വധശിക്ഷകൊണ്ട് സാധ്യമാകുമോ സ്ത്രീ സുരക്ഷ
സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തെക്കന്‍ ഡല്‍ഹിയില്‍ വെച്ച് കൂട്ട ബലാംത്സംഗത്തിന് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍ക്ക് അതിവേഗ വിചാരണ കോടതി നല്‍കിയ വധശിക്ഷ സ്ത്രീ പീഡകര്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായാണ് രാജ്യം വിലയിരുത്തപ്പെട്ടത്. പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതോടൊപ്പം തുല്ല്യതയില്ലാത്ത അതിക്രമങ്ങള്‍ അവര്‍ക്കുനേരെ അഴിച്ചുവിടുകയും ചെയ്തത് ഡല്‍ഹി സംഭവത്തെ വൈകാരിക പ്രതിഷേധത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് പുതുമയുളളതല്ലെങ്കിലും ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയുളളതായിരുന്നു. കേസിന്റെ അന്വേഷണത്തിലും, വിചാരണയിലും ഒടുവില്‍ കോടതി വിധിയിലും വരെ സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ സ്വാധീനം പ്രകടമാക്കപ്പെട്ടു. സംഭവം നടന്ന് ഒമ്പത് മാസം പിന്നിടുന്നതിന് മുമ്പുതന്നെ പ്രതികള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്നതിലേക്ക് കോടതി നടപടികള്‍ വേഗത്തിലായെന്ന പ്രത്യേകതയും ഡല്‍ഹി സംഭവത്തിനുണ്ട്. 133 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്. കാര്യക്ഷമമായ ജനകീയ ഇടപെടല്‍ ഉണ്ടായാല്‍ നിയമവും, നിയമവ്യവസ്ഥയും, ഭരണകൂടവും എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ പ്രവൃത്തിക്കുമെന്നതിന്റെ പ്രകടമായ തെളിവ് കൂടിയായിരുന്നു ഡല്‍ഹി കൂട്ടമാനഭംഗ കേസ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നിയമമാക്കണമെന്ന ആവശ്യമാണ് ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യം നേടിയത്. ബലാത്സംഗത്തിനിരയായി മരണം സംഭവിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ചര്‍ച്ചകളില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. കേസുകള്‍ വിചാരണക്കെടുക്കുന്നതിലെ കാലതാമസവും ലഘുവായ ശിക്ഷാ വിധികളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിന് കാരണമാകുന്നതായി സ്ത്രീ പക്ഷ ചിന്തകള്‍ ആക്ഷേപമുയര്‍ത്തി. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ കടുത്ത ശിക്ഷ നടപടി അവിടങ്ങളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തുണ്ടായ പ്രതിഷേധം ഭരണകൂടത്തെ പോലും ഒരു ഘട്ടത്തില്‍ മുള്‍മുനയിലാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്വാനമോ, കൊടികളുടേയും, നേതാക്കളുടേയും പിന്തുണയോ ഇല്ലാതെ തടിച്ചു കൂടിയ യുവരക്തത്തിന്റെ ആവേശം ജനകീയ പ്രതിഷേധത്തിന്റെ പുതിയ ചരിത്രം രചിക്കപ്പെടുന്ന തരത്തിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി ഉയര്‍ന്ന മുഴുവന്‍ ശബ്ദങ്ങള്‍ക്കും അര്‍ഹമായ  പ്രതിഫലമെന്നോണം സാകേതിലെ പ്രത്യേക കോടതിയില്‍ നിന്നും ശക്തമായ വിധിതന്നെ പുറത്തുവന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും, സ്ത്രീ സുരക്ഷ സാധ്യമാക്കുന്നതിനും കടുത്ത ശിക്ഷാ നടപടികളുടെ അപര്യാപ്തതയാണ് കാരണമാകുന്നതെങ്കില്‍ താല്‍ക്കാലികമായെങ്കിലും ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പര്യാപ്തമായ വിധിയായാണ് ഇപ്പോഴത്തെ വധ ശിക്ഷയെ നോക്കികാണേണ്ടത്. എന്നാല്‍ പ്രതിഷേധങ്ങള്‍കൊണ്ടും ശിക്ഷാ വിധികള്‍കൊണ്ടും മാത്രം അതിക്രമങ്ങള്‍ തടയാനാവില്ലെന്നാണ് സമകാലീന സംഭവ വികാസങ്ങള്‍ വെളിവാക്കുന്നത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീ സുരക്ഷാ സംബന്ധിച്ച് കൊടുമ്പിരികൊണ്ട ചര്‍ച്ചകള്‍കളില്‍ രാജ്യം മുഴുങ്ങിയിരുക്കുന്നതിനിടയില്‍ പോലും സമാനമായ അര ഡസനോളം അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരായി നടന്നൂവെന്നത് ചേര്‍ത്തുവെക്കേണ്ടതാണ്. കോടതി വിധി വരുന്നതിന് തൊട്ടുമുമ്പാണ് സഹപ്രവര്‍ത്തകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തക കൂട്ട മാനഭംഗത്തിനിരയായി നടുറോഡിലുപേക്ഷിക്കപ്പെട്ട സംഭവമുണ്ടായത്.
          ശിക്ഷാ നടപടികളിലൂടെ മാത്രം അതിക്രമങ്ങള്‍ തടയപ്പെടുമെന്ന വാദം നിരര്‍ത്ഥകമാണ്. അതിക്രമങ്ങള്‍ക്കുളള മുഴുവന്‍ സാഹചര്യങ്ങളും നിലനില്‍ക്കെ ശിക്ഷ നടപ്പാക്കി സുരക്ഷ സാധ്യമാക്കാമെന്നത് പ്രായോഗികമായ നിര്‍ദ്ദേശമല്ല. പട്ടിണിക്കൊണ്ട് സഹിക്കെട്ട നാട്ടില്‍ വിശപ്പകറ്റാന്‍ റൊട്ടി മോഷ്ടിക്കുന്നവനെതിരെ ശിക്ഷ നടപ്പാക്കുന്നതിന് സമാനമാകുമത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കടുത്ത ശിക്ഷയെന്നതിന് പ്രഥമസ്ഥാനം നല്‍കുന്നത് കൊണ്ട് കാര്യമായ നേട്ടമുണ്ടാകണമെന്നില്ല. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ഒരുപരിധിവരെ സാഹചര്യങ്ങള്‍ കാരണമാകുന്നുവെന്നത് മറച്ചു വെക്കേണ്ടതല്ല. മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കുന്നതില്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ നിഷേധ നിലപാടാണ് കൈകൊളളുന്നതെന്നത് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ പോലും സമ്മതിക്കുന്നതാണ്. ഏറ്റവും കുറഞ്ഞ തുണികൊണ്ട് ശരീരഭാഗങ്ങള്‍ എങ്ങിനെ മറക്കാമെന്ന ചിന്ത പ്രയോഗവത്കരിക്കാന്‍ തുടങ്ങിയിടത്താണ് സ്ത്രീകള്‍ക്കെതിരായ കടന്നു കയറ്റങ്ങള്‍ സാധാരണ സംഭവങ്ങളായി മാറിയത്. സ്ത്രീകള്‍ സ്വന്തം വീടുകളില്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്നതും, കന്യാസ്ത്രീകളും, പിഞ്ചുകുഞ്ഞുങ്ങളും അതിക്രമത്തിനിരമായകുന്നതും വസ്ത്രധാരണത്തിലെ പോരായ്മകൊണ്ടല്ലന്നത് സമ്മതിക്കുന്നു. ഇത്തരത്തിലുളള അസാധാരണ കുറ്റകൃത്യങ്ങളെ നിയമത്തിന്റെ വഴിയില്‍ പ്രതിരോധിക്കുവാനുളള ആലോചനകള്‍ സജീവമായി നിലനിറുത്തുന്നതോടൊപ്പം പൊതു നിരത്തുകളില്‍ സര്‍വ്വസാധാരണമായി തുടരുന്ന ലൈംഗിക കയ്യേറ്റങ്ങളെ തടഞ്ഞ് നിറുത്താന്‍ മാന്യമായ വസ്ത്രധാരണത്തോടുകൂടിയ സ്വയം പ്രതിരോധവേലികള്‍ തീര്‍ക്കാന്‍ സ്ത്രീസമൂഹം തയ്യാറാകേണ്ടതുണ്ട്.
നഗ്നത മറക്കുന്നതോടൊപ്പം അതിക്രമങ്ങള്‍ തടയുന്നതിന് കവചമായി മാറുന്നിടത്താണ് വസ്ത്രം അതിന്റെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും, സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ (ശരീരമാകെ ചുറ്റിപ്പൊതിയുന്ന വസ്ത്രങ്ങള്‍ എന്നും, തലയും, കഴുത്തും, മാറിടവും മറക്കുന്ന വസ്ത്രങ്ങള്‍ എന്നും അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്) തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും, അങ്ങനെ അവര്‍ ശല്ല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്'' (ഖുര്‍ ആന്‍ 33-59) ശരീരം മറച്ച് കൊണ്ടുളള വസ്ത്രധാരണ രീതിയിലൂടെ മറ്റുളളവരില്‍ നിന്ന് ശല്ല്യം ഏല്‍ക്കേണ്ടിവരുന്നത് തടയപ്പെടുമെന്നാണ് വിശുദ്ധ ഖുര്‍ ആന്‍ വ്യക്തമാക്കുന്നത്. സഊദി അറേബ്യയുള്‍പ്പെടെ കടുത്ത ശിക്ഷ നടപടി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മാന്യമായി വസ്ത്രം ധരിക്കാതെ ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതു നിരത്തുകളില്‍ ഇറങ്ങാനാകില്ലെന്ന നിര്‍ബന്ധം നിലനില്‍ക്കുന്നുവെന്ന വസ്തുത തിരിച്ചറിയാതെ പോകരുത്. അര്‍ധ നഗ്നത വെളിവാക്കികൊണ്ടുളള വസ്ത്രധാരണ രീതിയെ ശക്തമായി വിലക്കികൊണ്ട് അതിക്രമങ്ങള്‍ക്കുളള സാഹചര്യങ്ങളാണ് ഈ രാജ്യങ്ങളില്‍ കൊട്ടിയടക്കുന്നത്. ഇതിന് ശേഷവും ഉണ്ടാകുന്ന കയ്യേറ്റങ്ങളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ശിക്ഷ നടപ്പാക്കിയാണ് പ്രതിരോധം തീര്‍ക്കുന്നത്.
         ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതി അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തല്‍ സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവെച്ചിരുന്നു. പൊതു നിരത്തുകളില്‍ മാന്യമായ വസ്ത്രധാരണം അവലംബിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്നതിനെ സ്ത്രീ സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റമായി ചിത്രീകരിക്കുന്നവര്‍ സ്ത്രീ സൗന്ദര്യത്തെ ആസ്വാദനത്തിന്റേയും കച്ചവടത്തിന്റേയും വഴിയില്‍ നിലനിറുത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഉപഭോഗ സംസ്‌ക്കാരത്തില്‍ അധിഷ്ഠിതമായ ആഗോള വിപണയില്‍ സ്ത്രീ സൗന്ദര്യം ആത്യാകര്‍ഷകമായ വില്‍പ്പന ചരക്കായതിനാല്‍ ശരീരം മറച്ച് പിടിച്ചുളള സുരക്ഷിതത്വ ബോധത്തെ ഏത് വിധേനയും നിരുത്സാഹപ്പെടുത്താന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ ശ്രമിക്കുകയും ചെയ്യും. കഴുകന്‍ കണ്ണുകള്‍ക്ക് മുന്നില്‍ തുറന്ന് വെക്കാനുളളതല്ല തങ്ങളുടെ സൗന്ദര്യമെന്ന  സ്വയം ബോധത്തിലേക്ക് സ്ത്രീ സമൂഹം ഉയരേണ്ടതുണ്ട്. ഉടഞ്ഞ് പോകുന്ന ശരീര ഘടനയെ വ്യക്തിത്വത്തിന്റെ മാനദണ്ഡമാക്കുന്നിടത്ത് ചവിട്ടിമെതിക്കപ്പെടുന്നത് സ്ത്രീത്വമെന്ന വിശിഷ്ടതയാണെന്ന് അറിയാതെ പോകരുത്. പുരുഷനെ ആകര്‍ഷിക്കുന്നതൊക്കെയും തുറന്നിട്ട് കൊണ്ട് തങ്ങളെ കയറിപ്പിടിച്ചോളൂവെന്ന മാനോഗതിയോടെ നിരത്തിലിറങ്ങുന്ന പുതിയ തലമുറയിലെ ഫാഷന്‍ കോലങ്ങള്‍ക്ക് മുന്നില്‍ സ്ത്രീ സുരക്ഷ സാധ്യമാകണമെങ്കില്‍ ശിക്ഷയുടെ കാഠിന്യം കൊണ്ടുമാത്രം പ്രതിരോധം തീര്‍ക്കാനാകില്ല.
ആധുനിക ലോക ക്രമത്തില്‍ സ്ത്രീ സുരക്ഷിതയല്ലെന്ന ബോധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ സ്വയം പ്രതിരോധം തീര്‍ക്കാനുളള സന്നദ്ധതയില്‍ സ്ത്രീ സമൂഹം പിന്നോട്ടു പോവുകയാണ്. സ്ത്രീയെ ഉപഭോഗ വസ്തുവായി ചിത്രീകരിക്കപ്പെട്ട ആഗോള കമ്പോള വ്യവസ്ഥക്ക് ചൂട്ടുപിടിക്കുന്ന തരത്തിലാണ് മാര്‍ക്കറ്റിംഗ് രംഗത്തെ സ്ത്രീസാന്നിദ്ധ്യം. ലൈംഗികാസക്തി തീര്‍ക്കാനുളള ഉപകരണമായി സ്ത്രീ മാറുന്നതും ആഗോളവത്കരണം തീര്‍ത്ത ഭൂമികയില്‍ നിന്നാണ്. സ്ത്രീയുടെ മേനിയഴക് കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍ പിടിച്ചു നിറുത്താനുളള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഏറ്റവും കുറഞ്ഞ തുണിക്കകത്ത് ശരീരം മറക്കുന്നത് ഫാഷനും സൗന്ദര്യവുമായി നിലനിറുത്തുന്നിടത്താണ് തങ്ങളുടെ സാധ്യതകള്‍ തഴച്ച് വളരുകയുളളൂവെന്ന് ആഗോള കച്ചവട ഭീമന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രചരണം ഗ്രാമങ്ങളെ വരെ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് പുതിയ കാലഘട്ടത്തിലെ വസ്ത്രധാരണ രീതി വെളിവാക്കുന്നത്. ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായി മറച്ചുകൊണ്ടുളള വസ്ത്രധാരണം പഴഞ്ചനും, അപരിഷ്‌കൃതവുമാണെന്ന പ്രചരണത്തിന് പിന്നിലും കോര്‍പ്പറേറ്റ് കുബുദ്ധികളുടെ കയ്യുണ്ടെന്നതില്‍ സംശയിക്കേണ്ടതില്ല.
പെണ്ണാണെന്ന കാരണത്താല്‍ പിഞ്ചു കുഞ്ഞ് മുതല്‍ മൃതശരീരം വരെ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്നത് കാണാതെ പോകുന്നില്ല. സ്വന്തം രക്തത്തില്‍ പിറന്ന മകളെ ലൈംഗിക വേഴ്ച്ചക്കുപയോഗിക്കുന്ന പിതാക്കള്‍ കൂടിവരുന്ന കാലമാണിത്. മടിയിലിരുത്തി കൊഞ്ചിക്കേണ്ട പേരമക്കളെ കാമവെറിയോടെ പീഡിപ്പിക്കുന്ന മുത്തച്ഛന്മാരും കുറവല്ല. മണ്ണപ്പം ചുട്ട് കളിക്കാന്‍ കൂടെ വന്ന കളിക്കൂട്ടുകാരിയെ ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മരപ്പൊത്തിലൊളിപ്പിച്ച പതിനാലുകാരനും ലൈംഗിക പീഡകരുടെ കൂട്ടത്തിലുണ്ട്. ഏറ്റവുമൊടുവില്‍ രണ്ടര വയസ്സുകാരിയായ നാടോടി ബാലികയും ലൈംഗിക ക്രൂരതക്ക് വിധേയമാക്കപ്പെട്ടു. ഇത്തരം പുരുഷ നരാദമന്മാര്‍ക്കു മുന്നില്‍ കടുത്ത ശിക്ഷയുടെ ചമ്മട്ടി പൊയ്തിറങ്ങേണ്ടതുണ്ട്. നിയമത്തിന് മുന്നിലെ യാതൊരു പഴുതുകളും ഇവര്‍ക്കുമുന്നില്‍ ആശ്വാസമായികൂടാ. സ്ത്രീ പീഡകര്‍ക്കും പെണ്‍വാണിഭകാര്‍ക്കും മുന്നില്‍ നിയമം നോക്കുകുത്തിയായാല്‍ പിച്ചിചീന്തപ്പെടുന്ന കൗമാര മേനികളുടെ എണ്ണം ഇനിയും കൂടും.
സ്ത്രീ സുരക്ഷയെന്ന സാമൂഹ്യമായ അനിവാര്യത സാധ്യമാകണമെങ്കില്‍ അതിക്രമങ്ങള്‍ക്കുളള സാഹചര്യങ്ങള്‍ കൊട്ടിയടച്ച് സ്ത്രീ സമൂഹം സ്വയം മാറ്റത്തിന് വിധേയമാകുന്നതോടൊപ്പം കര്‍ശന ശിക്ഷയിലൂന്നിയുളള നിയമ പരിരക്ഷയും സാധ്യമാകേണ്ടതുണ്ട്. സ്ത്രീകള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ക്കെതിരെ അതിവേഗ ശിക്ഷയെന്ന രീതി ഇനിയും വൈകികൂടാ. മാന്യമായ വസ്ത്രധാരണമെന്ന പ്രതിരോധം സ്വീകരിക്കുന്നതിന് സ്ത്രീ സമൂഹത്തിനിടയിലും കാലതാമസം ഉണ്ടാകരുത്.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്