ആത്മീയ തട്ടിപ്പും തട്ടിപ്പാണ്

എട്ട് കോടി രൂപയുടെ സോളാര്‍ തട്ടിപ്പ് സംസ്ഥാനത്തിന്റെ പൊതു മണ്ഡലത്തിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഇടതടവില്ലാതെ രൂപപ്പെടുന്ന വിവാദങ്ങളുടെ കൂട്ടത്തില്‍ കാലദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നിന്നതും സോളാറിന്റെ പേരില്‍ ഉയര്‍ന്ന തട്ടിപ്പായിരുന്നു. തട്ടിപ്പിന്റെ മുഴുവന്‍ കൈവഴികളും ഇഴകീറി പരിശോധിച്ചാണ് സോളാര്‍ വിവാദം പുരോഗമിച്ചത്. പൊതുജനത്തിന്റെ പോക്കറ്റിലെ പണം ഇല്ലാത്ത പദ്ധതികളുടെയും, വ്യാജമായ സംരഭങ്ങളുടെയും പേരില്‍ സമാഹരിക്കപ്പെടുന്നിടത്താണ് തട്ടിപ്പിന്റെ ആദ്യപാഠം രൂപപ്പെടുന്നത്. ഇങ്ങിനെ സമാഹരിക്കപ്പെട്ട എട്ട് കോടി രൂപയാണ് സോളാര്‍ തട്ടിപ്പായി കത്തി ഉയര്‍ന്നത്. ഇതിന്റെ പേരില്‍ ഉണ്ടായ വാദകോലാഹലങ്ങളാകട്ടെ എണ്ണൂറ് കോടിയുടെ മതിപ്പ് പ്രകടമാക്കുന്നതുമായിരുന്നു. പൊതുജനത്തെ തട്ടിപ്പിനിരയാക്കുന്നവര്‍ക്കെതിരെ ഇത്രമേല്‍ ജാഗ്രത പുലര്‍ത്തുന്നവരാണോ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം എന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു സോളാര്‍ വിഷയത്തിലുള്ള ഭരണ പ്രതിപക്ഷ കക്ഷിയില്‍പെട്ടവരുടെ പെര്‍ഫോമന്‍സ്. തട്ടിപ്പ് ആര് നടത്തിയാലും തട്ടിപ്പാണെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, സമൂഹത്തില്‍ ഒറ്റപ്പെടുത്താനും പൊതു പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകണമെന്ന സാമാന്യ ധാരണ രാഷ്ട്രീയത്തിനപ്പുറത്തെ തട്ടിപ്പുകളുടെ കാര്യത്തില്‍ ഇല്ലാതെ പോകുന്നുവോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് സോളാറിന് സമകാലീനമായുണ്ടായ മറ്റു ചില തട്ടിപ്പ് വെളിപ്പെടുത്തലുകള്‍.
പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്കെത്തിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. വിവാദത്തിന് കാരണമായ തിരുകേശം വ്യാജമാണെന്ന പ്രചരണവും, ആക്ഷേപവും ശരിവെക്കുന്ന തരത്തിലുള്ള ഏറ്റുപറച്ചിലുകളാണ് വിവാദ മുടിയുടെ കൈവശക്കാരായവരില്‍ നിന്നു തന്നെ ഉണ്ടായിരിക്കുന്നത്. തിരുകേശം സൂക്ഷിക്കാന്‍ ഉത്തമ കേന്ദ്രമെന്ന നിലയില്‍ കോഴിക്കോട്ട് പള്ളി നിര്‍മ്മിക്കാന്‍ നാല്‍പത് കോടി രൂപ കൈവശക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചിരുന്നു. തിരുകേശം വ്യാജമാണെന്ന് കൈവശക്കാരില്‍ നിന്നു തന്നെ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ആത്മീയ തട്ടിപ്പിന്റെ നീണ്ടു നിവര്‍ന്ന പട്ടികയില്‍ നാല്‍പത് കോടിയുടെ തിരുകേശ പള്ളിയെന്ന സംരംഭവും ഇഴചേര്‍ക്കപ്പെട്ടിരിക്കുകയാണ്. തിരുകേശ വിവാദത്തിന്റെ ഒന്നാം ഘട്ടം മുതല്‍ മുടിയുടെ കൈവശക്കാരായ സംഘടനയൊഴികെ സംസ്ഥാനത്തെ മുഴുവന്‍ മുസ്ലിം സംഘടനകളും പ്രവാചകമുടിയുടെ പേരില്‍ വഴിയൊരുക്കുന്ന ആത്മീയ തട്ടിപ്പിനെക്കുറിച്ച് സര്‍ക്കാറിനും ബന്ധപ്പെട്ട അധികൃതര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ.കെ വിഭാഗം സുന്നികളായിരുന്നു തിരുകേശം വ്യാജമാണെന്ന പ്രചരണത്തില്‍ മുന്നില്‍ നിന്നത്. ഭരണകക്ഷിയില്‍ പെട്ട മുസ്ലിം ലീഗുമായി ഏറ്റവും അടുപ്പമുള്ള മുസ്ലിം സംഘടനയായിരുന്നിട്ടും തിരുകേശ വിവാദത്തില്‍ സമസ്തയുടെ നിലപാടുകള്‍ മുഖവിലക്കെടുക്കുന്ന നടപടികളായിരുന്നില്ല സര്‍ക്കാറില്‍ നിന്നുണ്ടായത്. മറിച്ച് വ്യാജമുടിയുടെ കൈവശക്കാരെ സഹായിക്കുന്ന സമീപനങ്ങളാണ് ഭരണകൂടം സ്വീകരിച്ചത്.
       തിരുകേശ വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പാര്‍ട്ടിയുടെ പ്രതികരണവുമായി പരസ്യമായി രംഗത്തുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം പറഞ്ഞ കാര്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. എന്തിനും ഏതിനും പ്രസ്താവനകളുടെ മലവെള്ള പാച്ചില്‍ സാധ്യമാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം ഭൂഷണമാക്കിയപ്പോള്‍ അല്‍പ്പായുസുള്ള പ്രതികരണമായിരുന്നുവെങ്കിലും തിരുകേശ വിവാദത്തില്‍ നലപാടെടുക്കാന്‍ തന്റേടം കാണിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ഇതര മുസ്ലിം സംഘടനകള്‍ ചൂടുള്ള റെഡ് സല്യൂട്ട് അന്നു തന്നെ പകുത്ത് നല്‍കിയിരുന്നു. തിരുകേശം വ്യാജമാണെന്ന വെളുപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പഴയ ഉശിര് കൂടുതല്‍ തനിമയോടെ പ്രകടമാക്കേണ്ട സന്ദര്‍ഭമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മുടിയുടെ കൈവശക്കാര്‍ക്കനുകൂലമായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ പുനരാലോചനക്ക് ഭരണകൂടം തയ്യാറാകേണ്ട ഘട്ടം കൂടിയാണിത്.
ആത്മീയ ചൂഷണങ്ങള്‍ സമൂഹത്തെ വരിഞ്ഞ് മുറുക്കുമ്പോള്‍ അത് മതത്തിന്റെ കാര്യമാണെന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന രാഷ്ട്രീയ, ഭരണ നേതൃത്വം ചൂഷകര്‍ക്ക് മുന്നില്‍ തട്ടിപ്പിന്റെ വഴി തുറന്നുവെക്കുകയാണ് ചെയ്യുന്നത്. തിരകേശ വിവാദത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം സംഘടനകളും പ്രവാചകന്റെ പേരിലുള്ള മുടി വ്യാജവും, തട്ടിപ്പിന് വഴിയൊരുക്കുന്നതുമാണെന്ന് ആണയിട്ട് വ്യക്തമാക്കുകയും പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും നിഷേധ നിലപാടുമായി മൗനം അവലംബിച്ചത് ഊതി വീര്‍പ്പിക്കപ്പെട്ട വോട്ട് ബാങ്കിന്റെ പേരിലായിരുന്നുവെന്നത് അങ്ങാടിപ്പാട്ടായ അടുക്കള രഹസ്യമാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ തിരുകേശത്തിലെ തട്ടിപ്പ് ബോധ്യമായാല്‍ പോലും പഴയനിലപാടില്‍ നിന്ന് ഒരിഞ്ച് പോലും മാറാന്‍ ഇവര്‍ തയ്യാറാകില്ല. തിരുകേശത്തിന്റെ കാര്യത്തില്‍ ഹൈക്കോടതില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന സമസ്തയുടെ ആവശ്യവും തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്ന ഈ ഘട്ടത്തില്‍ നടപ്പാകാനിടയില്ല.
മുസ്ലിം ജനസമൂഹത്തിനിടയിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് കാന്തപുരം സുന്നി വിഭാഗമാണെന്ന അബദ്ധധാരണ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം തിരുകേശ വിവാദത്തിന്റെ കാര്യത്തില്‍ നിയമപരമായ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. അധികാരത്തിലേക്കുള്ള വഴിയില്‍ തടസ്സം നില്‍ക്കുന്നതും വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകുന്നതുമായ ഒന്നിനോടും ഏറ്റുമുട്ടല്‍ പാടില്ലെന്ന പ്രത്യയശാസ്ത്രമാണ് മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും നയിക്കുന്നത്. മതത്തേയും വോട്ട് ബാങ്കെന്ന അദൃശ്യ സങ്കല്‍പ്പത്തെയും മുന്നില്‍വെച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ നിവര്‍ത്തിക്കുന്ന പൗരോഹിത്യ ഇടപെടലുകളെ നിറുത്തേണ്ടിടത്ത് നിറുത്താന്‍ രാഷ്ട്രീയത്തിലെ യുവ തുര്‍ക്കികള്‍ക്ക് പോലും ധൈര്യം കുറഞ്ഞുവരികയാണ്. നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും മുന്നണി വാഹകരായിരുന്നവര്‍ പോലും അധികാര രാഷ്ട്രീയത്തിന്റെ വഴിയില്‍ ജയിച്ചു കയറാന്‍ പൗരോഹിത്യ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ദര്‍ശനാനുമതി തേടി കാത്തുകെട്ടി കഴിയുന്ന ദയനീയ കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ്.
    തട്ടിപ്പുകളുടെ മൊത്തവിതരണ കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന കേരളത്തില്‍ ആത്മീയ വാണിഭങ്ങള്‍ പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നതില്‍ തരക്കേടില്ലാത്ത പങ്ക് നിര്‍വ്വഹിച്ച് വരുന്നുണ്ട്. മതത്തേയും വിശ്വാസത്തേയും മറയാക്കിയുള്ള തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന ഭരണകൂടങ്ങള്‍ പ്രജയുടെ സ്വത്തിന് നല്‍കേണ്ട സംരക്ഷണത്തിലാണ് വീഴ്ച വരുത്തുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരായി നടന്ന നടപടി ആത്മീയതയിലൂന്നിയുള്ള തട്ടിപ്പുകളുടെ ആഴം വെളിച്ചത്ത് കൊണ്ടു വരുന്നതായിരുന്നു. തട്ടിപ്പിന്റെ വേരുകള്‍ തേടിയുള്ള സഞ്ചാരം വമ്പന്‍ സ്രാവുകളിലേക്ക് വിരല്‍ ചൂണ്ടപ്പെട്ടതോടെ ആള്‍ദൈവങ്ങള്‍ക്കെതിരായ നടപടി പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. അശ്ലീലതയും, അധാര്‍മ്മികതയും സമം ചേര്‍ത്ത് കോടികള്‍ മറിയുന്ന കച്ചവടങ്ങള്‍ക്ക് ഭൂമികയൊരുക്കുന്നതായിരുന്നു ഓരോ ആള്‍ദൈവങ്ങള്‍ക്ക് പിന്നിലേയും നഗൂഡതകളുടെ ഭാണ്ഡക്കെട്ട്. പരല്‍ മീനുകളില്‍ തുടങ്ങിയ കപട ആത്മീയ വേട്ട മുന്നോട്ടു കൊണ്ടുപോകാനാകാത്ത വിധം വഴിയിലുപേക്ഷിക്കേണ്ടി വന്നത് സര്‍ക്കാറിന് മേലുണ്ടായ കടുത്ത സമ്മര്‍ദ്ദങ്ങളുടെയും വേണ്ടപ്പെട്ടവരില്‍ നിന്നുള്ള സ്വാധീനത്തിന്റെയും ഭാഗമായിട്ടായിരുന്നു. ആത്മീയ തട്ടിപ്പിനെതിരെ അന്ന് നടന്ന നടപടികള്‍ സാമൂഹ്യ പരിഷ്‌കരണവും നവോത്ഥാനമുന്നേറ്റവും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നവരുടെ മനസ്സുകള്‍ക്ക് കുളിര്‍മ്മ നല്‍കുന്നതായിരുന്നു. എന്നാലിതിന് തുടര്‍ച്ച സാധ്യമാകാതെ വന്നതോടെ അന്ന് അടിവേരുറക്കപ്പെട്ട ആള്‍ ദൈവങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടു അവതരിക്കുകയാണുണ്ടായത്. മനുഷ്യന് മുന്നില്‍ നിരാശയും അസംതൃപ്തിയും ഉള്ളിടത്തോളം കപട ആത്മീയതക്ക് ഇടമുണ്ടെന്ന തിരിച്ചറിവ് ആള്‍ദൈവങ്ങളുടെ എണ്ണമറ്റ പിറവിക്ക് വഴിയൊരുക്കുന്നു. മതചിഹ്നങ്ങളാല്‍ കെട്ടി ഉയര്‍ത്തപ്പെട്ട ആശ്രമങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത കേന്ദ്രങ്ങളായി മാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് സമാന്തര വ്യവസ്ഥക്ക് സമാനമായ ആത്മീയ ഇടങ്ങളാണ്. പ്രവര്‍ത്തന രീതിയും, സാമ്പത്തിക ഇടപാടുകളും കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ബോധിപ്പിക്കാത്ത സംഘടനകളില്‍ ആള്‍ദൈവ കേന്ദ്രീകൃത ആത്മീയകേന്ദ്രങ്ങള്‍ നിരവധിയാണെന്ന വസ്തുത നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയാത്തവിധം കെട്ടിപൂട്ടപ്പെട്ടവയാണ് ആള്‍ദൈവങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും.
ആത്മീയതയെ ചൂഷണം ചെയ്ത് തഴച്ച് വളരുന്ന വിഭാഗങ്ങള്‍ എല്ലാ മതങ്ങളിലും വേരുറപ്പിക്കപ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ബന്ധങ്ങളുള്ള ഇത്തരം കേന്ദ്രങ്ങള്‍ വന്‍കച്ചവട ശൃംഖലകളാണ്. ആത്മീയതയോടൊപ്പം ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടി മറയാക്കപ്പെടുന്നതിലൂടെ സൈ്വര്യമായ കച്ചവട വ്യവഹാരമാണ് ഇവര്‍ സാധ്യമാകുന്നത്. നിയമാനുസൃതവും അല്ലാത്തതുമായ കൊടുക്കല്‍ വാങ്ങലുകള്‍ പല ആത്മീയ കേന്ദ്രങ്ങള്‍ വഴിയും നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മതമെന്ന കവചം എടുത്തണിഞ്ഞ് നടത്തുന്ന ആത്മീയ വാണിഭങ്ങള്‍ക്കുമുന്നില്‍ ഭരണകൂടങ്ങള്‍ ഇനിയും കണ്ണടച്ചാല്‍ നെറികേടുകളുടെ അപ്പോസ്തലന്മാര്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്നതിന് തുല്യമായിരിക്കുമത്. ആത്മീയതയെ വില്‍പ്പന ചരക്കാക്കി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിച്ചു നിറുത്തിയ ആള്‍ദൈവ കോലങ്ങള്‍ കാരാഗൃഹത്തിലെ ഇരുള്‍വാസത്തിന് അര്‍ഹതയുള്ളവരാണ്. ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ വിശ്വാസി സമൂഹത്തോടൊപ്പം നിയമത്തിന്റെയും ഭരണകൂടത്തിന്റെയും അകമഴിഞ്ഞ പിന്തുണകൂടി സാധ്യമാകേണ്ടതുണ്ട്. വികലമായ വിശ്വാസങ്ങളെ തച്ചുടച്ച് ആത്മീയ വാണിഭങ്ങളെ പൊതു നിരത്തില്‍ വിചാരണ ചെയ്യാന്‍ മതസമൂഹങ്ങള്‍ ഉണരേണ്ടതുണ്ട്. ലൈംഗികതയെ ലഹരിയാക്കി ആത്മീയതയെ വില്‍പ്പനക്ക് വെച്ചവര്‍ സന്തോഷ് മാധവന്‍ മുതല്‍ ആശാറാം ബാപ്പു വരെയുള്ളവര്‍ മാത്രമല്ല ഉള്ളത്. ഈ പട്ടികയുടെ വലിപ്പം നമ്മുടെ ധാരണകള്‍ക്കപ്പുറമായിരിക്കും. മത സമൂഹങ്ങളില്‍ സാധ്യമാകേണ്ട സംസ്‌കരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരേണ്ടതുണ്ടെന്ന സന്ദേശമാണ് വെളിപ്പെടുന്ന ആത്മീയ തട്ടിപ്പുകളും, ഉയര്‍ന്നു പൊങ്ങുന്ന ആള്‍ദൈവ ആശ്രമങ്ങളും പ്രകടമാക്കുന്നത്.
ദൈവവിശ്വാസം പണാധിഷ്ഠിതമാകുന്നിടത്താണ് ആത്മീയ ചൂഷണം കടന്നുവരുന്നത്. സ്രഷ്ടാവും, സംരക്ഷകനും, പരിപാലകനുമായ ദൈവത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന മതസമൂഹം ഇതിനായി പണം മുടക്കാന്‍ സന്നദ്ധമാകുന്നിടത്താണ് ആത്മീയ കേന്ദ്രങ്ങള്‍ തടിച്ച് കൊഴുക്കുന്നത്. ദൈവത്തെ അറിയേണ്ടവിധം അറിയുകയും, വിശ്വാസത്തെ അതനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യുന്നിടത്ത് ആത്മീയവാണിഭങ്ങള്‍ തച്ചുടക്കപ്പെടും.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്