തലമുറകള്‍ക്കു വേണ്ടി ഇവരെ പിടിച്ചുകെട്ടാന്‍ ആരുണ്ട്...?
 പിറന്ന് വീഴുന്ന അവസാനത്തെ കുഞ്ഞിന് വരെ ജീവിക്കുവാനുള്ള അവസാന വ്യവസ്ഥയാണ് ഭൂമി. മറ്റു ഗ്രഹങ്ങളില്‍ നിന്ന് ഭൂമി വിത്യസ്തമാകുന്നതും ഇതുകൊണ്ടു തന്നെ. പിറന്ന് വീണാല്‍ ജീവിച്ച് തീരുന്നത് വരെ കഴിഞ്ഞ് കൂടാന്‍ പ്രപഞ്ചനാഥന്‍ ഭൂമിയിലൊരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ സന്തുലിതവും ശാസ്ത്രീയവുമാണ്. ഭൂമിയെ സംവിധാനിച്ച വ്യവസ്ഥയെ അതേപടി നിലനിറുത്തുമ്പോള്‍ മാത്രമാണ് തലമുറകള്‍ക്കിത് ഗുണകരമാവുക. നമുക്ക് ശേഷം വരാനുള്ള തലമുറകള്‍ക്ക് മണ്ണും വെള്ളവും, വായുവും ആവശ്യമാണ്. സ്വന്തം മക്കള്‍ക്ക് വേണ്ടി സമ്പാദ്യം കുന്നുകൂട്ടാന്‍ വെപ്രാളപ്പെടുന്ന നമ്മള്‍ അവര്‍ക്ക് ജീവിച്ചു തീര്‍ക്കാനുള്ള പ്രകൃതിയുടെ വ്യവസ്ഥകളെ പറ്റി ആലോചിക്കാറില്ല. ജൈവ സമ്പന്നതയോടെ ഭൂമിയെ നിലനിറുത്തുന്നിടത്ത് മാത്രമേ സ്വന്തം മക്കളടങ്ങുന്ന തലമറുയോടുള്ള ബാധ്യത നിര്‍വ്വഹണം പൂര്‍ത്തിയാവുകയുള്ളു. മക്കള്‍ക്ക് വേണ്ടി പൊന്നും, പണവും കരുതിവെയ്ക്കുമ്പോള്‍ ഇവ അനുഭവിച്ചു തീര്‍ക്കാന്‍ പ്രകൃതിയുടെ ഭൂമിക പച്ചപ്പോടെ നിലനില്‍ക്കേണ്ടതായുണ്ട്.
പ്രകൃതിയോടുള്ള അതിക്രമം അതിരുകളില്ലാതെ തുടരുന്ന കാലമാണിത്. മനുഷ്യന്റെ സ്വാര്‍ത്ഥത പ്രകൃതിയെ സമ്പൂര്‍ണ്ണ ചൂഷണോപാധിയാക്കി മാറ്റിയിരിക്കുന്നു. ഭൂമിയും പ്രകൃതിയുടെ പച്ചപ്പും ചൂഷണത്തിന്റെ വഴിയില്‍ ഞെരിഞ്ഞമരുകയാണ്. പുഴകളുടെ മാറ് പിളര്‍ന്നുള്ള മണലൂറ്റും, കുന്നുകളുടെ അസ്ഥിവാരം തോണ്ടിയുള്ള മണ്ണെടുപ്പും ഭൂമിയുടെ സുന്ദരമുഖത്തെ ഭീകരമാക്കി മാറ്റിയിരിക്കുന്നു. മാഫിയകള്‍ വാഴുന്ന നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറ്റപ്പെട്ടിരിക്കുന്നു. പണം കൊയ്യാനുള്ള വിഭവങ്ങളായി കാടും, പുഴയും, കുന്നും, മലയും മാറിയതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താറുമാറാക്കപ്പെടുകയാണ്. ജീവന്റെ തുടിപ്പുകളായ പുഴകളെ ആകസ്മിക മരണത്തിലേക്ക് തള്ളിവിട്ട് മണല്‍ മാഫിയകള്‍ തഴച്ച് വളരുമ്പോള്‍ അരുത് കാട്ടാളാ എന്ന് വിളിച്ചു പറയാന്‍ ആരുമില്ലാതെ പോവുകയാണ്. അന്തരീക്ഷത്തെ മലീമസപ്പെടുത്തിയും, പച്ചപ്പിനെ വെട്ടിവെളുപ്പിച്ചും ആര്‍ത്തി പൂണ്ട് കാട്ടികൂട്ടുന്ന ചെയ്തികള്‍ വരാനിരിക്കുന്ന തലമുറക്ക് മേല്‍ ജീവിത അവകാശമെന്നതിനെ കൊട്ടിയടക്കുകയാണ്.
   പ്രകൃതിയോടുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപ്പാക്കപ്പെട്ട നിയമങ്ങളും, വ്യവസ്ഥകളും സൗകര്യപൂര്‍വ്വം മറക്കപ്പുറത്ത് നിറുത്തുന്ന സ്ഥിതിയാണ് തുടര്‍ന്ന് വരുന്നത്. കൃഷിഭൂമികള്‍ നികത്തുന്നതിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഗതി ഇതിന് ഉത്തമ ഉദാഹരണമാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ് പ്രാബല്യത്തില്‍ വന്ന ഈ നിയമം നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് തുടരുന്നത്. നിയമത്തിന്റെ വ്യവസ്ഥകളില്‍ അനാവശ്യമായ സങ്കീര്‍ണ്ണതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് സൗകര്യപൂര്‍ണ്ണമായ വ്യവഹാരത്തിന് വഴിയൊരുക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്ത് വരുന്നത്. കൃഷിയിടങ്ങള്‍ നികത്തുന്നതിനെതിരെ ഇക്കാലത്തിനിടക്ക് നിയമം മുന്‍നിറുത്തിയുള്ള നടപടികള്‍ ഉണ്ടായത് അപൂര്‍വ്വമായി മാത്രമാണെന്ന വസ്തുത അത്ഭുതപ്പെടുത്തുന്നതാണ്. നഗരങ്ങളിലെ ദേശീയപാതയോരങ്ങളിലും ഗ്രാമങ്ങളിലെ ഉള്‍പ്രദേശങ്ങളിലും കൃഷിയിടങ്ങള്‍ നിമിഷാര്‍ദ്ദനേരം കൊണ്ട് പറമ്പുകളായി രൂപമാറ്റം സംഭവിക്കുമ്പോള്‍ അറിയേണ്ടവര്‍ അറിയുകയോ, തടയേണ്ടവര്‍ രംഗത്ത് വരികയോ ചെയ്യുന്നില്ല. വയല്‍ നികത്തലിനെതിരെ കൊടി നാട്ടി പ്രതിഷേധിച്ചിരുന്നവര്‍ക്ക് അതിനുള്ള താല്‍പര്യമില്ലാതായതോടെ വയലേലകളും അതിലെ പച്ചപ്പും ഇവിടെ നിന്നുള്ള ജീവിതവിഭവങ്ങളുമാണ് അന്യമാകുന്നത്. ശുദ്ധമായ കുത്തരിച്ചോറ് തിന്ന് വയറു നിറച്ചിരുന്ന ഇന്നലെകളിലേക്കുള്ള തിരിച്ചു പോക്ക് ആഗ്രഹിച്ചാല്‍ പോലും സാധ്യമാകാത്ത തരത്തിലേക്ക് റിയല്‍ എസ്റ്റേറ്റുകാരുടെ കരാള ഹസ്തം നെല്‍വയലുകളെ ഉറപ്പുള്ള പറമ്പുകളാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു.
പുഴകളെ മണല്‍ ഫാക്ടറികളാക്കി കൊണ്ട് മണല്‍ മാഫിയ നടത്തുന്ന തേര്‍വാഴ്ചക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്തവരായി സര്‍ക്കാറുകളും ബന്ധപ്പെട്ട വകുപ്പുകളും മുട്ടുമടക്കപ്പെട്ടിരിക്കുന്നു. എന്തിനും ഏതിനും പോന്ന നിലയില്‍ സമാന്തര സര്‍ക്കാറുകളായി പ്രവര്‍ത്തിക്കുന്ന മണല്‍ മാഫിയക്ക് ഒത്താശ പാടുകയാണ് സര്‍ക്കാര്‍ തലത്തിലെ ഔദ്യോഗിക വേഷധാരികള്‍. മണല്‍ മാഫിയകള്‍ക്ക് മൂക്കു കയറിടാനെന്ന പ്രഖ്യാപനത്തോടെ പുറപ്പെടുവിക്കുന്ന വിലക്കുകളൊക്കെയും നടപ്പാക്കേണ്ടവര്‍ തന്നെ അട്ടി മറിക്കുന്ന സ്ഥിതിയാണ് തുടരുന്നത്. വാരിയെടുക്കുന്ന മണലിന്റെ വിഹിതം ഒരണപോലും കുറയാതെ കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടുമ്പോള്‍ വഴിയിലുയരേണ്ട തടസ്സങ്ങളൊക്കെയും മാറി നില്‍ക്കുന്നു. മണലുമായി പോകുന്നതിന് ആരെങ്കിലും തടസ്സം നിന്നാല്‍ അവരെ വെട്ടിമാറ്റി വഴി സുഗമമാക്കാന്‍ പോന്ന സന്നദ്ധ സേവക സംഘവും മണല്‍ മാഫിയക്ക് സ്വന്തമാണ്. അനധികൃത മണലെടുപ്പിനെതിരെ ഗുണ്ടനിയമവും, മണല്‍ മാഫിയയെ നേരിടാന്‍ സായുധപോലീസും, മണല്‍ ലോറികള്‍ പിടിച്ചുകെട്ടാന്‍ കര്‍ശന പരിശോധനയുമൊക്കെ നടപ്പാക്കിയിരുന്നെങ്കിലും മുളയില്‍ തന്നെ ഇവ നുള്ളിയെറിയപ്പെട്ടു. തങ്ങള്‍ക്കെതിരായ കര്‍ശന നീക്കങ്ങളെ ശീതീകരണിയിലേക്ക് മാറ്റാനുള്ള ശേഷി മണല്‍ മാഫിയകള്‍ക്കുണ്ടെന്നതാണ് ഇതിലൂടെ പ്രകടമാക്കപ്പെട്ടത്.
 അനധികൃതവും, അനിയന്ത്രിതവുമായ മണലെടുപ്പ് പുഴയെ നാശത്തിലേക്കും, പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ച്ചയിലേക്കും എത്തിച്ചിട്ടും നിഷേധാത്മക നിലപാടാണ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മണലെടുപ്പ് നിയന്ത്രിക്കുന്നതിന് വഴികള്‍ തേടേണ്ടതിന് പകരം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം നടക്കുന്നത്. അഴിമുഖങ്ങളോട് ചേര്‍ന്ന പുഴയുടെ ആഴം കൂട്ടാനെന്ന പേരില്‍ തുറമുഖവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കടവുകള്‍ ഔദ്യോഗിക പരിവേഷമുള്ള അനധികൃത മണല്‍ കടത്ത് കേന്ദ്രങ്ങളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുഴയിലെ വേസ്റ്റ് മെറ്റീരിയലുകള്‍ എടുത്ത് മാറ്റാനെന്ന വ്യവസ്ഥയോടെ അനുമതി നല്‍കിയ ഇത്തരം കടവുകള്‍ കേന്ദ്രീകരിച്ച് വന്‍ മണല്‍കൊള്ളയാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള നൂറ് കണക്കിന് മണല്‍ കടവുകളാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്നത്. കൊടിയുടെ നിറവ്യത്യാസമില്ലാതെ പ്രാദേശിക രാഷ്ട്രീയം നേതൃത്വം ബിനാമികളായാണ് ഈ മണല്‍ കടവുകളൊക്കെയും പ്രവര്‍ത്തിക്കുന്നത്.
മാറ് പിളര്‍ത്തിയുള്ള മണലെടുപ്പിലൂടെ പുഴയെ തന്നെ ഇല്ലാതാക്കുന്ന കയ്യേറ്റം ഒരു വശത്ത് അനുസ്യൂതം തുടരുമ്പോള്‍ പുഴയെ കുപ്പത്തൊട്ടിയാക്കിയാണ് വേറെ ചിലര്‍ വരും തലമുറയുടെ ജീവിത അവകാശങ്ങള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തുന്നത്. കേരളത്തിലെ നദികളില്‍ മൂന്നെണ്ണത്തില്‍ മലിനജലം പ്രവാഹമാണുള്ളതെന്നും, നാല് നദികളിലെ ചില കേന്ദ്രങ്ങളില്‍ ജലം കുടിക്കാനുള്ള ശുദ്ധിയില്ലെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ ഏറെ ഗൗരവം നിറഞ്ഞതാണ്. കരമന, പുഴക്കല്‍, കടമ്പയാര്‍ എന്നിവടങ്ങളിലാണ് മലിനജല പ്രവാഹമുള്ളത്. ഭാരതപ്പുഴയിലെ പുതൂര്‍, ചാലിയാറിലെ കുനിയില്‍, മീനച്ചിലാറിലെ കിടങ്ങൂര്‍, പയസ്വനിയിലെ ഇരിഞ്ഞിപ്പുഴ എന്നിവടങ്ങളിലെ ജലത്തിനാണ് കുടിക്കാന്‍ ശുദ്ധിയില്ലാത്തതായി കണ്ടെത്തിയിരിക്കുന്നത്. പുഴയിലേക്ക് മാലിന്യങ്ങളും, രാസവസ്തുക്കളും, ഫാക്ടറി അവശിഷ്ടങ്ങളും ഒഴുക്കുന്നതിനെതിരായ നടപടികള്‍ ഫലപ്രാപ്തിയിലെത്താത്തതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. പൊന്നാനി നഗരസഭ അധികൃതര്‍ നഗര പരിധിയിലെ മാലിന്യം കഴിഞ്ഞ ഒരു പതിറ്റാണ് കാലം ഭാരതപ്പുഴയോരത്താണ് നിക്ഷേപിച്ചിരുന്നതെന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
   കുന്നിടിച്ചും, മല തുരന്നും, പാടം നികത്തിയും പ്രകൃതിയുടെ തെളിമ ചോര്‍ത്തിക്കളയുന്നവര്‍ ഭാവിയെകുറിച്ച് ചിന്തിക്കാത്തവരും തലമുറകളെ സംബന്ധിച്ച് വ്യാകുലതകളില്ലാത്തവരുമാണ്. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ പ്രകൃതിയെ ചൂഷണോപാധിയാക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ബന്ധപ്പെട്ട അധികാരിവര്‍ഗ്ഗം ഓശാന പാടുന്നവരാകുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥക്കെതിരായ കടന്നു കയറ്റത്തെ ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് ശേഷിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യം കൂടിയാണിത്. സംസ്ഥാനത്ത് നടക്കുന്ന അനിയന്ത്രിതമായ മണല്‍ ഖനനമുള്‍പ്പെടെയുള്ളവ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയ ഹരിത ട്രൈബ്യൂണലിന്റെ ശിപാര്‍ശകള്‍ ശ്രദ്ധേയമാണ്. അതാത് ജില്ലകളക്ടര്‍മാര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കികൊണ്ടുള്ള പുതിയ കേന്ദ്ര നിയമമാണ് ട്രൈബ്യൂണലിന്റെ ശിപാര്‍ശയിലുള്ളത്. പഴുതടച്ച കര്‍ക്കശ നിയമത്തിന്റെ അപര്യാപ്തതയാണ് സംസ്ഥാനത്തെ പ്രകൃതി ചൂഷകര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്