവനോട് സാരോപദേശം നടത്തിയാല്‍ ക്രമസമാധാന പാലനവും, നിയമവാഴ്ചയും നിലനില്‍ക്കില്ലെന്നത് സമ്മതിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങളെ ഭീകരവേട്ടക്ക് സമാനമായി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ അംഗീകരിച്ച് കൊടുക്കാനുമാകില്ല. വിദ്യാര്‍ത്ഥികളും, യുവാക്കളും പൊതു നിരത്തുകളില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ നേരിടുന്ന പോലീസ് രീതിയുടെ അഴിച്ചുപണി അനിവാര്യമായി മാറുകയാണ്. പോലീസിനെ ശത്രുപക്ഷത്ത് നിറുത്തിയുള്ള പ്രതിഷേധക്കാരുടെ വീര്യവും കുറക്കേണ്ടിയിരിക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഇരകളായി പോലീസ് ചവിട്ടി മെതിക്കപ്പെടുന്നുണ്ടെന്ന വസ്തുതയും വിമര്‍ശനങ്ങളോടൊപ്പം വിസ്മരിക്കാവതല്ല.
             സാധാരണക്കാരന്റെ പേടിസ്വപ്നമായ ഇടിയന്‍ പോലീസില്‍ നിന്ന് സൗമ്യനും, നിഷ്‌കര്‍ഷ ബോധവുമുള്ള ജനകീയ പോലീസായി സംസ്ഥാനത്തെ നിയമപാലകര്‍ മാറ്റത്തിന്റെ പാതയിലാണുള്ളത്. കുടവയറും, പൊണ്ണത്തടിയും കാക്കിക്കുള്ളില്‍ കുത്തി നിറച്ച പഴയ പോലീസ് കോലങ്ങള്‍ വംശനാശത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ചുറുചുറുക്കും, കൂര്‍മ്മബുദ്ധിയും, സാങ്കേതിക മികവുമുള്ള വലിയൊരു വിഭാഗത്തിന്റെ കരുത്ത് സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനുണ്ടെന്നത് അടുത്തകാലത്ത് തെളിയിക്കപ്പെട്ട നിരവധി കുറ്റകൃത്യങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. ചേലമ്പ്ര ബാങ്ക് കവര്‍ച്ച മുതല്‍ ബണ്ടിച്ചോര്‍ വരെയും, മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് മുതല്‍ ടി.പി വധം വരെയുള്ള കേസുകളിലെ അന്വേഷണത്തില്‍ കേരള പോലീസ് കാണിച്ച മികവ് മാതൃകപരമായി വാഴ്ത്തപ്പെട്ടതാണ്. രാഷ്ട്രീയ സ്വാധീനവും, ഭരണപരമായ സമ്മര്‍ദ്ധങ്ങളുമില്ലെങ്കില്‍ അന്വേഷണത്തെ നേര്‍വഴിയില്‍ കൊണ്ടുപോകാനും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സമര്‍ത്ഥരാണ് സംസ്ഥാനത്തെ പോലീസ് സേനയെന്നത് തര്‍ക്കരഹിതമായ വസ്തുതയാണ്. കള്ള നാണയങ്ങളെ നിലക്ക് നിറുത്തുവാന്‍ ശേഷിയുള്ള കറകളഞ്ഞ ഉന്നത ഉദ്യോഗസ്ഥരടുടെ നീണ്ട നിരയും പോലീസിന് സ്വന്തമായുണ്ട്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കനുസരിച്ച് അന്വേഷണത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കാന്‍ നിര്‍ബന്ധിതമാകുന്നിടത്താണ് പോലീസ് അപരിഷ്‌കൃത നിലപാടുകളുടെ വക്താക്കളായി മാറുന്നത്.
മാറിവരുന്ന ഭരണക്കാര്‍ക്കനുസരിച്ച് കോലം കെട്ടാന്‍ വിധിക്കപ്പെട്ടവരാണ് താഴെ തലം തൊട്ട് ഡി.ജി.പി വരെയുള്ള ഓരോ പോലീസുകാരനും. പോലീസിന് മേല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോഴാണ് രാഷ്ട്രീയക്കാരന്‍ ശക്തനാകുന്നതെന്ന പൊതുബോധമാണ് ചോട്ടാ നേതാവിനെ വരെ നയിക്കുന്നത്. അന്വേഷണത്തിന്റെ ഗതിയും, പ്രതിചേര്‍ക്കപ്പെട്ടവരുടെ പട്ടികയും നിശ്ചയിച്ച് കൊടുക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങളായി മാറിയിട്ടുണ്ട്. സ്വതന്ത്രമായ അന്വേഷണത്തിന് വിലങ്ങ് തടി തീര്‍ക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങലുടെ കീഴ് ഘടകങ്ങള്‍ക്ക് പോലും സാധ്യമാകുന്ന തരത്തില്‍ പോലീസിനെ രാഷ്ട്രീയമായി വരിഞ്ഞ് മുറുക്കാന്‍ ഓരോ കാലത്തേയും ഭരണക്കാര്‍ ശ്രമിച്ചിട്ടുണ്ട്. എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന കേസുകളാണെങ്കില്‍ അന്വേഷണത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുകയും അല്ലാത്തവയോട് നിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണകൂടങ്ങള്‍ തുടര്‍ന്ന് വരുന്നത്. മേലെ നിന്നുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തിയും, തല്ലിയൊതുക്കിയും പോലീസ് കര്‍ത്തവ്യ നിരതമാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കാക്കിയിട്ട ഇരകളെയാണ്. ഭരണം സുഗമമാക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങലുടെ ഭാഗമായി പോലീസ് നടത്തുന്ന പ്രത്യാക്രമണങ്ങള്‍ പ്രതിപക്ഷ ചേരിയിലുള്ളവര്‍ക്കിടയില്‍ എതിരാളികളെ ക്ഷണിച്ച് വരുത്തുന്നു. ഭരണമാറ്റം ഇവര്‍ക്ക് മുന്നില്‍ സ്ഥലംമാറ്റമായും, ഇതര ശിക്ഷാനടപടികളായും വന്നെത്തുകയും ചെയ്യുന്നു.
പോലീസ് നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ കാണാതെ ജനനേന്ദ്രിയത്തിനെതിരായ പോലീസ് നടപടിയെ വിമര്‍ശന വിധേയമാക്കുന്നത് നീതിപൂര്‍വ്വകമാകില്ല. തല്ലാന്‍ പറഞ്ഞാല്‍ തല്ലാനും, കൊള്ളാന്‍ പറഞ്ഞാല്‍ കൊള്ളാനും വിധിക്കപ്പെട്ട രാഷ്ട്രീയ ചട്ടുകങ്ങളായി പോലീസിനെ ഉപയോഗിക്കുമ്പോള്‍ മനുഷ്യത്വവും മനുഷ്യാവകാശവും ഇവരില്‍ നിന്ന് കൈമോശം വരുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ പോലീസിന് നേരെയുള്ള മെക്കിട്ട് കയറലുകളായി മാറുമ്പോള്‍ സകല വികാരങ്ങളുമുള്ള മനുഷ്യരാണിവരെന്ന വസ്തുത പ്രതിഷേധക്കാരും മറന്ന് പോകരുത്. രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായുണ്ടാകുന്ന  പോലീസ് നടപടികള്‍ക്ക് പലപ്പോഴും കനത്ത വില നല്‍കേണ്ടി വരുന്നത് കീഴ് ഉദ്യോഗസ്ഥരായ പോലീസുകാരാണ്.  ഭരിക്കുന്ന സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സൗകര്യപൂര്‍വ്വം ഉപയോഗിക്കാവുന്ന ഉപകരണങ്ങളായി പോലീസ് മാറ്റപ്പെട്ടതോടെ ശക്തമായൊരു അന്വേഷണ സംവിധാനത്തിന്റെ കര്‍മ്മ ശേഷിയാണ് തച്ചുടക്കപ്പെടുന്നത്. സ്വതന്ത്ര ചുമതലയുള്ള അന്വേഷണ ഏജന്‍സിയാകാന്‍ പോലീസിന് കഴിയില്ലെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കാന്‍ അകമഴിഞ്ഞ രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് വന്‍ മുന്നേറ്റം സാധ്യമാക്കാനായത് ഇത്തരമൊരു പിന്തുണയുടെ ഭാഗമായിട്ടായിരുന്നു. ഇതേ കാലയളവില്‍ തന്നെയുണ്ടായ മറ്റു ചില വെളിപ്പെടുത്തലുകളുടെ  കാര്യത്തില്‍ അന്വേഷണം എങ്ങുമെത്താതെ നിലച്ചതാകട്ടെ ഇത്തരമൊരു പിന്തുണ ലഭ്യമാകാതെ വന്നതിനാലാണ്.
രാഷ്ട്രീയ തീരുമാനങ്ങളും, സമ്മര്‍ദ്ദങ്ങളും പോലീസിന്റെ ക്രയശേഷിയേയും, അന്വേഷണ രീതികളേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വസ്തുത നിലനിര്‍ത്തിക്കൊണ്ടു തന്നെ മര്‍ദ്ദന മുറകളിലെ ഭീകരതക്കെതിരെ തുറന്ന ചര്‍ച്ചകള്‍ രൂപപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ പ്രതിഷേധങ്ങളില്‍ അണി നിരക്കുന്നവര്‍ക്കെതിരെ കൊടും ഭീകരനോടെന്ന പോലെ പെരുമാറുന്ന രീതി ഏത് രാഷ്ട്രീയ തീരുമാനത്തിന്റെ പേരിലായാലും പോലീസ് കയ്യൊഴിയേണ്ടതാണ്. അക്രമാസക്തമായേക്കാവുന്ന പ്രതിഷേധ സമരങ്ങളെ തുരത്തിയോടിക്കാന്‍ കര്‍ക്കശമായ നടപടികള്‍ വേണ്ടി വരാമെങ്കിലും അതിര് വിടലുകള്‍ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. ഇടത് മുന്നണി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പോലീസ് നടപടികളുടെ കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശം ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നോ, അധികൃതരില്‍ നിന്നോ ഉണ്ടായിട്ടില്ല. പോലീസ് നടപടിയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി നേട്ടം കയ്യാനാണ് പ്രതിപക്ഷ സംഘടനകള്‍ ശ്രമിച്ചത്. പ്രതിഷേധ സമരങ്ങള്‍ക്കെതിരായ പോലീസ് നടപടിയുടെ കാര്യത്തില്‍ മാര്‍ഗ്ഗരേഖ പരസ്യപ്പെടുത്തുന്നത് അതിക്രമങ്ങള്‍ തടയുന്നതിന് ഒരു പരിധിവരെ സഹായകമാകും.
      കുറ്റം തെളിയിക്കാന്‍ ശരീരമാസകലം ഉലക്കകൊണ്ടുരുട്ടലും, മുളക്‌പൊടി, ഈര്‍ക്കിള്‍ പ്രയോഗങ്ങളും അപരിഷ്‌കൃതവും, കാലഹരണപ്പെട്ടതുമായി വ്യാഖ്യാനിച്ച് മാറ്റിനിറുത്തപ്പെട്ട ഇക്കാലത്തും ഇടിയന്‍ പോലീസുകാരുടെ അവതാരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത് പരിഷ്‌കൃത പോലീസ് രീതികള്‍ക്ക് ഭൂഷണമല്ല. പോലീസ് ജനങ്ങളുടെ സുഹൃത്താണെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവര്‍ത്തന രീതി ജനകീയമാക്കാന്‍ പെടാപാട് പെടുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ കാടത്ത നിലപാടുകള്‍ തുടരെ ആവര്‍ത്തിച്ചുകൊണ്ട് സ്വന്തം മുഖം വികൃതമാക്കാന്‍ പോലീസ് ശ്രമിക്കരുത്. നിയമപാലകരാണ് തങ്ങളെന്ന ബോധ്യത്തിലേക്ക് പോലീസ് സ്വയം ഉയരുന്നതോടൊപ്പം കൃത്യനിര്‍വ്വഹണത്തിന് അനുകൂല സാഹചര്യങ്ങളൊരുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകേണ്ടതുണ്ട്. ഭരണത്തെ നന്നാക്കുന്നതിലും മോശമാക്കുന്നതിലും പോലീസ് ഒരു പ്രധാന ഘടകമായതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഈ നിയമപാലക സംവിധാനത്തെ ഇനിയും ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തുമെന്നതില്‍ ശങ്കിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ കേരളമുള്ളിടത്തോളം ഉണ്ടാകുമെന്നിരിക്കെ ഇത്തരം സമരങ്ങളെ അടിച്ചൊതുക്കുന്നതിന് പകരം പ്രതിരോധിച്ച് നിര്‍വ്വീര്യമാക്കുന്നതായിരിക്കും ഗുണകരമാവുക. കല്ലെറിഞ്ഞും, തള്ളിക്കയറിയും പോലീസിനെ പ്രകോപിപ്പിച്ച് ഞങ്ങളെ തല്ലിക്കോയെന്ന് ആവേശം കാണിക്കുന്നവരോട് സഹതപിക്കുകയല്ലാതെ നിര്‍വ്വാഹമില്ല. അടി ഇരന്ന് വാങ്ങാന്‍ വിധിക്കപ്പെട്ടവരാണിവര്‍. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നോര്‍ത്ത് സമാധാനിക്കാനെ ഇവരുടെ കാര്യത്തില്‍ തരമുള്ളു.




Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്